ADVERTISEMENT

അന്തിച്ചോപ്പ് പടർന്നിറങ്ങിയ കുരുക്ഷേത്രത്തിലപ്പോൾ ശ്‌മശാനത്തെ വെല്ലുവിളിക്കുന്ന പ്രതീതിയായിരുന്നു. ഭൂമിയിൽ പൂണ്ടുപോയ കബന്ധങ്ങൾ, കൈകൾ, കുതിരക്കുളമ്പുകൾ എല്ലാം ആ ചോപ്പിറങ്ങി തെളിഞ്ഞുകിടന്നു. കാറ്റ്, സരസ്വതീ നദിയിലെ ശാന്തതയിൽ നിന്നുമുയർന്ന് കുരുക്ഷേത്രത്തിന്റെ അശാന്തതയിലേക്ക് ഊളിയിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആത്മാക്കളുടെ നിസ്സഹായതകളിൽ തട്ടിയതാവണം, യുദ്ധാനന്തരം ശേഷിച്ച ഒരു ചെടിയിൽ പോലും തൊടാൻ പവനൻ മടിച്ചു. അത് കുരുക്ഷേത്രത്തിന്റെ യുദ്ധം അവസാനിച്ചതിന് ശേഷമുള്ള ആദ്യ അസ്തമനമായിരുന്നു.

പക്ഷേ, ആ അശാന്തതയുടെ നീണ്ട കാഴ്ചകളുടെ അവസാനത്തിൽ വിടർത്തിയിട്ട കേശഭാരത്തോടെ ഒരുവൾ ഉറച്ച പാദങ്ങളോടെ അടിവച്ചു വരുന്നതുകാണാമായിരുന്നു. പതിനെട്ട് അക്ഷൗഹിണികൾ പഞ്ചഭൂതങ്ങളെ ആവാഹിച്ച് പടവെട്ടിയ കുരുക്ഷേത്രത്തിലേക്കുള്ള അവളുടെ ആ വരവ് നിസ്സാരമെന്നു കരുതാനാവില്ല. അചേതങ്ങളായ സ്ഥാവര ജംഗമങ്ങൾക്കിടയിലേക്ക് നിർഭയയായി ഒരു പെണ്ണ് വരികയെന്നാൽ? ജീവനറ്റ ശരീരങ്ങൾ ഇന്നലെ സൂര്യാസ്തമനത്തോടെ തന്നെ നീക്കം ചെയ്തു കഴിഞ്ഞു. പാതിവൃത്യത്തിന്റെ കപട നീതിശാസ്ത്രത്തിന്റെ പഴി കേൾക്കരുതെന്നു കരുതിയാവണം യൗവനം പുൽകും മുൻപേ വിധവയായ പെൺകുട്ടികൾ അഗ്നി സ്നാനം നടത്തി. ചാതുർവർണ്യത്തിന്റെ നിറം കെട്ട ആചാരങ്ങളിൽ നിന്നും മോചനം നേടാൻ ശവശരീരങ്ങൾക്കു പോലും വിധിയുണ്ടായില്ല. അവർണരുടെ ശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുമ്പോഴും ക്ഷത്രിയന്റെ കൈവിരലുകൾ പോലും ചന്ദനമുട്ടികളാൽ തലോടുന്ന യുദ്ധാനന്തര സഞ്ചാരങ്ങളിലൂടെ ഞാനും സഞ്ചരിച്ചു.

വീണ്ടും എന്റെ കാഴ്ചയിലേക്ക് ആ പെൺകൊടി നടന്നു കയറിവന്നു. അനീതിയുടെ ആത്മ നൊമ്പരത്താൽ തളർന്ന എനിക്കു നേരെ അവളുടെ വരവ് അത്ഭുതമാണ് സമ്മാനിച്ചത്. കണ്ണുകളിൽ ഒരൽപം പോലും ധവളിമപടരാതിരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടോ? ഞാൻ സസൂക്ഷ്മം നോക്കി. ഇടത്തോട്ട് മാടിക്കുത്തിയ ചെഞ്ചോപ്പ് ചേലയുടെ മുന്താണിതട്ടിൽ തീ പടർന്നിട്ടുണ്ടോ? കണ്ണുകൾ ചതിക്കുന്നു. ചതിയുടെ തിമിരം ബാധിച്ച കാഴ്ചകളിൽ അല്ലെങ്കിലും വെളിച്ചം പടരുന്നതെങ്ങിനെ? ഞാൻ സ്വയം നിശ്വസിച്ചു. ഇരുവശങ്ങളിലേക്ക് പടർന്നു കിടക്കുന്ന മുടിച്ചുരുളുകൾക്കിടയിലൂടെ നീട്ടി എഴുതിയ സീമന്ത രേഖയിലെ ശോണിമ അവളുടെ കണ്ണുകളിൽ നിന്നും ഉതിർന്നതാണോ? ലലാട ഫലകത്തിൽ ചെമ്പട്ടു സൂര്യോദയം പോലെ തിളങ്ങുന്ന തിലകമാണ് ആദ്യം ശ്രദ്ധിച്ചത്. കണ്ണുകൾ നേർരേഖയിലാണ്.

