ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കയറിക്കിടക്കാൻ ഒരിടം എന്ന സ്വപ്നത്തിനോളം വലുതല്ല മറ്റൊന്നും. ഒരു വീട് എന്നത് ഒരിക്കലും കയ്യെത്തി പിടിക്കാനാവാത്ത സ്വപ്നമായി ശേഷിക്കുന്ന അനേകായിരങ്ങളുണ്ട് നമുക്കുചുറ്റും. മനക്കരുത്തും മനുഷ്യസ്നേഹവും മാത്രം കൈമുതലാക്കി അത്തരത്തിലുള്ള നൂറുകണക്കിന് ആളുകൾക്ക് സ്നേഹത്തണൽ ഒരുക്കി മാതൃകയാവുകയാണ് എം.എസ് സുനിൽ എന്ന അധ്യാപിക. കാലങ്ങളായി തുടരുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2017 ൽ നാരീശക്തി പുരസ്കാരം നൽകി രാജ്യം സുനിൽ ടീച്ചറെ ആദരിച്ചിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഭവനനിർമ്മാണ പദ്ധതിയെ കുറിച്ച് സുനിൽ ടീച്ചർ മനോരമ ഓൺലൈനിനോട് മനസു തുറക്കുന്നു.

 

ms-sunil-teacher

വിദ്യാർഥിനിക്കായി വീടൊരുക്കി തുടക്കം...

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ജീവശാസ്ത്ര വിഭാഗത്തിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന കാലത്ത് നാഷണൽ സർവീസ് സ്കീമിന്റെ ചുമതല വഹിച്ചിരുന്നു. ആ സമയത്ത് 2005 ൽ എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോളേജിലെ ഒരു വിദ്യാർഥിനിക്കായി വീട് നിർമ്മിച്ചു നൽകിയത്. ആ കുട്ടിയും വല്യമ്മയും അടങ്ങുന്ന കുടുംബം വഴിയോരത്ത് കുടിലിലാണ് കഴിഞ്ഞിരുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട് വീട് വയ്ക്കുന്നതിന് സ്ഥലം ഒരുക്കി. അതിനുശേഷം കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽനിന്നും എല്ലാമായി ശേഖരിച്ച പണം ഉപയോഗിച്ചാണ് അന്ന് വീട് വച്ചത്. പിന്നീട് ഉദ്യമം മുന്നോട്ട് കൊണ്ടുപോകണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പല ഭാഗങ്ങളിൽനിന്നായി ആവശ്യക്കാർക്ക് വീടുവച്ചു കൊടുക്കാൻ താൽപര്യപെട്ട് സുമനസ്സുകൾ എത്തിത്തുടങ്ങിയതോടെ അതൊരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു.

ms-sunil-work

 

തേടിയെത്തുന്ന സുമനസ്സുകൾ..

ആദ്യത്തെ വീട് വച്ചതിനുശേഷം ഇന്നോളം വീട് വയ്ക്കുന്നതിനായി ആരിൽ നിന്നും പണം ആവശ്യപ്പെടുകയോ പിരിവു നടത്തുകയോ ചെയ്തിട്ടില്ല. മറ്റുള്ളവരെ സഹായിക്കാനായി ആഗ്രഹമുള്ളവർ തന്നെ തേടിയെത്തി ആഗ്രഹം അറിയിക്കുകയാണ് ചെയ്യുന്നത്. ഇവരിൽ കൂടുതലും പ്രവാസി മലയാളികളും സംഘടനകളുമൊക്കെയാണ്. ഇത്തരത്തിൽ ഓഫറുകളുമായി ആരെങ്കിലും എത്തിയാൽ വീടുവയ്ക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന ഏതെങ്കിലും കുടുംബത്തെ കണ്ടെത്തി വീടുവച്ചു കൊടുക്കുന്നു. 

