ADVERTISEMENT

(സുനീഷ് കൃഷ്ണൻ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷോ മാൻ’ എന്ന പുസ്തകത്തിലെ ‘കുചേലവൃത്തം’ എന്ന കഥ) 

 

പ്രേമവിവാഹവും അറേഞ്ച്ഡ് മാര്യജും പോലത്തെ വ്യത്യാസം, വയ്ക്കുന്ന വീടുകളും വാങ്ങുന്ന വീടുകളും തമ്മിലുണ്ടെന്നു സൂനയ്ക്കു തോന്നി. പരിചയക്കേട് ഒട്ടുമുണ്ടാവില്ല ആദ്യത്തേതിൽ. സൂന പുഞ്ചിരിച്ചു: ‘വീടെങ്കിലും സ്വന്തം ഇഷ്ടത്തിനാകട്ടെ!’ 

 

റിജോഷ് മിക്കവാറും യാത്രകളുടെയും മീറ്റിങ്ങുകളുടെയും തിരക്കിലായതിനാൽ വീടുപണിയുടെ സകല വേദനകളും സൂന സ്വയം ഏറ്റെടുത്തിരുന്നു. വാടകവീട്ടിൽനിന്ന് ഏറെയൊന്നും അകലെയല്ലാത്ത പ്ലോട്ടിലേക്ക്, മക്കളെ സ്കൂളിലയച്ചുകഴിഞ്ഞാൽ, എന്നും അവൾ സ്കൂട്ടറോടിച്ചു ചെല്ലും. എല്ലാം ശ്രദ്ധാപൂർവം നോക്കും. പണിക്കാരോട് തമാശകൾ പറയും. കരാറിൽ ഭക്ഷണം ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ തിന്നാൻ കൊണ്ടുചെല്ലും. സഭാകമ്പക്കാരിയായ വീട്ടമ്മയിൽനിന്ന് പരിചയസമ്പന്നയായ ഒരു സൈറ്റ് സൂപ്പർവൈസറിലേക്ക് രണ്ട് രണ്ടരക്കൊല്ലംകൊണ്ട് വളർന്നതിൽ അവൾക്കു ചെറുതല്ലാത്ത അഭിമാനം തോന്നി. 

 

ബാൽക്കണിയിൽ എപ്പോഴാണ് നല്ല കാറ്റു വീശുക?, ഏതൊക്കെ ലൈറ്റുകൾക്ക് ഏതൊക്കെ സ്വിച്ചുകളാണ്? പൂജാമുറിയുടെ വാതിലിൽ എത്ര മണികൾ തൂക്കിയിട്ടുണ്ട്? മുറ്റത്തെ ഉതിർമുല്ല ആറു മാസംകൊണ്ട് എത്ര സെന്റിമീറ്റർ വളർന്നു?...  പണിതീർന്നുകൊണ്ടിരിക്കുന്ന പുതിയ വീട് പതുക്കെപ്പതുക്കെ സൂനയ്ക്ക് സൂനയെക്കാൾ പരിചിതയായിത്തീർന്നു. 

 

റിജോഷിന്റെ കൂട്ടുകാരനായിരുന്നു ആർക്കിടെക്‌ട്. പത്തൊൻപതു വട്ടം മാറ്റിവരച്ചതിനുശേഷമാണ് സൂന ഒകെ പറഞ്ഞത്. ‘ബുദ്ധിമുട്ടായി ഇല്ലേ?’ അവൾ ഭംഗിവാക്കു ചോദിച്ചു. ‘എത്ര തവണ വരച്ചതിനു ശേഷമായിരിക്കും സൂന, ദൈവം മനുഷ്യന്റെ ബ്ലുപ്രിന്റ് എടുത്തിട്ടുണ്ടാവുക?’ അയാൾ മനസ്സിൽ പറഞ്ഞത് സൂനയ്ക്ക് ഇഷ്ടമായി. അയാളുടെ ചില ബ്ലോഗുകൾ സൂന വായിച്ചിരുന്നു. തരക്കേടില്ലാത്ത ഒരു കവികൂടെയായിരുന്നു അയാൾ. ‘ഇനിയും വിളിച്ചോളൂ, എന്തെങ്കിലും കറക‍‍്ഷൻ വേണമെന്ന് നിങ്ങൾക്കു തോന്നുകയാണെങ്കിൽ.’ ആർക്കിടെക്‌ട് ചിരിച്ചു. 

 

കോൺട്രാക്ടർ, അച്ഛന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ആ ഒരു പരിചയത്തിന്റെ ദുഃസ്വാതന്ത്ര്യം അദ്ദേഹം ഒരിക്കൽപോലും കാണിച്ചില്ല. കൃത്യനിഷ്ഠക്കാരനും വിവേകിയുമായ ആ മനുഷ്യൻ, കാശിന്റെ കാര്യമോ മറ്റെന്തെങ്കിലും ആവലാതികളോ പറഞ്ഞ് ഒരിക്കൽപോലും റിജോഷിനെയോ സൂനയെയോ ബുദ്ധിമുട്ടിച്ചതുമില്ല. മെയിൻ കോൺക്രീറ്റ് കഴിഞ്ഞ് പണിക്കാർക്കുവേണ്ടി റിജോഷ് മദ്യക്കുപ്പികൾ പൊട്ടിച്ചപ്പോൾ അദ്ദേഹം അതിലൊന്നും പെടാതെ മാറി നിന്നു. ‘ഇതിപ്പോൾ ഒരു മാമൂലാണ്. ഞാൻ കഴിക്കാത്ത ആളൊന്നുമല്ല കേട്ടോ. പക്ഷേ, ഇന്നു വേണ്ട. കുത്തി നിർത്തിയ കുറച്ച് മുളങ്കമ്പുകളിലാണ് പതിനായിരക്കണക്കിന് കിലോ ഭാരം കിടക്കുന്നത് എന്നറിയാമല്ലോ. രാത്രിയിൽ ഒരു നായയോ കുറുക്കനോ ഓടിയാൽ മതി, എല്ലാം തീർന്നു. ഇപ്പണി തുടങ്ങിയിട്ട് കൊല്ലം നാൽപതായെങ്കിലും ഇന്നും വാർപ്പ് കഴിയുന്ന ദിവസം എനിക്ക് ബേജാറാണ്. ഇടയ്ക്കൊന്നു വന്നു നോക്കണമെന്നു തോന്നിയാൽ കള്ള് അതിനൊരു തടസ്സമാവും. അതു കൊണ്ട്, ഒന്നും വിചാരിക്കരുത്. സാറ് കഴിക്കൂ. ഞാൻ പിന്നീടാവാം.’‌ 

 

ഇനി സാധനങ്ങളുടെ കാര്യമാണെങ്കിൽ മരം മുതൽ മാർബിൾ വരെയുള്ള സകലതും സൂനയും, സമയം കിട്ടുമ്പോൾ റിജോഷും ഏറെ കൂട്ടലുകളും കിഴിക്കലുകളും നടത്തി വാങ്ങിച്ചവയുമായിരുന്നു. എല്ലാം ബ്രാൻഡഡ്; എല്ലാം കണ്ടംപററി. 

