തെയ്യം – സജിത്ത് കുമാർ എൻ. എഴുതിയ കവിത
Mail This Article
തെയ്യോം തെയ്യോം തെയ്യോം
ചെഞ്ചോരചോപ്പുള്ള അരയുടുപ്പും
പച്ചക്കുരുത്തോല വാർമുടിയും
മിന്നും മുനയുള്ള വാളുമേന്തി
തെയ്യം വരവായ് തെയ്യം
തോറ്റംതുടങ്ങി വരവിളിയും
ചെണ്ട തിമില ചിരിച്ചുണർന്നു
കാവിലുറഞ്ഞാടി തെയ്യം
തെയ്യോം തെയ്യോം തെയ്യോം
ഒച്ചവെളിച്ചത്തിലാടും തെയ്യത്തിൻ
ഒച്ചയടഞ്ഞ കാതിലിരുമ്പിയുലഞ്ഞു
നിലാവു മേൽപ്പുര മേഞ്ഞ കൂരയിൽ
മനമുറങ്ങാത്ത അമ്മനെഞ്ചിൻ തേങ്ങൊലി
വിശപ്പുണ്ടുറങ്ങും ഉണ്ണികൾതന്നുടെ
കത്തിപുകയും വയറിന്റെ രോദനവും
ഒരു നുള്ള് പുഞ്ചരിയേകാനവർക്ക്
ദൈവം കനിയണം തെയ്യക്കോളായ്
ഒറ്റക്കോലമാടി മേലേരി പുൽകുമ്പോൾ
കെട്ടുംകൈയേകും അച്ഛനെയോർത്തതും
ഒറ്റചിലമ്പിട്ടക്കാലുകൾ ആഞ്ഞുതുള്ളി
വാനവും വായുവും കീറിയലറി
കാവിൽ നിറഞ്ഞാടി തെയ്യം
തീ തുള്ളിയാടും തീപ്പന്തചോട്ടിൽ
പ്രാണന്റെ പാതിയായ് നിന്നവൾ തന്നുടെ
ചേലേഴും കണ്ണിലെ ചെമ്മാനം കണ്ടു
പുലരാൻ മടിക്കുന്ന മകരരാവിൽ
നോവിന്നഗ്നിയിൽ നൊന്തുരുകി
പൊള്ളും സത്യങ്ങൾ നെറുകയിൽ
രക്തമലരായ് പിറന്നു
തെയ്യം ദൈവമായി മാറി
ഭക്തരിൽ പെയ്തിറങ്ങി
മനയോലച്ചോപ്പും അരിച്ചാന്തിനാലും
ചമയം മറച്ച മാനുഷഭാവത്തിൽ
തെയ്യം തേങ്ങിക്കരഞ്ഞു
ചെണ്ടയും തിമിലയും മൗനമായി
ആരോ തന്ന നാണയത്തുട്ടിൽ
ദൈവരൂപത്തെ കണ്ടു തെയ്യം
Content Summary: Malayalam Poem ' Theyyam ' written by Sajith Kumar N.