'വീടിനു വാടക കൊടുക്കാനില്ല, കഴിയാൻ സ്ഥലമില്ലാതെ അഞ്ചു വർഷം കിടന്നത് സെമിത്തേരിയിൽ...'

Mail This Article
"മഴ തോരുന്ന ലക്ഷണമില്ല. ഇങ്ങനെ പോയാൽ ഇന്ന് വീട്ടിൽ ചെന്ന് പറ്റുമെന്ന് തോന്നുന്നില്ല..."- വേദാചലം തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. തന്റെ ഇരിപ്പിടത്തിനടുത്തുള്ള ചില്ലു ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞപ്പോൾ 'ഡിസൂസ' പുറത്തെ തിമിർത്തു പെയ്യുന്ന മഴ ആസ്വദിക്കുകയായിരുന്നു.. ജനാലയിലൂടെ പുറത്തെ മഴ കണ്ടു കൊണ്ടിരിക്കുന്ന അനുഭൂതി. മഴ കനക്കുകയാണ്.. ഇടയ്ക്ക് ആകാശത്തു മിന്നൽപ്പിണരുകൾ പൂത്തിരികത്തിച്ചു കടന്നു പോയി... ആരോടോ ഉള്ള വാശി തീർക്കൽ പോലെ ഇങ്ങനെ ഒരു ദിവസം മുഴുവൻ നിന്ന് പെയ്താൽ നഗരം നിശ്ചലമാകും. രഹേജ ആർകെഡിലെ നാലാം നിലയിലുള്ള ഓഫീസിൽ നിന്നും നോക്കിയാൽ ഏതാണ്ട് അരക്കിലോമീറ്റർ അകലെയുള്ള ബേലാപ്പൂർ റയിൽവേസ്റ്റേഷൻ വളരെ വ്യക്തമായി കാണാമായിരുന്നു. തൊട്ടടുത്തുള്ള പനവേലിയിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനൽസ് വരെ നീളുന്ന സബ് അർബൻ റയിൽവേ പാതയിലെ വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ലോക്കൽ റെയിൽവേ സ്റ്റേഷൻ ആണ് നവിമുംബൈയിലെ സി ബി ഡി ബേലാപ്പൂർ. അവിടെ നിന്നും വഡാല സ്റ്റേഷനിൽ ഇറങ്ങി വേറെ ട്രെയിൻ പിടിച്ചു വേണം വേദാചലത്തിന് അന്ധേരിയിലെത്താൻ...
സാധാരണ ദിവസങ്ങളിൽ ഒന്നര മണിക്കൂർ യാത്രയുണ്ട്.. ട്രാക്കിൽ വെള്ളം കേറിയാൽ ട്രെയിൻ പിന്നെയും വൈകും... ചിലപ്പോൾ യാത്ര അന്നേക്ക് അവസാനിപ്പിച്ചെന്നും വരാം.. അതിന്റെ ആധിയിലായിരുന്നു വേദാചലം.. എനിക്ക് ഓഫീസിൽ നിന്നും ‘വാശി’യിലെ വീട്ടിലേക്ക് കഷ്ട്ടിച്ചു പതിനഞ്ചു മിനിറ്റിന്റെ യാത്രയെ വേണ്ടൂ... അതുകൊണ്ടു തന്നെ വളരെക്കാലത്തിന് ശേഷമുള്ള മഴ നവാനുഭൂതിയായി എന്നിൽ കിനിഞ്ഞിറങ്ങി... മഴയോട് എന്നും കൊതിയായിരുന്നുവല്ലോ തനിക്ക്... മഴ പെയ്യുന്നത് കണ്ടു കൊണ്ട് എത്രനേരം വേണമെങ്കിലും ഇരിക്കാം. മഴക്കാഴ്ചകൾക്ക് അവസാനമില്ലെന്നു പലപ്പോഴും അയാൾക്ക് തോന്നിയിരുന്നു. മഴയത്തു തുള്ളിച്ചാടാൻ ഡിസൂസയുടെ മനസ് വെമ്പി. കനത്ത ഒരു ഇടി വെട്ടി... ടേബിൾ കുലുങ്ങിയത് പോലെ.. ആകാശത്തേക്ക് നോക്കിയപ്പോൾ കറുത്ത മാനം.. ഉടനെങ്ങും മഴ തോരുമെന്ന പ്രതീക്ഷ വേണ്ട.. അതയാളിൽ സന്തോഷമുളവാക്കി. "മഴ ഇങ്ങനെ തുടർന്നാൽ ഞാൻ നേരത്തെയിറങ്ങും ..."