'ഉപ്പയെ ബഹുമാനിക്കാൻ അകലം കാട്ടേണ്ട ആവശ്യമുണ്ടോ', മകനെ ഓർത്തു വിഷമിക്കാത്ത ഒറ്റ ദിവസമില്ല ആ പാവത്തിന്റെ ജീവിതത്തിൽ

Mail This Article
മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ അയാൾ ഖുർആൻ മടക്കി വെച്ചു. ഫോൺ ചെവിയോട് ചേർത്തു. "ഹലോ അസ്സലാമു അലൈകും" "വ അലൈകും മുസ്സലാം ഉപ്പ നൗഷാദ് ആണ്..." "ആ... മോനെ എന്താണ് വിശേഷങ്ങൾ." "സുഖം ആണ് ഉപ്പാ... ഉമ്മ എന്തിയെ" "അടുക്കളയിൽ കാണും നോക്കട്ടെ." അയാൾ തിടുക്കത്തിൽ അടുക്കളയിലെത്തി ഫോൺ ഭാര്യ സൈനുവിന് കൊടുത്തു അയാൾ തിരിഞ്ഞു നടന്നു. നൗഷാദ് ആണെന്ന്.. നീയൊന്ന് ചുമച്ചാൽ ഒന്ന് മുരട് അനക്കിയാൽ നിന്റെ ശ്വാസഗതിയുടെ താളം ഒന്ന് മാറിയാൽ ഈ ഉപ്പാക്ക് അറിയാം. ഒരു പത്താം ക്ലാസ് വരെയൊക്കെ ഞാൻ അവനെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട് കഥകൾ പറഞ്ഞിട്ടുണ്ട് പിന്നെ പതിയെ പതിയെ അവൻ അകലാൻ തുടങ്ങി. മുതിർന്നുവെന്ന് അവന് തോന്നിയിട്ടുണ്ടാകും പക്ഷേ ഈ അകൽച്ച എന്തിനാണ്. സംസാരം കഴിഞ്ഞു സൈനു ഫോൺ തിരികെ അയാൾ ഇരിക്കുന്നതിനു അടുത്തുള്ള ടേബിളിൽ കൊടുന്നു വെച്ചു. "നിങ്ങൾക്കു ചായ വേണോ" അയാൾക്ക് രണ്ടു മക്കളാണ് നൗഷാദും ഇളയവൾ നൗഷജയും. നൗഷജ ഇടുക്കി പീരുമേട് സ്കൂളിലെ ഹിന്ദി അധ്യാപികയാണ്. അവളും കുടുംബവും അവിടെയാണ് താമസം. ഭർത്താവ് ഹബീബ് അവിടെ തന്നെ ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നു. അവർക്ക് ഒരു മകൾ അസ്മിയ. ദൂര കൂടുതൽ കാരണം വല്ലപ്പോഴും ഉള്ള വരവേ ഉള്ളൂ അവൾക്കും...
വീണ്ടും ഫോൺ ബെൽ നൗഷാദ് തന്നെയാണ്.. "ഉപ്പാ ഒരു കാര്യം പറയാൻ വിട്ടു പോയി ഉമ്മാക്ക് ഒന്ന് കൊടുത്തേ." സൈനൂ അയാൾ നീട്ടി വിളിച്ചു. ആ ശബ്ദം കേട്ടിട്ടാകണം മുറ്റത്തു എന്തോ കൊത്തി പെറുക്കിയിരുന്ന ഒരു പ്രാവ് പറന്നു പൊങ്ങി. പക്ഷേ കുറച്ചു നേരം എന്നോട് ഒന്ന് സംസാരിക്കെടാ മോനെ എന്ന ചിറകൊടിയൊച്ച അയാളുടെ ഉള്ളിലായിരുന്നു. "അത് ഇന്നലെ ഉപ്പ ചെയ്തല്ലോ. അതും അടച്ചു. ചെറിയ ക്ഷീണം തോന്നുന്നുണ്ട്.. പറഞ്ഞാ കേക്കണ്ടേ.. ഒരിടത്തു അടങ്ങിയിരിക്കോ.." സൈനു സംസാരം തുടരുകയാണ്. കുറച്ചു കഴിഞ്ഞു സൈനു ഒരു ഗ്ലാസ് ചായയുമായി വന്നു. "ഓന്റെ വണ്ടി സർവീസ് ചെയ്തോന്ന് ചോദിക്കേരുന്നു." "അത് പറഞ്ഞില്ലേ." "പറഞ്ഞു കരണ്ട് ബില്ല് അടക്കണോന്നും ചോദിച്ചു." അത് ശ്രദ്ധിക്കാതെ അയാൾ ചോദിച്ചു മക്കൾടെ വിവരം എന്താ.. അവർക്ക് സുഖം രണ്ടാളുടെയും കലപില കേൾക്കാമായിരുന്നു. നൗഷാദിന് രണ്ട് ആൺകുട്ടികൾ ആണ്. ഇരട്ടകൾ ആമിലും എമിലും. ഭാര്യ റിസ്വാന. കുട്ടികൾക്ക് ആറു വയസ്സ് തികയുന്നെ ഉള്ളൂ.. സൈനു കൊടുത്ത ചായ ഗ്ലാസ് തിരിച്ചു കൊടുത്തു അയാൾ മെല്ലെ വരാന്തയിലെ ആ കസേരയിലേക്ക് ഇരുന്നു.
