ADVERTISEMENT

വെളിച്ചം (കഥ)

 

അവനെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഇരുണ്ട നിറം. കട്ടി മീശയും താടിയും. പ്രസന്നമായ ചിരി. കറുത്ത ഒരു തൊപ്പി.

 

അന്നൊരു ശനിയാഴ്ചയായിരുന്നു. എന്റെ ആദ്യത്തെ പിഎസ്​സി എക്സാം. കുഴിമണ്ണ ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു എക്സാം സെന്റർ. ഒരു മണിക്കൂർ യാത്രയെ ഒള്ളു. അതുകൊണ്ടു തന്നെ 11.30 ക്കാണ് ബസ് കേറിയത്. പതിവു പോലെ വിൻഡോ സീറ്റിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. ഉമ്മ തന്ന 110 രൂപയെ കയ്യിൽ ഉണ്ടായിരുന്നുള്ളു. 50 ന്റെ നോട്ട് കൊടുത്ത് ടിക്കറ്റ് എടുത്തു. ബാക്കി തരുന്നതിനിടയിൽ കണ്ടക്ടറോട് സ്കൂളിനെ കുറിച്ച് അന്വേഷിച്ചു.

 

"ഏട്ടാ... ഈ കുഴിമണ്ണ ഹയർ സെക്കന്ററി സ്കൂൾക്ക് പോവാൻ എവടാ ഇറങ്ങേണ്ടത് "

 

"അത് മോങ്ങം ഇറങ്ങിട്ട് വേറെ ബസ് കേറണം" കണ്ടക്ടർ ബെൽ അടിച്ചതിനു ശേഷം പറഞ്ഞു തന്നു.

 

മക്കരപറമ്പ് കഴിഞ്ഞ് പുറത്തെ  കാഴ്ചകളൊക്കെ കണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ആണ്  "പിഎസ്​സിക്ക് ആണോ?" എന്ന ചോദ്യം കേട്ടത്. അപ്പോഴാണ് അവനെ ഞാൻ ശ്രദ്ധിച്ചത്.

 

ഞാൻ ഗൂഗിൾ മാപ് നോക്കുന്നത് അവൻ കണ്ടിരിക്കണം. അതുകൊണ്ടായിരിക്കും അവൻ അങ്ങനെ ചോദിച്ചതും.

 

"അതെ.." അവന്റെ ചോദ്യത്തിന് മറുപടി കൊടുത്തു.

 

"ഇയ്യോ? " ഞാൻ ചോദിച്ചു.

 

"ആ ഞാനും. സെന്റർ എവിടെയാ? "

 

"കുഴിമണ്ണ ഹയർ സെക്കന്ററി സ്കൂൾ" ഞാൻ പറഞ്ഞു.

 

"നിനക്ക് വഴി അറിയോ" അവൻ ചോദിച്ചു.

 

"ഇല്ല... ഗൂഗിൾ മാപ് അനുസരിച്ച് പോവണം..."

 

അവനും ഗൂഗിൾ മാപ് ഓൺ ആക്കി വച്ചിരുന്നു. നോക്കിയപ്പോൾ രണ്ടു പേരുടേം സെന്റർ ഒരേ വഴിയിൽ ആണെന്ന് എനിക്ക് മനസ്സിലായി.

 

"നമ്മുക്ക് രണ്ടാൾക്കും പോവണ്ടേത് ഒരേ റൂട്ട് ആണല്ലോ" എന്നു പറഞ്ഞ് ഞാൻ അവന് ഗൂഗിൾ മാപ് കാണിച്ചു കൊടുത്തു.

 

"ശരിയാണല്ലോ". അവൻ പറഞ്ഞു.

 

"മോങ്ങം ഇറങ്ങിട്ട് വേറെ ബസ് കേറണം ന്നാ കണ്ടക്ടർ പറഞ്ഞത് " ഞാൻ അവനോട് പറഞ്ഞു.

 

" ഓക്കേ "  എന്നു മാത്രം പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു. അവൻ വായിക്കാൻ പോവാണെന്ന് മനസ്സിലായതോടെ പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.

 

പുറത്ത് ആകാശം മൂടികെട്ടാൻ തുടങ്ങിയിരുന്നു. മഴ പെയ്യാൻ ഉള്ള സാധ്യതയും മനസ്സിൽ കണ്ടു.