- മലയാളവും തമിഴും കൂടിക്കലർന്ന തമിഴാളത്തിൽ വേദാചലം പറഞ്ഞു. അമ്പതു വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ ദൃഢഗാത്രനായ ഇരുനിറമുള്ള വേദാചലം.. അരകൈ ഷർട്ടും ലൂസ് പാന്റ്സും കുടവയറുമുള്ള വേദാചലത്തിന്റെ പറ്റെ വെട്ടിയ കുറ്റിമുടി നന്നേ നരച്ചിരുന്നു.. ക്ലീൻ ഷേവ് ചെയ്ത മുഖവും.. കുറ്റിത്തലമുടിയുടെ അതെ കളറിലുള്ള നെറ്റിയിലെ ഭസ്മക്കുറിയും. പൊതുവെ ശാന്തനായിരുന്നു വേദാചലം.
പക്ഷെ, അയാൾ ആകെ അസ്വസ്ഥനാണ് എന്ന് അയാൾക്ക് തോന്നി. മഴയുടെ തീവ്രത അയാളെ അസ്വസ്ഥതയുടെ മൗനമിനാരങ്ങളിൽ ചേക്കേറാൻ പ്രേരിതനാക്കിയിരിക്കണം. വേദാചലത്തിനു രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്, പിന്നെ ഭാര്യ കണ്ണമ്മയും.. വളരെ വൈകി വിവാഹം കഴിച്ചതാണ്. കുട്ടികൾ മുംബൈയിൽ തന്നെ പഠിക്കുന്നു. അന്ധേരിയിലെ ഒരു ചാലിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്.. തമിഴ് നാട്ടിലെ തേനി ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നും ജോലി തേടി വളരെ ചെറുപ്പത്തിലേ മുംബൈയിൽ എത്തിയതാണ്. നിരവധി കമ്പനികളിൽ ജോലിയെടുത്ത പരിചയം ഇപ്പോൾ കമ്പനിയുടെ അഡ്മിൻ വിഭാഗത്തിലെ സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. ഡിസൂസ പുറത്തേക്കു നോക്കി.. മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു. ഇലക്ട്രിക്ക് ട്രെയിനുകൾ പതിവില്ലാതെ നീട്ടി നിലവിളിശബ്ദം മുഴക്കി കടന്നു പോയിക്കൊണ്ടിരുന്നു. മഴയാരവത്തിനിടയിൽ വേദാചലം നീണ്ട മൗനത്തിൽ മുഴുകിയപ്പോൾ നിശബ്ദ മിനാരങ്ങൾ തകർത്തെറിച്ചു കൊണ്ട് അയാൾ വേദാചലത്തോട് ചോദിച്ചു. "സർ, എത്ര കാലമായി മുംബൈയിൽ എത്തിയിട്ട്.."- അതിനുത്തരമായി വേദാചലം നിശബ്ദമായി ഒന്ന് ചിരിച്ചു. അയാൾ ഗതകാലത്തിലെ അനുഭവ ഭാണ്ഡത്തിനുള്ളിലെ പൊടിയും മാറാലകളും നീക്കുകയായിരുന്നു. പിന്നെ, ഭൂതകാലത്തിലേക്ക് ഊളിയിട്ടു. മുറിക്കുള്ളിലെ കടുത്ത നിശബ്‌ദതതയെ തകർത്തെറിഞ്ഞു കൊണ്ട് വീണ്ടും ഡിസൂസ പ്രോത്സാഹിപ്പിച്ചു "സർ, പറയൂ" ഒന്നിളകിയിരുന്ന ശേഷം അയാൾ പതുക്കെ കയ്യിലിരുന്ന മുംബൈമിറർ മടക്കി ടേബിളിലേക്കിട്ടു. ഗതകാല സ്മരണകളുടെ കുടീരത്തിന്റെ മൂടി തുറന്നു.