അവിടെ ഇരുന്നാൽ മുറ്റത്തെ ചെന്തെങ്ങു കാണാം. ചെറിയൊരു വാട്ടം ഉണ്ടെന്ന് തോന്നുന്നു. നാളെ പണിക്കാരെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കണം വളമിടണം... താനും നൗഷാദും കൂടിയാണ് അത് നട്ടതെന്ന് അയാൾ ഓർത്തു. ചൊട്ട ഇട്ടിട്ടുണ്ട് അതിനി പൂക്കുലയായി മച്ചിങ്ങ ആയി കരിക്കും ഇളനീരുമായി പിന്നെ മുഴുത്ത ഒരു തേങ്ങയായി ഒടുവിൽ ഉണങ്ങി തരിച്ചു നിലത്തു വീഴും ഒരു ജീവിത ചക്രം.. ഒരു കുഞ്ഞു തൈ അത് അവിടെ നിന്ന് വളർന്നു ഫലം തരാൻ തുടങ്ങിയിരിക്കുന്നു... ഇപ്പൊ എത്ര വർഷമായി കാണും അയാൾ ഓർക്കാൻ ശ്രമിച്ചു. ചിന്തകൾ പിന്നെയും പുറകിലേക്ക് പോയി കൊണ്ടിരുന്നു അതിങ്ങനെ ചുറ്റി തിരിഞ്ഞു അവസാനം മദർ ഹോസ്പിറ്റലിന്റെ ലേബർ റൂമിന്റെ മുന്നിലെത്തി നിന്നു. സൈനു ലേബർ റൂമിലാണ്. പുറത്തു എല്ലാവരും ഉണ്ട് എങ്കിലും ഒരു ഞെരിപ്പോട് നെഞ്ചിനകത്തു കിടന്നു പിടക്കുന്നുണ്ട്. പ്രസവ വേദനയെ കുറിച്ച് മഹാ കാവ്യങ്ങൾ ഇറങ്ങിയപ്പോൾ പുറത്തു കാത്തിരിക്കുന്നവന്റെ പ്രാണ വേദനയെ കുറിച്ച് എഴുതാൻ കവികൾ മറന്നു പോയതായിരിക്കാം.
"സൈനബയുടെ കൂടെ ആരാ ഉള്ളത്." ലേബർ റൂമിന്റെ വാതിൽക്കൽ നിന്നാണ് ശബ്ദം. "ആൺകുട്ടി ആണ് അൽ ഹംദുലില്ല. ഇപ്പൊ തരാം ട്ടാ.." ഒരു മാലാഖയെ പോലെ വീണ്ടും അവർ വന്നു ഒരു ചോര പൈതലുമായി. ഇരു ചെവിയിലും ബാങ്കും ഇക്കാമത്തും കൊടുത്തു തിരിച്ചു ഏൽപിച്ചു. മദർ ഹോസ്പിറ്റലിന്റെ ആ നിസ്കാര പള്ളിയിൽ അയാൾ സുജൂതിലേക്ക് വീണു ശുക്രല്ലാഹ.. സന്തോഷത്തിന്റെ നാളുകൾ അവന്റെ കളിയും ചിരിയും കുഞ്ഞിക്കാൽ പെറുക്കി വെച്ചുള്ള നടപ്പ്.. കവിളിൽ ഒരുമ്മ കണ്ണിൽ ഒരുമ്മ ചുണ്ടിൽ ഒരുമ്മ തന്റെ നെഞ്ചത്ത് കിടന്നുള്ള ഉറക്കം. എല്ലാം അയാൾ ഒരിക്കൽ കൂടി മനക്കണ്ണിൽ കാണുകയായിരുന്നു.. ആ കാലങ്ങളിൽ മാത്രമാണ് താൻ ശരിക്കും ജീവിച്ചത് എന്നയാൾക്ക് തോന്നി. ഒന്ന് ചേർത്ത് പിടിക്കാൻ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തലയിൽ ഒന്ന് തലോടുവാൻ ഇനിയും ആഗ്രഹം ബാക്കിയാണ്. ഗൾഫിലേക് പോകുമ്പോൾ നെറ്റിയിൽ കിട്ടുന്ന ഒരു ഉമ്മയിലും വരുമ്പോൾ കിട്ടുന്ന ഒരു ആലിംഗനത്തിലും സംതൃപ്തി പെടേണ്ടി വരുന്നു ഇപ്പോൾ ആ വാർദ്ധക്യത്തിന്. നരച്ച തന്റെ മുടിയിഴകളിലൂടെ സൈനുവിന്റെ വിരൽ ഓടി കൊണ്ടിരുന്നു. മുടി നരച്ചിട്ടും കൊഴിയാത്തത് സൈനുവിന്റെ വിരലുകളുടെ മാന്ത്രിക സ്പർശം കൊണ്ടാണെന്നു അയാൾ എപ്പോഴും പറയും...