 

വരുന്ന വഴിയിൽ ബ്ലോക്ക്‌ ഉണ്ടായതു കൊണ്ട് ബസ്സ് അല്പം വൈകിയാണ് മോങ്ങത്ത് എത്തിയത്. മോങ്ങത്ത് ഇറങ്ങിയ ഉടനെ  അടുത്തതായി കേറേണ്ട ബസ്സിനെ കുറിച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന ഒരാളോട് അന്വേഷിച്ചു.

 

"ഏട്ടാ ഈ കുഴിമണ്ണ സ്കൂൾ ക്ക് പോവാൻ ഉള്ള ബസ് എവടെ കിട്ടാ "

 

"ആ വഴി കണ്ടോ... അതിലൂടെ പോയാൽ വലത് ഭാഗത്തായി കാണാം. അവടെ ആണ് ബസ്സ് നിർത്തി ഇടാറ്.. " റോഡിന് അപ്പുറത്തെ ഒരു വഴി ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

 

"ഓക്കേ.. താക്സ്..." എന്നു പറഞ്ഞ് അയാൾക്ക് നന്ദി അറിയിച്ചു.

 

"പക്ഷെ ഇപ്പൊ ആ ബസ്സ് പോയിട്ട്ണ്ടാവും. ഇനി അടുത്തത് വരാൻ ഒരു 15 മിനുട്ട് ആവും" വാച്ച് നോക്കി കൊണ്ട് അയാൾ പറഞ്ഞു.

 

സമയം വൈകിയതു കൊണ്ടുതന്നെ ഇനിയിപ്പോ ന്ത് ചെയ്യും ന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒന്നൂടെ പറഞ്ഞു.

 

"ഇനിയിപ്പോ ഓട്ടോയിൽ പോവേണ്ടി വരും. ആ ഓട്ടോക്കാരനോട് ചോയ്ച്ചു നോക്ക് അയാൾ ആക്കി തരും "

 

താമസിക്കാതെ ഓട്ടോക്കാരന്റെ അടുത്ത് ചെന്നു. ഓട്ടോ കൂലി ചോയ്ച്ചു. 100 രൂപ. ഇനി എന്തു ചെയ്യും. എന്റെ കയ്യിൽ ആണേൽ തിരിച്ചു പോരാൻ ഉള്ള രൂപയെ ഇനി ഒള്ളു. അത് ഓട്ടോക്ക് കൊടുത്താൽ പിന്നെ തിരിച്ചു പോരാൻ കഴിയില്ല. ബസ്സിനായി കാത്തിരുന്നാൽ കൃത്യ സമയത്ത് സെന്ററിൽ എത്താൻ കഴിയില്ല. ആദ്യത്തെ എക്സാം. ഇതു വരെ വന്ന് എക്സാം എഴുതാതെ തിരിച്ചു പോയാൽ അതും നഷ്ടം. അങ്ങനെ പല പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. പെട്ടെന്നാണ് അവന്റെ ചോദ്യം കേട്ടത്.

 

"ഹേയ്... പോരുന്നില്ലേ..."

 

"ഇല്ല... ഞാൻ ബസ്സിന് വരാം... നീ പോക്കോ..." കയ്യിൽ ആവശ്യത്തിന് പൈസ ഇല്ലാത്തതു കൊണ്ട് അങ്ങനെ എനിക്ക് മറുപടി കൊടുക്കേണ്ടി വന്നു. 

 

"ബസ്സിന് വന്നാൽ കറക്റ്റ് ടൈമിൽ എത്താൻ കഴിയില്ല. ഈ ഓട്ടോയിൽ പോവാം. കേറ് "  എന്നും പറഞ്ഞ് അവൻ എന്നെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി.

 

ഓട്ടോ എടുത്തു. ഓട്ടോയിൽ കയറിയതു കൊണ്ട് ഞാൻ ഒന്നും കൊടുത്തില്ലേൽ മോശം അല്ലേ എന്നു തോന്നിയപ്പോൾ കൈയിൽ ബാക്കി ഉള്ള രൂപ കൊടുക്കാം എന്നു കരുതി. ആ നേരത്ത് തിരിച്ച് എങ്ങനെ പോരും എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നതേയില്ല.

