സൂരി നമ്പൂതിരിപ്പാടിനെ പരിഹസിച്ച ആ മിടുക്കി ഫെമിനിസ്റ്റ്
Mail This Article
ഫെമിനിസത്തിന്റെ ആദ്യത്തെ വാചകങ്ങൾ മലയാളത്തിൽ ഉയർന്നു കേട്ടത് ആദ്യത്തെ ലക്ഷണമൊത്ത നോവലിനൊപ്പംതന്നെയാണ്. ചന്ദുമേനോന്റെ ‘ഇന്ദുലേഖ’ പറഞ്ഞത്ര സ്ത്രീസ്വാതന്ത്ര്യമൊന്നും ഇന്നത്തെ ക്കാലത്തു പോലും ഒരുപക്ഷേ പല സ്ത്രീഎഴുത്തുകാരും കഥാപാത്രങ്ങളും പറയാൻ മടിക്കുന്നുണ്ട്. സ്ത്രീ എന്നത് ഒരു ‘വ്യക്തി’ പോലുമില്ലാതിരുന്ന, അടുക്കളയിലും അകത്തും ഒതുങ്ങിക്കഴിയേണ്ട ‘ഒന്ന്’ മാത്രമാ യിരുന്ന കാലത്താണ് സൂരി നമ്പൂതിരിപ്പാടിന്റെ സംബന്ധ അഭ്യർഥനയെ ആക്ഷേപിച്ച് ഇന്ദുലേഖ തിരസ്കരിച്ചത്.
ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം കൂട്ടുകുടുംബത്തിൽനിന്നു പുറത്തിറങ്ങാനും ഒരു അണുകുടുംബ വ്യവസ്ഥിതിയിലേക്കു മാറാനും അവൾക്കു കഴിഞ്ഞു. പ്രണയിക്കുന്ന മാധവനെ വിവാഹത്തിനു മുൻപ് ചുംബിക്കാൻ പോലുമുള്ള ധൈര്യം ഒരു കാമുകിയെന്ന നിലയിൽ ഇന്ദുലേഖയ്ക്കുണ്ടായി. ഇതിലൊക്കെ ഏറ്റവും പ്രധാനം സൂരി നമ്പൂതിരിപ്പാടിന്റെ രംഗപ്രവേശവും ഇന്ദുലേഖയുടെ മറുപടികളുമൊക്കെയാണ്.
നായർ, നമ്പൂതിരി സമുദായങ്ങളിൽ സ്ഥിരമായി നടന്നിരുന്ന ഒരാചാരം തന്നെയായിരുന്നു സംബന്ധം. ഒരു നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രൻ മാത്രമേ വിവാഹം കഴിക്കുക പതിവുണ്ടായിരുന്നുള്ളൂ, അനിയ ന്മാർക്കു സംബന്ധമാണ് വിധിച്ചിരുന്നത്. നായർ ഭവനങ്ങളിൽനിന്നു സ്ത്രീകളെ സംബന്ധം ചെയ്യുക, ആവശ്യം കഴിഞ്ഞു വീണ്ടും കാണണമെങ്കിൽ ആവാം, അല്ലെങ്കിൽ ബന്ധം അവിടെ ഉപേക്ഷിക്കുക എന്നിങ്ങനെയായിരുന്നു ആചാരക്രമം. ഒരർഥത്തിൽ ഇത്തരം നിയമങ്ങളെ ചോദ്യം ചെയ്യാൻ ഇന്ദുലേഖയ്ക്കായത് കൊളോണിയൽ ഭരണത്തിന്റെ ഭാഗമായി വന്ന ഇംഗ്ലീഷ് പഠനം കൊണ്ടുകൂടിയാകാം. തറവാട്ടിൽ ഇംഗ്ലിഷ് പഠിക്കുന്ന അപൂർവം സ്ത്രീയായിരുന്നു ഇന്ദുലേഖ. അതിനു അവൾക്കൊപ്പം നിന്നത് കാമുകനും ബന്ധുവുമായ മാധവനും.
‘ഈ പുസ്തകം എഴുതിയിട്ടുള്ളത് ഞാൻ വീട്ടിൽ സംസാരിക്കുന്ന മലയാള ഭാഷയിൽ ആകുന്നു’ എന്ന് ചന്തുമേനോൻ ആദ്യ പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ദിക്കിലേതു മാത്രമായ സംസാരഭാഷ പലർക്കും ഉൾക്കൊള്ളാനാകാത്ത വിധത്തിലാണെന്നു ചിലർ പരാതിപ്പെട്ടതിനാൽ മറ്റു പുസ്തകങ്ങളിൽ ഈ സംസാരഭാഷ മാറ്റപ്പെട്ടിട്ടുണ്ട് എന്ന് നിരൂപകർ കണ്ടെത്തിയിരുന്നു. വരേണ്യ വർഗ്ഗത്തിന്റെ ഭാഷയാണുള്ളതെങ്കിൽക്കൂടി നാട്ടുഭാഷയുടെ ഭംഗി സാർവലൗകികമല്ലാത്തതിനാൽ ഒഴിവാക്കേണ്ടി വന്നുവെന്നും പറയാം.