"എന്താ ഇത്ര വലിയ ആലോചന രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.." "ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ." സൈനു പകപ്പോടെ അയാളെ നോക്കി.. "അല്ല നൗഷാദ് എന്നോട് അധികം സംസാരിക്കാറില്ല.." "അത്രേയുള്ളൂ അത് ബഹുമാനം കൊണ്ടല്ലേ." "ഇത് എന്ത് തരം ബഹുമാനമാണ്. ബഹുമാനിക്കാൻ ഒരു അകൽച്ച വേണമെന്ന് ആരാണ് പറഞ്ഞത് അതി വിനയം താണ സ്വരം താഴെ നോക്കിയുള്ള നിൽപ് ഇതൊക്കെയാണ് ബഹുമാനത്തിന്റെ ലക്ഷണമെങ്കിൽ എനിക്കത് വേണ്ട.." അടക്കി വെച്ചിരുന്ന സങ്കടങ്ങൾ പരിഭവങ്ങൾ പരാതികൾ എല്ലാം മുഴുവൻ അയാൾ സൈനുവിലേക്ക് ചാരി.. "മക്കളെ ഒന്ന് കാണാൻ തോന്നുന്നു അവനോടു ഒന്ന് വന്നിട്ട് പോയിക്കോളാൻ പറയ്.." "പറയാം. പിന്നെ നമുക്ക് നാളെ ജോസഫ് ഡോക്ടറെ ഒന്ന് പോയി കാണണം ട്ടാ.." "ശരി നേരം വെളുക്കട്ടെ കിടക്കാൻ നോക്ക്..." കഴിഞ്ഞ തവണത്തെക്കാൾ ക്ഷീണം കൂടിയിട്ടുണ്ടല്ലോ ഉപ്പാ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ ഡോക്ടർ കുശലം ചോദിച്ചു.. അയാൾ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. പ്രഷർ കൂടുതലാണ്. അത് പാരമ്പര്യം ആണെന്ന് പറഞ്ഞു അയാൾ ചിരിച്ചു തള്ളി. വേറെ പ്രത്യക്ഷ കുഴപ്പങ്ങൾ ഒന്നുമില്ല.. ശ്രദ്ധിക്കണം ആരോഗ്യം കുറച്ചു വീക്ക് ആയിട്ടുണ്ട്. മരുന്നുകൾ കൃത്യമായി കഴിക്കണം.. ഇതെല്ലാം ഈ ഡോക്ടർമാർ ആരു പോയാലും പറയുന്നതല്ലേ എന്ന് പറഞ്ഞു അയാൾ സൈനുവിനെ നോക്കി ചിരിച്ചു..
