കോലാധാരി – അമിത ചന്ദ്രൻ ഇ. എഴുതിയ കവിത

Mail This Article
ഇന്നലെ നീ ചാത്തനായിരുന്നു
ഇന്നിതാ ഭഗവതിയായി
നാളെ ചിലപ്പോൾ പൊന്നു മുത്തപ്പൻ ആയിരിക്കാം
അതും കഴിഞ്ഞ് കാളിയായി കലി കയറി ചുവട് വെക്കും
പിന്നെയും പിന്നെയും കെട്ടി ആടാൻ പല പല വേഷങ്ങൾ
മുഖത്തെഴുത്തിലെ വർണ്ണങ്ങളിൽ വിരിയുന്ന
ഭാവങ്ങൾ പലതാണ്
തുടിയും തോറ്റവും ദൈവത്താരുടെ
പുറപ്പാട് കുറിക്കുമ്പോൾ
നീ നിന്നെ മറന്ന് ചെണ്ട താളത്തിൽ ആടി തുടങ്ങും
നിന്നോളം ഭാരമേറും മുടികൾ വെച്ചാടുമ്പോൾ
കണ്ണ് നിറഞ്ഞേ ഞങ്ങൾ കൈകൂപ്പാറുള്ളൂ
മെയ് മറന്നു നീ കനലാടുന്ന നേരം
എന്തെന്നറിയാതെ കനലിന്റെ ചൂടെന്റെ
ഉള്ളം കാൽ പൊള്ളിച്ചിരുന്നു
ദൈവത്തെ മണ്ണിലേക്ക് വരവേൽക്കുന്നോരെ
നിന്നെ ഞങ്ങൾ ദൈവത്തോളം ആരാധിച്ചോട്ടെ
കൈകൂപ്പി നിന്റെ മുന്നിൽ അനുഗ്രഹത്തിനായി
നിന്നപ്പോഴൊക്കെയും
ദൈവത്താരെ കെട്ടിയാടിയൊരാ കോലാധാരിക്കായി
വേണ്ടിയായിരുന്നെന്റെ പ്രാർഥന
ഇനി വരുന്നൊരു തെയ്യക്കാലത്തിനായി
മണ്ണിൽ അവതരിക്കുന്ന ദൈവത്തിനായി
മെയ്യും മനസ്സും മറന്ന് ആടിതീരുന്ന കോലത്തിനായി
കാത്തിരിക്കുന്നോരോടൊപ്പം...