ഇടത്തെ കൈയ്യിൽ അശ്വനായികയെന്നു തെളിയിക്കുന്ന തേർതെളിസൂത്രം. തല ഉയർത്തി പിടിച്ചുള്ള അംഗചലനങ്ങൾ. വലത്തേ കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കുണ്ഡലം! അതിൽ കുരുക്ഷേത്രത്തിന്റെ മണ്ണിൽ തേർവാഴ്ച നടത്തിയ അദൃശ്യനായ അംഗരാജൻ കർണനെ ഞാൻ കണ്ടു. "വൃഷാലി!" "വീര യോദ്ധാവ് കർണന്റെ അർധപാതിയായ സൂതപുത്രി വൃഷാലി. തർക്കശാസ്ത്രത്തിൽ നിപുണയായ വൃഷാലി. കർണന്റെ തേരാളിയായ വൃഷാലി! എന്റെ ശിരസ്സ് കുനിയുന്നുവോ? ഞാൻ ചുറ്റിനും നോക്കി. ഒരു നിമിഷം എന്റെ ഉള്ളിൽ പരിഭ്രമം നിറഞ്ഞു. ഏതു നിമിഷത്തെയാണോ ഞാൻ ഭയപ്പെട്ടത് ആ നിമിഷമിതാ എന്റെ തൊട്ടു മുൻപിൽ. 

3,93,660 രഥചക്രങ്ങൾ തേരോട്ടമോടിയിടത്ത്, 3,93,660 വരണബലം ചരിഞ്ഞിടത്ത്, 11,89,980 അശ്വവേഗങ്ങൾ കുളമ്പടിഞ്ഞിടത്ത്, 19,68,300 കാലാൾപ്പടകൾ ആയുധമെഴുതിയിടത്ത് ഇപ്പോൾ രക്തപങ്കിലമായ മണ്ണും ഞാനും മാത്രം. ഞാൻ ഒരിക്കൽ കൂടി ചുറ്റും നോക്കി. "ഇല്ല, നിശ്ചലമാണ് പ്രകൃതി. പഞ്ചഭൂതങ്ങൾ സ്വയം  മറന്നുപോയിരിക്കുന്നതുപോലെ. കാൽച്ചുവട്ടിൽ ചാമ്പലായിക്കിടക്കുന്ന തേരിലേക്ക് ഒരിറ്റുകണ്ണീർ നനവോടെ ഞാൻ നോക്കി ഇരുന്നു. ഒപ്പം ഭൂമിയുടെ ഉദരത്തിലേക്ക് പൂണ്ടിറങ്ങിയ ആ ഒറ്റ ചക്രത്തിലേക്കും. അപ്പോഴും ആ തേരിൽ കർണനുണ്ടെന്നെനിക്കു തോന്നി. പതിനെട്ടാം ദിനത്തിൽ തന്റെ കവചകുണ്ഡലങ്ങളില്ലാതെ നെഞ്ച് വിരിച്ചു വന്ന കർണൻ. സ്ഥിതിപാലകനായ ലോകനായകൻ തേരാളിയായുണ്ടായിട്ടും കർണന് മുന്നിൽ ഭയന്ന കൗന്തേയന്റെ മുഖമോർക്കവേ ഞാൻ വീണ്ടും തളർന്നു. അപ്പോഴേക്കും ആ പെൺകൊടി എന്റെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. ഞാൻ ഇരുന്ന ഇരുപ്പിൽ മൂന്നുലോകങ്ങളിൽ നിന്നും വിടുതലാഗ്രഹിച്ചു. അവൾ എന്റെ മുന്നിൽ തന്നെ വന്നു നിന്നു. നിലാവുറങ്ങുന്ന കണ്ണുകളിൽ നിന്നു സ്നിഗ്ധകണം ഒന്നുതിർന്നു വീണു. ഭൂമി ആ തുള്ളിയേറ്റ് പൊള്ളിയനങ്ങി. ഞാൻ കൈകൾകൊണ്ട് അഞ്ജലിയേകി.

