ADVERTISEMENT

പുനർജനി (കഥ)

പെയ്തുതോർന്ന മഴയുടെ ഓർമയ്ക്കായി ജനൽചില്ലിലൂടെ സാവധാനം ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗേറ്റ് കടന്ന് ഒരു കാർ ബംഗ്ലാവിനെ ലക്ഷ്യം വച്ച് വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. മിൽട്ടൺ അങ്കിൾ പറഞ്ഞതനുസരിച്ച് ഇന്നലെ വന്ന പണിക്കാർ തന്നെയാകുമെന്ന് അവൻ കരുതി. അവരുടെ ബഹളം കാരണം ഇന്നലെ അവൻ മുഴുവൻ സമയവും മുറിയിൽ തന്നെയിരുന്ന് നേരം കഴിച്ചുകൂട്ടുകയായിരുന്നു. തന്റെ മുറി തുറക്കരുതെന്ന് മിൽട്ടൺ അങ്കിൾ അവരോട് പ്രത്യേകം പറഞ്ഞിരുന്നു. താൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾക്കെന്തെങ്കിലും സ്ഥാനഭ്രംശമോ കേടുപാടുകളോ സംഭവിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. തന്റെ വിയോഗത്തിൽ ഏറ്റവും അധികം ദുഃഖിച്ചിട്ടുള്ളത് അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. മക്കളില്ലാത്ത അവർക്ക് ഏക ആശ്വാസം മരിച്ചുപോയ അവരുടെ സുഹൃത്തിന്റെ മകനായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് തന്നെയും നഷ്ടപ്പെട്ടിരിക്കുന്നു. അവന്‌ കരയണമെന്ന് തോന്നി. എന്നാൽ കരയാൻ സാധിക്കുന്നില്ല. അല്ലെങ്കിലും ആത്മാവിന് എന്ത് ദുഃഖം! അതെല്ലാം തന്റെ ഇഹലോകജീവിതത്തിൽ തന്നെ ഉപേക്ഷിച്ചു വന്നതാണ് താൻ. എന്തായാലും തന്റെ സാമീപ്യം മറ്റാരും അറിയരുത്. ഇന്നലത്തെ പോലെ ഒരിടത്തു തന്നെ അനങ്ങാതെ ഒരു ദിവസം മുഴുവൻ ഇരിക്കേണ്ടതോർത്ത് അവനു മടുപ്പ് തോന്നി.

അവൻ പ്രതീക്ഷിച്ചതുപോലെ മിൽട്ടൺ അങ്കിൾ കാറിൽ നിന്നിറങ്ങി. എന്നാൽ കൂടെ ജോലിക്കാർ ഒന്നുമുണ്ടായില്ല. പകരം കൂടെ വന്ന ആളെ അവൻ ശ്രദ്ധിച്ചു നോക്കി. പരിചിതമായ മുഖം. അനാമിക... അവൾ തന്നെ. താൻ ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന പെൺകുട്ടി. ചെറുപ്രായത്തിൽ തന്നെ അനാഥയാകേണ്ടിവന്നവൾ.