ഇന്ദുലേഖയിലെ നായിക യൗവനത്തിലേക്കു കടക്കുന്ന സുന്ദരിയായ നായർ സ്ത്രീയാണ്. മാധവനും യൗവനത്തിൽ ഉള്ളയാൾ. എന്നാൽ സൂരി നമ്പൂതിരിപ്പാടെന്ന വ്യക്തി മധ്യവയസ്കനായ, കഥകളി ഭ്രാന്തനായ, സ്ത്രീലമ്പടനായ, വിഡ്ഢിയായ ഒരാളാണ്. സൂരി നമ്പൂതിരിപ്പാടിനെ പോലെ ഒരു സംബന്ധക്കാരനെ ‘അസംബന്ധമായി’ കാണാനും അതേക്കുറിച്ച് അയാൾക്കെതിരെ സംസാരിക്കാനുമുള്ള അറിവും ധൈര്യവും അവൾ ആർജ്ജിച്ചിരുന്നു.
ആൺ സമൂഹത്തിന്റെ ധാർഷ്ട്യവും മേൽക്കോയ്മയും പെൺശബ്ദത്തിനു മുന്നിൽ ചിതറിത്തെറിച്ച കാഴ്ച ഇന്ദുലേഖയിൽ ഏറെയുണ്ട്. അവൾക്ക് ഏറെ ഇഷ്ടമായിരുന്ന മാധവനോടു വരെ, ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ മറുപടി പറയാനും എതിർപ്പുയർത്താനും ഇന്ദുലേഖയ്ക്കായിരുന്നു. ഒരിക്കലും എതിർപ്പുകൾ ഉയർത്തുന്നതല്ല ഫെമിനിസം, പക്ഷേ തന്റെ മനസ്സിനും ശരീരത്തിനും വേണ്ട ഇഷ്ടങ്ങളെ തുറന്നു പറയാൻ അവൾക്കും അവകാശമുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഫെമിനിസം, അതാണ് ഇന്ദുലേഖയെക്കൊണ്ടും ചന്തു മേനോൻ ചെയ്യിച്ചത്.
ഇന്ദുലേഖയ്ക്കു വേണ്ടിയാണ് സൂരി നമ്പൂതിരി വന്നതെങ്കിലും അവളെ കിട്ടില്ലെന്നറിഞ്ഞതോടെ അയാൾ അവളുടെ അമ്മയിലും പിന്നീട് തോഴിയിലും അനുരക്തനാകുന്നു. സംബന്ധം കഴിക്കുക എന്നത് അത്യാവശ്യമായ ഒരു ചര്യയായി കൊണ്ടുനടക്കുമ്പോൾത്തന്നെ സ്ത്രീകളുടെ അനുവാദം അതിനാവശ്യമില്ല എന്ന വിചാരഗതിയുടെ മുന ആദ്യം തന്നെ ഇന്ദുലേഖ ഒടിച്ചു കയ്യിൽ കൊടുക്കുന്നുണ്ട്. നമ്പൂതിരി ഗൃഹങ്ങ ളിൽ നിന്നുള്ള സംബന്ധങ്ങൾ അഭിമാനമായി കണ്ടിരുന്ന ഒരു സമൂഹം അന്നുണ്ടായിരുന്നു. എന്നാൽ അത്തരം അഭിമാനങ്ങൾക്കും മീതെയാണ് തന്റെ സ്ത്രീത്വത്തിന്റെ അഭിമാനം ഇന്ദുലേഖ ഉയർത്തിപ്പിടിച്ചത്. അപ്പോഴും സമാന്തരമായ ജീവിതം നയിക്കുന്ന പല സ്ത്രീകളും ആഗ്രഹിക്കുന്നതും എന്നാൽ സാഹചര്യമില്ലാത്തതുമായ ഒരു ജീവിതമാണ് അവൾ തിരഞ്ഞെടുത്തതും.
നോവലിന്റെ ആദ്യ ഭാഗത്ത് ഇന്ദുലേഖ സൂരിയെ കണക്കറ്റു പരിഹസിക്കുന്നുണ്ട്, അതിലെ ചില ഭാഗങ്ങൾ:
നമ്പൂതിരിപ്പാട്: അതൊക്കെ എന്റെ ഭാഗ്യംതന്നെ —എന്റെ ഭാഗ്യംതന്നെ. ഇന്ദുലേഖയുടെ വാക്കുസാമ൪ഥ്യം കേമംതന്നെ. എന്നെ ഒന്നു ചെണ്ടകൊട്ടിക്കാണിക്കണമെന്നാണു ഭാവമെന്നു തോന്നുന്നു.