"ക്ഷമ തരൂ ദേവി." എനിക്ക് ശബ്ദം ഇടറി. അപ്പോഴവളുടെ മുഖത്ത് സൂര്യദേവന്റെ സാന്നിധ്യം ഞാൻ കണ്ടു. "ആഞ്ജനേയാ..." അവളുടെ ശബ്ദം ഉറച്ചതായിരുന്നു. "ന്യായാന്യായങ്ങൾ പകിടകളിച്ച ഈ കുരുക്ഷേത്ര ഭൂമിയിൽ ഒടിഞ്ഞു വീണ ഈ കൊടിക്കൂറയിൽ ഇപ്പോഴും അങ്ങ് തൃപ്തനാണോ ആഞ്ജനേയാ?" ഉള്ളുപൊള്ളിച്ച ചോദ്യം. "അരുത് ദേവി. രുദ്രാവതാര ഭക്തയായ ദേവിയുടെ മന:ശാപം എന്നെ വല്ലാതെ പൊള്ളിക്കുന്നു." ഞാൻ ശിരസ് കുനിച്ചു. അവൾ പുച്ഛത്തോടെ തുടർന്നു. "ഭക്തയോ? കഷ്ടം! സ്ഥിതിപാലകനായ ദ്വാരകാനാഥൻ നയിക്കുന്ന രഥത്തിന്റെ കൊടിക്കൂറയിലിരിക്കാൻ അങ്ങ് സമ്മതിച്ചപ്പോഴും വിജയക്കൊടി പാറിച്ചുകൊണ്ട് കുരുക്ഷേത്രഭൂമിയുടെ മധ്യരേഖ താണ്ടിയപ്പോഴും ഞാൻ അങ്ങയെ ആരാധിച്ചതേയുള്ളു. എന്നാൽ നരൻ, നാരായണ സംജ്ഞയേറ്റുകൊണ്ട് അനീതിയുടെ കൂരമ്പെയ്യുന്ന നേരത്ത് അങ്ങയുടെ മിഴികൾ അടഞ്ഞത് മാത്രം ഞാൻ മറക്കില്ല. കൃഷ്ണ മായയിൽ തീർത്ത രഥത്തിന്റെ കൊടിക്കൂറ അലങ്കരിച്ച കേസരീ നന്ദനോട് ഈ സൂത പുത്രിക്ക് ചിലത് ചോദിക്കാനുണ്ട്. നീതിസാരംകൊണ്ട് പുകഴ്‌പെറ്റ പാണ്ഡവകുലത്തിന്റെ ഭാഗത്തെ ന്യായാന്യായങ്ങൾ നിവർത്തി തെളിയിക്കാൻ അങ്ങേക്ക് കഴിഞ്ഞാൽ അങ്ങയുടെ ഭൂമീ വാസം ഇന്നവസാനിക്കും. അല്ലാത്തപക്ഷം രാമനാമം ഭൂമിയിലുള്ള കാലമത്രയും അങ്ങ് ഇവിടെ ഈ മനുഷ്യകുലത്തിന്റെ ന്യായാന്യായങ്ങൾ വിലയിരുത്തി കഴിയേണ്ടതായിവരും."

വൃഷാലിയുടെ വാക്കുകൾ എന്നെ ഭയപ്പെടുത്തി. "ദേവീ മൗനമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." "എങ്കിൽ എന്റെ വൈധവ്യത്തിന്റെ താപം അങ്ങേറ്റെടുക്കൂ ആഞ്ജനേയ." പതിവൃതയായ ഒരുത്തമ പത്‌നി, ജീവനെ അഗ്നിക്കു നൽകാൻ പോലും തയാറല്ലാത്ത ഒരുവൾ, പാഞ്ഞ ഭൂതങ്ങളെ നിസ്സാരയാക്കുന്ന ഒരുവൾ. ന്യായം അവൾ പക്കത്തിലായിരിക്കേ ഞാൻ ബാധ്യസ്ഥനാണ് ഉത്തരം നൽകാൻ. ഞാൻ മെല്ലെ എന്റെ കാൽപാദങ്ങൾ ഭൂമിയിൽ നിന്നും പുറത്തെടുത്തു. നിവർന്നു നിൽക്കാൻ മടിച്ച ശിരസ്സിനെ ഒറ്റക്കുതിപ്പിൽ നിവർത്തിവച്ച് വൃഷാലിക്ക് മുന്നിലിരുന്നു. "ശാപമേൽക്കാൻ ഞാൻ ഒരുക്കമല്ല ദേവീ. അങ്ങ് ചോദിച്ചാലും. എന്നെക്കൊണ്ടാവും വിധം ഞാൻ മറുപടി നൽകാം.." സൂര്യാദൂതന്മാർ അസ്തമന രശ്മികൾ പായിച്ചുകൊണ്ട് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടവിടെ അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു. "അങ്ങനെ ആവട്ടെ ആഞ്ജനേയാ. അങ്ങയോട് എനിക്കുള്ള ആദ്യ ചോദ്യമിതാണ്." "ചോദിച്ചാലും..." ഞാൻ കൈകൾ കൂപ്പി. "എന്നും ന്യായത്തിന്റെ ഭാഗത്തുള്ള പാണ്ഡവർക്ക് പക്ഷേ, സ്വന്തം സഹോദരനെ വധിച്ചതിനുള്ള ന്യായീകരണം എന്താണ് എന്നറിയാൻ ഈ എളിയവൾക്ക് താൽപര്യമുണ്ട്. പറഞ്ഞാലും ആഞ്ജനേയ. ആ ന്യായീകരണം എന്താണ്? 

