ADVERTISEMENT

ആഗോള തലത്തില്‍ പല രാജ്യങ്ങളില്‍ നിന്നും വില്ലന്‍ ചുമ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ആശങ്ക. ചൈന, ഫിലിപ്പൈന്‍സ്, ചെക്ക് റിപബ്ലിക്, നെതര്‍ലാന്‍ഡ്‌സ്, എന്നിങ്ങനെ പല രാജ്യങ്ങളിലും വില്ലന്‍ ചുമ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുകെ, അമേരിക്ക എന്നിവിടങ്ങളിലും വില്ലന്‍ ചുമ പൊട്ടിപ്പുറപ്പെട്ടതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ട്.

പെര്‍ട്രൂസിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വൂപ്പിങ് കഫ് അഥവാ വില്ലന്‍ ചുമ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതും ജീവന്‍ വരെ കവരാവുന്നതുമായ രോഗമാണ്. കുട്ടികള്‍ക്കും ശിശുക്കള്‍ക്കും പ്രത്യേകിച്ചും ഇത് മാരകമാകാം. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ചൈനയില്‍ 13 മരണങ്ങള്‍ വില്ലന്‍ ചുമ മൂലം രേഖപ്പെടുത്തി. 32,280 പേര്‍ക്കാണ് ഇവിടെ രോഗം പിടിപെട്ടത്. ഫിലിപ്പൈന്‍സില്‍ 2024ല്‍ 54 മരണങ്ങള്‍ വില്ലന്‍ ചുമ മൂലം ഉണ്ടായി. ഇവിടുത്തെ അണുബാധ നിരക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 മടങ്ങ് അധികമാണ്.


Representative image. Photo Credit: twinsterphoto/istockphoto.com
Representative image. Photo Credit: twinsterphoto/istockphoto.com

ബോര്‍ഡെറ്റെല്ല പെര്‍ട്രൂസിസ് എന്ന ബാക്ടീരിയ പരത്തുന്ന വില്ലന്‍ ചുമ ശ്വാസകോശ സംവിധാനത്തിന്റെ മുകള്‍ ഭാഗത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ ബാക്ടീരിയ പുറത്ത് വിടുന്ന വിഷാംശം വായുനാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കാമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

വില്ലന്‍ ചുമ: ലക്ഷണങ്ങള്‍
വില്ലന്‍ ചുമയുടെ ആദ്യ ലക്ഷണങ്ങള്‍ സാധാരണ ഒരു ജലദോഷ പനിയുടേതിന് സമാനമായിരിക്കും. മൂക്കടപ്പ്, കുറഞ്ഞ തോതിലുള്ള പനി, മിതമായ ചുമ എന്നിങ്ങനെ തുടങ്ങുന്ന ലക്ഷണങ്ങള്‍ പിന്നീട് കൂടുതല്‍ തീവ്രമാകുന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം കൂടുതല്‍ വേഗത്തിലുള്ളതും തീവ്രമായതും നിയന്ത്രണാതീതവുമായ ചുമയായി രോഗം പരിണമിക്കാം. ഇതിനൊപ്പം ശ്വാസമെടുക്കുമ്പോള്‍ വലിവിന്റെ പോലുള്ള ശബ്ദവും കേള്‍ക്കാം. പത്താഴ്ച വരെ ചുമ നീണ്ടു നില്‍ക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

1168351927
Representative image. Photo Credit: ajiichan/istockphoto.com

വില്ലന്‍ ചുമയുടെ തീവ്രമായ ലക്ഷണങ്ങള്‍ പലപ്പോഴും കുട്ടികളിലാണ് പ്രത്യക്ഷമാകുക. കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അല്‍പം കൂടി മിതമായ ലക്ഷണങ്ങളാണ് വരാറുള്ളത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് വില്ലന്‍ ചുമയെ ഡോക്ടര്‍മാര്‍ ചികിത്സിക്കാറുള്ളത്.
വില്ലന്‍ ചുമയെ പ്രതിരോധിക്കാനുള്ള വാക്‌സീന്‍ ഡിപിടി വാക്‌സീന്റെ ഭാഗമായി ഇന്ത്യയിലെ കുട്ടികള്‍ക്ക് ഏഴ് വയസ്സിന് മുന്‍പ് നല്‍കാറുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഡിഫ്തീരിയ, ടെട്ടനസ്, വൂപ്പിങ് കഫ് പോലുള്ള രോഗങ്ങളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കാനായി 11-12 വയസ്സില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാവുന്നതാണ്. പിന്നീട് ഓരോ 10 വര്‍ഷം കൂടുമ്പോള്‍ വേണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാം.

കൂർക്കംവലി അകറ്റാൻ ലളിതമായ മാർഗങ്ങൾ: വിഡിയോ

English Summary:

Protect Yourself from the Soaring Whooping Cough Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com