സ്ത്രീകളിലെ പ്രമേഹം ലൈംഗികതയെ ബാധിക്കുമോ? ഹോർമോൺ ചികിത്സ തേടണോ?
Mail This Article
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ നാൽപത്തൊന്നുകാരിയായ ഒരു പ്രമേഹരോഗിയാണ്. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഷുഗർ കൂടിയത്. പ്രസവം കഴിഞ്ഞിട്ടും ഷുഗർ മാറിയില്ല. മരുന്നു കഴിച്ചിട്ടും പലപ്പോഴും ഷുഗർ ലെവൽ കൂടുതലായിരുന്നു. പ്രശ്നം അതല്ല. എനിക്കിപ്പോൾ സെക്സിനോടു തീരെ താൽപര്യമില്ല. ബന്ധപ്പെട്ടാൽ വേദനയാണ്. പ്രമേഹം പുരുഷന്മാരിൽ ഉദ്ധാരണം കുറയ്ക്കുമെന്നു കേട്ടിട്ടുണ്ട്. അതുപോലെ സ്ത്രീകളിൽ കുഴപ്പങ്ങളുണ്ടാകുമോ?
ഉത്തരം : പ്രമേഹമുള്ള പുരുഷന്മാരിൽ 50 ശതമാനം പേർക്ക് സെക്ഷ്വൽ ഡിസ്ഫങ്ഷൻ ഉള്ളതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിലും ഈ പ്രശ്നം കാണാറുണ്ട്. വലിയൊരു ശതമാനം സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടെങ്കിലും കൂടുതൽ പേരും അതു പുറത്തു പറയുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യാറില്ല. സെക്ഷ്വൽ ഡിസ്ഫങ്ഷനു (Sexual Dysfunction) പല കാരണങ്ങളുണ്ട്. ഒരു പ്രായത്തിനു ശേഷം ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനവും ഹോർമോണിന്റെ കുറവും ഇതിനു കാരണമാകാറുണ്ട്. ഹോർമോണിന്റെ കുറവും ഇതിനു കാരണമാകാറുണ്ട്. ഹോർമോണുകളുടെ കുറവു കാരണം ലൂബ്രിക്കേഷൻ ഉണ്ടാകാത്തതാണു ബന്ധപ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കു കാരണം. ഇതിനു ഫലപ്രദമായ ചികിത്സകൾ ഉണ്ട്. പ്രമേഹം നിയന്ത്രിക്കുക എന്നതു പ്രധാനമാണ്. യോനിയിൽ അണുബാധ ഉണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ നടത്തുക. ഫലപ്രദമായ ചികിത്സ ഇന്നു ലഭ്യമാണ്. ഇത്തരം പ്രശ്നങ്ങൾ ഡോക്ടറുമായി ശരിയായ രീതിയിൽ ചർച്ച ചെയ്ത് ഡോക്ടർ നിർദേശിക്കുന്ന ചികിത്സാരീതി കൃത്യമായി പിന്തുടരുക.