 

എന്നിട്ടും, വീടു പൂർത്തിയാകുംന്തോറും നിർവചിക്കാനാവാത്ത ചില അപൂർണതകൾ സൂനയെ വേട്ടയാടാൻ തുടങ്ങി. ചില അക്ഷരത്തെറ്റുകൾ. ചില അഭംഗികൾ. വിശദാംശങ്ങളിൽ വല്ലാതെ ശ്രദ്ധവയ്ക്കുന്ന ദുശ്ശീലം സൂനയ്ക്ക് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കുമോ? അവൾ സ്വയം കുറ്റപ്പെടുത്തി. 

 

‘സൂക്ഷ്മ എന്ന പേരാണ് ഇയാൾക്ക് ചേരുക.’ തിരുത്തലുകൾ കഴിഞ്ഞ് തീസിസ് തിരിച്ചു തരുമ്പോൾ അവളുടെ അധ്യാപകൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞത് സൂനയ്ക്കോർമ വന്നു. അപ്പോൾ അയാളെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഓമനിക്കാൻ തോന്നിയതും. 

 

‘നാലു കാര്യങ്ങളാണ് മാഡം, വീടിനെ വീടാക്കുന്നത്.’ ചെറുപ്പക്കാരിയായ ഇന്റീരിയർ ഡിസൈനർ വാചാലയായി. ഏറ്റവും പ്രധാനം അവിടത്തെ താമസക്കാർ. പിന്നെ കാറ്റും വെളിച്ചവും. അടുത്തത് നിറങ്ങൾ. പിന്നെ ചുവരിലെ ചിത്രങ്ങൾ!’ 

 

‘ഇതൊന്നുമല്ല കുട്ടീ, നർമം അതൊന്നു മാത്രമാണല്ലോ ഏതു വീടിനെയും ജീവനുള്ളതാക്കുന്നത്’ എന്ന് മനസ്സിൽ പറഞ്ഞിട്ട് സൂന വീണ്ടും അവൾക്കു കാതോർത്തു. ‘നമ്മുടെ ആദ്യത്തെ കോൺട്രാക്ടിൽ േവാൾ പെയ്ന്റിങ്സ് ഇൻക്ലൂഡഡ് ആയിരുന്നു മാഡം. ഫൈനൽ ഡിസ്കഷനിൽ ഒഴിവായതാണ്. പറയുകയാണെങ്കിൽ ഇനിയും ഉൾപ്പെടുത്താം.’‌ 

 

‘സമയമോ? അതിനെക്കുറിച്ചോർത്ത് മാഡം വിഷമിക്കുകയേ വേണ്ട. പതിനഞ്ച് ആർട്ടിസ്റ്റുകളുമായിട്ട് ഞങ്ങൾക്ക് ടൈയപ്പുണ്ട്. ഒരേയൊരു കാര്യം മാത്രം. ഒറിജിനൽ പെയിന്റിങ്ങേ ഞങ്ങൾ ചെയ്യൂ. പ്രിന്റുകൾ വയ്ക്കാറില്ല.’ 

 

‘വേണോടീ?’ റിജോഷ് ശങ്കിച്ചു. നീയീപ്പറയുന്ന മിസ്സിങ് എനിക്ക് മനസ്സിലാകുന്നില്ല. കണ്ടവരെല്ലാം പറയുന്നത് ഉഗ്രൻ വീടാണെന്നാ. ഇനി ചെയ്യാമെന്നു വച്ചാൽ തന്നെ, മൊത്തം മാന്ദ്യമാ. ബിസിനസാകെ ഡള്ളാ. ഇന്റീരിയർ തന്നെ വേണ്ടായിരുന്നെന്നാ ഇപ്പോൾ തോന്നുനത്. കുറച്ചുകൂടെ കഴിയുമ്പോഴേക്ക് ഹോം ലോൺ ടോപ്പ് അപ്പ് ചെയ്യേണ്ടി വരുമെന്നത് ഉറപ്പാ. നിന്റെ പിഎസ്‍സി അഡ്വൈസ് മെമ്മോയാണെങ്കിൽ വരുന്നതുമില്ല.’ 

 

‘അല്ലേലും പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്ന സ്വഭാവം നിങ്ങൾക്ക് പണ്ടേ ഉള്ളതാണല്ലോ.’ സൂനയ്ക്കു ദേഷ്യം വന്നു. ‘അഞ്ചു പെയിന്റിങ്ങുകളാണ് നമുക്കു മൊത്തം വേണ്ടത്. അതിൽ നാലെണ്ണം ഞാൻ വരയ്ക്കാനറിയാവുന്ന എന്റെ കൂട്ടുകാരികളെക്കൊണ്ടു ചെയ്യിച്ചോളാം. അവർക്ക് പെയിന്റും കാൻവാസും ബ്രഷും വാങ്ങിച്ചു കൊടു ‌ക്കാനുള്ളത് തരാൻ സൗകര്യപ്പെടുമോ?’‌ 

സൂന പിറുപിറുത്തു: ‘ഒരു മാസം കുടിക്കുന്ന കാശുണ്ടെങ്കിൽ അഞ്ചല്ല, പത്തെണ്ണം വാങ്ങാം.’‌ 

റിജോഷ് അതു കേട്ടില്ലെന്നു നടിച്ചു. 

‘ഞാനിപ്പോൾ എന്തു ചെയ്യണം?’‌ 

 

‘നോക്ക് റിജോഷ്, ലിവിങ് റൂമിലെ പെയിന്റിങ് നമുക്ക് നല്ലതുതന്നെ വേണം. സാമാന്യം വലുപ്പത്തിൽ. ആ ഒറ്റച്ചിത്രത്തിൽ നമ്മുടെ വീട് പ്രതിഫലിക്കണം. അവരെക്കൊണ്ട് വരപ്പിക്കുന്നില്ലെങ്കിൽ വേണ്ട. ടൗണിൽ എത്രയൊക്കെ എക്സിബിഷനുകൾ നടക്കുന്നു? നമുക്ക് പോയി നോക്കാം. പറ്റില്ലെന്നു പറയരുത്. പ്ലീസ്.’ 

