ADVERTISEMENT

മണ്ണും മനസ്സും കുളിർപ്പിച്ചു തോരാമഴ പെയ്യുന്നു. കള്ളക്കർക്കടകമെന്നും വറുതിയുടെയും ദുരിതത്തിന്റെയും കാലമെന്നുമൊക്കെ മഴക്കാലത്തെപ്പറ്റി പറയുമെങ്കിലും ആരോഗ്യസംരക്ഷണത്തിന്റെ കൂടി സമയമാണിത്. ആയുർവേദത്തെ സംബന്ധിച്ചു കർക്കടകം പ്രത്യേക ചികിത്സകളുടെയും പരിചരണത്തിന്റെയും കാലമാണ്. ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ ചികിത്സ വരെ നടത്തുന്നു കർക്കടകത്തിൽ ആയുർവേദത്തിൽ. 

 

പുതുജീവന്റെ കാലം

പ്രകൃതിയെ സംബന്ധിച്ചു നവജീവന്റെ കാലമാണു മഴക്കാലം. സസ്യ, വൃക്ഷ, ലതാദികൾക്കു പുതുമുളയും പുതുവേരോട്ടവും തളിരും ഉണ്ടാകുന്ന കാലം. കൃഷിക്കാർ പലതരം വിളകൾ പുതുതായി നടുന്ന സമയം. അതേപോലെത്തന്നെയാണു മനുഷ്യന്റെ കാര്യവും. ശരീരത്തിനു നവജീവനും നവീകരണവും പുഷ്ടിയും ഉണ്ടാക്കാനാണ് ഔഷധസേവ മുതൽ ഉഴിച്ചിൽ വരെയുള്ള കാര്യങ്ങൾ. രോഗം വന്നിട്ടു ചികിത്സിക്കുന്നതല്ല, രോഗം വരാതിരിക്കാൻ നോക്കുന്നതാണു നല്ലത് എന്ന ആയുർവേദചിന്ത തന്നെ ഇതിന്റെ അടിസ്ഥാനം. അതേസമയം, ചിലതരം രോഗങ്ങൾക്കും ഈ സമയത്തു പ്രത്യേകമായ ചികിത്സ നടത്താറുണ്ട്. 

 

കാലത്തിനൊപ്പം മാറണം

മാസങ്ങൾ, ഋതുക്കൾ, കാലാവസ്ഥ തുടങ്ങിയവ മാറുന്നതിനനുസരിച്ചു നമ്മുടെ ജീവിതരീതിയിലും ഭക്ഷണശൈലിയിലുമൊക്കെ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് ആയുർവേദം പറയുന്നത്. കൃത്യമായി നാലു ഋതുക്കളേ നമുക്കു ലഭിക്കുന്നുള്ളൂ എങ്കിലും യഥാർഥത്തിൽ ആറു ഋതുക്കളുണ്ട്. ഇവയ്ക്കനുസരിച്ചു ശരീരത്തിലെ വാതം, പിത്തം. കഫം എന്നീ ത്രിദോഷങ്ങളിലും മാറ്റം വരാം. ഇതിന് അനുസരിച്ചു ഭക്ഷണം, ദൈനംദിന ശീലങ്ങൾ, ചികിത്സ തുടങ്ങിയവയിലും മാറ്റങ്ങൾ വേണമെന്ന് ആയുർവേദം പറയുന്നു. 

 

എന്തുകൊണ്ട് കർക്കടകത്തിൽ ?

