വി.കെ. കൃഷ്ണമേനോൻ: യഥാർഥ ഇന്ത്യക്കാരനായ വിശ്വപൗരൻ
Mail This Article
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ സുപ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്ന വി.കെ. കൃഷ്ണമേനോനെ ക്കുറിച്ച് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് എഴുതിയ ‘എ ചേക്കേഡ് ബ്രില്യൻസ്, മെനി ലൈവ്സ് ഓഫ് വി.കെ. കൃഷ്ണ മേനോൻ’ എന്ന പുസ്തകത്തെ വിലയിരുത്തുകയാണ് സിപിഎം നേതാവും ഏറ്റുമാനൂർ എംഎൽഎയുമായ സുരേഷ് കുറുപ്പ്.
വി.കെ. കൃഷ്ണമേനോനെക്കുറിച്ച് കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശ് എഴുതിയ പുസ്‌തകം ‘എ ചേക്കേഡ് ബ്രില്യൻസ്, മെനി ലൈവ്സ് ഓഫ് വി.കെ. കൃഷ്ണ മേനോൻ’ അദ്ദേഹത്തെ പുതുതായി വിലയിരുത്താൻ സഹായിക്കുന്നു. കാരണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജീവിതമായിരുന്നു കൃഷ്ണമേനോന്റേത്. ശത്രുക്കൾ അദ്ദേഹത്തെ വില്ലനാക്കി, ആരധകർ അദ്ദേഹത്തെ വാനോളം പുകഴ്ത്തി. എന്നാൽ കൃഷ്ണമേനോനെപ്പറ്റി കൃത്യമായ വിലയിരുത്തലാണ് ഈ പുസ്തകം.
വി.കെ. കൃഷ്ണമേനോനെ മലയാളിയായ വിശ്വപൗരൻ എന്നു വിളിക്കാനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അദ്ദേഹത്തെ ഇന്ത്യക്കാരനായ വിശ്വപൗരൻ എന്ന് അഭിസംബോധന ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ബ്രിട്ടിഷ് ലേബർ പാർട്ടിയിലെ രണ്ടു മുൻപ്രധാനമന്ത്രിമാർ ഉൾപ്പെടെ എട്ട് ബ്രിട്ടിഷുകാർ പുറത്തിറക്കിയ ഒരു അനുശോചന സന്ദേശം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ വി.കെ. കൃഷ്ണ മേനോനെ വിശേഷിപ്പിച്ചത് ‘എ ഗുഡ് ബ്രിട്ടിഷർ ആൻഡ് എ ട്രൂ ഇന്ത്യൻ’ എന്നാണ്. അത് വേണമെങ്കിൽ, ‘എ ഗുഡ് ഇന്റർനാഷനലിസ്റ്റ് ആൻഡ് എ ട്രൂ ഇന്ത്യൻ’ എന്നു തിരുത്താം. അത്രമാത്രം ലോകത്തിലെ വിവിധ ജനവിഭാഗങ്ങളെയും രാഷ്ട്രീയ രംഗങ്ങളെയും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന പുസ്തകമാണിത്. മുഷിയാതെ, സമ്മർദമില്ലാതെ വായിക്കാവുന്നത്. കൃഷ്ണമേനോന്റെ ജീവിതത്തിലെ പ്രസക്തമായ ഓരോ ഭാഗവും വളരെ മനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ ജീവിതം, അവിടെ അദ്ദേഹം അനുഭവിച്ച ദാരിദ്ര്യം, ജവാഹർലാൽ നെഹ്‌റുവുമായുള്ള സൗഹൃദത്തിൽ കോട്ടം തട്ടുന്നുണ്ട് എന്ന ധാരണയിൽ വിഷമത്തോടെ നെഹ്‌റുവിന് അയച്ച കത്തുകൾ, ജീവിതം അവസാനിപ്പിക്കാൻ പോകുകയാണ് എന്ന നിലയിൽ നെഹ്‌റു ഉൾപ്പെടെയുള്ളവർക്ക് എഴുതിയ കത്തുകൾ എന്നിവയെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിരന്തരമായ മാനസിക സംഘർഷങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോയിരുന്നത്. അസാധാരണ പ്രതിഭയായിരുന്നു കൃഷ്ണമേനോനെന്ന് നെഹ്‌റു തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ വച്ച് നെഹ്‌റുവും കൃഷ്‍ണമേനോനും തമ്മിൽ മൂന്നോ നാലോ വട്ടമേ കണ്ടിട്ടുള്ളൂ. പിന്നീട് കത്തുകളിലൂടെ തുടങ്ങിയ ആത്മബന്ധമാണ് ഇരുവരെയും അടുപ്പിച്ചത്. തന്റെ ജീവിത വീക്ഷണത്തോടു പൂർണമായും യോജിക്കുന്ന വ്യക്തിത്വമാണ് കൃഷ്ണമേനോന്റേതെന്ന് നെഹ്‌റു മനസിലാക്കി. തുടർന്നു നയപരമായ പല കാര്യങ്ങളിലും അവർ ഒന്നിച്ചു നിന്നിട്ടുണ്ട്.
