'അവഗണനയുടെ അസഹനീയമായ ദുഃഖം താങ്ങാൻ കഴിയാതെയാണ് അവൾക്കു ഞാൻ ആദ്യ കത്തെഴുതുന്നത്...'

Mail This Article
"പ്രിയപ്പെട്ടവളെ നുസ്രത്ത്
നിന്നോടുള്ള പ്രേമവും നീ സമ്മാനിച്ചുകൊണ്ടിരിക്കുന്ന അവഗണനയുമിപ്പോളെന്നിൽ തീവ്രമായ ദുഃഖങ്ങളായി പരിണാമം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയിലൂടെ ഇനിയുമധികം സഞ്ചരിക്കുകയെന്നത് അസാധ്യം തന്നെ... നീയെന്റെ കത്തുകൾ വായിക്കുന്നുണ്ടോ.. ഹോ അത്രയൊന്നും വേണ്ട നീയത് കാണുകയെങ്കിലും ചെയ്യുന്നുണ്ടോ..?
പ്രേമം ഉൾക്കൊള്ളാൻ കഴിയില്ലയെങ്കിൽ പിന്നെയെന്തിനീ ഈ ഊമനാടകം... ഇനിയെങ്കിലും എനിക്കൊരു മറുപടി നൽകു.. നിന്റെ മറുപടിയിൽ എന്റെ വേദനകൾക്കുള്ള മുറിവെണ്ണയുണ്ടാകുമെന്ന പ്രതീക്ഷയോടെ
അൽആമീൻ ജീപ്പിലെ കിളി
ഷാജഹാൻ....."
'മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്..'
തൊള്ളായിരത്തി തൊണ്ണൂറ്റിയേഴിലാണ് എനിക്ക് ആദ്യ പ്രേമം സംഭവിക്കുന്നത്. ശേഷം പ്രേമങ്ങൾ അനവധി ഉണ്ടായെങ്കിലും ആദ്യപ്രേമത്തിന്റെ കൗതുകവും സന്തോഷവും പിന്നീട് വന്നവക്കൊന്നും ബാക്കിവെക്കാൻ സാധിച്ചില്ല. അവൾക്കു വേണ്ടി കുരങ്ങിപ്ലാവിന്റെ ചോട്ടിൽ കാത്തുനിന്നതും, അവളെ കാണുവാനായി മാത്രം കൈകാട്ടി മുതൽ പാടഗിരി വരെ ജീപ്പ് യാത്രകൾ നടത്തിയതും 'റോസാപൂ ചിന്ന റോസാപൂ' എന്നാ പാട്ട് വിരസതകളില്ലാതെ ആവർത്തിച്ചു കേട്ടതും പാടഗിരിസ്കൂളിന്റെ ഇടവഴികളിൽ തേയിലത്തോട്ടങ്ങളുടെ തണുപ്പിൽ പുൽമേടുകൾക്ക് മീതെ, ഒഴുകിയകലുന്ന കാനയുടെ കരയിൽ അങ്ങനെ അങ്ങനെ അവളുടെ സഞ്ചാരവഴികളിൽ നിത്യസന്ദർശകനായിരുന്ന കാമുകനായിരുന്നതെല്ലാം ഈ ഒറ്റപ്പെട്ട പ്രേമകാലത്തിന്റെ ഓർമ്മകളാണ്...