"ഞാൻ മെട്രിക്കുലേഷൻ പാസായി തേനിയിൽ നിന്നും കള്ള വണ്ടികയറി നേരെയെത്തിയത് ബാന്ദ്രയിൽ ആണ്. ഇപ്പൊ കൊല്ലം കൊറേയായി. ദാരിദ്ര്യം ആയിരുന്നു.. കൊടും പട്ടിണി... അപ്പൻ അമ്മ വേറെ നാലു കൂടപ്പിറപ്പുകൾ വേറെയും, കൂടെ പ്രായം ചെന്ന മുത്തിയും... അങ്ങനെ ബാന്ദ്രയിൽ നിന്നും പല പണിയും ചെയ്തു കറങ്ങിത്തിരിഞ്ഞ് ഇവിടെ എത്തി.. വീട്ടുകാർ എല്ലാം ഒരുവിധം നല്ല നിലയിൽ ആയി. അപ്പാവും അമ്മാവും മുത്തിയും മരിച്ചു പോയി.. ഇടയ്ക്ക് കല്യാണവും കഴിച്ചു.. കുട്ടികളായി.. ഇപ്പൊ നമ്മളെ ആർക്ക് വേണമേടെ... വേദാചലം ദീർഘമായി ഒന്നു നിശ്വസിച്ചു.. ആ നിശ്വാസത്തിൽ അയാളിൽ ഉറഞ്ഞു ഉറങ്ങിക്കിടന്ന കയ്‌പ്പേറിയ നൊമ്പരപ്പാടുകൾ ഉരുകിയൊലിച്ചു പുറത്തേക്കു വരുന്നത്കണ്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞുവോ... ഒരു വേള ഡിസൂസ സംശയിച്ചു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി രണ്ടിലാണ് വേദാചലം മുംബൈ നഗരത്തിന്റെ ഭാഗമായ ബാന്ദ്രയിലെത്തുന്നത്. പിന്നെ കുറെ അലഞ്ഞു.. ഒടുവിൽ, ഒരു സ്വകാര്യ സ്ഥാപനത്തിൽ അത്യാവശ്യം ജീവിച്ചു പോകാൻ പറ്റുന്ന ശമ്പളത്തിൽ ഒരു ജോലിയും നേടി. ഓർമ്മകളുടെ നൊമ്പരപ്പാടുകളുടെ നാമ്പ് നുള്ളിക്കളയുന്നതിനു വേണ്ടി ഞാൻ അയാളോട് വെറുതെ ചോദിച്ചു. "സാറേ മുംബൈയിൽ ആരെങ്കിലും പരിചയക്കാരോ ബന്ധുക്കളോ മറ്റാരെങ്കിലും ഉണ്ടായിരുന്നോ.." "മുംബൈയിൽ ചെന്നാൽ ജോലി കിട്ടും എന്നാരോ പറഞ്ഞപ്പോൾ ഇറങ്ങിപ്പുറപ്പെട്ടതാണ്" നിരന്തരം പട്ടിണിയും കഷ്ട്ടപ്പാടും..