ഇന്ദുലേഖാ: ഇവിടെ ചെണ്ടയില്ല. ഇവിടുന്നു ചെണ്ടകൊട്ടി കേൾക്കണമെന്ന് എനിക്ക് താൽപര്യവുമില്ലാ.
നമ്പൂതിരിപ്പാട്: ഇന്ദുലേഖ ബഹു രസികത്തിയാണ് . ഇങ്ങനെയായി സാമർഥ്യം. എന്നെ മുമ്പു കേട്ടു പരിചയമുണ്ടായിരിക്കും .
ഇന്ദുലേഖാ: ഇല്ല.
നമ്പൂതിരിപ്പാട്: കേട്ടിട്ടേ ഇല്ലേ ?
ഇന്ദുലേഖാ: ഇല്ലാ.
നമ്പൂതിരിപ്പാട്: അപ്പോൾ ഞാൻ വരുന്ന വർത്തമാനവും അറിഞ്ഞിട്ടില്ലേ ?
ഇന്ദുലേഖാ: വരുന്നുണ്ടെന്ന് ഇവിടെ ആരോ ഇന്നലെയോ മറ്റോ പറഞ്ഞുകേട്ടു.
നമ്പൂതിരിപ്പാട്: അപ്പോൾ എന്റെ വർത്തമാനം ഇന്ദുലേഖ ആരോടും അന്വേഷിച്ചില്ലേ ?
ഇന്ദുലേഖാ: ഇല്ല.
നമ്പൂതിരിപ്പാട്: അതെന്തേ?
ഇന്ദുലേഖാ: ഒന്നും ഉണ്ടായിട്ടല്ല . അന്വേഷിച്ചില്ലാ —അത്രേയുള്ളൂ
നമ്പൂതിരിപ്പാട്: ഞാൻ വന്ന കാര്യം എന്താണെന്നു മനസ്സിലായിരിക്കുമല്ലോ.
ഇന്ദുലേഖാ: ഇല്ല; മനസ്സിലായിട്ടില്ല.
നമ്പൂതിരിപ്പാട്: എന്ത്; അതും മനസ്സിലായിട്ടില്ലേ ?
ഇന്ദുലേഖാ: ഇല്ലാ.
നമ്പൂതിരിപ്പാട്: ഞാൻ ഇന്ദുലേഖയെ കാണാനായിട്ടുതന്നെയാണു വന്നത്.
ഇന്ദുലേഖാ: ശരി, അങ്ങനെയായിരിക്കും.
സൂരി നമ്പൂതിരിപ്പാടിനെ ഇന്ദുലേഖ സ്വീകരിക്കുന്നില്ലെങ്കിലും അവളുടെ ദാസിയെ അയാൾ കൊണ്ടുപോകുന്നത് വളരെ രഹസ്യമായായിരുന്നു. തന്റെയൊപ്പമുള്ളത് ഇന്ദുലേഖ തന്നെയാണെന്ന് പുറത്തുള്ളവർ കരുതണമെന്ന നിർബന്ധം സൂരി പ്രകടിപ്പിച്ചു, ഈ വാചകങ്ങളിൽ അത് സ്പഷ്ടമാണ്. ഗോവിന്ദനും സൂരി നമ്പൂതിരിപ്പാടുമായുള്ള സംസാരത്തിന്റെ ഭാഗം:
നമ്പൂതിരിപ്പാട്: മിടുക്കാ! നീ മഹാ മിടുക്കൻതന്നെ. എന്നാൽ ഈ കാര്യം സ്വകാര്യമായിരിക്കട്ടെ. ഞാൻ ഇന്ദുലേഖയെ ഇന്നുകൂടി ഒന്നു കാണാം. എന്നിട്ടും അവൾ വശത്തായില്ലെങ്കിൽ ക്ഷണേന മറ്റേ കാര്യം നടന്ന് പുലർകാലെ അവളേയും കൊണ്ടു പൊയ്ക്കളയാം. ഇന്ദുലേഖയെത്തന്നെയാണു കൊണ്ടുപോയത് എന്നേ ഇവിടെ പുറത്താളുകൾ വിചാരിക്കയുള്ളു. നോം പൊയ്ക്കഴിഞ്ഞിട്ടു പിന്നെ അറിഞ്ഞോട്ടെ. പിന്നെ അറിയുന്നതുകൊണ്ട് ഒരു കുറവും നോക്ക് ഇല്ലല്ലോ. അതുകൊണ്ടു് ഈ കാര്യം ഗോപ്യമായിതന്നെ വെച്ചോ. ഇന്ദുലേഖയെത്തന്നെയാണ് സംബന്ധംകഴിച്ചു കൊണ്ടുപോവുന്നത് എന്ന് നീ എല്ലാവരോടും ഭോഷ്കു പറഞ്ഞോ. അഥവാ ഇന്നു ഞാൻ കാണിപ്പാൻ ഭാവിച്ചിരിക്കുന്ന രസികത്വവുംകൊണ്ട് ഇന്ദുലേഖതന്നെ വശത്തായാൽ പിന്നെ അവളെത്തന്നെ കൊണ്ടുപോവുകയും ചെയ്യാം; അല്ലേ?