 

നഗരം അറവുശാലയെ ഓർമിപ്പിച്ചു. മനുഷ്യർ അമറുകയും അലറുകയും പിടയ്ക്കുകയും ചെയ്തു. അസംഘടിതരായ സ്ത്രീത്തൊഴിലാളികളുടെ പ്രതിഷേധ മാർച്ച് സ്വതവേ കുരുക്കിലായ റോഡിലൂടെ മന്ദിച്ചു നീങ്ങി. അക്ഷമ, വണ്ടികളിൽനിന്ന് നീളൻ ഹോണടികളായി മുഴങ്ങി. ചെറുപ്പത്തിൽ മക്കളെ നോക്കാൻ വന്നിരുന്ന ഇന്ദിരച്ചേച്ചി ജാഥയ്ക്കിടയിൽ നിന്ന്, സൂനയെക്കണ്ട് പുഞ്ചിരിച്ചു. അവൾ വിൻഡ് ഷീൽഡ് താഴ്ത്തി തിരിച്ചു കൈവീശി. ‘എത്ര പെട്ടെന്നാണ് സ്ത്രീകൾ വൃദ്ധരാവുന്നത്?’ സൂന മനസ്സിലോർത്തു. ‘നാശം!’ റിജോഷ് പതിവു പോലെ പ്രാകി. ‘ഇവറ്റകൾക്കൊന്നും വേറെ ജോലിയില്ലേ? നടുറോഡിലാണ് സർക്കസ്! എന്നും ഇതുതന്നെ അവസ്ഥ.’‌ 

 

ആർട്ട് ഗാലറിയിൽ സൂന അകലെ നിന്ന് ചിത്രങ്ങളെയും, റിജോഷ്  അടുത്തു ചെന്ന് ഇട്ടിരിക്കുന്ന വിലകളെയും നിരീക്ഷിച്ചു. ‘ഒടുക്കത്തെ പ്രൈസാണല്ലോടീ.’ അയാൾ അടക്കം പറഞ്ഞു. ‘ഏറ്റവും കുറഞ്ഞതിന്റെ കാശിന് ഒന്നരട്ടണ്ണിന്റെ എസി കിട്ടും.’ സൂന ചിരിച്ചു. അയാൾ ചിത്ര കാരന്മാരോട് വിലപേശിയേക്കുമോ എന്നു തോന്നിയപ്പോൾ അവൾ ഭർത്താവിനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. 

‘ഇതിലൊന്നും നമുക്ക് വേണ്ടത് ഇല്ല.’ സൂന പറഞ്ഞു. 

‘അവന്റെയൊക്കെ ഒരു ജാഡ കണ്ടില്ലേ? പിക്കാസോയോ രവി വർമയോ ആണെന്നാണ് ഭാവം. ഇതിന്റെ പത്തിലൊന്നു കാശിന്  ഉഗ്രൻ ഡിജിറ്റൽ പ്രിന്റ് കിട്ടും. ഒറിജിനലിനെ വെല്ലുന്നത്.’ അയാൾ ദേഷ്യത്തോടെ പറഞ്ഞു. 

 

സൂനയെ ജ്യൂസ്കടയിലിരുത്തിയിട്ട് അയാൾ ഓടിപ്പോയി ഒരു ബീയർ കഴിച്ചുവന്നു. എന്നിട്ടും റിജോഷ് തണുത്തിട്ടില്ലെന്ന് കാറിൽ കയറിയപ്പോൾ സൂനയ്ക്കു തോന്നി. 

‘ഒരാൾ കല്യാണം കഴിക്കുന്നതും വീടുപണി തുടങ്ങുന്നതും അയാളുടെ ഏറ്റവും മോശം സമയത്താണെന്നു പറയുന്നത് എത്ര ശരിയാണല്ലേ?’ അയാൾ തേഞ്ഞു പഴകിയ ഒരു ഫലിതം പറഞ്ഞ് ഉറക്കെച്ചിരിച്ചു. സൂന അയാളെ നിശ്ശബ്ദം തിരുത്തി. ‘മറ്റൊന്നും നിർമിക്കാൻ സാധ്യമല്ല എന്നു തോന്നുമ്പോഴാണ് മനുഷ്യർ വീടുനിർമിക്കാൻ മുതിരുക, റിജോഷ്...! ആ അർഥത്തിൽ അത് ഒരാളുടെ മോശം സമയം തന്നെ.’ 

 

വീട്ടിൽ ഷവറിനു ചുവട്ടിൽ നിന്നപ്പോൾ റിജോഷിന് അയാളുടെ പഴയ സഹപാഠി വിജീഷിനെ/അതോ വിജേഷോ/ ഓർമ വരികയും, അരമണിക്കൂർ മുൻപു കഴിച്ച മദ്യത്തിന്റെ ബലത്തിൽ ‘യുറീക്കാ’ എന്നാർത്തു വിളിച്ച് അയാൾ ബാത്റൂം ഡോർ തുറന്ന് പുറത്തിറങ്ങുകയും ചെയ്തു. ‘തുണിയുടുക്ക് മനുഷ്യാ, കുട്ടികൾ കാണും.’ സൂന റിജോഷിനെ ശാസിച്ചു. 

 

‘ആളുണ്ടെടീ. എന്റെ കൂട്ടുകാരനുണ്ട്. മൂന്നു വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഡ്രോയിങ്ങിനും പെയിന്റിങ്ങിനും ക്ലേ മോഡലിങ്ങിനും ഫസ്റ്റടിച്ചവനുണ്ട്. നമുക്കു വേണ്ട ചിത്രം, എന്റെ മനസ്സു പറയുന്നു, അവൻ വരയ്ക്കും.’ 

‘ഉവ്വോ?’ സൂനയ്ക്ക് അതിശയമായി. ‘ഫോൺ നമ്പരുണ്ടോ?’ 