ഓർക്കുക, അങ്ങയുടെ ഉത്തരത്തിൽ ഞാൻ സ്വസ്ഥയല്ലാത്തപക്ഷം അങ്ങയുടെ ശരീരത്തിൽ വാർധക്യം പിടിമുറുക്കാൻ തുടങ്ങും. ജരാനരകൾ വർധിക്കാൻ തുടങ്ങും. അവസാന ചോദ്യത്തിന്റെ ഉത്തരവും സമൃദ്ധമല്ലെങ്കിൽ അങ്ങ് പൂർണ വൃദ്ധനായി ഈ ഭൂമിയിൽ കുഴഞ്ഞുവീഴും. സമ്മതമാണോ?" ഞാൻ ചാമ്പലായ അർജുന രഥത്തിലേക്ക് നോക്കി. ഒപ്പം ഞാൻ സന്നിഹിതനായി അടരാടിയ അർജുനന്റെ കൊടിക്കൂറയിലേക്കും. "സമ്മതം. ദേവീ." "എങ്കിൽ പറയൂ. ആ ന്യായീകരണം എന്താണ്?" "രഹസ്യം!" "വ്യക്തമായി പറഞ്ഞാലും ആഞ്ജനേയാ." അവൾ തന്റെ സീമന്ത രേഖയിലെ സിന്ദൂരം മെല്ലെ തുടച്ചു മാറ്റിക്കൊണ്ട് ഭൂമിയിലേക്കിരുന്നു. "കുന്തീ മാതാവിന്റെ ഉള്ളിലെ ആ രഹസ്യം അർജുനന് അന്യമായിരുന്നു ദേവീ. കർണൻ തന്റെ സോദരനാണ് എന്ന്‌ അറിയാമായിരുന്ന ഒരേ ഒരു പാണ്ഡവൻ യാജ്ഞസേനൻ മാത്രമായിരുന്നു. സഹോദര ഹത്യ അഞ്ചു ജന്മങ്ങൾ പിന്തുടരുന്ന പാപമാണെന്ന് അർജുനനും അറിയാവുന്നതല്ലേ ദേവീ.?" അത് കേട്ട് അവൾ ചിരിച്ചു. അവളുടെ മൂക്കുത്തി ആ മങ്ങിയ വെളിച്ചത്തിലും തിളങ്ങി. "പക്ഷേ, ശ്രീകൃഷ്ണനോ ആഞ്ജനേയാ? പതിനെട്ടടവും ഒരൊറ്റ ചിരിയിൽ ഒളിപ്പിച്ച ആ മായാജാലക്കാരനും അതറിഞ്ഞില്ല എന്നാണോ? അതോ അറിഞ്ഞിട്ടും നര നാരായണന്മാരിലെ നരന് അഞ്ച് ജന്മങ്ങളിൽ ദോഷം ഭവിക്കട്ടെ എന്നാണോ കൃഷ്‍ണൻ കരുതിയത്? സൗഹൃദത്തിൽ ചതിക്കുന്നവനാണ് കൃഷ്ണൻ എന്നങ്ങു പറയുമോ ആഞ്ജനേയാ?" അവളുടെ ചോദ്യം എന്നെ നാഗപാശം കൊണ്ട് ബന്ധിക്കാൻ പോന്നതാണെന്ന് എനിക്ക് മനസിലായി.

