വരിഞ്ഞുമുറുക്കി തോറ്റങ്ങൾ, തിരിച്ചുവിളിച്ച് തട്ടകം; കോവിലൻ എന്ന സമസ്യ
Mail This Article
തട്ടകം എന്നത് കോവിലന്റെ നോവലിന്റെ പേരാണ്. എന്നാൽ സ്വന്തമായി തട്ടകമുള്ള അപൂർവം എഴുത്തുകാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. തോറ്റങ്ങളുടെ, താഴ്വരകളുടെ, എ മൈനസ് ബിയുടെ തട്ടകം. അവിടെയുള്ളത് പട്ടാളക്കഥകളാണെന്നു പറഞ്ഞാൽ അത് ആ എഴുത്തുകാരനോടുള്ള ഏറ്റവും വലിയ നിന്ദയായിരിക്കും. കണ്ടാണിശ്ശേരി എന്ന തട്ടകത്തിന്റെ മിത്തുകളുടെ പുനരാവിഷ്കാരം എന്നു പറഞ്ഞാലും തെറ്റും. യുദ്ധങ്ങളും പരാജയങ്ങളുമല്ല. യുദ്ധങ്ങളും വിജയവുമല്ല. ജീവിതമാണ്. ദാരിദ്ര്യവും കഷ്ടപ്പാടും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളുമുള്ള ജീവിതം. അതാണു കോവിലന്റെ പ്രമേയങ്ങൾ. പട്ടാള ക്യാംപ് ഇടത്താവളം മാത്രമാണ്. ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധികളിൽ ഒന്നുമാത്രം. യുദ്ധത്തിനു മുന്നേ, പട്ടാളക്കാരനാകുന്നതിനു മുന്നേയും കോവിലൻ എഴുതിയിട്ടുണ്ട്.
പട്ടാളക്കാരനല്ലാതായപ്പോഴും എഴുത്ത് നിർത്തിയിട്ടുമില്ല. കോവിലന്റെ നോവലുകളുടെ, കഥകളുടെ ഭൂമിക യുദ്ധം നടക്കുന്ന താഴ്വരകളല്ല, കൊലനിലങ്ങളേക്കാൾ രക്തവും വിയർപ്പും കണ്ണീരും വീണ ഹൃദയഭൂമികളാണ്. അവിടെ അക്ഷരാർഥത്തിൽ അദ്ദേഹത്തിന്റെ ആയുധം വാക്കുകളാണ്. സൂക്ഷ്മമായി പറഞ്ഞാൽ അക്ഷരങ്ങൾ. അതിശയോക്തിയല്ല. തെളിവുള്ള സത്യം.
റ എന്നാണ് കോവിലന്റെ ഒരു കഥയുടെ പേര്. ആ ഒരക്ഷരം മാത്രമാണ് ബാജിക്ക് അറിയാവുന്നത്. എന്നാൽ അവനത് അക്ഷരമായല്ല എഴുതുന്നത്. അതവന്റെ കഞ്ഞിച്ചട്ടിയാണ്. അവന്റെ കഞ്ഞിച്ചട്ടി ഉടയാൻ പാടില്ല. എപ്പോഴാണ് ഉച്ചമണി അടിക്കുക. ബെഞ്ചിനു താഴെ അവന്റെ കഞ്ഞിച്ചട്ടി കമഴ്ന്നുകിടന്നു. റ. റ. എഴുതാൻ ഒരു പണിയുമില്ല.
പാക്കിസ്ഥാനും ചൈനയുമായുമുള്ള യുദ്ധങ്ങളെക്കുറിച്ച് പട്ടാള ക്യാപിൽ നിന്ന് എഴുതിയ കഥകളേക്കാൾ തീവ്രമാണ് റ എന്ന ഒറ്റക്കഥ. വിശപ്പ് മാറ്റാൻ വേണ്ടി മാത്രം കഞ്ഞിച്ചട്ടിയുമായി സ്കൂളിൽ ഊഴം കാത്തിരിക്കുന്ന ബാജി. ശമ്പള പരിഷ്കരണത്തിന്റെ കണക്കുകൾ കൂട്ടിയും കിഴിച്ചും നേരം പോകുന്നതിനിടെ കഞ്ഞി ഉണ്ടാക്കാൻ മറന്ന അധ്യാപകർ. അവർ പാടേ അവഗണിച്ച ബാജിയും അവന്റെ അന്നഭാഗ്യമായ റ യും.
