ഉപേക്ഷിക്കാൻ മനസ്സനുവദിച്ചില്ല; 20 വർഷം പഴക്കമുള്ള സ്കൂൾബസ്സിനെ തിയറ്ററും മ്യൂസിയവുമാക്കി!
Mail This Article
ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് എങ്ങനെ ആ വസ്തുവിനെ മറ്റൊന്നായി മാറ്റിയെടുക്കാം എന്നതാണ്. എന്നാല്‍ റിസൈക്കിള്‍ ചെയ്യാതെ തന്നെ ഒരു വസ്തുവിനെ നമുക്ക് ഉപകാരപ്രദമാക്കി മാറ്റാം എന്ന് കാണിച്ചു തരികയാണ് പഞ്ചാബിലെ പരോവാള്‍ എന്ന ചെറിയൊരു ഗ്രാമത്തിലെ ഒരു സ്കൂള്‍.
ഇവിടുത്തെ ദാവോബ പബ്ലിക് സ്കൂളില്‍ ' ബാവില്ലോന്‍' എന്നൊരു പവലിയന്‍ ഉണ്ട്. ഒരു ബസ് പവലിയന്‍. ഓപ്പണ്‍ എയര്‍ തിയറ്ററായും , മ്യൂസിയമായും , പ്ലേ ഏരിയയായും എല്ലാം ഇത് ഇവിടെയുണ്ട്. ഈ പവലിയന്, ഈ സ്കൂളുമായി ബന്ധപെട്ടു വലിയൊരു ചരിത്രം തന്നെയുണ്ട് . 20 വർഷം പഴക്കമുള്ളതാണ് ഈ സ്കൂള്‍ ബസ്. സ്കൂളിന്റെ തുടക്കകാലത്ത് സ്കൂള്‍ സ്ഥാപകര്‍ ലോണ്‍ എടുത്തു വാങ്ങിയതാണ് ഈ ബസ്. പില്‍ക്കാലത്ത് സ്കൂള്‍ ഏറെ വികസിച്ചു, കുട്ടികള്‍ വര്‍ധിച്ചു. സ്കൂളിനു പേരും പെരുമയുമായി. ഇന്ന് അന്‍പതോളം ബസ്സുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ആദ്യകാലത്ത് വാങ്ങിയ ബസ്സിനെ കാലപ്പഴക്കം വന്നപ്പോള്‍ കൈവിടാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.
അങ്ങനെയാണ് ഈ ബസ് പവലിയന്‍ എന്ന ആശയം ഉടലെടുത്തത്. ഇന്റീരിയര്‍ സ്‌പേസ് ഒരു ഗ്യാലറി പോലെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 323 ചതുരശ്രയടി വരുന്ന പവലിയന്‍ മൂന്നു വർഷം മുന്‍പാണ് പൂര്‍ത്തിയായത്. ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് 8,000 ട്രിപ്പുകള്‍ തങ്ങള്‍ക്കായി ഓടിയ ബസ്സിനു ഇതിലും വലിയൊരു ആദരവ് നല്‍കാനില്ല എന്നാണ് ഇതിനെ കുറിച്ച് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ചുരുക്കത്തിൽ അപ്‌സൈക്കിളിങ് എന്ന് വിളിക്കുന്ന ഈ പ്രക്രിയയുടെ മികച്ച ഉദാഹരണമായി ഈ ബസിനെ ചൂണ്ടിക്കാട്ടാം.
English Summary- School Bus Upcycled to Theatre and Museum