കുതിപ്പിലേറി കുരുമുളകും വെളിച്ചെണ്ണയും, ഏലത്തിന് തകർച്ച; ഇന്നത്തെ (13/03/25) അന്തിമ വില

Mail This Article
ആഗോള തലത്തിൽ കുരുമുളകിന് നേരിടുന്ന ദൗർല്യം രൂക്ഷമായതോടെ ഉൽപ്പന്ന വില ടണ്ണിന് 10,000 ഡോളറിലേക്ക് അടുക്കുന്നു. ലോക വിപണിയിൽ കുരുമുളകിന് ആവശ്യം വർധിച്ചതിനൊപ്പം ചരക്ക് കയറ്റുമതി നടത്താൻ മുൻനിര രാജ്യങ്ങൾ ക്ലേശിക്കുകയാണ്. അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വൻകിട ഇറക്കുമതിക്കാർ ഉൽപാദന രാജ്യങ്ങളിൽ നേരിട്ട് ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടയിൽ മലേഷ്യൻ കയറ്റുമതിക്കാർ അവരുടെ നിരക്ക് 9800 ഡോളറായി ഉയർത്തി. അവിടെ വെള്ള കുരുമുളക് വില 12,000 ഡോളറിന് മുകളിലാണ്, വിയറ്റ്നാമും
ഇന്തോനേഷ്യയും ഇതിനകം തന്നെ 10,000 ഡോളറിന് മുകളിലാണ് വെളള മുളകിന് ക്വട്ടേഷൻ ഇറക്കുന്നത്. ഇന്ത്യയിലും വിളവ് കുറവായതിനാൽ ആഭ്യന്തര വ്യവസായികളും നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ മത്സരിക്കുന്നു. മൂന്ന് ദിവസങ്ങളിൽ ക്വിൻറ്റലിന് 1400 രൂപയാണ് കൊച്ചിയിൽ ഉയർന്നത്. ഗാർബിൾഡ് കുരുമുളകിന് ഇന്ന് 300 രൂപ വർധിച്ച് 70,200 രൂപയായി.

ഏലം ഉൽപാദന മേഖലയിലെ കിണറുകളും മറ്റ് ജലാശയങ്ങളും കടുത്ത വേനലിൽ വറ്റുന്നത് കർഷകരെ സമ്മർദ്ദത്തിലാക്കി. ഏലചെടികൾക്ക് തണലേകാൻ പറ്റുന്ന മാർഗ്ഗങ്ങളെല്ലാം അവർ പയറ്റുന്നുണ്ട്. അതേ സമയം മേൽ മണ്ണ് വരണ്ടതോടെ പല ഭാഗങ്ങളിലും ശരങ്ങളുടെ വേരുകൾ ഉണങ്ങുന്നത് തടയാൻ ജലത്തിനായി ടാങ്കർ ലോറികളെയും ആശ്രയിക്കുന്നു. വൻകിട തോട്ടങ്ങൾ സ്പ്രിംഗ്ളർ ഉപയോഗിച്ച് ആവശ്യാനുസരണം നന നൽക്കുന്നുതിന് പുറമേ കർഷകർ ഗാർഡൻ നെറ്റും വ്യാപകമായി ഉപയോഗിച്ച് ഏലചെടികൾക്ക് ചൂടിൽ നിന്നും ആശ്വാസം നൽകി ഉൽപാദനം കുറയാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വരൾച്ച ശക്തമായതിനാൽ വളപ്രയോഗങ്ങളിൽ നിന്നും ചെറുകിട കർഷകരിൽ ഭൂരിഭാഗവും വിട്ടു നിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ രാസവളങ്ങൾ ഉപയോഗിച്ചാൽ ആവശ്യാനുസരണം തോട്ടങ്ങൾ നനക്കാനാവില്ല. അതായത് അടുത്ത സീസണിൽ വിളവ് കുറയാനുള്ള സാധ്യതകളും ഇത് മൂലം സംഭവിക്കാം. കഴിഞ്ഞ മാസം കിലോ 3000 രൂപയെ ചുറ്റിപറ്റി നിലകൊണ്ട ശരാശരി ഇനങ്ങൾ നിലവിൽ 2650 ലേയ്‌ക്ക് ഇടിഞ്ഞു. പ്രതികൂല കാലാവസ്ഥയ്‌ക്ക് ഇടയിൽ ലേലത്തിൽ നിരക്ക് ഇടിയുന്നത് ഉൽപാദകർക്ക് ഇരട്ടി പ്രഹരമാവും. ഇന്ന് വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2706 രൂപയിലും മികച്ചയിനങ്ങൾ 3053 രൂപയിലും കൈമാറി.
ചരിത്രനേട്ടങ്ങൾ കൈപിടിയിൽ ഒതുക്കി വാനോളം ഉയരുകയാണ് നാളികേരോൽപ്പന്നങ്ങൾ. കൊപ്രയ്‌ക്ക് നേരിട്ട രൂക്ഷമായ ക്ഷാമം ദക്ഷിണേന്ത്യയിലെ മില്ലുകാരുടെ സുഖമമായ പ്രവർത്തനങ്ങളെ ബാധിച്ചു. പല മില്ലുകളും രണ്ടും മൂന്നും ഷിഫ്‌റ്റ് വരെ വെളിച്ചെണ്ണ ഉൽപാദനത്തിന് നീക്കിവെച്ചിരുന്നവർ പ്രവർത്തന സമയം വെട്ടികുറച്ചു. കേരളത്തിൽ വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും അത് ഒന്നും തമിഴ്‌നാട്ടിലെ വൻകിട മില്ലുകാരുടെ ആവശ്യത്തിൻറ പകുതി പോലും തികയാത്ത അവസ്ഥയാണ്. കൊച്ചിയിൽ സർവകാല റെക്കോർഡ് വിലയായ 15,700 രൂപയിലാണ് കൊപ്രയുടെ ഇടപാടുകൾ നടന്നത്. വെളിച്ചെണ്ണ വില 200 രൂപ വർധിച്ച് 23,600 രൂപയായി.