അങ്ങനെ നിരങ്ങി നീങ്ങുമ്പോൾ ഓഫീസിലേക്ക് ഒരു കത്ത് വരും വീട് പണിപൂർത്തിയാക്കാൻ കുറച്ചു തുക അയച്ചുതരണമെന്നുള്ള അപ്പായുടെ കത്ത്. പിന്നെ, സഹോദരി മുത്തുമണിയുടെ കല്യാണം, പ്രസവം, സഹോദരങ്ങളുടെ പഠിപ്പ് മറ്റാവശ്യങ്ങൾ.. കത്തുകൾ എല്ലാം സാമ്പത്തിക കാര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് മാത്രമായിരുന്നു..! അവിടെ എങ്ങും ഒരു വരിയിൽ പോലും തന്റെ ജീവിതത്തെക്കുറിച്ചു ചോദിച്ചിരുന്നില്ലെന്ന കാര്യം കൂടി ഒരു നിർവികാരതയോടെ വേദാചലം പറഞ്ഞപ്പോൾ അത് കേട്ടയാളുടെ നെഞ്ചിൽ ഒരു നൊമ്പരപ്പാട് സൃഷ്ടിച്ചു. രാജേഷ് ഖന്ന ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന കാലം എം ജി ആറിന്റെ കടുത്ത ആരാധകനായിരുന്നു വേദാചലം ക്രമേണ ബോളിവുഡിന്റെ ആരാധകനായി മാറി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹിന്ദി നന്നായി സംസാരിക്കാനും പഠിച്ചു. എഴുപതുകളുടെ മുംബൈ നഗരവും നഗരത്തിന്റെ അഴുക്കുചാലുകളും ജീവിത മുഹൂർത്തങ്ങളും അയാൾ വിവരിക്കുമ്പോൾ അതൊരു ചലച്ചിത്രത്തിലെന്നപോലെ ഡിസൂസയുടെ മനസ്സിൽ ആഴ്ന്നിറങ്ങി.. ഉടനെ എങ്ങും മഴ തോരരുതേയെന്ന് വെറുതെ അയാൾ ആശിച്ചു. വേദാചലം കഥ തുടരുന്നതിനിടയിൽ വളരെ യാദൃശ്ചികമായി അയാൾ ചോദിച്ചു.. "ഒരു പരിചയവുമില്ലാത്ത ആ മഹാനഗരത്തിൽ ആരുടെ കൂടെ താമസിച്ചു" വളരെ നിസ്സംഗ ഭാവത്തിൽ വേദാചലം പറഞ്ഞ മറുപടി കേട്ട് ഡിസൂസ ഞെട്ടിപ്പോയി... "ശവക്കോട്ടയിൽ ആരാണ് കിടക്കാറുള്ളത്.?" "ശവങ്ങൾ.." ഡിസൂസ വിക്കി പറഞ്ഞു. അയാൾ തുടർന്നു. എന്നാൽ ശവങ്ങൾ മാത്രമല്ല... എന്നേപ്പോലെ അധിക വരുമാനമൊന്നുമില്ലാത്ത കുറെ ആളുകളുടെ തലചായ്ക്കുന്ന ഒരിടം കൂടിയായ ഒരു ആശ്രയ കേന്ദ്രമായിരുന്നു സെമിത്തേരിയിലെ ശവക്കല്ലറകൾ..!!
കയ്യിലൊരു ട്രങ്ക് പെട്ടിയുമായി രണ്ടുജോഡി വസ്ത്രവുമായി തമിഴ്നാട്ടിൽ നിന്നും തന്റെ പതിനേഴാമത്തെ വയസിൽ യാതൊരു പരിചയവുമില്ലാത്ത മുംബൈ എന്ന മഹാ നഗരത്തിൽ തിരക്കേറിയ ബാന്ദ്ര റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വടയും സാമ്പാറും വിൽപ്പന നടത്തുന്ന തമിഴനായ നല്ലകണ്ണിനെ പരിചയപ്പെടുന്നത്.. താമസിക്കാൻ തൽക്കാലം ഒരിടം