അനാമിക വളർന്നത് ഒരു അനാഥാലയത്തിലാണ് എല്ലാവരോടും നന്നായി സംസാരിക്കുന്ന ഒരു പാവം പെൺകുട്ടി. അവന് അവളുമായുള്ള സൗഹൃദം സഹതാപത്തിൽ നിന്നുടലെടുത്തതായിരുന്നെങ്കിലും അവൻ പോലുമറിയാതെ അത് മറ്റുപലതുമായി മാറുകയായിരുന്നു. മിൽട്ടൺ അങ്കിളിന്റെ സമ്മതത്തോടെ അവൻ അവളുടെ സ്പോൺസർഷിപ് ഏറ്റെടുത്തിരുന്നു. ഒരിക്കലും അവളുടെ സ്പോൺസർ താനാണെന്ന് അവളറിയാതിരിക്കാൻ മിൽട്ടൺ അങ്കിളിനെയാണ് അവൻ അവളുടെ സ്പോൺസറായി അവതരിപ്പിച്ചത്. ജീവിച്ചിരുന്നപ്പോൾ അവളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്തതിൽ അവന് നല്ല മനഃപ്രയാസം ഉണ്ടായിരുന്നു. പലകുറി ശ്രമിച്ചതാണ്. എന്നാൽ അവൾ മുൻപിലേക്ക് വരുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അവന് നഷ്ടപ്പെടും. അപ്രതീക്ഷിതമായി എവിടെയെങ്കിലും വച്ച് കണ്ടാൽ ഹൃദയത്തിന്റെ സോഫ്റ്റ് വെയറിൽ വൈറസ് കേറിയതു പോലെ ഒരു വെപ്രാളമാണ്. മാരത്തോൺ ഓടി വന്നതു പോലെ നിന്നു മിടിക്കും. കയ്യും കാലും വിറച്ചു തുടങ്ങും. അതിനേക്കാൾ വലിയ ടെൻഷൻ തന്റെ കൈ വിറക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടാലോ എന്നതാണ്. മൊത്തത്തിൽ പറഞ്ഞാൽ ഒന്നും അറിയാത്തതു പോലെ നല്ലൊരു സുഹൃത്തായി അവളുടെ മുൻപിൽ നിന്ന് അഭിനയിച്ചു കഷ്ടപ്പെടുകയായിരുന്നു. എല്ലാത്തിനുമുപരി അവളുടെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു...

മിൽട്ടൺ അങ്കിൾ കുറേ പെട്ടികളൊക്കെ കാറിൽ നിന്നിറക്കി വയ്ക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ ബംഗ്ലാവിന്റെ വലിയ വാതിൽ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടു. അവൻ വേഗം മുറിയിൽ നിന്ന് താഴേക്കിറങ്ങിചെന്നു. മിൽട്ടൺ അങ്കിൾ അവളുടെ പെട്ടികൾ എടുത്ത് ഗസ്റ്റ് റൂമിൽ കൊണ്ടു വെക്കുകയായിരുന്നു. അവളുടെ വിടർന്ന കണ്ണുകൾ ആശ്ചര്യത്തോടെ ബംഗ്ലാവിന്റെ ചുമരുകളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. 

"നാലഞ്ചു മാസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു... അരുൺ നമ്മളെ വിട്ടു പോയതിൽ പിന്നെ ആരും ഇങ്ങോട്ടേക്കു വരാറില്ല." അതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്നാൽ അതു മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം തുടർന്നു. "ഇന്നലെ പണിക്കാരെ വച്ച് ആകെ മൊത്തം ഒന്ന് വൃത്തിയാക്കിച്ചു. പൊടി പിടിച്ചു കെടക്കുവായിരുന്നു. പിന്നെ അരുണിന്റെ മുറി മാത്രം വൃത്തിയാക്കിച്ചിട്ടില്ല. അവിടെ അവൻ ഉപയോഗിച്ചിരുന്ന സാധനങ്ങളൊക്കെ അവന്റെ ഓർമയ്ക്ക് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞങ്ങൾക്ക് മകനെന്ന് പറയാൻ അവൻ മാത്രമായിരുന്നു... " അയാളുടെ വാക്കുകൾ ഇടറി. "ഇപ്പോൾ അവനെയും നഷ്ടപ്പെട്ടു." അതു പറയുമ്പോൾ അദ്ദേഹത്തിന് തന്റെ കണ്ണുനീർ മറച്ചു വയ്ക്കാനായില്ല. വളരെ പെട്ടന്നു തന്നെ സമനില വീണ്ടെടുത്ത് അദ്ദേഹം അവളോട് പറഞ്ഞു. 