"ദേവീ, വാക്ക് പാലിക്കുന്നവനാണ് നാരായണൻ. കുന്തീ ദേവിക്ക് നൽകിയ വാക്കാണ് അദ്ദേഹത്തെ തടയുന്നത്, അർജുനൻ ഈ രഹസ്യം തന്റെ നാവിൽ നിന്നും അറിയില്ല എന്ന്‌ അദ്ദേഹമാണ് വാക്ക് നൽകിയത്. പതിനേഴു ദിവസങ്ങളിലും കർണനെ അർജുനന്റെ തേരിനു മുന്നിൽ നിന്നും മാറ്റി നിർത്തിയാണ് അദ്ദേഹം രഥം തെളിച്ചത് പോലും." ഞാൻ മൃദുലമായി പറഞ്ഞു. "പക്ഷേ, എന്നിട്ടാ പതിനെട്ടാം ദിനമോ ആഞ്ജനേയാ? കവചകുണ്ഡലങ്ങളില്ലാത്ത ആ പതിനെട്ടാം ദിനം എന്തുകൊണ്ട് കൃഷ്ണൻ അർജുനന് മുന്നിൽ കർണനെ നിർത്തിച്ചു?" അവളുടെ കണ്ണിൽ കനലെരിയുന്നത് ഞാൻ കണ്ടു. എന്റെ ദേഹത്തിൽ ആദ്യ ചോദ്യത്തിന്റെ പ്രതികരണങ്ങൾ ജരാനരകളായി രൂപം കൊള്ളാൻ തുടങ്ങി. "കാരണം ഞാൻ പറയാം, കവചകുണ്ഡലങ്ങളണിഞ്ഞ കർണശൗര്യത്തെ താങ്ങാൻ സുഭദ്രേയൻ അശക്തനാണ്. തന്റെ സഹോദരിയുടെ മംഗല്യം വിളങ്ങാൻ കൃഷ്ണൻ കൈകൊണ്ട ക്രീഡയാണ് അത്." "അല്ല രാഥേയ ദേവീ." "കവചകുണ്ഡലങ്ങളുള്ള കർണനെ ചുറ്റിയിരുന്ന ശാപം സൂര്യ കുണ്ഡലങ്ങൾ ഇല്ലാതായതോടെ വരിഞ്ഞു മുറുക്കി." "എന്ത് ശാപം ആഞ്ജനേയാ?" അവൾ വീറോടെ ചോദിച്ചു. തേര് തെളി സൂത്രം കൊണ്ട് ഭൂമിയിൽ ഒരൊറ്റ താഡനമായിരുന്നു അവൾ.

"ശാപമല്ല ദേവീ. താപം! ദ്രൗപദിയുടെ മനസ്സിന്റെ താപം. വസ്ത്രാക്ഷേപം ചെയ്യപ്പെട്ട നേരത്ത് അവളുടെ കണ്ണിൽ നിന്നും വീണ കണ്ണീരിനെ മൗനം കൊണ്ട് മറയിട്ട കർണനെ വലം വച്ച താപം. ദേവീ, ഒരു സ്‌ത്രീക്കെതിരെ കൈയ്യുയർത്തുന്നതിലും പാപമാണ് ആ കൈയ്യുയർത്തലിനെ എതിർക്കാതിരിക്കുന്നത്, മൗനം പാലിക്കുന്നത്.. അത് ഞാൻ അതിരധ പുത്രന് പറഞ്ഞുകൊടുക്കാൻ തുനിഞ്ഞതാണെന്നു ദേവിക്കുമറിയാമല്ലോ." അവൾ ശാന്തയായി. "പക്ഷേ, ആഞ്ജനേയാ. എങ്കിലും നിരായുധനെ വധിക്കുന്നത് ക്രൂരതയല്ലേ? നീതികേടല്ലേ? കുരുക്ഷേത്ര മധ്യത്തിൽ തേരും ആയുധങ്ങളും നഷ്ടപ്പെട്ട ഒരുവന്റെ നെഞ്ചിലേക്ക് അസ്ത്രമെയ്യുന്നത് വീരന് ചേർന്നതാണോ പറയൂ..." എനിക്ക് മറുപടിയുണ്ടായില്ല. "വീരൻ എന്നാൽ യുക്തിസഹിതൻ എന്നുകൂടി അർഥമില്ലേ ദേവീ? നിരായുധനായ കർണന് കീഴടങ്ങാമായിരുന്നല്ലോ?" അവൾ പുച്ഛത്തോടെ ചിരിച്ചു. "അതിരഥൻ ബോധ്യത്തിൽ സവർണനാണ് ആഞ്ജനേയ, ഗോത്രത്തിൽ സൂതനെങ്കിലും..." അവളുടെ മറുപടിയിൽ എന്റെ ദേഹം വീണ്ടും ധവളിമയാൽ നിറയാൻ തുടങ്ങി, തളർച്ചയിൽ മൂടാനും. "ദേവീ.. ഭഗവാൻ നാരായണനെക്കുറിച്ച് അങ്ങെന്താണ് നിരൂപിച്ചുവച്ചിരിക്കുന്നത്? മനുഷ്യകുലത്തിന്റെ ന്യായാന്യായങ്ങൾ പകയുടെ തുലാസിൽ അളക്കുന്ന വെറും യുദ്ധമായിരുന്നു കുരുക്ഷേത്രമെന്നായിരുന്നുവോ ദേവിയുടെ ചിന്ത?" ഞാൻ സീതാദേവിക്ക് ശേഷം ഒരു സ്ത്രീയോടിത്രയും ഭക്തിയോടെ ഉരിയാടിയിരുന്നില്ല.

