'അമ്മയ്ക്കു ഓർമ്മ നഷ്ടപ്പെട്ട് ഏതാണ്ടു മൂന്ന് വർഷത്തിലേറെയായി, കുറെ നാളായി കിടപ്പിലായിരുന്നു...'

Mail This Article
പതിവ് പോലെ ഇന്നും നടക്കാനിറങ്ങിയതാണ്, ചെവിയിൽ "അജിതഹരേ ജയാ മാധവാ വിഷ്ണൂ" കോട്ടക്കൽ മധുവിന്റെ ആലാപനം മനസ്സിലും തലയിലും നിറച്ചാണ് നടത്തം. എത്ര കേട്ടാലും മതിവരാത്ത ശ്രീരാഗം, എനിക്ക് അത്രക്കും പ്രിയ രാഗത്തിൽ, വേറൊന്നും മനസിലേക്ക് ആവാഹിക്കാൻ ആവുന്നില്ല, നീലനീരദശ്യാമളമുരളീധാരിയല്ലാതെ. കാലുകൾ അതിനു പരിചിതമായ വഴികളിലൂടെ നടന്നു കയറുന്നുണ്ട്. ചെറിയ കയറ്റങ്ങളിലൂടെ കയറിയിറങ്ങുമ്പോഴേക്കും നല്ലപോലെ വിയർക്കും, അതാണ് ഞാൻ ഈ വഴിതന്നെ നടക്കാൻ പോകുന്നത്. റോഡുകളൊക്കെ രണ്ടു ഭാഗത്തും കൈവരികൾ കെട്ടി നടപ്പാത ഒരുക്കിയിട്ടുണ്ട്.
ഇന്നത്തെ ഡ്യൂട്ടി കുറച്ച് നേരത്തെ കഴിഞ്ഞു, ഇറങ്ങാൻ നേരം നല്ല വിശപ്പ്. സാധാരണ കുടിക്കാറുള്ള ചായക്കടയിൽ നല്ല തിരക്ക്. കുറച്ച് ദൂരം പോയപ്പോൾ വേറൊരു കടയുണ്ട്, കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ അത് തുടങ്ങിയിട്ട്. മുളകൾ കൊണ്ട് അഴികൾ പാകി ഓല മേഞ്ഞു നല്ല ഭംഗിയോടെ, പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ് അതിന്റെ രൂപകൽപ്പന. ഞാൻ കാർ ആ കടയുടെ മുന്നിൽ നിർത്തി, അപ്പോഴേക്കും ഒരു പെൺകുട്ടി, കരിനീലക്കണ്ണുള്ള ഒരു സുന്ദരിക്കുട്ടി ഓടി വന്നു എന്റെയടുത്ത്. എന്താണ് കഴിക്കാനുള്ളത്, എനിക്ക് നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞപ്പോൾ അവള്, ഹിന്ദിയിൽ ചാലിച്ച മലയാളത്തിൽ പറഞ്ഞു, നല്ല കപ്പയും ചമ്മന്തിയും ഉണ്ടെന്ന്. കൂടെ ഒരു കട്ടനും തരാൻ പറഞ്ഞു. കുറച്ച് നേരം കൊണ്ട് മണ്ണുകൊണ്ട് ഉണ്ടാക്കിയ ചെറിയ പ്ലേറ്റിൽ കപ്പയും ചമ്മന്തിയും കട്ടനും കൊണ്ടുതന്നു, നല്ല രുചി തോന്നി, ഞാൻ ആർത്തിയോടെ എല്ലാം കഴിച്ചു അതിനു ശേഷമാണ് നടക്കാൻ ഇറങ്ങിയത്..