"മോൾക്ക് വേണമെങ്കിൽ അവന്റെ മുറിയൊക്കെ തുറന്നു നോക്കാം ട്ടോ... മോളെ അവന് ഒരുപാട് ഇഷ്ടമായിരുന്നു. കോളേജ് വിട്ടു വരുമ്പോൾ അവൻ അങ്കിളിന്റെ വീട്ടിൽ വന്നിട്ട് രാത്രിയേ ഇങ്ങോട്ട് വരാറുള്ളൂ. വരുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു മോൾടെ കാര്യം. മോൾടെ അടുത്ത് ഇതുവരെ ഇഷ്ടം തുറന്നു പറയാത്തതിന് ഞാനും ആന്റിയും അവനെ പലപ്പോഴും കളിയാക്കുമായിരുന്നു. അന്ന് രാത്രി അവൻ ഞങ്ങൾ രണ്ടാളോടും ബെറ്റ് വച്ചിട്ട് പോയതാ...നാളെ മോളോട് അവൻ മനസിലുള്ള കാര്യം തുറന്നു പറയുമെന്ന്. അന്ന്... ഇങ്ങോട്ട് വരുന്ന വഴിക്ക്... അദ്ദേഹം അത് മുഴുമിപ്പിച്ചില്ല. 

അനാമികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

"മോളോട് എല്ലാം പറയണമെന്ന് കരുതി... എക്സാം കഴിയാൻ കാത്തിരിക്കുകയായിരുന്നു." 

അരുൺ ആയിരുന്നു തന്റെ സ്പോൺസർ എന്നറിഞ്ഞപ്പോൾ അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായുള്ള അവന്റെ വേർപാട് അവളെ വല്ലാതെ തളർത്തിയിരുന്നു. എപ്പോഴും നല്ലൊരു സുഹൃത്തെന്നതിലുമുപരി അവൾക്ക് എന്തും തുറന്നു സംസാരിക്കാവുന്ന എന്തിനും ധൈര്യം തന്നിരുന്ന ഒരാളായിരുന്നു അരുൺ.  

"മോളിത് സ്വന്തം വീടായി കരുതിക്കോളൂ... അവൻ ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നീ ഇവിടേക്ക് തന്നെയായിരുന്നില്ലേ വരേണ്ടത്. മോൾക്ക് വൈകാതെ അങ്കിളിന്റെ ഓഫീസിൽ ജോലി ശരിയാക്കിത്തരുന്നുണ്ട്. ഒന്നിനെക്കുറിച്ചും വിഷമിക്കണ്ട. മോൾടെ അച്ഛന്റെ സ്ഥാനത്ത് അങ്കിളിനെ കരുതിക്കോളൂ... അങ്കിളിനു മക്കളെന്ന് പറയാൻ വേറെ ആരും ഇല്ല." അദ്ദേഹം അവളുടെ തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.       

"അരുൺ മോൻ ഉണ്ടായിരുന്ന സമയത്ത് ഇവിടെ സഹായത്തിനു കുറച്ചു ജോലിക്കാരുണ്ടായിരുന്നു. അവർ നാളെ മുതൽ വരും മോൾക്ക് സഹായത്തിന്. ഇപ്പോ അങ്കിൾ പോട്ടെ..." നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മിൽട്ടൺ അവിടെ നിന്നും പടിയിറങ്ങി.       

