ഇത് ഭാര്യയ്ക്ക് വേണ്ടി ഭർത്താവ് ചെയ്ത സാഹസം; വൈറലായി വീട്

Mail This Article
സ്വന്തം വീടിനെക്കുറിച്ച് ഭാര്യ നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നാൽ എന്തുചെയ്യും? പൂർണ്ണതൃപ്തിയുള്ള വീട് പണിയുക എന്നത് നിസ്സാരമല്ലാത്തതിനാൽ, ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനാവും മിക്കവരും ശ്രമിക്കുക. എന്നാൽ ബോസ്നിയ സ്വദേശിയായ വോജിൻ ക്യൂസിക്കിന്റെ കാര്യം അങ്ങനെയല്ല. ഭാര്യയുടെ സന്തോഷത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള അദ്ദേഹം തന്റെ 72ാം വയസ്സിൽ അവരുടെ ഇഷ്ടത്തിനൊത്ത് 'ചലിപ്പിക്കാവുന്ന ഒരു വീടു'തന്നെ പണിതുകൊടുത്തു.


വിവാഹംചെയ്ത കാലത്ത് ഒരു സാധാരണ വീട്ടിലാണ് വോജിനും ഭാര്യയും താമസിച്ചിരുന്നത്. എന്നാൽ കിടപ്പുമുറി സൂര്യനെ അഭിമുഖീകരിക്കുന്ന തരത്തിലാവണം എന്ന് ജുബീക്ക ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അകത്തളത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുനർനിർമിച്ചു. പക്ഷേ അപ്പോൾ വീടിന്റെ ലിവിങ് റൂം റോഡിൽനിന്നും നേരിട്ട് കാണാൻ പറ്റാത്ത ഭാഗത്തായി. അതോടെ വീട്ടുമുറ്റത്തെത്തുന്നവരെ കാണാൻ സാധിക്കുന്നില്ല എന്നായി ജുബീക്കയുടെ പരാതി. അതിൽ കഴമ്പുണ്ടെന്ന് തോന്നിയതോടെ വീണ്ടും ഭിത്തികൾ പൊളിച്ചുനീക്കി അകത്തളത്തിൽ മാറ്റങ്ങൾ വരുത്തി. വയറിങ് അടക്കമുള്ളവ മാറ്റി സ്ഥാപിക്കേണ്ടിവന്നതിനാൽ ഇത് ശ്രമകരമായ ജോലിയായിരുന്നു.

ഒടുവിൽ ആറു വർഷം മുൻപ് മകന്റെ വിവാഹം നടന്നതോടെ കുടുംബവീടിന്റെ മുകൾനില മകനും ഭാര്യയ്ക്കുമായി വിട്ടു കൊടുത്തശേഷം വോജിനും ജുബീക്കയും താഴത്തെ നിലയിലേക്ക് താമസം മാറ്റി. വീണ്ടും സൗകര്യങ്ങൾക്കനുസരിച്ച് ചില മാറ്റങ്ങൾ വരുത്തണം എന്നായിരുന്നു ജുബീക്കയുടെ ആവശ്യം. എന്നാൽ ഇത്തവണ രണ്ടുംകൽപിച്ച് ഭാര്യയുടെ മാറിമാറി വരുന്ന ഇഷ്ടങ്ങൾക്കനുസരിച്ച് ഏതു മുറിയും മുൻഭാഗത്തേക്ക് എത്തിക്കാൻ സാധിക്കുന്ന തരത്തിൽ കറങ്ങുന്ന വീട് തന്നെ നിർമിക്കാൻ വോജിൻ തീരുമാനിക്കുകയായിരുന്നു.
കോളേജ് വിദ്യാഭ്യാസം പോലും നേടിയിട്ടില്ല എന്നതൊന്നും ഭാര്യയുടെ ആഗ്രഹത്തിനൊത്ത് വീട് നിർമ്മിക്കുന്നതിന് വോജിന് തടസ്സമായിരുന്നില്ല. പഴയ ഒരു മിലിറ്ററി വാഹനത്തിന്റെ ടയറുകളും ഇലക്ട്രിക് മോട്ടറുകളും ഉപയോഗിച്ചാണ് വീട് കറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. പച്ചനിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്ന ഒറ്റനില വീടിന്റെ മേൽക്കൂരയിൽ മെറ്റൽ റൂഫിങ് ചെയ്തിരിക്കുന്നു. പരമ്പരാഗത ബിസിനസ് മക്കൾ ഏറ്റെടുത്തു നടത്തി തുടങ്ങിയതോടെ കിട്ടിയ ഒഴിവു സമയം മുഴുവനും വീട് നിർമിക്കാനായി വോജിൻ നീക്കി വയ്ക്കുകയായിരുന്നു. ഭാര്യക്കുവേണ്ടി വേണ്ടി ചെയ്ത ഈ സാഹസത്തെക്കുറിച്ച് ചോദിച്ചാൽ ഇഷ്ടപ്പെടാത്ത അതിഥികൾ വന്നാൽ വീട് അപ്പാടെ തിരിച്ചുവച്ച് അവരെ പറഞ്ഞയക്കാനുള്ള സൗകര്യമാണ് താൻ ഒരുക്കി കൊടുത്തിരിക്കുന്നത് എന്നാണ് വോജിന്റെ തമാശ കലർന്ന മറുപടി.
English Summary- Husband Built Rotating House for Wife; Funny Architecture; Self made Homes