ADVERTISEMENT

ഡിജിറ്റലായി പുസ്തകങ്ങൾ വായിക്കുകയെന്നത് 2007 ൽ ഒരു ജനപ്രിയ ആശയമായിരുന്നില്ല. പേജുകളിൽ സ്പർശിച്ചും മണത്തും പുസ്തകം നേരിട്ട് വായിക്കുന്നതിലൂടെ ലഭിക്കുന്ന അടുപ്പമാണ് ആളുകൾക്ക് കൂടുതൽ രസകരമായി തോന്നിരുന്നത്. അപ്പോഴും ഇ-റീഡറുകൾ വിപണിയിലുണ്ടായിരുന്നു. അമിത വിലയും പരിമിതമായ ബാറ്ററി ലൈഫും കാരണം അവ വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നില്ല. കൂടാതെ വളരെ കുറച്ച് പുസ്തകങ്ങൾ മാത്രമേ അവയിൽ ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ കിൻഡിൽ അതെല്ലാം മാറ്റിമറിച്ചു. 2007 ൽ കിൻഡിൽ ലോഞ്ച് ചെയ്തത് വായനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. ഒരു ലൈബ്രറിയിലുൾക്കൊള്ളാവുന്ന പുസ്തകങ്ങള്‍ മുഴുവൻ പോക്കറ്റിൽ കൊണ്ടുനടക്കാനാകുമെന്ന സ്ഥിതി വന്നു. 

Shutterstock-KoshiroK
Representative Image, Image Credit: Koshiro K/Shutterstock.com

മുൻ ആമസോൺ ജീവനക്കാരനായ ഗ്രെഗ് കിൻഡിലാണ് കിൻഡിൽ വികസിപ്പിച്ചത്. 2007 നവംബർ 19 ന് ന്യൂയോർക്ക് സിറ്റിയിൽ പുറത്തിറക്കിയ കിൻഡിൽ തുടക്കത്തിൽ യുഎസിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 399 ഡോളറായിരുന്നു വില. പുറത്തിറങ്ങി അഞ്ചര മണിക്കൂർ കൊണ്ട് സ്റ്റോക്ക് മുഴുവൻ വിറ്റു തീർന്നു. 2008 ഏപ്രിൽ അവസാനം വരെ, അഞ്ചു മാസത്തോളം കിൻഡിലിന് സ്റ്റോക്കില്ലായിരുന്നു. 

ഇ–ഇങ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യത്തെ ഇ-റീഡറായിരുന്നു അത്. അതുകൊണ്ടുതന്നെ കണ്ണുകൾക്ക് തകരാറ് വരാത്തവിധം ദീർഘനേരം വായിക്കുവാനും നീണ്ട ബാറ്ററി ലൈഫ് മൂലം റീചാർജ് ചെയ്യാതെ തന്നെ മണിക്കൂറുകളോളം വായന തുടരാനും സാധിച്ചു. നിരൂപകരുടെയും ഉപഭോക്താക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ കിൻഡിൽ, ഇ-ബുക്കുകൾ ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. കുറച്ചു വർഷങ്ങളിൽത്തന്നെ യുകെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കിൻഡിൽ വ്യാപിക്കുകയും ഇ-ബുക്കുകളുടെ വിൽപന ഗണ്യമായി വർധിക്കുകയും ചെയ്തു.

കിൻഡിലിന്റെ വിജയം പ്രസിദ്ധീകരണ വ്യവസായത്തിലുടനീളം അലയടിച്ചു. കൂടുതൽ ആളുകൾ ഡിജിറ്റല്‍ പുസ്തകങ്ങൾ തിരഞ്ഞെടുത്തതിനാൽ പരമ്പരാഗത പുസ്തകശാലകൾക്കു കനത്ത തിരിച്ചടി നേരിട്ടു. അതേസമയം, കിൻഡിലിൽ പുതിയ ഇ-ബുക്കുകൾ സൃഷ്ടിക്കാൻ പുതിയ പ്രസാധകർ മുന്നോട്ടു വരികയും ചെയ്തു. ആളുകളുടെ വായനാരീതിയിലും കിൻഡിൽ ആഴത്തിൽ സ്വാധീനം ചെലുത്തി.  ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് വായന കൂടുതൽ പ്രാപ്യമാക്കാൻ ഇത് സഹായിച്ചു.