ms-sunil-charity-home

ചെലവ് പരമാവധി കുറച്ച് ഏറ്റവും മികച്ച രീതിയിൽ വീട് വയ്ക്കുക എന്നതാണ് സുനിൽ ടീച്ചറിന്റെ ഭവനനിർമ്മാണപദ്ധതിയുടെ പ്രത്യേകത. മൂന്നര ലക്ഷം രൂപയ്ക്കുള്ളിൽ ഒതുങ്ങുന്ന വീടുകളായിരുന്നു അടുത്തിടെ വരെ വച്ചിരുന്നത്. കോവിഡ് വ്യാപനത്തിനുശേഷം ചെലവ് അൽപം കൂടി എങ്കിലും പരമാവധി നാല് ലക്ഷത്തിനു മുകളിൽ പോകാറില്ല. നാൽപതിലേറെ വീടുകൾ ഷിക്കാഗോ മലയാളികളുടെ സഹകരണത്തോടെയാണ് ആണ് നിർമ്മിച്ചത്.

 

ms-sunil-charity

സ്നേഹവീടിന്റെ സവിശേഷതകൾ... 

650 ചതുരശ്രഅടി വിസ്തീർണമുള്ള വീടുകളാണ് പണിത് നൽകുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ബാത്റൂമും സിറ്റൗട്ടും ഉണ്ടാവും. വസ്തുവിന്റെ കിടപ്പനുസരിച്ച് വീടിന്റെ പ്ലാനും സ്വന്തം നിലയിൽ തയ്യാറാക്കുന്നു. ഇതിനായി ജയലാൽ എന്ന സന്നദ്ധ പ്രവർത്തകനും ഭവനനിർമ്മാണ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്. താമസിക്കുന്ന കുടുംബത്തിന് ഭാവിയിൽ മുകളിൽ ഒരുനില കൂടി പണിയാനുള്ള പ്രാപ്തി ആയാൽ അതിനു സാധിക്കുന്ന വിധത്തിലാണ് അടിത്തറ ഒരുക്കുന്നത്. സിറ്റൗട്ടിലും ബാത്ത്റൂമിലും അടുക്കളയുടെ സ്ലാബിലും ടൈലുകൾ പാകുന്നു.

പിന്നീട് പണം കണ്ടെത്താനായാലും ബാത്ത്റൂമുകൾ മോടിപിടിപ്പിക്കാൻ പലരും ശ്രദ്ധിക്കാറില്ല. ഇത് കണക്കിലെടുത്ത് ഏറ്റവും ശ്രദ്ധ ചെലുത്തുന്നത് ബാത്ത്റൂമുകളുടെ നിർമാണത്തിലാണ്. പൂർണ്ണമായി ടൈൽസ് വിരിച്ച് യൂറോപ്യൻ ക്ലോസറ്റ് അടക്കം ഒരുക്കി നൽകുന്നു. അടുക്കളയിൽ സിങ്ക് പിടിപ്പിക്കുകയും പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുകയും ചെയ്യാറുണ്ട്.

മറ്റു മുറികളുടെ തറ ഒരുക്കുന്നത് സിമന്റ് കൊണ്ട് തന്നെയാണ്. വയ്ക്കുന്ന വീടുകളിൽ കാറ്റും വെളിച്ചവും ഉണ്ടാവണം എന്നതിനാൽ ഏറ്റവും ചുരുങ്ങിയത് ഏഴ് ജനാലകൾ എങ്കിലും ഉൾപ്പെടുത്താറുണ്ട്. പൊളിച്ച കെട്ടിടങ്ങളിൽ നിന്നുള്ള ജനാലകളും വാതിലുകളുമാണ് വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

