മറയൂരിൽ മാത്രമേ ചന്ദനം വളരുകയുള്ളൂ എന്ന ധാരണ ശരിയല്ല, നിങ്ങൾക്കുമാകാം ചന്ദനം
Mail This Article
നിലവിലുള്ള നിയമമനുസരിച്ച് ചന്ദനം ആർക്കു വേണമെങ്കിലും നട്ടുവളർത്താമെങ്കിലും അത് വിൽപന നടത്തുന്നതിനുള്ള അവകാശം വനംവകുപ്പിൽ മാത്രം നിക്ഷിപ്തമാണ്. സ്വകാര്യഭൂമിയിൽ വളരുന്ന ചന്ദനമരങ്ങൾ വിറ്റൊഴിവാക്കണമെന്നു തോന്നുമ്പോൾ അടുത്തുള്ള റേഞ്ച് ഓഫിസിൽ അറിയിക്കണം. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഈ മരങ്ങൾ വേരടക്കം ശേഖരിക്കുകയും മറയൂർ ചന്ദനഡിപ്പോയിൽ എത്തിക്കുകയും ചെയ്യും. ഡിപ്പോ അധികൃതർ ഇതിന്റെ വിൽപന നടത്തി ലഭിക്കുന്ന തുക കൃഷിക്കാരനു നൽകും. ആകെ ലഭിക്കുന്ന തുകയിൽ വിൽപന നടപടികൾക്കായി ചെലവായ തുക (5 ശതമാനത്തിൽ താഴെ) മാത്രമേ വനം വകുപ്പ് ഈടാക്കുകയുള്ളൂ. കൃഷിഭൂമിയിൽ ചന്ദനം നട്ടു പരിപാലിക്കുന്നതിന് എല്ലാ സഹായവും വനം വകുപ്പ് നൽകുന്നുണ്ട്. അതേസമയം ഏതെങ്കിലും സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനംവകുപ്പുവഴിയല്ലാതെ വിൽപന നടത്തുന്നത് ശിക്ഷാർഹമാണ്.
മറയൂരിൽ മാത്രമേ ചന്ദനം വളരുകയുള്ളൂ എന്ന ധാരണ ശരിയല്ല. സംസ്ഥാനത്ത് ഏറ്റവുമധികം ചന്ദനമുള്ളത് അവിടെയാണെങ്കിലും കുളത്തൂപ്പുഴയിലും അട്ടപ്പാടിയിലുമൊക്കെ ചന്ദനം വളരുന്നുണ്ട്. മഴനിഴൽപ്രദേശമായ മറയൂരിലെ ചന്ദനത്തിനു കൂടുതൽ നിലവാരവും കാതലുമുണ്ടാകുമെന്നു മാത്രം. വനംവകുപ്പിന്റെ മറയൂരിലെ നഴ്സറിയിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അടുത്ത കാലത്ത് ധാരാളമായി ചന്ദനത്തൈകൾ കൊണ്ടുപോകുന്നുണ്ട്. ചന്ദനത്തിന്റെ വിത്തുകളും വനം വകുപ്പ് വിൽക്കുന്നുണ്ട്. വെള്ളത്തിലിട്ടു കുതിർക്കുകയോ ആസിഡ് ട്രീറ്റ്മെന്റ് നടത്തുകയോ ചെയ്ത ശേഷം ഇവ മുളപ്പിച്ചെടുക്കാവുന്നതേയുള്ളൂ. മുളയ്ക്കുന്ന വിത്തുകളുടെ പകുതിയോളം ആരോഗ്യത്തോടെ വളരുന്നു. അർധപരാദസസ്യമായതിനാൽ വിത്തുപാകുമ്പോൾ തന്നെ ആതിഥേയ സസ്യമായ ചീരയുടെയോ തൊട്ടാവാടിയുടെയോ വിത്തുകൂടി തൊട്ടടുത്തു നടണം. ഇവയുടെ ചെറുതൈകളായാലും മതി. 6 മാസം വളർച്ചയെത്തിയ ചന്ദനത്തിനു കൂട്ടായി 1.5 അടി അകലത്തിൽ തുവരപ്പയർ നടാം. രണ്ടു വർഷമായ ചന്ദനത്തിനു സ്ഥിരം ആതിഥേയനായി കണിക്കൊന്ന, ശീമക്കൊന്ന, നെല്ലി എന്നിവ നടാവുന്നതാണ്. എന്നാൽ ശീമക്കൊന്നയാവും കൂടുതൽ മെച്ചം. അവയ്ക്ക് അമിതമായ ഇലച്ചാർത്ത് ഇല്ലാത്തതിനാൽ ചന്ദനത്തിനു സൂര്യപ്രകാശം നിഷേധിക്കപ്പെടുകയില്ല. ആറു മാസം വളർച്ചയെത്തിയ ശീമക്കൊന്നയിൽ കുരുമുളക് പടർത്തി അധികവരുമാനം നേടാം. സർവോപരി ശീമക്കൊന്നയുടെ ഇലകൾ ജൈവപുതയായി ഉപയോഗിക്കുകയും ചെയ്യാം.
മറയൂര്‍ കാടുകളിൽ ചന്ദനം ഒരു വർഷം ശരാശരി ഒരു സെ.മീ വണ്ണം വയ്ക്കുന്നുണ്ട്. എന്നാൽ കൃഷിയിടങ്ങളിൽ പരിചരണം കിട്ടി വളരുന്നവ കൂടുതൽ വേഗത്തിൽ വളർന്നേക്കാം. 20 വർഷത്തിനകം 30 സെ.മീ വരെ വളർച്ച പ്രതീക്ഷിക്കാം. അഥവാ 20 സെ.മീ. മാത്രം വളർന്നാൽപോലും കൃഷിക്കാർക്കു നേട്ടമായിരിക്കും. തൂക്കമെടുത്ത് വില നൽകുന്ന ഏക വൃക്ഷമാണിത്. വേരുസഹിതം പിഴുതെടുക്കുന്ന മരത്തിന്റെ ഇലയൊഴികെ എല്ലാ ഭാഗങ്ങൾക്കും വിലയുണ്ട്. ചന്ദനത്തിന്റെ വെള്ളയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 1000 രൂപയാണ് വില. 20 വർഷം പ്രായമുള്ള മരത്തിന് 40 കിലോ മാത്രം തൂക്കം ലഭിച്ചാൽ പോലും 40,000 രൂപ പ്രതീക്ഷിക്കാം. ദുർഘടമായ സാഹചര്യങ്ങളിൽ ദീർഘകാലം വളരുന്ന ചന്ദനത്തിനു കാതലുണ്ടായാൽ വില കുതിച്ചുകയറുകയും ചെയ്യും. ഒരു കിലോ കാതലിനു ശരാശരി 15,000 രൂപ വിലയുണ്ട്.
മറയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറാണ് ലേഖകൻ.
ഫോൺ: 9446212321
English summary: Sandalwood Seeds And Plant, Sandal