"അജിതഹരേ" മൂളിക്കൊണ്ട് ഒരേ നടപ്പാണ്. കുറേക്കഴിഞ്ഞെന്ന് തോന്നുന്നു, നോക്കുമ്പോൾ ഞാൻ ചെമ്മണ്ണ് നിറഞ്ഞ വഴിയിലൂടെയാണ് നടക്കുന്നത്.. വഴി എനിക്ക് പരിചിതമല്ല. ഞാനിതുവരെ ഈ വഴി വന്നിട്ടില്ല.. ഞാനാകെ പകച്ചുപോയി.. വീണ്ടും എങ്ങോട്ടോ നടന്നു ഒരു കോൺക്രീറ്റ് റോഡിലേക്ക് കയറി. ഞാൻ എങ്ങോട്ട് പോകും. എന്റെ വീട് എവിടെയാണ്. മനസ്സിലൊരു ഭയം കേറിവന്നു. ഞാൻ ഇതിനു മാത്രമൊക്കെ നടന്നോ.. ഞാനെവിടെയാണ് വന്ന് നിൽക്കുന്നത്. എങ്ങനെയാണ് വീട്ടിലേക്ക് പോകേണ്ടത്.. ഒരു നിമിഷം എന്റെ ഓർമ്മയിൽനിന്ന് എല്ലാം മാഞ്ഞ് പോയിരുന്നു. വീണ്ടും വേറൊരു വഴിയിലേക്ക് നടന്നു.
പെട്ടന്ന് ഏതോ ഒരു നായയുടെ കുര കേട്ട എന്റെ മനസ്സ് ഉണർന്നു.. വീണ്ടും ഞാനാ വഴിയിലേക്ക് കയറി നായയുടെ കുര കൂടി വന്നു. മനസ്സിലേക്ക് ചാർളി ഓടിവന്നു.. അവന്റെ കുരയാണ് ഞാൻ കേട്ടത്, ഞാൻ എന്റെ വീടിന്റെ വഴിയിലൂടെ കടന്ന് പോയപ്പോഴായിരിക്കും അവൻ കുരച്ചിട്ടുണ്ടാവുക. എന്റെ മണം അവൻ പിടിച്ചെടുത്ത് കഴിഞ്ഞിട്ടുണ്ട്.. പെട്ടന്ന് ഒരു സ്വപ്നത്തിലെന്ന പോലെ ഞാനുണർന്നു, ഞാനെന്റെ വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞു.. ചാർളിയും റോക്സിയും എന്നെക്കണ്ട് വാലാട്ടിക്കൊണ്ട് ഗേറ്റിനടുത്ത് നിൽക്കുന്നു.. കാർ എവിടെയാണ്, എനിക്കെന്താണ് സംഭവിച്ചത്, ഒരു നിമിഷമൊന്ന് ആലോചിച്ചു കണ്ണ് തുറന്നപ്പോൾ മുകളിൽ ഫാൻ കറങ്ങുന്നുണ്ട് ഞാൻ കട്ടിലിലും.. കണ്ടത് സ്വപ്നം തന്നെയാണോ, അതിൽനിന്ന് ഊരിവരാൻ പറ്റുന്നില്ല. വീണ്ടും കണ്ണടച്ച് കിടന്നു..
ഇന്നലെ പകൽ, എന്റെ കൂട്ടുകാരിയുടെ അമ്മ മരിച്ചു. അറിഞ്ഞിട്ട് എനിക്കവിടം വരെ ഒന്ന് പോകാൻ കഴിഞ്ഞില്ല, ജോലിത്തിരക്ക് തന്നെ കാരണം. ഡ്യൂട്ടി കഴിഞ്ഞ് വന്നു വൈകുന്നേരം ഞാനവളെ വിളിച്ചു. വിവരങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞു, അമ്മക്ക് ഓർമ്മ നഷ്ടപ്പെട്ട് ഏതാണ്ട് മൂന്ന് വർഷത്തിലേറെ കിടപ്പിലായിരുന്നു. ആരെയും ഒന്നും ഓർമ്മയില്ലാതെ, ഭക്ഷണം കഴിക്കണമെന്ന് പോലും അറിയാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞു. മക്കൾ എല്ലാവരും ജോലിയും കുടുംബവുമായി പലയിടത്ത്, അമ്മ ഒരു സഹായിയുടെ കൂടെ വീട്ടിലും. ഇവൾ മാത്രം താമസം അടുത്ത് ആയതിനാൽ മിക്കവാറും എല്ലാ ദിവസവും അമ്മയെക്കാണാൻ പോകാറുണ്ടെന്ന്.. ഇത് കേട്ട് കിടന്നത് കൊണ്ടാവാം മനസ്സ് ഇങ്ങനെയൊരു യാത്രക്ക് പുറപ്പെട്ടത്.. അൽഷിമേഴ്‌സിന്റെ ഒരു ഭീകരമായ അവസ്ഥ ഞാൻ സ്വപ്നത്തിലാണെങ്കിലും ഒരിത്തിരിനേരം അനുഭവിച്ചു...