കേരളത്തിൽ വിവിധ മാസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ചൂട്, തണുപ്പ്, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയവയെല്ലാം അതതിന്റെ കാലത്ത് ഏറ്റവും പാരമ്യത്തിൽ തന്നെ ഇവിടെ അനുഭവപ്പെടുന്നു. ഈ മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തിലും സ്വാഭാവികമായി സ്വാധീനിക്കും, പ്രതിഫലിക്കും. ഇതു പല തരത്തിലുള്ള രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും. മഴക്കാലത്തും മഞ്ഞുകാലത്തും വേനൽക്കാലത്തും പ്രത്യേകമായി വ്യാപിക്കുന്ന ഒട്ടേറെ രോഗങ്ങൾ നമ്മൾ അനുഭവിക്കാറുണ്ടല്ലോ. വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നു മഴക്കാലത്തിന്റെ തണുപ്പിലേക്കു പെട്ടെന്നു പ്രവേശിക്കുന്നതും ശരീരത്തെ ബാധിക്കുന്നു. ഈർപ്പവും കാറ്റും മലിനജലവും രോഗങ്ങളുണ്ടാക്കാം. ദഹനശക്തി കുറവായിരിക്കും ഇക്കാലത്ത്. ഇതെല്ലാം കൂടിയുള്ള സ്വാധീനത്തിൽ നിന്നുള്ള മുക്തിയാണു മഴക്കാലത്തെ പ്രത്യേക പരിചരണത്തിന്റെ ലക്ഷ്യം. 

 

ആയുർവേദ ചിന്തയനുസരിച്ചു വാതം, പിത്തം, കഫം എന്നിവയുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തിലാണു ശരീരത്തിലെ പല പ്രവർത്തനങ്ങളും. ഈ ത്രിദോഷങ്ങൾ ഏറ്റവും രൂക്ഷമാകുന്നതു മഴക്കാലത്താണ്. വാതത്തിന്റെയും കഫത്തിന്റെയും ആധിക്യമാണ് ഇതിൽ പ്രധാനം. ഈർപ്പത്തിന്റെ അളവു കൂടുതലുള്ള മഴക്കാലത്തെ അന്തരീക്ഷം രോഗാണുക്കൾക്കു വളരാൻ അനുകൂലവുമാണ്. അതുകൊണ്ടാണ് ഈ സമയം തന്നെ ആയുർവേദത്തിലെ പ്രത്യേക ചികിത്സകളും പരിചരണങ്ങളും നടത്തുന്നത്. 

 

ഔഷധക്കഞ്ഞിയടക്കമുള്ള ശാസ്ത്രീയ ആഹാര രീതികളാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. പഞ്ചകർമവിധികളായ നസ്യം, വമനം, വിരേചനം, കഷായവസ്‌തി, തൈലവസ്‌തി എന്നിവയ്ക്കൊപ്പം ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, ശരിയായ ഔഷധങ്ങൾ എന്നിവയിലൂടെ രോഗകാരണങ്ങളെ ഇല്ലാതാക്കുകയോ പുറത്താക്കുകയോ ചെയ്യുക എന്നതാണു കർക്കടക ചികിത്സയുടെ അടിസ്ഥാനം. ആയുർവേദ ചികിത്സകരിൽ തന്നെ മറ്റൊരു വിഭാഗം പഞ്ചകർമവിധികൾ വേറൊരു തരത്തിൽ പറയുന്നുണ്ട്. നസ്യം, വമനം, വിരേചനം, വസ്തി, രക്തമോക്ഷം എന്നിവയാണത്. 

 

രോഗശമനം മാത്രമല്ല, രോഗങ്ങളൊന്നുമില്ലാത്തവർക്കും ആരോഗ്യവും ഉന്മേഷവും വർധിപ്പിക്കാനും ഇവയിൽ പലതും ഉപയോഗിക്കുന്നു. നടുവേദന, സന്ധിവേദന, പിടലിവേദന, ആമവാതം, പ്രമേഹം, മുടികൊഴിച്ചിൽ, കൊളസ്‌ട്രോൾ, ഹൃദയ രോഗങ്ങൾ, സോറിയാസിസ് എന്നിവയ്ക്കു കർക്കടക ചികിത്സ ഫലപ്രദമാണ്. കൂടാതെ പലതരം സുഖചികിത്സാ പാക്കേജുകളും ഉണ്ട്. സമയത്തിനും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഒരാഴ്ച മുതൽ മൂന്നാഴ്ച വരെ നീളുന്നതാണു സുഖചികിത്സ. 