ഒരു സ്മൈലി പോലും ഇടാത്ത, ദിവസാന്ത്യത്തിൽ വായിച്ചു നോക്കാതെ എല്ലാ മെസ്സേജുകളും ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്ത് കളയാറുള്ള, സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ അയാൾ വിജേഷ്, വിജീഷ് തുടങ്ങിയ പേരുകൾ പരതി നിരാശനായി. ‘നമ്മുടെ ചിത്രകാരന്റെ നമ്പർ ആരെങ്കിലും തരാമോ?’ റിജോഷ് ഗതികെട്ടു ചോദിച്ചു. 

 

‘അവൻ ഗ്രൂപ്പിലില്ല. നമ്പരും അറിഞ്ഞുകൂടാ. നമ്മുടെ ബാച്ചിന്റെ സിൽവർ ജൂബിലിക്ക് നിന്നെപ്പോലെ അവനും വന്നിട്ടില്ല. താമസം പഴയ വീട്ടിൽത്തന്നെയാണെന്നു മാത്രം അറിയാം.’ 

വരുന്ന ഞായറാഴ്ച നാട്ടിൽപ്പോയി നോക്കാം എന്ന് റിജോഷ് നിശ്ചയിച്ചു. പരിചയമുള്ള ആളാവുമ്പോൾ കാര്യങ്ങൾ കൺവേ ചെയ്യാൻ എളുപ്പമുണ്ട്. പക്ഷേ, എന്തു വരയ്ക്കാനാണ് പറയേണ്ടത്?‌ 

 

‘ഏതാണ് റിജോഷിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം?’ സൂന ചോദിച്ചു. 

‘സംശയമെന്താടീ? കുട്ടിക്കാലം.’ റിജോഷ് തെല്ലും നാണമില്ലാതെ പറഞ്ഞു. 

‘ഒരു ടെൻഷനുമില്ല. ഉത്തരവാദിത്തങ്ങളുമില്ല. കളിക്കാൻ ഇഷ്ടം പോലെ സമയം, സ്ഥലം, കൂട്ടുകാർ. ഓ, ഓർക്കുമ്പോൾത്തന്നെ കൊതിയാവുന്നു.’ 

തനിക്ക് അങ്ങനെയായിരുന്നില്ലല്ലോ എന്നോർത്തപ്പോൾ സൂനയ്ക്ക് കണ്ണു നിറഞ്ഞു. അവൾ പക്ഷേ ചിരിച്ചുകൊണ്ടു പറഞ്ഞു: 

‘അപ്പോൾ പിന്നെ പഴയ ചങ്ങാതിക്ക് വരയ്ക്കാൻ എളുപ്പമായി. നമ്മുടെ വീടിന്റെ ഒന്നു രണ്ടു ഫോട്ടോസും സ്കെച്ചും കൂടെ കയ്യിൽ വച്ചോളൂ.’ 

‘ങേ, നീ വരുന്നില്ലേ അപ്പോൾ?’ 

 

‘ഇല്ല. ഇതെങ്കിലും റിജോഷ് ഒറ്റയ്ക്കു ചെയ്യ്! എങ്ങനെയായിത്തീരുമെന്ന് നോക്കാമല്ലോ!’ റോഡരികിൽ കാർ നിർത്തി, വെയിറ്റിങ് ഷെഡിൽ സൊറപറയുകയായിരുന്ന ചെറുപ്പക്കാർ കാട്ടിക്കൊടുത്ത വഴിയിലൂടെ നടക്കുമ്പോൾ റിജോഷിന് ഈർഷ്യയാണ് വന്നത്. പഴയ കാലത്ത് ആളുകൾ മെലിഞ്ഞിട്ടായിരുന്നു. അവർക്കു നടക്കാൻ നൂലനിടവഴികൾ ധാരാളമായിരുന്നു. ഇപ്പോൾ ആൾക്കാർ തടിച്ചു. കാലം ചീർത്തു. എന്നിട്ടും ഈ വഴികളൊക്കെ റോഡാക്കാതെ അങ്ങനെതന്നെ നിൽക്കുന്നത് എന്തു തോന്നിവാസമാണ്? മുകളിലെത്തുമ്പോഴേക്കും റിജോഷ് കിതച്ചു കുളിച്ചിരുന്നു. ‘ചുമരിൽ പെയിന്റിങ്ങിന്റെ സ്ഥാനത്ത് മിക്കവാറും സ്വന്തം ഫോട്ടോ തൂക്കേണ്ടിവരും.’ അയാൾ ചുമച്ചു. 

 

ചെറിയ വീടായിരുന്നു. അതിന്റെ പുറം ചുവരുകളും നിലവും തേച്ചിരുന്നില്ല. ഇറയത്തെ ഓടുകളിൽ ഇല്ലട്ടക്കരി പറ്റിപ്പിടിച്ചിരുന്നു. ശംഖു പുഷ്പം, ചെമ്പരത്തി തുടങ്ങിയ ചെടികൾ വേലിക്കരികിൽ പൂത്തു നിന്നു. തുടലില്ലാത്ത ഒരു നായ റിജോഷിനെ കൗതുകത്തോടെ നോക്കി, വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങി. ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ കേൾപ്പിക്കുന്നതിനിടയിൽ റേഡിയോ ഇടയ്ക്കൊക്കെ കുരച്ചു. 

 

മുൻവശത്തെ ചുമരിൽ ഉറപ്പിച്ചുവച്ച കണ്ണാടിക്കഷണത്തിൽ വിജീഷ് ഷേവ് ചെയ്യുകയായിരുന്നു. ‘ഇവിടൊന്നും ആവശ്യമില്ല.’ തോളിൽ വലിയ ബാഗ് തൂക്കിയ ഒരു തടിയൻ പടികയറിവരുന്നത് കണ്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു. 

‘വിജീഷിന്റെ വീടല്ലേ? എന്നെ മനസ്സിലായോ?’ റിജോഷ് കിതച്ചുകൊണ്ടു പരിചയപ്പെടുത്തി. വിജീഷും അയാളുടെ നായയും തലതിരിച്ചു നോക്കി. 

‘ഇരിക്ക്.’ തണലത്തിട്ട ചൂടിക്കട്ടിൽ ചൂണ്ടി വിജീഷ് പറഞ്ഞു. ‘ഞാൻ പെട്ടെന്ന് കുളിച്ചുവരാം.’‌ 

റിജോഷ് വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. ‘എടാ, നമ്മുടെ ആ പഴയ കാലം, ഗ്രാമം ഒക്കെ ഈ ചിത്രത്തിൽ വരണം, വീട്ടിലേക്ക് കേറിച്ചെല്ലുമ്പോൾത്തന്നെ കാണുന്നവരുടെ മനസ്സ് കുളിർക്കണം.’ 