ആ വലിയ ബംഗ്ലാവിൽ തളം കെട്ടി കിടക്കുന്ന നിശ്ശബ്ദത അവളെ ചെറിയ തോതിലെങ്കിലും ഭയപ്പെടുത്തി. മുൻവശത്തെ വരാന്തയിൽ ചെന്ന് നോക്കിയപ്പോൾ മിൽട്ടൺ അങ്കിളിന്റെ കാർ ഗാർഡനും കടന്ന് ഗേറ്റിനു വെളിയിലെത്തിക്കഴിഞ്ഞിരുന്നു. കാർ വെളിയിലേക്ക് കടന്നതും ഗേറ്റ് തനിയെ അടഞ്ഞു. ഇങ്ങോട്ടു വരുമ്പോഴും അവളതു ശ്രദ്ധിച്ചിരുന്നു. ഗേറ്റ് സെൻസർ വച്ചാണ് പ്രവർത്തിക്കുന്നത്. അവൾ വാതിൽ അടച്ച് തഴുതിട്ടു. രാത്രിയിലേക്കുള്ള ഭക്ഷണം കരുതിയിട്ടുണ്ട്. നാളെ ആവശ്യമുള്ളതൊക്കെ വാങ്ങി വെക്കാം എന്നൊക്കെ കണക്കുകൂട്ടി അവൾ മുറിയിലേക്ക് നടന്നു. വിശാലമായ മുറി. ഓർഫനേജിലെ നിരനിരയായി ഇട്ടിരിക്കുന്ന ഡബിൾ ഡെക്ക് കട്ടിലുകൾക്കിടയിലൂടെ നടന്നു ശീലിച്ച അവൾക്ക് കൂട്ടിലിട്ടു വളർത്തിയ കിളിയെ പെട്ടന്നൊരു ദിവസം ആകാശത്തേക്ക് പറത്തിവിട്ടതുപോലെ തോന്നി. മൊത്തത്തിൽ ഒന്ന് ചുറ്റികാണാമെന്ന് കരുതി വസ്ത്രങ്ങൾ ഒതുക്കി വയ്ക്കാൻ കട്ടിലിനു മുകളിൽ എടുത്തുവച്ച സ്യൂട്ട്കേസ് അവിടെ തന്നെയുപേക്ഷിച്ച് മുറിയിൽ നിന്നും പുറത്തിറങ്ങി. ഇതെല്ലാം കണ്ടുകൊണ്ട് തന്റെ പിയാനോക്കരികിൽ അവൻ ഉണ്ടായിരുന്നു. 

അന്ന് ആ അപകടം നടന്നില്ലായിരുന്നെങ്കിൽ...      

അവൻ വെറുതെ ആശിച്ചു. അവൾ കോണിപ്പടികൾ കയറി മുകളിലേക്ക് പോയപ്പോൾ അവനും പതുക്കെ അവളെ പിന്തുടർന്നു. ഈയൊരു സാഹചര്യത്തിൽ തന്റെ ഏതൊരു ചലനവും അവളെ ഭയപ്പെടുത്തുമെന്ന് അരുണിന് ഉറപ്പായിരുന്നു. വളരെ ശ്രദ്ധിച്ച് അവൻ അവളുടെ പുറകെ തന്നെ നടന്നു. ഓരോ മുറികളായി തുറന്നുനോക്കി അവൾ അവസാനം അരുണിന്റെ മുറിയിലെത്തി. കുറച്ചുകാലമായി തുറക്കാത്തതിന്റെ ലക്ഷണമൊന്നും മുറിക്കകത്ത് കാണുന്നില്ല. അവൾക്ക് ആശ്ചര്യം തോന്നി. പൊടിയോ അഴുക്കോ ഒന്നുമില്ല. ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന മുറിപോലെ സജീവമായിരുന്നു അത്. ഒരു ചുളിവുപോലും വീഴാതെ വിരിച്ചിട്ട വൃത്തിയുള്ള ബെഡ്ഷീറ്റ്, തുറന്നിട്ട ജനാലകൾ, ഇരുവശത്തേക്കും ഒതുക്കി വച്ചിരിക്കുന്ന മഞ്ഞ നിറത്തിലുള്ള കർട്ടനുകൾ, ജനലിനരികിലേക്ക് നീക്കിയിട്ടിരിക്കുന്ന ഒരു കസേര, അതിൽ ശാന്തമായി വിശ്രമിക്കുന്ന ഒരു പുസ്തകം. അവൾ അത് എടുത്തു നോക്കി "ആൽകെമിസ്റ്റ് ". താളുകൾക്കിടയിൽ ഒന്ന് മടക്കി വച്ചിരിക്കുന്നു.        

"ചില്ലുപാത്രക്കടയിലെ അവന്റെ ജീവിതം..."        