 

ഔഷധക്കഞ്ഞി

വിവിധ ധാന്യങ്ങളും മരുന്നുപൊടികളും ചേരുവയാക്കിക്കൊണ്ടു കർക്കടത്തിൽ തയാറാക്കുന്നതാണ് ഔഷധക്കഞ്ഞി. മരുന്നുകഞ്ഞി, ധാന്യക്കഞ്ഞി, ഉലുവക്കഞ്ഞി തുടങ്ങി വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നു. പേരിൽ മാത്രമല്ല, ദേശഭേദമനുസരിച്ചു കൂട്ടുകളിലും വ്യത്യാസങ്ങൾ വരാം. പക്ഷേ, ദഹനവും രോഗപ്രതിരോധശക്‌തിയും വർധിപ്പിക്കുക, ത്രിദോഷങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ എല്ലാറ്റിലുമുണ്ടാകും. അതിന് ആവശ്യമായ ചേരുവകളാണ് എല്ലായിടത്തും ഇതിൽ ചേർക്കുന്നത്. 

 

കൊത്തമ്പാലരി, ചെറുപുന്നയരി, കുടകപ്പാലയരി, വിഴാലരി, കാർകോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവ കഷായം വച്ച് ഇതിൽ നവരയരി വേവിച്ചു തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്നതാണ് പൊതുവെ ഔഷധക്കഞ്ഞി. കക്കുംകായ, ബ്രഹ്‌മി, കുടങ്ങൽ തുടങ്ങി പല മരുന്നുകളും ചേർക്കുന്നവരുമുണ്ട്. ഔഷധക്കഞ്ഞി ഉപയോഗിക്കുന്നതിനു മുമ്പു വയറിളക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. 

 

കുറുന്തോട്ടി, ചെറൂള, മൂവില, ഓരില, കരിങ്കുറുഞ്ഞി, നിലപ്പന, ആടലോടകം തുടങ്ങിയ പച്ചമരുന്നുകളും അമുക്കരം, ചുക്ക്, തിപ്പലി, കുരുമുളക്, ജീരകം, ശതകുപ്പ, കരിംജീരകം, കക്കുംകായ എന്നിവയടങ്ങിയ പൊടിമരുന്നുമൊക്കെ വിവപണിയിൽ പായ്ക്കറ്റായി കിട്ടുന്ന ഔഷധക്കഞ്ഞുക്കൂട്ടിൽ ഉണ്ടാകാറുണ്ട്.

 

ഔഷധങ്ങൾ ഒഴിവാക്കി വീട്ടിൽ തന്നെ ലളിതമായി ധാന്യക്കഞ്ഞി ഉണ്ടാക്കാം. ഇതും ശരീരത്തിനു വളരെ നല്ലതാണ്. ഉലുവ, തവിടു കളയാത്ത അരി, കടല അല്ലെങ്കിൽ കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, ചെറുപയർ അല്ലെങ്കിൽ ചെറുപയർ പരിപ്പ്, മുതിര, വൻപയർ, മുത്താറി, ജീരകം, തേങ്ങ, മധുരത്തിന് അൽപം ശർക്കര എന്നിവയാണ് ഇതിൽ പതിവ്. 

 

തണുപ്പുള്ള മഴക്കാലത്തു ശരീരത്തിനു ചൂടു പകരും ഔഷധക്കഞ്ഞി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കും എന്നു മാത്രമല്ല, ഒരു വർഷത്തേക്കുള്ള ആരോഗ്യവും ഇതു പ്രദാനം ചെയ്യുന്നു എന്നാണ് ആയുർവേദ വിശ്വാസം. 

Content Summary: Ayurveda treatment and Oushadakanji for the month Karkidakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com