‘കറയറ്റൊരാലസ്സൽ ഗ്രാമഭംഗി. അല്ലേ?’ വിജീഷ് ചിരിച്ചു. ആ ചിരി റിജോഷിനു മനസ്സിലായില്ല. 

‘എടാ, ജോലി ചെയ്യുന്നത് പരസ്യക്കമ്പനിയിലാണെങ്കിലും ഞാൻ ഒരു ചിത്രമോ പെയിന്റിങ്ങോ ചെയ്തിട്ട് കൊല്ലം പത്തിരുപതായി. എല്ലാം ഒരിക്കൽ അവസാനിപ്പിച്ചതാ. അതൊക്കെ വലിയ കഥയാ. പറഞ്ഞാൽ എനിക്കുതന്നെ മുഷിയും. നിന്റെ വീടിന് നല്ല നെയിം പ്ലേറ്റ് വേണോ? സ്ഥാപനത്തിന് സൈൻ ബോർഡോ ഹോർഡിങ്ങോ വേണോ? മുതലാളിയോടു പറഞ്ഞ് മാക്സിമം അഡ്ജസ്റ്റ്മെന്റിൽ ചെയ്തു തരാം. പെയിന്റിങ് എന്നൊക്കെപ്പറയുന്നത് ബുദ്ധിമുട്ടാ റിജോഷേ. നിനക്കത് പറഞ്ഞാൽ ബോധ്യമാവില്ല.’ 

‘പണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ കഴി‍ഞ്ഞാൽ ഞങ്ങൾ തോളിലേറ്റി അങ്ങാടി മുഴുവൻ കൊണ്ടുനടന്ന് ആഘോഷിക്കാറുണ്ടായിരുന്ന വിജീഷ് തന്നെയാണോ എന്നോടിപ്പോൾ സംസാരിക്കുന്നത്?’ റിജോഷ് വർത്തമാനം ബിസിനസ്, മോഡിലേക്ക് മാറ്റി. 

വിജീഷ് പക്ഷേ, ശാന്തനായിത്തുടർന്നു: ‘ഹൈസ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ പുഴ നീന്തിക്കടക്കുമായിരുന്നു. ആകാശം തൊടുന്ന പ്ലാവിൽ കയറി പഴുത്ത തേൻവരിക്ക മുകളിലിരുന്നു തന്നെ തിന്നുമായിരുന്നു. എന്നുവച്ച് ഇപ്പോൾ അതൊക്കെ ചെയ്യാൻ നീയോ ഞാനോ വിചാരിച്ചാൽ പറ്റുമോ?’ 

 

‘അതുപോലെയാണോടാ ഇത്? നീയിനി ഒന്നും പറയണ്ട. വിജീഷല്ലാതെ മറ്റൊരാൾ വരച്ച ചിത്രം എന്റെ വീട്ടിൽ തൂങ്ങില്ല. നീ നമ്പറ് താ. ഞാൻ വിളിച്ചോർമിപ്പിച്ചോളാം.’ 

വിജീഷ് അയഞ്ഞു. ‘ഞാൻ ശ്രമിക്കാം. ഇവിടെ റേഞ്ച് കുറവാണ്. ഞാൻ നിന്നെ അങ്ങോട്ട് വിളിക്കുന്നതാവും സൗകര്യം. ചായ കുടിക്ക് റിജോഷേ. ചോറിന് ക്ഷണിക്കുന്നില്ല. ഞങ്ങൾക്ക് മോനെ ഡോക്ടറെക്കാട്ടാൻ കൊണ്ടുപോകണ്ട ദിവസമാ. ടോക്കൺ ഉച്ചയ്ക്കാ.’ 

‘വണ്ടി റോഡിലുണ്ട്. ഞാൻ വേണമെങ്കിൽ വിടാം.’ 

‘വേണ്ട. ഇവിടുന്ന് കുറുക്കുവഴിയുണ്ട്. നമ്മുടെ പഴയ സിദ്ധാർഥൻ ഡോക്ടറാ. ഇപ്പോൾ ഞായറാഴ്ച മാത്രമേ ഇവിടെ വരുന്നുള്ളൂ.’ 

 

‘വീര്യം കാട്ടുക എന്നു പറയും ഞങ്ങളുടെ നാട്ടിൽ.’ റിജോഷ് ദേഷ്യത്തിൽപ്പറഞ്ഞു. 

‘തനിക്ക് അനായാസം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം, മറ്റൊരാൾ ആവശ്യപ്പെടുമ്പോൾ ചെയ്തുകൊടുക്കാതെ വച്ചു കളിപ്പിക്കുന്നതിനെ ക്കാൾ ഹീനമായ ഒന്ന് ലോകത്തിലില്ല.’ 

‘എന്തുണ്ടായി? കൂട്ടുകാരൻ പറ്റില്ലെന്നു പറഞ്ഞോ?’ 

‘നോക്കാമെന്ന്! അവൻ ഇപ്പോൾ വരയ്ക്കാറില്ലത്രേ! പത്തഞ്ഞൂറു രൂപയുടെ പെട്രോളും, മനോഹരമായ ഒരു ഞായറാഴ്ചയും പോയത് മിച്ചം.’ 

 

‘സാരമില്ല,’ സൂന അയാളെ ആശ്വസിപ്പിച്ചു. പ്രസവം നിർത്തുന്നതിനെക്കാൾ നിസ്സാരമായി എഴുത്തും വരയും നിർത്തിക്കളഞ്ഞ അനേകം സുഹൃത്തുക്കളെ ഓർമിച്ചുകൊണ്ട് സൂന തുടർന്നു: ‘നമുക്കറിയില്ലല്ലോ മൂപ്പരുടെ ജീവിതം. എന്തെങ്കിലും കാര്യം കാണുമായിരിക്കും. വിഷമിക്കണ്ട. ധൃതി പിടിക്കുകയും വേണ്ട. ഇന്നല്ലെങ്കിൽ നാളെ നമുക്ക് വേണ്ട ചിത്രം നമ്മുടെ കയ്യിൽ എത്തും. പഴമക്കാർ വീടുപണിയുമ്പോൾ എന്തെങ്കിലുമൊക്കെ പണി പിന്നത്തേക്ക് ചെയ്യാൻ ബാക്കി വയ്ക്കുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മനുഷ്യനെപ്പോലെ അവന്റെ താമസസ്ഥലത്തിനും പൂർണത വേണ്ട എന്നു കരുതിയിട്ടാവാം ചിലപ്പോൾ.’ 