അവൾ പുസ്തകം കസേരയിൽ തന്നെ തിരികെ വച്ചു. ചുമരിലെ ഷെൽഫിലും ഉണ്ടായിരുന്നു ധാരാളം പുസ്തകങ്ങൾ. അവയെല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. ഒന്നിലും പൊടിയുടെ ഒരംശം പോലുമില്ല. ഫർണീച്ചറുകളെല്ലാം വൃത്തിയായി തന്നെയിരിക്കുന്നു. ചുമരോട് ചേർത്തിട്ടിരിക്കുന്ന മേശക്കു മുകളിൽ ഒരു ടേബിൾ ലാമ്പ്, ഒരു ഡയറി, അതിനടുത്തു തന്നെ ഒരു പേനയും. മേശക്കരികിൽ ചുമരോട്   ചേർന്ന് അരുണിന്റെ ഗിറ്റാർ ചാരി വച്ചിരിക്കുന്നു. അടുത്തുതന്നെ ക്യാൻവാസിൽ പാതി വരച്ചിട്ട ഒരു ചിത്രം. അതിനടുത്തുള്ള സ്റ്റൂളിൽ ബ്രഷുകളും കളർ പേസ്റ്റുകളും നിറങ്ങൾ കൂട്ടി വച്ചിരിക്കുന്ന ഒരു പാലറ്റും. അതിലെ നിറങ്ങൾ ഈർപ്പമില്ലാതെ ഉണങ്ങി ഒട്ടിപിടിച്ചിരിക്കുന്നു. ക്യാൻവാസിലെ അപൂർണ്ണമായ ചിത്രത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. നിറങ്ങൾ ചിലയിടങ്ങളിൽ മാത്രമേ തെളിഞ്ഞിട്ടുള്ളൂ... പെൻസിൽ കൊണ്ടുള്ള ചില അവ്യക്തമായ സ്‌ട്രോക്കുകൾ   മാത്രം. ആ ചിത്രം എന്താണെന്നു മനസ്സിലാകണമെങ്കിൽ അതു പൂർത്തിയാകണം. 

അപ്പോഴാണ് അവൾ അടുത്തുതന്നെ അലമാരക്കടുത്ത് തിളങ്ങുന്ന ചുവന്ന വർണ കടലാസ്സിൽ പൊതിഞ്ഞ ഒരു പ്രസന്റേഷൻ കണ്ടത്. ആകൃതി കണ്ടിട്ട് ഒരു ഫോട്ടോയോ പെയ്ന്റിംങോ ആകാനാണ് സാധ്യത. അവൾക്കതു തുറന്നു നോക്കണമെന്ന് തോന്നി. പിന്നെ വേണ്ടെന്നു വച്ചു. മറ്റൊരാളുടെ സാധനം... അതു താൻ തുറക്കാൻ പാടില്ലെന്ന് അവൾ സ്വയം പറഞ്ഞ് മനസ്സിലാക്കി. അവൾ ആ പൊതി തുറന്നു നോക്കും എന്ന് തന്നെയായിരുന്നു അവൻ കരുതിയത്. വാസ്തവത്തിൽ അതവൾക്കു വേണ്ടിയുള്ളതു തന്നെയായിരുന്നു. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കാൽ തട്ടി സ്റ്റൂൾ മറിഞ്ഞു വീണു. താഴെ വീണുചിതറിയ കളർ പേസ്റ്റ് ട്യൂബുകളിൽ ഒന്ന് ആ പ്രസന്റേഷനടുത്തേക്ക് തെറിച്ചു വീണു. അവന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു. അവൾ. സ്റ്റൂൾ നേരെ വച്ച് പാലറ്റും ബ്രഷുകളും ട്യൂബുകളും അതാത് സ്ഥാനത്ത് തന്നെ എടുത്തു വച്ചു. പ്രസന്റേഷനടുത്തേക്ക് വീണ പേസ്റ്റ് ട്യൂബ് എടുക്കാൻ കുനിഞ്ഞപ്പോൾ അതിൽ ഒട്ടിച്ചുവച്ചിരിക്കുന്ന കാർഡിൽ വായിച്ചു. "To Anamika .... with love Arun" അവൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല ചുവന്ന വർണ്ണ കടലാസിനുള്ളിൽ നിന്ന് അവൾ ആ ചിത്രം പതുക്കെ പുറത്തേക്കെടുത്തു. അതവളുടെ തന്നെ ചിത്രമായിരുന്നു. ഒരു നിമിഷം അവൾ തരിച്ചു നിന്നു. പിന്നെ അത് നെഞ്ചോടു ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. 

