ശരീരത്തില്‍ കാല്‍സ്യം കുറവോ? ഈ ലക്ഷണങ്ങള്‍ സൂചന
Mail This Article
ആരോഗ്യകരമായ എല്ലുകളും പല്ലുകളുമായി ബന്ധപ്പെട്ടാണ് നാം പലപ്പോഴും കാല്‍സ്യം എന്ന ധാതുവിനെ പറ്റി ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ രക്തത്തിന്‍റെ കട്ടപിടിക്കല്‍, പേശികളുടെ സങ്കോചം, സാധാരണ തോതിലെ ഹൃദയമിടിപ്പ്, നാഡീവ്യൂഹ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയുമായെല്ലാം കാല്‍സ്യത്തിന് ബന്ധമുണ്ട്. ശരീരത്തിലെ 99 ശതമാനം കാല്‍സ്യവും എല്ലുകളില്‍ ശേഖരിക്കപ്പെടുമ്പോൾ ശേഷിക്കുന്ന ഒരു ശതമാനം രക്തത്തിലും പേശികളിലും മറ്റ് കോശസംയുക്തങ്ങളിലുമായി കാണപ്പെടുന്നു.
രണ്ട് തരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാല്‍സ്യം കണ്ടെത്തുന്നത്. ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും മറ്റ് സപ്ലിമെന്‍റുകളില്‍ നിന്നും. രണ്ടാമത്തേത് എല്ലുകളില്‍ നിന്ന്. ഭക്ഷണത്തില്‍ ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതെ വരുമ്പോൾ ശരീരം എല്ലുകളില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കാല്‍സ്യം ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തില്‍ പിന്‍വലിക്കപ്പെടുന്ന കാല്‍സ്യം പിന്നീട് ശരീരം ഭക്ഷണത്തില്‍ നിന്ന് എടുത്ത് പുനഃസ്ഥാപിക്കുന്നു.
19നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിദിനം 1000 മില്ലിഗ്രാമും 50ന് മുകളിലുള്ള സ്ത്രീകള്‍ക്ക് 1200 മില്ലിഗ്രാമും കാല്‍സ്യം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ഇത് 1000 മില്ലിഗ്രാം തന്നെയാണ്. 19 മുതല്‍ 70 വരെ പ്രായമുള്ള പുരുഷന്മാര്‍ക്ക് ദിവസം 1000 മില്ലിഗ്രാം കാല്‍സ്യവും അതിന് മുകളിലുള്ളവര്‍ക്ക് 1200 മില്ലിഗ്രാം കാല്‍സ്യവും ആവശ്യമാണ്. ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതാകുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കാറുണ്ട്.
1. പേശികളില്‍ കോച്ചിപിടുത്തം
2. ആശയക്കുഴപ്പം, ഓര്‍മക്കുറവ്
3. മതിഭ്രമം
4. എളുപ്പം പൊട്ടിപ്പോകാവുന്ന എല്ലുകള്‍
5. പെട്ടെന്ന് പൊട്ടിപ്പോകുന്ന ആരോഗ്യം കുറഞ്ഞ നഖങ്ങള്‍
6. കൈകാലുകളില്‍ മരവിപ്പ്, തരിപ്പ്
7. ചുഴലി രോഗം
8. താളം തെറ്റിയ ഹൃദയമിടിപ്പ്
9. വരണ്ടതും ചെതുമ്പലുകളുള്ളതുമായ ചര്‍മം
10. ഊര്‍ജ്ജമില്ലാത്ത ക്ഷീണിതമായ അവസ്ഥ
പാല്‍, ബദാം, എള്ള്, വെണ്ടയ്ക്ക, മത്തി എന്നിവയെല്ലാം കാല്‍സ്യം സമ്പന്നമായ ഭക്ഷണവിഭവങ്ങളാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കാല്‍സ്യം സപ്ലിമെന്‍റുകളും കഴിക്കാവുന്നതാണ്.
Content Summary: Calcium Deficiency signs