പിറ്റേന്ന് നൗഷാദ് വിളിച്ചപ്പോൾ സൈന ഉപ്പയുടെ ക്ഷീണത്തെ പറ്റി പറഞ്ഞു.. ഉമ്മ ശ്രദ്ധിക്കാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെട്ടു.. "ഈ ഇടയായി കുറച്ചു വാശി കൂടിയിട്ടുണ്ട് പഴയ കാര്യങ്ങൾ ഒക്കെ പറച്ചിലാണ്.. നിന്നെയും മക്കളെയും കാണണം എന്നാണ് പറയുന്നത്..." നൗഷാദിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു അവനും കരച്ചിലിന്റെ വക്കത്തു എത്തി. "ഞാൻ നോക്കട്ടെ ഉമ്മാ. നാളെയോ മറ്റന്നാളെ ഞാൻ വരാം കമ്പനിയിൽ ലീവ് പറയണം.." സൈനു ഭർത്താവിനരികിലേക്ക് ഓടുകയായിരുന്നു. പിന്നെ അവർ നാളെയോ മറ്റന്നാളോ വരുന്നൂന്ന് അയാളുടെ മുഖത്ത് പൂത്തിരി തെളിഞ്ഞു... ക്ഷീണം എവിടെയോ പോയൊളിച്ചു. പേരക്കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായി. അടുക്കളയിലും പറമ്പിലും വരാന്തയിലും അങ്ങനെ നോക്കുന്നിടത്തെല്ലാം പിന്നെ അയാളെ കാണാമായിരുന്നു. കുഞ്ഞു മുഹമ്മദിനോട് നല്ല മീൻ കൊണ്ട് വരാൻ പറഞ്ഞു. കബീറിനെ വിളിച്ചു പോത്തിറച്ചി ഏൽപിച്ചു. വൈകുന്നേരം പുറത്തു പോയി ബേക്കറിയും പലഹാരങ്ങളും വാങ്ങി. നൗഷജയെ വിളിച്ചു ലീവ് എടുത്തു വരാൻ പറഞ്ഞു. വീട്ടിൽ ഒരു ഉത്സവ പ്രതീതി പരന്നു.
രണ്ടാം ദിവസം നൗഷാദും കുടുംബവും എത്തി.. നനവുള്ള മണ്ണിൽ ചവിട്ടിയപ്പോൾ കുഞ്ഞുങ്ങളിലും സന്തോഷം. നൗഷജയും കുടുംബവും ഇന്നലെ തന്നെ എത്തിയിരുന്നു.. കുഞ്ഞുങ്ങൾ കളിച്ചു തിമിർത്തു അവരോടൊപ്പം അയാളും നൗഷാദും ഹബീബും കൂടെ ചേർന്നു.. ആറും അറുപതും ഒരേ മനസാകുന്നതിന്റെ സൗന്ദര്യം ഹർഷ പുളകിതത്തോടെ മറ്റുള്ളവർ നോക്കി നിന്നു... രണ്ടു മൂന്നു ദിവസം അങ്ങനെ കഴിഞ്ഞു. നൗഷജയും ഹബീബും തിരിച്ചു പോയി. അസ്മിയ പോകാൻ കൂട്ടാക്കിയില്ല. ആ കളി ചിരികളിൽ നിന്ന് ഉപ്പപ്പയുടെ ആ സ്നേഹ വാത്സല്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ അവൾക്ക് ആവില്ലായിരുന്നു.
ഉച്ച ഭക്ഷണം കഴിഞ്ഞു അയാൾ വിശ്രമത്തിനായി മുറിയിലേക്ക് ചെന്നു കട്ടിലിൽ ഇരുന്നു.. ഉപ്പാ എന്ന് വിളിച്ചു നൗഷാദ് റൂമിലേക്ക് കയറി വന്നു. അവന് ഉപ്പയുടെ പരിഭവങ്ങൾ തീർക്കണമായിരുന്നു.. അവർ സംസാരിച്ചു ജോലി സ്ഥലത്തെ ആളുകളെ കുറിച്ച് നാട്ടുകാരെ കുറിച്ച് അസ്മിയക്ക് കല്യാണകാര്യം നോക്കുന്നതിനെ കുറിച്ച് അങ്ങനെ പലതും.. നൗഷാദ് ഉപ്പയെ കെട്ടിപിടിച്ചു കിടന്നു അയാൾ അവന്റെ പുറത്തു മെല്ലെ തലോടി കൊണ്ടിരുന്നു.. പരിഭവങ്ങളും പരാതികളും അലിഞ്ഞില്ലാതായി രണ്ടു പേരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... ഹയ്യാലൽ സ്വലാത്ത്... ഹയ്യാലൽ സ്വലാത്ത്... അസർ ബാങ്ക് ആണ് നൗഷാദ് എണീറ്റു. അയാൾ ഉപ്പയെ നോക്കി. ഉപ്പ അപ്പോഴും ഉറക്കത്തിലായിരുന്നു.. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ.. ആ നിലാവ് മാഞ്ഞു പോയിരിക്കുന്നു.. ആത്മ സംതൃപ്തിയുടെ ആനന്ദത്തിന്റെ ഒരു പുഞ്ചിരി അപ്പോഴും ഉപ്പയുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നു..