ഭരണഘടനാ നിർമാണ സഭ രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയുണ്ടാക്കുന്നതിൽ പ്രധാന സംഭാവന നൽകിയതും വി.കെ. കൃഷ്ണമേനോനാണ്, ഇന്ത്യൻ പ്ലാനിങ് കമ്മിഷൻ രൂപീകരിക്കണമെന്ന ആശയം നെഹ്രുവിനോട് പങ്കുവച്ചതും അത് അദ്ദേഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചതും കൃഷ്ണമേനോൻ തന്നെ. അദ്ദേഹം എന്തു പറഞ്ഞാലും അത് പോസിറ്റിവ് ആയി കാണാനുള്ള മനസ്സ് നെഹ്‍റുവിനും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് അവർ തമ്മിലുള്ള സൗഹൃദവും അതു നഷ്ടപ്പെട്ടേക്കുമോ എന്ന കൃഷ്ണമേനോന്റെ ഭയവും അതോടൊപ്പം തന്റെ സഹോദരിയുമായി അദ്ദേഹം പുലർത്തിയിരുന്ന ആത്മബന്ധവും ആയിരുന്നു.
ലോകം കമ്യൂണിസ്റ്റായി കണ്ട കൃഷ്ണമേനോൻ
അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ കൃഷ്ണമേനോനെ ഒരു കമ്യൂണിസ്റ്റ് പരിവേഷത്തിലാണ് കണ്ടിരുന്നത്. മാത്രമല്ല, കോൺഗ്രസിലെ ഒരു വലിയ വിഭാഗം ആളുകൾ അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരനായി വിലയിരുത്തിയിട്ടുമുണ്ട്. യഥാർഥത്തിൽ കൃഷ്ണമേനോൻ കറ കളഞ്ഞ സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമായിരുന്നു. അദ്ദേഹം ഒരിക്കലും കമ്യൂണിസ്റ്റുകാരനായിരുന്നിട്ടില്ല. ബ്രിട്ടിഷുകാരോട് വ്യക്തിവിരോധം പുലർത്താത്തതു പോലെ തന്നെ, കമ്യൂണിസ്റ്റുകാരോടും അദ്ദേഹം വ്യക്തിവിരോധം പുലർത്തിയിട്ടില്ല.
ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളോട് വളരെ അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരിക്കലും സാമ്രാജ്യത്വത്തിന്റെ ദാസ്യപ്പണി ചെയ്യാൻ അദ്ദേഹം പോയിട്ടില്ല. ഇന്ത്യക്കകത്തും അദ്ദേഹത്തിന്റെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ പോർവിളി നടത്തിയത് അദ്ദേഹം കമ്യൂണിസ്റ്റ് ആണെന്നുപറഞ്ഞായിരുന്നു.
ചൈനയുമായുള്ള അതിർത്തിത്തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ അന്നത് ആരും കാര്യമാക്കിയില്ല. കൃഷ്ണമേനോന്റെ മരണശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ, ചൈനീസ് അതിർത്തി തർക്കത്തിൽ കൃഷ്ണമേനോൻ മുന്നോട്ട് വച്ച പരിഹാര നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ പല പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിഞ്ഞേനെ എന്നു പറയുകയുണ്ടായി.