 

അയാൾ പതിവിൽനിന്നു വ്യത്യസ്തമായി മിക്കപ്പോഴും ഉറങ്ങി. കമ്പനിയിൽനിന്ന് ഫോൺ വന്നാൽ നടുവേദന കാരണം കിടപ്പിലാണെന്നു പറയാൻ ഭാര്യയെ ചട്ടം കെട്ടി. എത്ര തിന്നാലും അയാൾക്ക് മതിയാകാതെയായി. മകന് സ്കൂളിലേക്കു കൊടുത്തയയ്ക്കാൻ ചുട്ടു വച്ച ഉണ്ണിയപ്പം ഒറ്റയെണ്ണം ബാക്കിവയ്ക്കാതെ അയാൾ അകത്താക്കി. അകാരണമായി ഭാര്യയോടു ദേഷ്യപ്പെട്ടു. മധുരം പോരാ എന്നു പറഞ്ഞ് ഒരിക്കൽ ചായഗ്ലാസ് തൊടിയിലേക്കു വലിച്ചെറിയുകപോലും ചെയ്തു. വളർത്തുനായ അത് കടിച്ചെടുത്തുകൊണ്ടു വന്നപ്പോൾ മുറ്റത്തെ പാരിജാതത്തിന്റെ കൊമ്പു പൊട്ടിച്ച് അയാൾ ആ സാധുമൃഗത്തെ പൊതിരെത്തല്ലി. ജീവിതത്തിലാദ്യമായി, മകനു നിത്യം വേണ്ട മരുന്നുകൾ കൊണ്ടുവരാൻ അയാൾ മറന്നു. വിശേഷദിവസങ്ങളിൽ–ഒാണം, വിഷു, മകന്റെ പിറന്നാൾ, അവരുടെ വിവാഹവാർഷികം– മാത്രം സ്വൽപം കഴിക്കുമായിരുന്ന അയാളെ മിക്ക ദിവസങ്ങളിലും മദ്യം മണത്തു. അൽസ്ഹൈമർ രോഗം പിടിപെട്ട ഒരണ്ണാറക്കണ്ണൻ മരച്ചുവട്ടിൽ മേലോട്ടുനോക്കി നിൽക്കുന്നതുപോലെ മേശപ്പുറത്തെ കാൻവാസിനു മുന്നിൽ അയാൾ അന്തിച്ചുനിന്നു. അയാൾക്ക് അയാൾ വഴങ്ങിയില്ല. എല്ലാവരും ഉറങ്ങിയപ്പോൾ പഴയൊരു ട്രങ്ക് പെട്ടി തുറന്ന് ഇരുപത്തഞ്ചു വർഷങ്ങളുടെ മഞ്ഞച്ച മണമുള്ള ഏതാനും പത്രക്കട്ടിങ്ങുകൾ നെഞ്ചോടു ചേർത്ത് അയാൾ വിതുമ്പിക്കരഞ്ഞു. 

 

നാലഞ്ചു ദിവസങ്ങൾകൊണ്ട് പക്ഷേ, അയാൾ ശമിച്ചു. ദിനചര്യകൾ പഴയതുപോലെയായി. അയാൾ വീണ്ടും ശാന്തനായ കുടുംബനാഥനായി. ഭാര്യയെ അടുക്കളയിലും മകനെ ഗൃഹപാഠത്തിലും സഹായിച്ചു. നായയെ തോട്ടിൽ കൊണ്ടുപോയി കുളിപ്പിച്ചു. പൂന്തോട്ടം നനച്ചു. കമ്പനിയിലെ ലീവ് അയാൾ പത്തുദിവസം കൂടെ നീട്ടിയിരുന്നു. അയാൾ അഴിച്ചുവിട്ട നിറങ്ങൾ കാൻവാസിൽ സൗമ്യരായി മേഞ്ഞു. എന്നും ഒരു മണിക്കൂർ വരച്ചു കഴിഞ്ഞ് എണ്ണച്ചായം ഉണങ്ങാൻ അയാൾ അടുത്ത ദിവസം വരെ അപാരമായ ക്ഷമയോടെ കാത്തു, ഒൻപതാം നാൾ വൈകുന്നേരം നിറങ്ങളുടെ അവസാനത്തെ അടരും പൂർത്തിയായപ്പോൾ അയാൾക്ക് ഒറ്റയ്ക്കിരുന്നു പ്രാർഥിക്കണമെന്നു തോന്നി. 

 

അയാൾ കൊച്ചുകുഞ്ഞിനെപ്പോലെ ഉറങ്ങുകയായിരുന്നു. അയാളെ ഉണർത്താതെ ഭാര്യ ഏറെ നേരം ആ ചിത്രം നോക്കിനിന്നു. അവരുടെ കണ്ണുകൾ നിറയുകയും മുഖം തുടുക്കുകയും ചെയ്തു. ‘അസ്സലായി.’ അവർ സന്തോഷം ഇടറിച്ച ശബ്ദത്തിൽ പറഞ്ഞു. 

 

‘വിജീഷാണ്. ടൗണിലുണ്ട്. എവിടെയാണ് വരേണ്ടത്?’ എന്ന ഫോൺ വന്നപ്പോൾ റിജോഷ് ബാറിലായിരുന്നു. ഒരാഴ്ചത്തെ ദില്ലി യാത്ര കഴിഞ്ഞ് അയാൾ അന്നു രാവിലെ ഫ്ലൈറ്റ് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഊബർ വിളിച്ച് സിറ്റിയിലെത്തുമ്പോൾ സമയം പതിനൊന്ന്. രണ്ടെണ്ണം പിടിപ്പിച്ചിട്ടാവാം വീട്ടിലേക്കു തിരിക്കുന്നത് എന്ന് പതിവു പോലെ അയാൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. 