ഗോവിന്ദൻ: ഇപ്പോൾ അരുളിച്ചെയ്തതു ശരി. അങ്ങിനെ തന്നെയാണു വേണ്ടത്.
മ്പൂതിരിപ്പാട്: എന്നാൽ ആ പെണ്ണിനെ ഒന്ന് എനിക്കു കാണേണമെല്ലോ. അതിനെന്താണു വിദ്യ?
ഗോവിന്ദൻ: അടിയൻ പോയി അന്വേഷിച്ചുവരാം. അമ്പലത്തിൽ തൊഴാൻ വരും. അപ്പോൾ കാണാം.
നമ്പൂതിരിപ്പാട്: രസികക്കുട്ടീ! സമർത്ഥാ! അതുതന്നെ നല്ല സമയം. നീ പോയി അന്വേഷിച്ചു വാ.
ഭർത്താവാകുന്ന ആളെ ദൈവതുല്യം കാണുന്ന അന്ധമായ സദാചാരബോധത്തിൽനിന്ന്, തനിക്കു തുല്യമായ സ്ഥാനമാണ് ഇന്ദുലേഖ മാധവനും നൽകിയിരുന്നത്. ഒരുപക്ഷേ ആണധികാരങ്ങൾ നിറഞ്ഞാടിയിരുന്ന ഒരു സമൂഹത്തിൽ നായികയുടെ പേരു നൽകി പുസ്തകം പുറത്തിറക്കിയ ചന്തു മേനോനും അതേ നായകത്വം ഉപയോഗപ്പെടുത്തുക തന്നെയായിരിക്കണം ഉദ്ദേശിച്ചതും. അതുമാത്രമല്ല പിന്നീട് അധികം വർഷങ്ങളുടെ ദൈർഘ്യമില്ലാതെ തന്നെ നടപ്പിലായ വ്യക്തി വിവാഹനിയമ പരിഷ്കരണങ്ങൾ സംബന്ധം പോലെയുള്ള ചടങ്ങുകളെ എതിർക്കുമ്പോൾ ഒരുപക്ഷേ പ്രവാചക സ്വഭാവമുള്ള ഒരു നോവലായും ഇന്ദുലേഖ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടും അവസാനിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോഴും സൂരി എന്ന കഥാപാത്രം പലരിലൂടെയും ജീവിക്കുന്നുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ തരംഗം അത്തരത്തിൽ ഒരുപാട് കാഴ്ചകൾ കാട്ടിത്തരുന്നുണ്ട്. എന്തും പറഞ്ഞും സ്ത്രീകളെ വളയ്ക്കാൻ നോക്കുന്ന, ഒടുവിൽ കിട്ടില്ല എന്നാവുമ്പോൾ അവളെപ്പറ്റി നുണപ്രചാരണങ്ങൾ നടത്തുന്ന മഹാന്മാർ ഇപ്പോഴും ആവശ്യത്തിലധികമുണ്ട്. ഇന്ദുലേഖയെ എല്ലായ്പ്പോഴും സ്ത്രീകളുടെ യാഥാസ്ഥിതിക ബോധ ത്തിന്റെ മുൻപിൽ വിളക്കും തെളിച്ചു നടന്നൊരാൾ എന്ന് അടയാളപ്പെടുത്തണം.
അവൾക്കു പിന്നാലെ നടക്കാൻ ഇന്നും അത്രയെളുപ്പമൊന്നുമല്ല. സൂരി നമ്പൂതിരിമാരെപ്പോലെയുള്ള ഒരുപാട് മനുഷ്യർക്കിടയിൽ ഇന്ദുലേഖമാർ സംസാരിക്കാൻ പഠിച്ചിരിക്കുന്നു, അവനവന്റെ ജീവിതത്തെ നന്നായി മെനഞ്ഞെടുക്കാനും ജീവിക്കാനും പഠിച്ചിരിക്കുന്നു. അങ്ങനെ തന്നെയാണ് ഒരു കൃതി സമൂഹത്തിൽ പരിവർത്തനം നടത്തേണ്ടതും. അതിൽ ചന്തുമേനോൻ വിജയിച്ചിരിക്കുന്നു.
English Summary : Indulekha's Feminist Thinking And How She handle Soori Namboothirippadu