ഇത് അദ്ദേഹത്തിന് ലഭിച്ച ഒരു ബഹുമതിയാണ്. എന്നാൽ അന്നത് ആരും അംഗീകരിച്ചില്ല. ചൈനയ്ക്ക് കീഴടങ്ങാനാണ് കൃഷ്ണമേനോൻ ആവശ്യപ്പെടുന്നതെന്നാണ് പലരും പറഞ്ഞത്. അന്ന് അദ്ദേഹത്തെ എതിർക്കാൻ മുന്നിൽ നിന്ന എ.ബി. വാജ്‌പേയി തന്നെ പിന്നീട് ചൈനയുമായുള്ള തർക്കം രമ്യതയിൽ പരിഹരിക്കുന്നതിനായി സംഘങ്ങളെ രൂപീകരിച്ചു. ഇതിൽനിന്ന്, എത്ര ദീർഘദർശിയായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കാം.
വികെ കൃഷ്‌ണമേനോന്റെ വ്യക്തിത്വത്തെക്കുറിച്ച് നമ്മിൽ മതിപ്പുളവാക്കുന്ന പുസ്തകമാണ് ‘എ ചേക്കേഡ് ബ്രില്യൻസ്, മെനി ലൈവ്സ് ഓഫ് വികെ കൃഷ്ണ മേനോൻ’. ഒരു കാര്യത്തിലും വ്യക്തി വൈരാഗ്യം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം
നിഷ്പ്രയാസം ശത്രുക്കളെ സൃഷ്ടിച്ച കൃഷ്ണ മേനോൻ
ഒരു നല്ല നേതാവിന് ശത്രുക്കൾ കുറവായിരിക്കാം, പക്ഷേ വി.കെ. കൃഷ്ണമേനോന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യം അദ്ദേഹം എളുപ്പത്തിൽ ശത്രുക്കളെ ഉണ്ടാക്കിയിരുന്നു എന്നതാണ്. നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്, നെഹ്‌റുവിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ജനറൽ തിമ്മയ്യ, മൗലാന അബ്ദുൽകലാം ആസാദ് എന്നിവരെ അദ്ദേഹം ശത്രുക്കളാക്കി.
എന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഏതവസ്ഥയിലും അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടിരുന്നു. ദാരിദ്ര്യം ഏറെ അനുഭവിച്ച അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് ജീവിതത്തെപ്പറ്റി കൂടുതൽ അറിഞ്ഞത് ഈ പുസ്തകത്തിലൂടെയാണ്. ഭക്ഷണം അധികമൊന്നും കഴിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ചായയും ബിസ്കറ്റുമായിരുന്നു ഇഷ്ട ഭക്ഷണം. അതിനാൽ തന്നെ പലപ്പോഴും അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ബാധിച്ചിരുന്നില്ല.
ലണ്ടനിൽ ഹൈക്കമ്മിഷണർ ആയിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങൾ അദ്ദേഹത്തെ തളർത്തിയപ്പോൾ പിന്തുണയായി കൂടെ നിന്നത് നെഹ്‌റുവായിരുന്നു. ഏത് അവസ്ഥയിലും മൂന്നാം ലോക രാജ്യങ്ങളുടെ അന്തസ്സും അഭിമാനവും വാനോളം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കൃഷ്ണമേനോൻ നിന്നിട്ടുള്ളത്.
അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ, വീട്, കുടുംബം തുടങ്ങിയ കാര്യങ്ങൾ കൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്ന് തോന്നുന്നു. എന്നാൽ അദ്ദേഹത്തിന്റെ പൊതുജീവിതം വളരെ മികച്ച രീതിയിൽ പുസ്തകത്തിലൂടെ തുറന്നു കാണിക്കാൻ ജയറാം രമേശിന് കഴിഞ്ഞിട്ടുണ്ട്.
English Summary : A Chequered Brilliance: The Many Lives of V.K. Krishna Menon Book By Jairam Ramesh Review By Suresh Kurup