 

അധികം തിരക്കില്ലാത്ത ആ മദ്യശാല റിജോഷിന്റെ സ്ഥിരം സ്ഥലമായിരുന്നു. അവിടത്തെ ശീതളിമ, അരണ്ട വെളിച്ചം, നിശ്ശബ്ദത, ഔചിത്യംവിടാത്ത വെയിറ്റർമാർ, വ്യക്തിപരമായ കാര്യങ്ങളിൽ ഇട പെടാത്ത, നിലവാരമുള്ള കുറച്ചു സുഹൃത്തുക്കൾ–എല്ലാം റിജോഷിന് ഇഷ്ടമായിരുന്നു. ഹോട്ടൽ തുടങ്ങിയ കാലത്ത് സ്ഥാപിച്ച ഒരു ചുമർ ചിത്രം മാത്രമേ അവിടത്തെ മൊത്തം അന്തരീക്ഷത്തിനു ചേരാത്തതായി ഉണ്ടായിരുന്നുള്ളൂ. 

 

‘വിജീഷേ, ഞാൻ ടൗണിൽത്തന്നെയുണ്ട്, കേരളാ പാലസ് ഹോട്ടലിൽ. എക്സിക്യൂട്ടീവ് ബാറിൽ. നീ ഇങ്ങോട്ടു വാ.’‌ 

‘അതു വേണോ? എന്റെ കൈവശം നിനക്കുള്ള പെയിന്റിങ് ഇരിക്കുന്നുണ്ട്. മാത്രമല്ല എനിക്ക് പോയിട്ട് തിരക്കുമുണ്ടായിരുന്നു.’‌ 

 

‘വാടോ, ഇവിടെ എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ മാത്രമേയുള്ളൂ. നീ വാ. ചിത്രകല ആസ്വദിക്കാൻ മദ്യശാലയെക്കാൾ നല്ല സ്ഥലം ഏതുണ്ട്?’ ഫോണിൽ കൂട്ടച്ചിരി മുഴങ്ങുന്നത് വിജീഷ് കേട്ടു. 

 

പൊരിവെയിലത്തുനിന്നു വന്നു കയറിയതിനാൽ വിജീഷിന് ഏറെ നേരത്തേക്ക് ഒന്നും കാണാനായില്ല. കൊടും തണുപ്പും അപരിചിതമായ ഒരു സ്ഥലത്തു ചെന്നുപെട്ടതിന്റെ സംഭ്രമവും അയാളെ വിവശനാക്കി.  ‘എടാ, ഇവിടെ’ കൗണ്ടറിനു ചുറ്റുമിട്ട ഉയരം കൂടിയ കസേലകളിലൊന്നിൽ നിന്ന് റിജോഷ് വിളിച്ചു പറഞ്ഞു. 

‘വാ, ഒരെണ്ണം കഴിക്ക്.’‌ 

 

ഷെൽഫിൽ നിരത്തിവച്ച മദ്യക്കുപ്പികളെ വിജീഷ് കൗതുകത്തോടെ നോക്കി. അയാൾക്കു പരിചയമുള്ള ഒന്നും അക്കൂട്ടത്തിലില്ലായിരുന്നു. ‘സർ, എംസിവീയെസ്സോപ്പി മുതൽ മേലോട്ടേ ഉള്ളൂ’ അയാളുടെ പരിഭ്രമം വായിച്ച് വെയിറ്റർ പറഞ്ഞു. 

‘ഒന്നര. സോഡ വേണ്ട. തണുക്കാത്ത വെള്ളം.’ വിജീഷിന്റെ ശബ്ദം ദുർബലമായിത്തുടർന്നു. 

‘എവിടെ, നീ എനിക്കുവേണ്ടി കൊണ്ടുവന്ന ചിത്രം കാണട്ടെ?’ 

‘റിജോഷേ, ഇവി‌ടുന്ന് തുറക്കണോ? ഞാനിത് ഫ്രെയിം ചെയ്യിച്ച് ഭദ്രമായിപ്പൊതിഞ്ഞു കൊണ്ടുവന്നതാണ്. വീട്ടിൽക്കൊണ്ടുപോയിട്ട് പോരേ?’ 

 

‘കാണിക്കെടോ. ഇവർ എന്റെ കൂട്ടുകാരാ. നിന്റെ കലാസൃഷ്ടി അവരും കൂടെ കാണട്ടെ.’ 

മനസ്സില്ലാമനസ്സോടെ വിജീഷ് ആ ചതുരപ്പൊതി തുറന്നു. ആ മധു ശാലയിലെ സകല അലങ്കാരങ്ങളെയും നിഷ്പ്രഭമാക്കുന്ന ലാവണ്യം അതിൽനിന്ന് പ്രസരിച്ചു. അവിടെയുള്ള ഏത് മദ്യം കഴിച്ചാലും ലഭിക്കുന്നതിനെക്കാൾ മുന്തിയ ലഹരിയിൽ ആളുകൾ മുഗ്ധരായിത്തീർന്നു. 

‘റിജോഷിന്റെ കൂട്ടുകാരാ, ഇത് വിൽക്കുന്നോ? അൻപതിനായിരം ഉറുപ്പിക ഇപ്പോൾത്തരാം.’ അവരിലൊരാൾ ചോദിച്ചു. 

 

ഹോട്ടലിന്റെ മാനേജർ യാദൃച്ഛികമായി അപ്പോൾ അവിടേക്ക് വന്നു ചേർന്നു. ബാറിലെ കാലഹരണപ്പെട്ട ചുമർച്ചിത്രത്തിനു പകരം ഒരെണ്ണം അയാൾ മാസങ്ങളായി തേടിക്കൊണ്ടിരിക്കുകയായിരുന്നു. ‘ഹരിയേട്ടാ, നിങ്ങൾ പറഞ്ഞതിനെക്കാൾ പതിനായിരം രൂപ കൂടുതൽ ഞങ്ങൾ കൊടുക്കാം. നമുക്കിത് ഇവിടെ തൂക്കാം.’ 

വിജീഷ് വല്ലാതെയായി. ‘ഞാനിത് ഇവനുവേണ്ടി വരച്ചതാണ്. വിൽക്കാൻ ഉദ്ദേശിച്ചല്ല.’ 

‘എങ്കിൽപിന്നെ ഇതാണ് ബെസ്റ്റ് സ്ഥലം’ ഒന്നിലും പങ്കെടുക്കാതെ ഒരു മൂലയ്ക്ക് ഗൗരവത്തിലിരുന്ന താടിക്കാരൻ പറഞ്ഞു. ‘വീട്ടിലേക്കാൾ കൂടുതൽ സമയം റിജോഷ് ഇവിടെയാ.’ 

അയാളും വിജീഷുമൊഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു. 

‘നീ വാ.’ റിജോഷ് വിജീഷിനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. 

