ADVERTISEMENT

ഒറ്റനോട്ടത്തിൽ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമാനമായൊരു റെയിൽവേ ടെർമിനൽ. രാജ്യത്തെ ആദ്യ സെൻട്രലൈസ്ഡ് എസി ടെർമിനൽ. കാഴ്ചയ്ക്കു മാത്രമല്ല, അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും ബയ്യപ്പനഹള്ളി സർ എം.വിശ്വേശ്വരായ റെയിൽവേ ടെർമിനൽ വിമാനത്താവള സമാനമാണ്. മജസ്റ്റിക് കെഎസ്ആര്‍, യശ്വന്ത്പുര എന്നിവയ്ക്കു പുറമെ ബെംഗളൂരുവിന്റെ ഈ മൂന്നാത്തെ റെയിൽവേ ടെർമിനൽ വരുംദിനങ്ങളിൽ പ്രധാന ഗതാഗത ഹബ്ബായി മാറുമെന്നതിൽ തകർക്കമില്ല.  ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തേടിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. 2020 മേയില്‍ തുറക്കാനിരുന്നതാണ്. ലോക്‌ഡൗണിനെ തുടർന്നുള്ള തൊഴിലാളിക്ഷാമമാണ് നിർമാണം വൈകിച്ചത്. 

വിഐപി ലോഞ്ചും ഫുഡ്കോർട്ടും

bengaluru-railway-view

314 കോടി രൂപ ചെലവിൽ നിർമിച്ച ടെർമിനലിന്റെ വിസ്തൃതി 4200 ചതുരശ്ര മീറ്റര്‍. പ്രതിദിനം അരലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടും. 7 പ്ലാറ്റ്ഫോം, 8 സ്റ്റേബ്ലിങ് ലൈന്‍, 3 പിറ്റ് ലൈന്‍ എന്നിവ ഉള്‍പ്പെടുന്ന ടെര്‍മിനലിനു ദിവസേന 50 ട്രെയിനുകൾ ഓടിക്കാൻ സൗകര്യമുണ്ട്. വിഐപി ലോഞ്ച്, വിശാലമായ ഫുഡ് കോര്‍ട്ട്, റിയല്‍-ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് മേല്‍പാലങ്ങള്‍, എസ്കലേറ്റര്, ലിഫ്റ്റ്, 2 സബ്‌വേ, മഴവെള്ള സംഭരണി, ദിവസേന 4 ലക്ഷം ലീറ്റര്‍ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് തുടങ്ങി ടെർമിനലിന്റെ സവിശേഷതകള്‍ ഏറെ.  ഒരേസമയം 250 കാറുകളും 900 ബൈക്കുകളും 50 ഓട്ടോറിക്ഷകളും ബസുകളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 

നാടു പിടിക്കാനും പ്രയോജനപ്പെടും

Untitled-2

എറണാകുളം പ്രതിവാര ട്രെയിന്‍, കണ്ണൂര്‍ എക്സ്പ്രസ് തുടങ്ങി നിലവില്‍ ബാനസവാടി, യശ്വന്ത്പുര, കെഎസ്ആര്‍ സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന ഒട്ടേറെ ദീര്‍ഘദൂര ട്രെയിനുകള്‍ ഘട്ടംഘട്ടമായി പുതിയ ടെര്‍മിനലിലേക്കു മാറ്റും.  ബെംഗളൂരുവില്‍ നിന്നു മുംബൈ, ചെന്നൈ തുടങ്ങി മറ്റു മെട്രോ നഗരങ്ങളിലേക്കും കർണാടകയിലെ ഇതര ജില്ലകളിലേക്കും കൂടുതല്‍ സര്‍വീസുകളും ആരംഭിക്കാനാകും. ബയ്യപ്പനഹള്ളിയിൽ നിന്നു ഹൊസൂരിലേക്കുള്ള റെയില്‍പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടാതെ സമയബന്ധിതമായി സര്‍വീസ് നടത്താനാകും. ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 2 കീലോമീറ്റർ അകലെയായാണ് ടെർമിനൽ. 

ചിത്രങ്ങൾ: ഭാനു പ്രകാശ് ചന്ദ്ര

English Summary-M Visvesvaraya Terminal, Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com