       

"ഒരു വാക്ക് നീയെന്നോട് പറഞ്ഞില്ലലോ അരുൺ! അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ എന്തിനാ നീ എന്നെ വിട്ടു പോയികളഞ്ഞത്?  ആരുമില്ലാത്തവളായി ജനിച്ചിട്ട് ആരുമില്ലാത്തവളായി മരിക്കാൻ തന്നെയാവും എനിക്ക് യോഗം... അല്ലെങ്കിൽ നീയും എന്നെ വിട്ടു പോവില്ലായിരുന്നു.." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...       

അപ്പോഴും അവനവളുടെ തൊട്ടുപുറകിൽ തന്നെയുണ്ടായിരുന്നു. അവളെ നെഞ്ചോടു ചേർത്തുപിടിച്ച് നിനക്ക് ഞാനുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അവനെവിടെയും പോയിട്ടില്ല എന്നവളെ ബോധ്യപ്പെടുത്തണമായിരുന്നു. ഒരുപക്ഷേ അത്രയും നിസ്സഹായാവസ്ഥ അന്ന് രാത്രി തന്റെ കാറിനു നേരെ പാഞ്ഞുവന്ന ലോറിയുടെ ഹെഡ്‌ലൈറ്റിന്റെ കനത്ത മഞ്ഞ വെളിച്ചം കണ്ണുകളിലേക്ക് അടിച്ചുകയറിയപ്പോൾ പോലും അവന് തോന്നിയിട്ടുണ്ടാവില്ല. ഇനിയും അവളെ തന്റെ സാമീപ്യം അറിയിക്കാതിരിക്കാൻ അവനാവില്ലെന്ന് തോന്നി. ശക്തിയായി കാറ്റുവീശാൻ തുടങ്ങി. കർട്ടനുകൾ കാറ്റിൽ പറന്നുകളിച്ചു. ജനലിനരികിലേക്ക് ചാഞ്ഞു നിന്നിരുന്ന മരച്ചില്ലകളിൽ തങ്ങി നിന്നിരുന്ന മഴത്തുള്ളികൾ മുറിയിലേക്ക് വീണു ചിതറി. അവൾ കണ്ണുകൾ തുടച്ച് എഴുന്നേറ്റുചെന്ന് ജനവാതിലുകൾ കൊട്ടിയടച്ചു. വീണ്ടും മുറിയിൽ എല്ലാം ശാന്തമായി. സമയം സന്ധ്യയോടടുത്തിരുന്നു. അവൾ അവന്റെ കട്ടിലിൽ ചെന്നു കിടന്നു. കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.      

അവന്റെ അദൃശ്യമായ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവൾക്ക് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെട്ടു. അരുൺ തന്റെ അടുത്തുതന്നെയുണ്ട് എന്നൊരു തോന്നൽ. ഒരാശ്വാസം.... കുറേ കരഞ്ഞതുകൊണ്ടാവണം അവൾ അറിയാതെ മയങ്ങിപ്പോയി.        

കണ്ണുതുറന്നു നോക്കുമ്പോൾ മുറിയിൽ നല്ല വെളിച്ചമുണ്ടായിരുന്നു. ചെറിയ തലവേദനയുണ്ട്. അവൾ അത് കാര്യമാക്കിയില്ല. കിടന്നുകൊണ്ട് തന്നെ അവൾ വാച്ചിൽ നോക്കി. സമയം രാത്രി എട്ടു മണി ആയിരുന്നു. പെട്ടന്നാണ് അവളൊന്നോർത്തത്. മുറിയിൽ വന്നപ്പോൾ താൻ ലൈറ്റ് ഇട്ടിരുന്നില്ല. ജനാലയിൽനിന്ന് നല്ല വെളിച്ചമുണ്ടായിരുന്നു. ജനലടച്ച് ലൈറ്റ് ഇടാതെയാണ് താൻ കട്ടിലിൽ കയറിക്കിടന്നത്. അവൾ കൃത്യമായി ഓർത്തു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ടും അവളവിടെ ഒറ്റക്കായതുകൊണ്ടും ഭയപ്പാടോടെ ഞെട്ടിയെഴുന്നേറ്റ് അവൾ ചുറ്റും നോക്കി. മുറി അടഞ്ഞു തന്നെയാണ് കിടക്കുന്നത്. മുറിയിൽ മറ്റാരുമില്ല. പെട്ടന്നാണ് കയ്യിൽ ഒരു പുസ്തകം തടഞ്ഞത്. അരുണിന്റെ ഡയറി ആയിരുന്നു അത്. മേശപ്പുറത്ത് ഇരുന്നിരുന്ന ഡയറി എങ്ങനെ കട്ടിലിലെത്തി! അവൾ ഡയറി എടുത്തു നോക്കി. മറ്റൊരാളുടെ ഡയറി വായിക്കാൻ സ്വന്തം മനസാക്ഷി സമ്മതിക്കാത്തത്തുകൊണ്ടാണ് അവൾ നേരത്തെ അത് കണ്ടിട്ടും എടുത്തു നോക്കാതിരുന്നത്. ഡയറിക്കുള്ളിൽ ഏടുകൾക്കിടയിലായി നേരത്തെ മേശപ്പുറത്ത് കണ്ട പേന ഉണ്ടായിരുന്നു. അവൾ ആ പേജ് നിവർത്തി നോക്കി.  അതിൽ അരുണിന്റെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു..