stanschroeder-Mashable
Representative Image, Image Credit: stan schroeder-Mashable.com

സ്‌മാർട്ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും വ്യാപകമായ സ്വീകാര്യത ഇ-ബുക്കുകൾ വായിക്കുന്നത് മുമ്പത്തേക്കാൾ എളുപ്പമാക്കി. ഇ-ബുക്കുകൾ ഇപ്പോൾ മുമ്പത്തേക്കാൾ താങ്ങാനാവുന്ന വിലയിലാണ്. ക്രമീകരിക്കാവുന്ന ഫോണ്ട് വലുപ്പം, ടെക്സ്റ്റ്-ടു-സ്പീച്ച് സൗകര്യങ്ങൾ, അതിൽത്തന്നെ ചേർത്തിരിക്കുന്ന നിഘണ്ടു എന്നിവ പോലുള്ള അധിക സവിശേഷതകൾ ഇ-ബുക്ക് റീഡറുകൾ പലപ്പോഴും വാഗ്ദാനം ചെയ്യുന്നു. കൃതികൾ സ്വയം പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന എഴുത്തുകാർക്കും ഇത് സൗകര്യപ്രദമായി. ഇ-ബുക്കുകളുടെ സ്വീകാര്യത മൂലം ലൈബ്രറികൾ ഇ-ബുക്കുകളും ഓഡിയോബുക്കുകളും വാഗ്ദാനം ചെയ്തു തുടങ്ങി.

SamuelGibbs-TheGuardian
Representative Image, Image Credit: Samuel Gibbs/The Guardian

കിൻഡിൽ ആദ്യമായി പുറത്തിറങ്ങിയതു മുതൽ നിരവധി തവണ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കിൻഡിൽ പേപ്പർവൈറ്റ്, കിൻഡിൽ ഒയാസിസ്, കിൻഡിൽ വോയേജ് തുടങ്ങി വിവിധ മോഡലുകളിൽ കിൻഡിൽ നിലവിൽ ലഭ്യമാണ്. ഏറ്റവും പുതിയ മോഡലായ കിൻഡിൽ പേപ്പർവൈറ്റ് 2018-ൽ പുറത്തിറങ്ങി. മുൻ മോഡലുകളേക്കാൾ കുറഞ്ഞ ഭാരം, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ബിൽറ്റ്-ഇൻ ലൈറ്റ്, വിസ്‌പർസിങ്ക് എന്നിങ്ങനെ പല ഫീച്ചറുകളും ഉൾപ്പെടുത്തിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കാനുള്ള ഒരു ഉപകരണം എന്ന നിലയിൽ നിന്ന് ഗെയിമുകൾ കളിക്കാനും വെബിൽ സർഫ് ചെയ്യാനും സാധിക്കുന്ന ഒന്നായി കിൻഡിൽ വികസിച്ചു. 2007-ൽ  മൂന്നു ലക്ഷം മാത്രമായിരുന്ന വിൽപന 2022 ൽ രണ്ടരക്കോടിയായി വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് വിപണിയിലെ ഏറ്റവും ജനപ്രിയ ഇ-റീഡറുകളിൽ ഒന്നാണ് കിൻഡിൽ. കിൻഡിലിന്റെ വളർച്ച നൂക്ക്, സോണി റീഡർ തുടങ്ങിയ പല ഇ-റീഡറുകളുടെ വികസനത്തിനും കാരണമായിട്ടുണ്ട്.

English Summary:

The Journey of Kindle: 23 Years of Shaping Digital Reading Culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com