"ആഞ്ജനേയാ, എന്റെ ചോദ്യമെന്താണെന്ന് അങ്ങ് മറന്നുകൊണ്ട് സംസാരിക്കുന്നു." അവൾ കുരുക്ഷേത്രത്തിന്റെ രുധിരപങ്കിലമായ മണ്ണെടുത്ത് തന്റെ നെറ്റിയിലെ തിലകവും മായ്ച്ചു. "ഇല്ല ദേവി. അതിനുത്തരമാണ് ഞാൻ പറയുന്നത്. എന്നുവച്ചാൽ എന്റെ ജ്ഞാനദൃഷ്ടിയിൽ ഞാനറിഞ്ഞ രഹസ്യം." "രഹസ്യം?" അവൾ കൗതുകപൂർണതയോടെ എന്നെ നോക്കി. "അതെ ദേവി, രഹസ്യം തന്നെ. ‘കൃഷ്ണഹാസം’ എന്ന രഹസ്യം." "വ്യക്തമാക്കൂ ആഞ്ജനേയാ." "അതൊരു രഹസ്യമാണ് ദേവി. കുരുക്ഷേത്രത്തെ മൂടുന്ന ഒരു മഹാരഹസ്യം." "ആയിക്കോട്ടെ ആഞ്ജനേയാ. അതെന്റെ ചോദ്യത്തെ എങ്ങനെ സാധൂകരിക്കുമെന്ന് എനിക്ക് പറഞ്ഞു തന്നാലും.." അവൾ അഞ്ജലി കൂപ്പി. "ദേവീ. ഭഗവാൻ കൃഷ്ണൻ ഈ യുദ്ധഭൂമിയിൽ മൂന്നിടത്താണ് പുഞ്ചിരിയോടെ നിന്നതെന്നു ദേവിക്കറിയാമോ? ഉള്ളുപൊള്ളുന്ന വേദനയിൽ സാക്ഷാൽ നാരായണൻ പുഞ്ചിരിച്ചു നിന്നുവെങ്കിൽ അതിനു കാരണമുണ്ട്. അതറിയാൻ രാമഭക്തനായ ഈ വാനരന് കഴിയും എന്നങ്ങു മനസിലാക്കണം.

അവളുടെ കണ്ണിലെ അതിശയം ഞാൻ കണ്ടു. "വിശ്വസിച്ചാലും കർണപത്നീ.. യുദ്ധം തുടങ്ങി മൂന്നിടത്ത് ഭഗവാൻ തന്റെ മന്ദഹാസം പൊഴിച്ച് നിന്നത് മറുവശത്തുള്ളവരുടെ വേദന ശമിക്കാനാണ് ദേവീ. അതിലാദ്യത്തേത് ചക്രവ്യൂഹം ഭേദിച്ചുള്ളിൽ കടന്ന അഭിമന്യുവിന്റെ ചിതറിയ ശരീരം കണ്ടാണ്. ദുശ്ശാസന പുത്രന്റെ താഡനമേറ്റു കുഴഞ്ഞുവീണ തന്റെ അനന്തിരവന്റെ മരണമുഖത്ത് നോക്കി പുഞ്ചിരിക്കാൻ സഹോദരിയെ സ്നേഹിക്കുന്ന ഏത് സഹോദരനാണ് കഴിയുക ദേവീ?" വൃഷാലി വീണ്ടും പുച്ഛത്താൽ പുഞ്ചിരിച്ചു.