ബാത്റൂമിലെ വാതിൽ ഒഴികെ മറ്റു മുറികളിലേക്ക് തടികൊണ്ടുള്ള ജനാലകളും വാതിലുകളും മാത്രമേ തിരഞ്ഞെടുക്കാറുള്ളു. ഇവ ഗുണനിലവാരം ഉള്ളതാണെന്നും കേടുപാടുകൾ ഇല്ല എന്നും ഉറപ്പുവരുത്തും. ഇലക്ട്രിക്കൽ വർക്കുകൾ സാധാരണഗതിയിൽ ഉൾപ്പെടുത്താറില്ല. എങ്കിലും വീടുപണി കഴിഞ്ഞ് ഏറെ കാലമായിട്ടും ഇലക്ട്രിക്കൽ വർക്ക് ചെയ്യാൻ വീട്ടുകാർക്ക് സാധിക്കുന്നില്ലെങ്കിൽ അതിനുള്ള സഹായവും നൽകാറുണ്ട്.നിർമ്മിച്ചു നൽകുന്ന വീടുകൾ അവിടെ താമസിക്കുന്നവർക്ക് പിന്നീട് ഒരു ബാധ്യത ആകരുതെന്ന നിർബന്ധത്തോടെയാണ് ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്. പണിയുടെ മേൽനോട്ടവും മറ്റാരെയും ഏൽപ്പിക്കാറില്ല. ചെലവു കുറയ്ക്കാൻ സാധിക്കുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്.

 

പണം നൽകുന്നവരുടെയും താമസക്കാരുടെയും സന്തോഷം തന്നെയാണ് സംതൃപ്തി.. 

ഏറ്റവുമൊടുവിൽ പണികഴിപ്പിച്ചതടക്കം കഴിഞ്ഞ 16 കൊല്ലം കൊണ്ട് അഞ്ചു ജില്ലകളിലായി 203 വീടുകൾ നിർമ്മിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്. നാലു വീടുകളുടെ നിർമാണം പൂർത്തിയായ നിലയിലാണ്. ലോക്ഡൗണിന് ശേഷം അവയും കൈമാറ്റം ചെയ്യും. ഏതാനും വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നു. ഒരു രൂപ പോലും ലാഭേച്ഛയില്ലാതെയാണ് ഭവനനിർമ്മാണ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ആളുകൾ നൽകുന്ന പണം പൂർണ്ണമായും വീടുപണിക്കായി മാത്രം ചെലവഴിക്കുന്നു. വീടുപണി പൂർത്തിയാകുമ്പോൾ പണം നൽകിയ ആളുടേയും താമസിക്കാൻ എത്തുന്ന കുടുംബത്തിന്റേയും മനസ്സ് നിറയണം എന്നത് മാത്രമാണ് ചിന്ത. പണം നൽകുന്നവർ തന്നെയാണ് ഓരോ വീട്ടുകാർക്കും താക്കോൽ കൈമാറുന്നത്. അവരുടെ മുഖത്തെ പുഞ്ചിരി തന്നെയാണ് ഏറ്റവും വലിയ സംതൃപ്തി. നാരീശക്തി പുരസ്കാരം അടക്കമുള്ള അംഗീകാരങ്ങളിലൂടെ ലഭിച്ച തുക ചേർത്തുവച്ച് സ്വന്തം നിലയിലാണ് നൂറാമത്തെ വീട് പണി കഴിപ്പിച്ചത്. ഉദ്ഘാടനങ്ങളിൽ നിന്നും മറ്റുമായി ലഭിക്കുന്ന തുകയും പൂർണ്ണമായി ഭവനനിർമ്മാണത്തിനായാണ് നീക്കിവയ്ക്കുന്നത്.

 

മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മകൾ...