 

‘എടാ, നിനക്കിത്രയും കേമത്തമുണ്ട് എന്നെനിക്കറിയില്ലായിരുന്നു. വിൽക്കണമെങ്കിൽ വിറ്റോ കേേട്ടാ. അവർ വലിയ പുള്ളികളാ. കാശ് റൊക്കമാ. എടാ നീ ഇനിയും വരയ്ക്കണം. നമുക്കിതൊരു ബിസിന സാക്കാം. പണം ഞാൻ മുടക്കാം.’ 

 

വിജീഷ്, വിഡ്ഢികളായ കലാകാരന്മാർ എക്കാലത്തും ചിരിക്കാറുള്ള പുച്ഛച്ചിരി ചിരിച്ചു. 

‘എവിടെ നിന്റെ വണ്ടി? ഡിക്കി തുറക്ക്. ഇത് വച്ചിട്ട് എനിക്ക് പോണം.’ അയാൾ മുഷിഞ്ഞു. 

‘വണ്ടിയില്ലെടാ. ഞാൻ എയർപോർട്ടീന്ന് വരുന്ന വഴിയാ. ഇനി ടാക്സി വിളിക്കണം. തൽക്കാലം നീ അത് കൗണ്ടറിൽ സുരേന്ദ്രേട്ടനെ ഏൽപിക്ക്. എന്നിട്ട് ഒരെണ്ണം കൂടെ പി‌ടിപ്പിക്ക്. ഞാൻ ഈ സിഗരറ്റ് വലിച്ചു തീർത്തിട്ടു വരാം.’ കുഴഞ്ഞു തുടങ്ങിയ ശബ്ദത്തിൽ റിജോഷ് പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ റിജോഷിന് ഒന്നു രണ്ടു ബിസിനസ് കോളുകൾ വന്നു. അയാളുടെ സംസാരം അരമണിക്കൂർ നീണ്ടു. 

 

‘ചങ്ങാതി, സ്ഥലം വിട്ടു കേട്ടോ.’ റിജോഷ് തിരിച്ചുവന്നപ്പോൾ കൂട്ടുകാർ പറഞ്ഞു. 

ഹൈ. അതു മോശമായി. അയാൾ ഫോണെടുത്ത് വിളിച്ചു. പതിവു പോലെ നോട്ട് റീച്ചബിൾ എന്നു കേട്ടപ്പോൾ അയാൾക്കു ദേഷ്യം വന്നു. 

‘ആ, പോകുന്നവർ പോട്ടെ. ബില്ലെടുക്ക് സുരേന്ദ്രേട്ടാ. ഒരാഴ്ചത്തെ ഉറക്കമുണ്ട്. നല്ല യാത്രാക്ഷീണവും. ഒരു ടാക്സി പറയ്. പിന്നെ, ആ  പെയിന്റിങ്ങെടുത്ത് ഡിക്കിയിൽ വയ്ക്കാൻ പറഞ്ഞേക്ക്.’ 

 

‘ബില്ലൊക്കെ കൂട്ടുകാരൻ പേ ചെയ്തു.’ വെയിറ്റർ ചിരിച്ചു. ‘വേണ്ടാന്ന് ഞാൻ പലതവണ പറഞ്ഞതാണ് സാർ. പക്ഷേ, അയാൾ സമ്മതിച്ചില്ല.’ 

കുളിച്ച് ഭക്ഷണം കഴിച്ചപാടെ റിജോഷ് ഉറങ്ങാൻ കിടന്നു. ‘എടീ, ഞാൻ ഒരു പെയിന്റിങ് കൊണ്ടുവന്നിട്ടുണ്ട്. നിനക്ക് ബോധിക്കുമോ എന്നു നോക്ക്.’ 

 

സൂന ആ ചിത്രം ഏറെ നേരം നോക്കിനിന്നു. അവളുടെ കണ്ണുകൾ നിറയുകയും മുഖം തുടുക്കുകയും ചെയ്തു. ‘അസ്സലായി.’ സന്തോഷം ഇ‌ടറിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. 

നഗരം ഒരു കൂറ്റൻ ചീനച്ചട്ടിയെ ഓർമിപ്പിച്ചു. മനുഷ്യർ അതിൽ കടുകുപോലെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. പലയിടങ്ങളിൽ നിന്നൊഴുകി വന്ന അസംഖ്യം കുഞ്ഞു ജാഥകൾ നഗര ചത്വരത്തിൽ സംഗമിച്ചു. തഴമ്പിച്ച തൊണ്ടകളിൽനിന്ന് അതുവരെ കേൾക്കാത്ത മുദ്രാവാക്യങ്ങൾ മുഴങ്ങി. റോഡരികിൽ അതിനീളത്തിൽ വലിച്ചു കെ‌ട്ടിയ കാൻവാസിൽ അനേകം ചിത്രകാരന്മാർ അവരു‌െട അമർഷം വരച്ചു. തെരുവിന്റെ മൂലയിൽ പെട്ടെന്നു രൂപം കൊണ്ട ഒരു സ്റ്റേജിൽ മേൽവിലാസമില്ലാത്ത മനുഷ്യർ വിപ്ലവഗാനങ്ങൾ പാടുകയും പ്രതിഷേധനൃത്തം ചവിട്ടുകയും ചെയ്തു. 

 

വിജീഷ് നാട്ടിലേക്കു നിർത്തിയിട്ട ബസിൽ കയറി. ഇരുപത്തിരണ്ടു വർഷമായി ജോലി ചെയ്യുന്ന തെരുവിനോട് അയാൾക്ക് അതുവരെ തോന്നാത്ത  വാത്സല്യം തോന്നി. ഉണ്ടാകുമോ എന്നുറപ്പില്ലാത്ത ജോലിയിൽ തിരികെക്കയറാൻ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം. വിറകുപുരയിൽ ബാക്കിയുള്ള ജവാൻ റം തീർക്കാൻ നൂറുഗ്രാം പയ്യോളി മിക്സ്ചർ വാങ്ങണം. മകന് ഒരു ചെസ് ബോർഡും ഭാര്യയ്ക്ക് ചെരിപ്പും വേണം. അതിനുള്ള പണം കീശയിലുണ്ടോ എന്നു നോക്കാൻ നേരു പറഞ്ഞാൽ, അപ്പോൾ അയാൾക്കു പേടിയായി. 

 

സുനീഷ് കൃഷ്ണൻ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഷോ മാൻ എന്ന പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Summary: Kuchelavritham malayalam short story written by Suneesh Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com