"ആഞ്ജനേയാ, പദ്മവ്യൂഹ ബന്ധനം ഭേദിക്കാനുള്ള അടവ് പറഞ്ഞുകൊടുക്കും മുൻപേ സുഭദ്രാ ദേവിയുമായുള്ള സംസാരം നിർത്തിയത് ഇതേ കൃഷ്ണൻ തന്നെയായിരുന്നില്ലേ? ഗർഭാവസ്ഥയിലുള അഭിമന്യു അതുകേട്ടു ഹൃദിസ്ഥനാക്കുന്നു എന്ന അറിവ് അറിയാതെയല്ലല്ലോ താങ്കളുടെ ഭഗവാൻ അത് തടഞ്ഞത്?"

അവളുടെ ചോദ്യം എന്റെ മസ്തിഷ്കത്തിലാണ് കൊണ്ടത്. "അല്ല ദേവീ. മറഞ്ഞിരുന്നു കേൾക്കുന്ന വിദ്യ, ഗുരുദക്ഷിണയില്ലാതെ നേടുന്ന വിദ്യ, ആർക്കും അത് ഉപയോഗപ്പെടുകയില്ല ദേവീ. പരശുരാമനിൽ നിന്നു വിദ്യ ആർജിച്ച കർണന് അത് ഉപയോഗപ്പെട്ടുവോ ദേവീ? ഇല്ല. അഭിമന്യു ഗുരുവിൽ നിന്നു പഠിക്കേണ്ടത് മറവിൽ ആർജ്ജിക്കരുതെന്നു ഭഗവാന് ബോധ്യമുണ്ടായിരുന്നു. ഒപ്പം കർമ ഫലത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹം ഓർമിച്ചിരിക്കാം." "ആവട്ടെ ആഞ്ജനേയ. അപ്പോൾ അങ്ങുപറഞ്ഞ രണ്ടാമത്തെ കൃഷ്ണ ഹാസത്തിന്റെ സാഹചര്യം പറഞ്ഞു തന്നാലും." അവൾ തന്റെ ആഭരണങ്ങൾ ഓരോന്നായി അഴിച്ചെടുക്കാൻ തുടങ്ങി. "ദേവീ, ഭീഷ്മ പിതാമഹൻ ശരശയ്യയിൽ വീണ ആ നിമിഷം.." "പക്ഷേ, ഭഗവാന് അതും തടയാമായിരുന്നല്ലോ. കൗന്തേയനല്ലേ പിതാമഹനെ ബന്ധിച്ചത്?" എനിക്ക് പുഞ്ചിരിക്കാൻ തോന്നി. "ദേവീ... സ്ത്രീ ശാപം സർപ്പദംശനത്തിനപ്പുറം ഭീകരമാണെന്നു ഭവതിക്കറിയാത്തതാണോ? പിതാമഹന് നേരെ നീണ്ട കാലപാശത്തിന് പല നിറങ്ങളുണ്ട് ദേവീ. അംബയുടെ ശാപം, സുബലപുത്രിയുടെ ശാപം, എന്തിനേറെ ദ്രുപദപുത്രിയുടെ നിസ്സഹായ നിലവിളിയിൽ പുതഞ്ഞു കിടന്ന ശാപം. ഒക്കെ പിതാമഹനെ ചുറ്റി വരിഞ്ഞിരുന്നു. സ്വയം വരിക്കാനാവുന്ന മരണത്തിനെപോലും അകറ്റി നിർത്തി അദ്ദേഹം ആ വേദന അനുഭവിക്കാൻ തയാറായതാണ് നാരായണനിലെ കാരുണ്യത്തെ ഉണർത്തിയത്. ആ കാരുണ്യം നിലാവുപോലെ പുഞ്ചിരിയായി വിടർന്നു. കണ്ണുകളിൽ നനവ് പടർന്നു." വൃഷാലിയുടെ മുഖം വിടർന്നു.