മണ്ണടിയിൽ ഒരു ക്വാറിയ്ക്ക് സമീപത്തായി പാറയിടുക്കിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിന് വീട് വച്ചതാണ് ഹൃദയത്തിൽതൊട്ട ഒരുനുഭവം. ഒരമ്മയും ഭിന്നശേഷിക്കാരായ മൂന്ന് ആൺമക്കളും പാറയിടുക്കിൽ ഷെഡ് കെട്ടി പാറമടയിലെ മലിനജലവും അവിടെ നിന്ന് ലഭിക്കുന്ന മീനും ആഹാരമാക്കിയാണ് കാലങ്ങളായി കഴിഞ്ഞിരുന്നത്. ഇതറിഞ്ഞ് അവർക്കായി ഒരു വീട് നിർമ്മിച്ചു നൽകി. അതിനുപുറമേ എല്ലാമാസവും ഭക്ഷ്യധാന്യ കിറ്റും എത്തിച്ചു നൽകുന്നുണ്ട്. കുറച്ചുകാലത്തിനു മുൻപ് ഈ വീടിന് സമീപത്തായി മറ്റൊരു വീടിന്റെ താക്കോൽ കൈമാറ്റം നടന്നിരുന്നു. ആ സമയത്ത് ഈ അമ്മയും അവിടെ എത്തി. ചടങ്ങിനു മുന്നോടിയായി ഈശ്വരപ്രാർത്ഥനയുടെ സമയമായപ്പോൾ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പ്രാർത്ഥന പാടിത്തുടങ്ങി. അവരുടെ മനസ്സിലെ നന്ദിയും സ്നേഹവും എല്ലാം തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്.

വീട് നിർമ്മാണത്തിൽ തീരുന്നില്ല പ്രവർത്തനങ്ങൾ..

നിരാലംബരായവരെ സഹായിക്കാൻ സന്മനസ്സുള്ള നിരവധി ആളുകളുണ്ട്. ദുബായിൽ പ്രവർത്തിക്കുന്ന ദിശ എന്ന ഫാമിലി ഗ്രൂപ്പിന്റെ  സഹകരണത്തോടെ നിരവധി കുടുംബങ്ങൾക്ക് എല്ലാമാസവും ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകുന്നു. ഇതിനു പുറമേ വീട് വച്ചുകൊടുത്ത കുടുംബങ്ങൾക്ക് ജീവിക്കാനുള്ള വഴി ഇല്ലെങ്കിൽ കോഴികളെയോ ആടുകളെയോ ഒക്കെ വാങ്ങി നൽകുകയും ജീവിതമാർഗം കാട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. ക്രിസ്മസ് ,ഓണം എന്നിങ്ങനെയുള്ള വിശേഷ അവസരങ്ങളിൽ കേക്കുകളുമായി എല്ലാ വീടുകളും എത്താനും സമയം കണ്ടെത്തുന്നു. സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്കുള്ള പഠനോപകരണങ്ങളും എത്തിച്ചു നൽകാറുണ്ട്. 

 

കുടുംബത്തിന്റെ പിന്തുണ..

ഓരോ ഉദ്യമത്തിലും പൂർണ്ണ പിന്തുണയേകുന്ന കുടുംബമാണ് സുനിൽ ടീച്ചറിന്റെ ശക്തി. ഭർത്താവും വ്യവസായിയുമായ പി.തോമസ് രണ്ടു വീടുകളുടെ നിർമ്മാണത്തിനായി സഹായിച്ചിരുന്നു. സഹോദരിയും ഒരു വീട് നിർമിക്കാനുള്ള പണം കണ്ടെത്തി നൽകി. അയർലൻഡ് പഠനകാലത്ത് ലഭിച്ച തുക കൊണ്ട് മകൻ പ്രിൻസ് സുനിൽ തോമസാണ് നൂറ്റി അമ്പതാമത്തെ വീടിന്റെ നിർമ്മാണം ഏറ്റെടുത്തത്. തുടക്കത്തിൽ ഒന്നുമറിയാതെ ഏറ്റെടുത്ത ഭവന നിർമ്മാണം പിന്നീട് ജീവിതത്തിന്റെ സുപ്രധാന ഭാഗമായി മാറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത തന്നെയാണ് ഓരോ ചുവടുവയ്പ്പിലും സുനിൽ ടീച്ചറിന് ഉർജ്ജം പകരുന്നത്.

English Summary- M S Sunil- Teacher Built Home for Poor; Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com