      

"ഞാൻ എങ്ങും പോയിട്ടില്ല അനൂ..

ഇവിടെ തന്നെയുണ്ട്....

നിന്റെ അരികിൽ തന്നെ...

നിനക്ക് എന്നെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലായിരിക്കാം...

പക്ഷേ എനിക്ക് നിന്നെ കാണാം...

എന്റെ ഓരോ സ്പർശവും ചിലപ്പോൾ നീ അറിയില്ലായിരിക്കാം...

എന്നാൽ എനിക്ക് നിന്നെ അറിയാം ...

ഇനി എന്നും നിന്റെ കൂടെ തന്നെ ഒരു നിഴലു പോലെ ഞാൻ ഉണ്ടാകും. 

ഇനി ഒരിക്കലും നിനക്കാരുമില്ലെന്ന് നീ പറയരുത്. നിനക്ക് ഞാനുണ്ട്.....

 

രണ്ടു ശരീരങ്ങൾ തമ്മിലുള്ളതല്ല പ്രണയം. മറിച്ച് ആത്മാവുകൾ തമ്മിലുള്ളതാണ്. അതുകൊണ്ടാണ് പ്രണയം അനശ്വരമാവുന്നത്. ശരീരത്തിന് മരണമുണ്ട്, എന്നാൽ ആത്മാവിന് മരണമില്ല. അതുകൊണ്ട് തന്നെ പ്രണയത്തിനും മരണമില്ല. ഞാൻ ഇപ്പോഴും ജീവിക്കുന്നു... നിന്നിലൂടെ... നമ്മുടെ പ്രണയത്തിലൂടെ... ഇന്നുമുതൽ എന്റെ ഡയറികുറിപ്പുകൾ നിനക്കുള്ള കത്തുകളാണ്. 

നീയുള്ളിടത്തോളം ഞാനുമുണ്ടാകും ഇൗ ഭൂമിയിൽ.... നിനക്കായ് മാത്രം....

 -അരുൺ

     

വിറയ്ക്കുന്ന കൈകളോടെ അവൾ ഡയറി അടച്ചു വച്ചു. ചുറ്റും നോക്കി. മുറിയിൽ ആരും തന്നെയില്ല. പെട്ടന്നാണ് അത് അവളുടെ കണ്ണിൽപെട്ടത്. നേരത്തെ താൻ കണ്ട ക്യാൻവാസിലെ ചിത്രം പൂർത്തിയായിരിക്കുന്നു.

 

അവൾ ചിത്രത്തിനടുത്തേക്ക് ഓടിച്ചെന്നു. ചിത്രത്തിൽ അരുൺ കട്ടിലിൽ ഇരിക്കുന്നു. അവന്റെ മടിയിൽ തലവച്ച് താൻ ഉറങ്ങുകയാണ്. അവൻ വരച്ച തന്റെ ചിത്രവും നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട്...

English Summary : Punarjanmam malayalam shot story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com