വേണമെന്ന് പറഞ്ഞപ്പോൾ നല്ലകണ്ണ് വേദാചലത്തെ കൊണ്ടുപോയത് നഗരത്തിനു അൽപം ഉള്ളിലേക്കുള്ള പഴയ ഉപേക്ഷിക്കപ്പെട്ട ഒരു സെമിത്തേരിയിലേക്കായിരുന്നു. കാട് പിടിച്ചു മൂടി കിടക്കുന്ന ഒരു സ്ഥലം. പടർന്നു പന്തലിച്ചു നിൽക്കുന്ന പേരറിയാത്ത പടുവൃക്ഷം നോക്കി വേദാചലം ഭീതിയോടെ പകച്ചു നിന്നു. ആകെ ഇരുളിമ ബാധിച്ച ഒരു പ്രദേശം. പക്ഷികളുടെ പ്രാകൃത ശബ്ദം അയാളെ കൂടുതൽ ഭീതിയിലാഴ്ത്തി. അത് പഴയ സെമിത്തേരിയാണെന്നും ഇവിടെ ആരും ഇപ്പൊ വരാറില്ലെന്നും നല്ലകണ്ണ് അയാൾക്ക് പറഞ്ഞു കൊടുത്തു. ആ സെമിത്തേരി കൈവശപ്പെടുത്തിയിരിക്കുന്നത് ചില റൗഡികളാണ്. ആ പഴയ ശവക്കോട്ടയുടെ ഒരു മൂലയ്ക്ക് പഴയ പടുത വലിച്ചു കെട്ടിയുണ്ടാക്കിയ ഒരു ചെറിയ കൂര. അതിൽ ചോരക്കണ്ണുള്ള, മദ്യം തലയ്ക്കു പിടിച്ചു ആടി നിൽക്കുന്ന ഒരു തടിയൻ.. വന്ന കാര്യം നല്ലകണ്ണ് അയാളോട് പറഞ്ഞു. ചോരക്കണ്ണൻ വേദാചലത്തോട് ട്രങ്ക് പെട്ടി ആ കൂരക്കുള്ളിൽ വെച്ചോളാൻ പറഞ്ഞു.. പിന്നെ, കുറച്ചപ്പുറത്തു കണ്ട ശവക്കല്ലറ ചൂണ്ടി കാണിച്ചു കൊടുത്തു.. അതാണ് തന്റെ ബർത്ത് ഇന്നുമുതൽ.. അന്തിയുറങ്ങാനുള്ള സ്ഥലം ...!! നല്ലകണ്ണ് കുറച്ചു രൂപയെടുത്ത് ചുവന്ന കണ്ണുള്ള ആൾക്ക് കൊടുത്ത് ബുക്ക് ചെയ്തു.. രാത്രികാലങ്ങളിൽ മാത്രമേ അവിടേക്ക് ചെല്ലാൻ അവകാശമുള്ളൂ.. അങ്ങനെയാണ് കരാർ. നല്ലകണ്ണിനൊപ്പം വേദാചലം തിരികെ നടന്നു.
സന്ധ്യ കഴിഞ്ഞപ്പോൾ കൂരക്കുള്ളിൽ നല്ലകണ്ണുമായി ശവക്കോട്ടയിലെ അന്തിയുറങ്ങാനുള്ള തന്റെ കല്ലറയിലേക്കു വന്നു. അവിടെ ഓരോ കല്ലറയുടെ പുറത്തും ഓരോ ആളുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ചിലർ ഇരിക്കുന്നു.. ചിലർ ചുരുണ്ടു കിടക്കുന്നു.. ചിലർ നീണ്ടു നൂർന്നു കിടക്കുന്നു. വേദാചലം ആകാശത്തേക്ക് നോക്കി. ക്ഷീണിതനായതുകൊണ്ടു തന്നെ കല്ലറയുടെ പുറത്തു നിവർന്നു കിടന്നു. ഒരു സുഖകരമായൊരു തണുപ്പ്. ആരോ ഈ കല്ലറയിൽ അഗാധ നിദ്രയിൽ ഒരിക്കലും ഉണരാതെയുണ്ട്.. വേദാചലത്തിന് ആദ്യം ചെറിയ ഭയം തോന്നിയിരുന്നു. രാത്രികാലങ്ങളിൽ സെമിത്തേരിയിലെ ശവക്കല്ലറയിൽ നിന്നും എഴുന്നേറ്റു വരുന്ന പ്രേത ആത്മാക്കളുടെ രൗദ്ര ഭാവങ്ങൾ കണ്ടു ഞെട്ടി ഉണർന്നിരുന്നു. പിന്നീടെപ്പോഴോ, രാവിന്റെ നിശബ്ദ സംഗീതമായി അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. സ്വപ്നങ്ങളിൽ ചേക്കേറാൻ എത്തിയിരുന്ന പ്രേതങ്ങൾ കൂട്ടുകാരായി.. മാലാഖാമാരായി. ക്രമേണ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുകയായിരുന്നു വേദാചലത്തിന് ആ സെമിത്തേരിയും ശവക്കല്ലറകളും.. സായന്തനത്തിൽ അൽപം സമാധാനം കിട്ടിയിരുന്നത് ആ കല്ലറയുടെ പുറത്ത് യാതൊരു ശല്യവുമില്ലാതെ ഇരിക്കുമ്പോഴായിരുന്നു. നഗരത്തിന്റെ ഉരുകിയൊലിക്കുന്ന ചൂടിന്റെ തീവ്രമായ ആലിംഗനത്തിൽ അമരാത്ത, തീഷ്ണ ഉഷ്ണത്തിന്റെ പ്രഹരം ഏൽക്കാത്ത കല്ലറകൾ. ആ തണുപ്പിൽ അയാൾ ലയിച്ചു കിടന്നു. ആ കല്ലറ വാസ്തവത്തിൽ വേദാചലത്തെ താരാട്ടു പാടുന്നതുപോലെ തോന്നി. ഒരു കുഞ്ഞിനെപ്പോലെ അയാൾ ആ കല്ലറയുടെ കുളിർമ്മയിൽ കെട്ടിപ്പുണർന്നു കിടന്നുറങ്ങി. സങ്കടങ്ങളുള്ളപ്പോൾ കല്ലറകളെ പുണർന്ന് കരഞ്ഞു തീർത്തു.
നീണ്ട അഞ്ചു വർഷങ്ങൾ വേദാചലത്തിന്റെ സന്തോഷവും, സങ്കടങ്ങളും പങ്കിട്ടത് ആ സെമിത്തേരിയിലെ ആ പഴയ ശവക്കോട്ടയിലെ കല്ലറയായിരുന്നു..! വർഷങ്ങൾ കഴിഞ്ഞു വിവാഹം കഴിക്കാൻ പോകുന്നതിനു മുമ്പാണ് അയാൾ സ്വന്തമായി ഒരു ചെറിയ വീട് താമസിക്കാൻ തരപ്പെടുത്തിയത്. ശ്വാസം വിടാതെ ആ കഥകൾ കേട്ട് ഡിസൂസ തരിച്ചിരിക്കുകയായിരുന്നു. "അഞ്ചു വർഷം കൊടുക്കേണ്ട വീടിന്റെ വാടക ഞാൻ വീട്ടിലേക്കു അയച്ചു കൊടുത്തു.. അവരെല്ലാം കരപറ്റി..." വേദാചലം ചിരിച്ചു.. ഒരുപാട് കാലമായി ഉള്ളിലൊളിപ്പിച്ചു കഴിഞ്ഞിരുന്ന മൗന നൊമ്പരങ്ങളുടെ കുത്തൊഴുക്കിൽ അയാളുടെ നെഞ്ചിൻ കൂടിനുള്ളിലെ ചുട്ടുപഴുത്ത കനലുകൾ അണയുന്നത് അയാളറിഞ്ഞു.. കൂട്ടിലടയ്ക്കപ്പെട്ട നൊമ്പരങ്ങളുടെ കെട്ടുപാടുകൾ തച്ചുടയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നല്ലോ. കഥയുടെ പെരുവെള്ളപ്പാച്ചിലിനിടയിൽ മഴ തോർന്നിരുന്ന കാര്യം വേദാചലവും അയാളും അറിഞ്ഞിരുന്നില്ല. പിന്നെയൊട്ടും വൈകാതെ വേദാചലം യാത്ര പറഞ്ഞിറങ്ങി. വെള്ളക്കെട്ടായി മാറിയ വീഥിയുടെ അരികുപറ്റി അടുത്ത ട്രെയിൻ പിടിക്കാനായി സ്റ്റേഷനിലേക്ക് നടക്കുമ്പോഴും വേദാചലം പറഞ്ഞ സെമിത്തേരിയും കല്ലറകളും ഡിസൂസയിൽ സമസ്യ സൃഷ്ടിക്കുകയായിരുന്നു.