അവന്റെ നീലക്കണ്ണുകളിൽ ജ്ഞാനത്തിന്റെ ആദിപാഠം കൺപോളകൾ വിടർത്തുന്നുണ്ടായിരുന്നു: റ
പാതിവിടർന്ന അവന്റെ മേൽച്ചുണ്ട് മുഖത്തെഴുതുന്നുണ്ടായിരുന്നു: റ
വിടർന്ന ചുണ്ടുകൾക്കിടയിൽ അവന്റെ മുൻവരിയിലെ കൊച്ചുപല്ലുകൾ എഴുതിവച്ചിരുന്നു: റ. റ.
ചൈനയ്ക്കു മുന്നിൽ നാണം കെട്ട യുദ്ധത്തെക്കുറിച്ചാണ് താഴ്വരകൾ എന്ന നോവൽ. ഇല്ല, ഇനി പട്ടാളക്കഥകളില്ല എന്ന് ഉറപ്പിച്ചിരുന്നതാണ് കോവിലൻ. ഏഴാമെടങ്ങളിൽ മെനഞ്ഞത് അവസാന യുദ്ധമാണെന്നും ഉറപ്പിച്ചിരുന്നു. എന്നാൽ ചൈനയോടുള്ള പരാജയം. നേഫയിൽ നിന്ന് ജീവനും കൊണ്ടോടിയ സൈനികരിൽ ചിലർ അവരുടെ അനുഭവങ്ങൾ പറയുന്നത് ചെകിട് തുറന്നു കോവിലൻ കേട്ടു. അതിന്റെ ഫലമാണ് ആ നോവൽ: താഴ്വരകൾ. എന്നാൽ, കോവിലന്റെ മാസ്റ്റർപീസ് തോറ്റങ്ങളാണ്. ഇന്നും വ്യാഖ്യാനത്തിനു വഴങ്ങാത്ത, അനുഭവിച്ചുമാത്രം അറിയേണ്ട വാക്കുകളുടെ ചൂടും ചൂരും. 68 തികഞ്ഞ ഉണ്ണിമോൾ എന്ന വയോധികയുടെ ബോധധാരയുടെ സംക്ഷിപ്ത രൂപം.
പുഴയായിരുന്നു ജീവിതം. കൊഴിഞ്ഞുപോയ പല്ലുകളെക്കുറിച്ചോർക്കുന്നു, ഖേദിക്കുന്നു. തെക്കരും വടക്കരും നടന്ന പെരുവഴി റോഡായി, പാലത്തിലേക്കുയരുന്നു. പാലത്തിലേക്കുയരുന്ന റോഡിന്റെ മസ്തകത്തിനു മേലേ അരയാൽ പച്ചക്കുട പിടിച്ചു.
ആലിന് എന്നും യൗവ്വനം തന്നെ.
ആലിൻ കൊമ്പത്തു പ്രാണൻ പിടിക്കാൻ തൂങ്ങിക്കിടന്ന വേടുകൾ മണ്ണിൽ ആണ്ടിറങ്ങി. വേടുകൾ തെഴുത്തപ്പോൾ ശാഖകൾ മുഴുത്തു. അരയാൽ തുള്ളിത്തുള്ളി.
താനോ ?
ജീവനിൽ അറഞ്ഞു പിടിച്ചു പിടിച്ചു കിടക്കുന്നു. ജീവിതം എന്ന് ചേന്നപ്പൻ ഓർക്കുന്നില്ല.
തൊഴിൽ ധനം മാനം ജീവൻ
ജീവനിൽ അറഞ്ഞു പിടിച്ചു കിടക്കുകയാണ് കോവിലൻ. നൂറ്റാണ്ടുകളും യുഗങ്ങളും കഴിഞ്ഞാലും അതിനു മാറ്റമുണ്ടാകുമോ. വേദനയുടെ, അമർഷത്തിന്റെ, രോഷത്തിന്റെ, വിശപ്പിന്റെ തീനാളങ്ങളാൽ എഴുതിയ തോറ്റങ്ങൾ കത്തുന്നു. ചൂടേൽക്കും. മുഖത്തു നിന്ന് അൽപം മാറ്റിവച്ചു മാത്രം വായിക്കുക. ഇടയ്ക്കിടെ വായന നിർത്തി ചുറ്റും നോക്കുക. വശീകരിക്കുന്ന വാക്കുകൾക്ക് പരിസര ബോധമില്ല. സാമൂഹിക ബോധമില്ല. തോറ്റങ്ങൾ വരിഞ്ഞുമുറുക്കുന്നു...
Content Summary: Remembering Kovilan and his Literary Works on his Birth Anniversary