"ഇനിയാണ് അങ്ങ് എന്റെ ചോദ്യത്തിനുത്തരം പറയുന്നത് ആഞ്ജനേയാ." "അതെ ദേവീ. കർണവധത്തിലാണ് മൂന്നാമതായി ഭഗവാൻ തന്റെ പുഞ്ചിരി അണിയുന്നത്. നാരായണനായ തന്റെ ഏഴു കുതിരകളെ പൂട്ടിയ തേര് തെളിയിക്കുന്ന സൂര്യദേവന്റെ പുത്രൻ ജീവനറ്റു പിടയുമ്പോൾ ഭഗവാനത് കണ്ടു നിൽക്കുവതെങ്ങിനെ? എങ്കിലും ഗുരുസ്ഥാനത്ത് കണ്ടു വിദ്യ പഠിക്കാനായി അംശാവതാരമായ പരശുരാമനോട് പറഞ്ഞ വ്യാജ വചനങ്ങളും പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്തെ മൗനവും മാത്രം കർണ വധത്തിനു കാരണമായി ദേവീ. സകലത്തിലും ഉപരിയായി കുന്തീ മാതാവിനോട് കർണൻ കാട്ടിയ അധിക്ഷേപം ന്യായീകരിക്കാനാവില്ലല്ലോ ദേവീ. അത് അങ്ങേക്ക് അറിയാവുന്നതല്ലേ?" അവൾ സാകൂതം എന്നെ നോക്കി ഇരുന്നു. "ആഞ്ജനേയാ. എങ്കിൽ പ്രസവിച്ച അമ്മ മകനെ ഉപേക്ഷിക്കുമ്പോൾ ആ അമ്മയ്ക്ക് എന്തുകൊണ്ടാണ് ഇതേ ശിക്ഷ ഇല്ലാത്തത് എന്ന് പറഞ്ഞാലും.." ഞാൻ ഒന്ന് പുഞ്ചിരിച്ചു. "ദേവീ പ്രസൂതീ ധർമമാണത്, ഈ ലോകത്തെ മുഴുവൻ വേദനകളും ഒന്നിച്ചു കൂട്ടിയാലും പ്രസവവേദനയോട് ഒപ്പമെത്തുകയില്ല. ആ വേദന താണ്ടി ഒരു കുഞ്ഞു പിറന്നശേഷം ആ അമ്മ എടുക്കുന്ന തീരുമാനത്തിന് കുറുകെ നിൽക്കാൻ ധർമരാജന് പോലും അർഹതയില്ല. പിന്നെങ്ങിനെ ദേവീ?" അവൾ മൗനം ഭുജിച്ചു. "ആഞ്ജനേയാ മനസ്സിലാവുന്നു. എങ്കിൽ ഒരേ ഒരു ചോദ്യം കൂടി ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." "ചോദിക്കൂ ദേവീ." അവളുടെ കണ്ണുകളിൽ പകയുടെ കനൽ ഞാൻ കണ്ടു.

"ആഞ്ജനേയാ. ന്യായത്തിന് എതിരായി അരക്കില്ലം ചുട്ടതാണല്ലോ കുരുക്ഷേത്രത്തിന്റെ പടിവാതിൽക്കൽ കൗരവരെ എത്തിച്ചത്. പക്ഷേ, അന്നും ഇന്നും എന്റെ മനസ്സിലെ ആ ചോദ്യത്തിനുത്തരം ലഭിച്ചതായി തോന്നുന്നില്ല." "ദേവീ ചോദ്യം മുഴുമിച്ചാലും..." "അന്ന് ആ അരക്കില്ലത്തിൽ മരിച്ച ആ ഏഴു പേർ, അവർ അവർണരായ ഗോത്ര വിഭാഗരല്ലേ? കറുത്ത മണ്ണിന്റെ നിറമുള്ളവർ. ജീവൻ പരബ്രഹ്മം തന്നെ എങ്കിൽ ആ ഏഴു ജീവനുകൾക്ക് വിലയില്ലാതായിപോയതെന്താണ്? അവരെ ആ അരക്കില്ലത്തിൽ യമധർമന് വിട്ടുകൊടുത്ത പാണ്ഡവരും കൗരവർക്കൊപ്പം ശിക്ഷിക്കപ്പെടാഞ്ഞത് എന്തുകൊണ്ടാണ്?" ഞാൻ തളർന്നു. അപ്പോൾ അവളുടെ ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ അശക്തനായിരുന്നു. കാരണം വിധിയെ തടുക്കാൻ ബ്രഹ്മനുപോലും കഴിയാതിരിക്കേ പാണ്ഡവരുടെ വിധി പ്രവചിക്കാൻ ഞാനാര്? ഞാൻ മൗനത്തെ പ്രാപിച്ചു. വൃഷാലി കർണ രഥത്തിന്റെ ഒറ്റ ചക്രത്തിൽ അവളുടെ താലിച്ചരട് മുറുക്കി. സ്വജീവൻ എനിക്കു നേരെ നീട്ടിക്കൊണ്ട് കേശാദിപാദം ജരാനരകൾ ബാധിച്ച എനിക്കു നേരെ അനുതാപത്തോടെ നോക്കി നിന്നു. രാമ നാമം കേട്ടുകൊണ്ട് ഇന്നും ഞാനിവിടെ ഈ കുരുക്ഷേത്ര ഭൂമിയിൽ കാത്തിരിക്കുന്നു. കർണ ശപഥം മനസ്സിൽ നോറ്റുകൊണ്ട്.

Content Summary: Onakathakaalam Written by Famous Writer Maya Kiran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com