 

അവന്റെ സെന്റർ ആയിരുന്നു ആദ്യം. അവൻ ഇറങ്ങിയതും ഓട്ടോക്കാരന് 100 രൂപയും എടുത്തു കൊടുത്തു. എന്നിട്ട് എന്നെ നോക്കി ഒരു ചെറിയ ചിരിയോടെ "ശരിട്ടോ. കാണാം " എന്നു പറഞ്ഞ് പെട്ടെന്നു തന്നെ നടന്നകന്നു. നന്ദി പറയാൻ പോലും സമയം കിട്ടിയില്ല. അതിനു മുന്നേ അവൻ അവന്റെ സെന്ററിലേക്ക് കേറിയിരുന്നു. തിരിച്ചു വരുമ്പോൾ വീണ്ടും കാണാം എന്ന പ്രതിക്ഷ മനസ്സിൽ ഉണ്ടായിരുന്നു.

 

താമസിക്കാതെ തന്നെ ഓട്ടോ എന്റെ സെന്ററിൽ എത്തി. ഞാൻ വാച്ച് നോക്കി. 1.20. ഇനി 10 മിനുട്ട് കൂടെ ഉണ്ട് എക്സാം തുടങ്ങാൻ. വേഗം ക്ലാസ്സ്‌ റൂം കണ്ടെത്തി. എന്റെ റോൾ നമ്പർ എഴുതിയ ബെഞ്ചിൽ പോയി ഇരുന്നു. മനസ്സ് മുഴുവൻ അവനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

 

മുൻപ് ഒരു പരിചയവും ഇല്ലാത്ത എന്റെ ഓട്ടോ കാശ് അവൻ കൊടുത്തു. ഞാൻ പറയാതെ തന്നെ എന്റെ കൈയിൽ പൈസ കുറവാണെന്ന് അവൻ മനസ്സിലാക്കി. അങ്ങനെ ചിന്തക്കളുടെ ഒരു കൂമ്പാരം മനസ്സിൽ നിറഞ്ഞു.

 

1.30 ന് ഇൻവിജിലെറ്റർ വന്നു. അറിയുന്ന പോലെ ഒക്കെ എക്സാം എഴുതി... 3.30 ക്കാണ് എക്സാം കഴിഞ്ഞത്. എന്റെ ഹാളിൽ ഉണ്ടായിരുന്ന ഒരാളോട് അന്വേഷിച്ച് ബസ്സ് സ്റ്റോപ്പ്‌ കണ്ടെത്തി... മോങ്ങത്തേക്ക് ബസ്സ് കേറി. ബസ്സ് അവന്റെ സെന്ററിന്റെ മുന്നിൽ നിർത്തിയപ്പോൾ അവൻ കേറുന്നുണ്ടോ എന്ന് ഞാൻ നോക്കി. പക്ഷേ അവനെ അവിടെ ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

 

മോങ്ങത്ത് ഇറങ്ങി വീട്ടിലേക്ക് ബസ്സ് കേറാൻ നിൽക്കുമ്പോഴും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. അവിടെയും അവനെ കണ്ടെത്താൻ സാധിച്ചില്ല. രണ്ടു ബസ്സ് കടന്നു പോയി. മൂന്നാമത്തെ ബസ്സിൽ ആണ് കേറിയത്.

 

അപ്പോഴും മനസ്സിൽ ഒരു ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു.

അവന്റെ പേര് ന്തായിരുന്നു?

അറിയില്ല..

അവനോട് ഞാൻ പേര് ചോദിച്ചിരുന്നോ? ഇല്ല.

സംസാരത്തിനിടയിൽ ഞാൻ അത് മറന്നിരുന്നു. ഞാൻ മെല്ലെ പുറത്ത് നോക്കി. ആകാശത്തെ കാർമേഘങ്ങൾ മാറി. എല്ലായിടത്തും വെയിൽ പരന്നു... 

            

അടിക്കുറിപ്പ് 

 

ചിലപ്പോഴൊക്കെ അങ്ങനെ ആണല്ലേ... ചില വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരും. അവർ നമ്മളെ സഹായിക്കും. അവർ നമ്മളെ കരപിടിച്ചു കയറ്റും. അവർ നമ്മളെ ചിരിപ്പിക്കും. അവർ നമ്മളെ ചിന്തിപ്പിക്കും. എന്നിട്ടോ? 

പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും.

 

അവരൊക്കെ ആരായിരുന്നു? 

 

അവരെല്ലാം ഇരുട്ടിൽ പ്രകാശം നൽകിയവരാണ്. വെളിച്ചമാണ്....

 

സമർപ്പണം 

 

പേരറിയാത്ത അവന്റെ നല്ല മനസ്സിന്...

English Summary : Velicham Story By Faris Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com