പ്രേമം തുടങ്ങുമ്പോൾ അവൾ എട്ടാം ക്ലാസ്സുകാരിയാണ്. അൽഅമീൻ ജീപ്പിലായിരുന്നു അവളുടെ സ്കൂൾയാത്ര. കെ എസ് ആർ ടി സി മാത്രമാണ് അക്കാലത്ത് ആ വഴി സർവീസ് നടത്തിയിരുന്നത് (ഇന്നത്തെ അവസ്ഥയേ കുറിച്ച് വ്യക്തമായറിവില്ല എങ്കിലും മാറ്റങ്ങൾക്കുള്ള സാധ്യതകൾ കുറവാണ്) അതുകൊണ്ട് തന്നെ സ്കൂൾയാത്രകൾക്ക് കുട്ടികളിലധികവും ജീപ്പുകളാണ് ആശ്രയിച്ചിരുന്നത്. രാവിലെകളിൽ അൽഅമീനിലെ കിളിയുടെ ചുമതലയെനിക്ക്. കൂലിയില്ലാത്ത വേല എന്നുവേണമെങ്കിലും പറയാം. കൂലിയില്ലാതെ തന്നെ വൈകുന്നേരവും പണിയെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രിയപ്പെട്ട അത്ത പുലയമ്പാറയുടെ വിരിമാറിൽ പണികഴിപ്പിച്ച ചായകടയുടെ ഉച്ച മുതൽക്കുള്ള കൃത്യനിർവഹണം നിക്ഷിപ്തമാക്കപ്പെട്ടത് ഇയ്യുള്ളവന്റെ ചുമലിലായിരുന്നു. എങ്കിലും അദ്ദേഹം ഇടയ്ക്കിടെ സൂചിപ്പിച്ചു. "പഠനം തുടർന്ന് വല്ല ജോലിയും സാമ്പാദിച്ച നിനക്ക് കൊള്ളാം.. അല്ലെങ്കിലെന്നുമിവിടെയിങ്ങനെ ചായയുമടിച്ചു കൂടാം..." ഞാൻ പത്താംതരം സെക്കന്റ്‌ക്ലാസ്സോടെ പാസായിരുന്നു. തുടർ പഠനത്തിന് നെല്ലിയാമ്പതി മലയിറങ്ങണം. അതിനുള്ള മുഴുവൻ സാധ്യതകളും മുന്നിലുണ്ടായിരുന്നിട്ടും അവളോടുള്ള പ്രേമാധിക്യം എന്നെയവിടെ തളച്ചിട്ടു. ഈ രോഗത്തിന് അങ്ങനെ ഒരു ഏനക്കേടുണ്ട്. പ്രേമത്തിലായിരിക്കുമ്പോൾ ഭാവിയും ഭൂതവും നമ്മളെ വർത്തമാനത്തിൽ കെട്ടിയിടും. കണ്ടുമുട്ടിയ മധുരമനോഹരദിനങ്ങളും സ്വന്തമാക്കിയാലുള്ള മധുവിധു സ്വപ്ങ്ങളും മരുപച്ച പോലെ നമ്മേ മോഹിപ്പിക്കും..
ദൈർഘ്യം നന്നേ കുറഞ്ഞ അൽആമീൻ യാത്രവേളകളിൽ പ്രാപ്തിയോടെയെന്റെ കണ്ണുകൾ പ്രേമത്തിന് വേണ്ടി യാചിച്ചെങ്കിലും അവൾക്കെന്നോട് പ്രേമബാധയൊന്നുമുണ്ടായില്ല. ഒരുവർഷക്കാലം മാന്യതയോടെ പ്രവർത്തിച്ചിരുന്ന എന്റെ ഹൃദയത്തിന് രണ്ടാം വർഷത്തിൽ പ്രേമരോഗം കലശലായി. പൊടുന്നനെ വന്നുകയറിയ വേനലവധിയാണ് എന്റെ മോശം സ്ഥിതിയെ കുറിച്ചുള്ള ബോധം എന്നിലുണ്ടാക്കി തന്നത്. അതുവരെയും വേനലവധികളിൽ അവളെന്ത് ചെയ്തുവെന്നതിൽ കൃത്യമായ അറിവുകളില്ലാതിരുന്ന ഞാൻ ആക്കൊല്ലം അവൾ നെല്ലിയാമ്പതിയിറങ്ങിയതിന്റെ ദുഃഖഭാരത്താൽ തളർന്നുപോയി. നെമ്മാറയിലോ മറ്റോ ആയിരുന്നു അവളുടെ അമ്മവീട്. അങ്ങോട്ടേക്കുള്ള അവളുടെ ഒഴിവുകാലസന്ദർശനം എനിക്ക് വേർപാടിന്റെ മഹാവേദന സമ്മാനിച്ചു. ഊത്തുകുഴിയിൽ സ്ഥിതി ചെയ്യുന്ന അവളുടെ വീടിന് പരിസരം ഒരു ഭ്രാന്തനെപ്പോലെ ഞാൻ ചുറ്റിതിരിഞ്ഞു.. ചായക്കടയിലെ ടേപ്പ് റെക്കോർഡറിൽ നിന്നും പ്രേമഗാനങ്ങൾ പുലയമ്പാറയുടെ തണുപ്പിലൂടെ അലഞ്ഞു നടന്നു..
"മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ
തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ
ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം
മാനേ പൂന്തേനേ നിന്നെ കളിയാട്ടാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി......"
അസഹനീയമായ ഈ ദുഃഖം താങ്ങാൻ കഴിയാതെയാണ് അവൾക്ക് ഞാൻ ആദ്യ കത്തെഴുതുന്നത്.
"പ്രിയപ്പെട്ട നുസ്രത്ത് വായിച്ചറിയുവാൻ അൽഅമീൻ ജീപ്പിലെ കിളി ഷാജഹാൻ എഴുതുന്നത്. യാതൊരു മടിയും കൂടാതെ കുറിക്കട്ടെ എനിക്ക് നിന്നോട് പ്രേമമാണ്. നല്ല മുഴുത്ത ഭ്രാന്തൻ പ്രേമം. പലകുറി കണ്ണുകൾ കൊണ്ട് ഞാൻ അഭ്യർഥന സമർപ്പിച്ചിരുന്നതാണ് പക്ഷേ നീയത് നിഷ്കരുണം നിരസിക്കുകയാണുണ്ടായത്.. എങ്കിലുമെന്റെ പ്രിയേ ഈ പ്രേമത്തിൽ എനിക്ക് പ്രതീക്ഷയുണ്ട്..."
കത്തുകൾ തുടരെ തുടരെ എഴുതപ്പെട്ടുകൊണ്ടിരുന്നു. നെല്ലിയാമ്പതിയുടെ തണുത്ത രാത്രികളിൽ ആകാശം നോക്കിയിരുന്ന് അവൾക്കുള്ള വരികൾ ഞാൻ കുറിച്ചു. ആ സമയങ്ങളിലൊക്കേയും എനിക്കുള്ളിലൂടെ മഞ്ഞിന്റെ നനുത്ത തലോടലുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് അനേകം മിന്നാമിനുങ്ങുകൾ നിശബ്ദം കടന്നുപോയി. നീളൻ പടികൾക്കപ്പുറം മതിലുകൾ പോലെ വളർന്ന് നിന്നിരുന്ന ബുഷ് ചെടികൾക്കിടയിൽ നിന്നും റോജപാക്കിന്റെ ഗന്ധം പേറുന്ന റോസപൂവുകൾ ആകാംഷയോടെയെന്നെ നോക്കിനിന്നു... കത്തുകൾക്കൊടുവിൽ എന്നെങ്കിലുമവൾ മറുപടി അയക്കുകയാണെങ്കിൽ തടസ്സങ്ങളില്ലാതിരിക്കാൻ സ്വന്തം അഡ്രസ്സും ഞാൻ എഴുതിയിട്ടിരുന്നു. വേനലവധി അവസാനിക്കുമ്പോഴേക്കും അനവധി കത്തുകൾ ജന്മം കൊണ്ടു. ഒന്നിച്ചു കൊടുക്കുന്നത് ഉചിതമല്ലാത്തത് കൊണ്ടുതന്നെ ഞാനൊരു സാഹസത്തിന് മുതിർന്നു. അൽഅമീൻ ജീപ്പിന്റെ മുകളിൽ തള്ളികയറ്റിയ അവളുടെ ഇളംനീല നിറമുള്ള ബാഗിൽ മറ്റാരും കാണാതെ ദിനംപ്രതി കത്ത് ഒന്നുവീതം നിക്ഷേപിച്ചു.
നിക്ഷേപം കൃത്യം പോലെ നടന്നതല്ലാതെ അവളിൽ യാതൊരു വിധ ഭാവമാറ്റവും ഉണ്ടായില്ല.. അവളുടെ തണുപ്പൻ പ്രതികരണം എന്റെ പ്രേമരാത്രികളെ നിരാശകളുടേതാക്കി തീർത്തു. അവൾക്ക് പ്രേമമുണ്ടെങ്കിൽ അത് സമ്മതിച്ചു തരുന്നതിൽ എന്താണ് ബുദ്ധിമുട്ട്. അല്ലായെങ്കിൽ പ്രേമമില്ലെന്ന് മുഖത്ത് നോക്കി പറയണം. കൊടുക്കുന്ന പ്രേമകത്തുകൾ നേരിടുന്നത് കൊടിയ അവഗണനയാണെന്ന് എനിക്ക് തോന്നി തുടങ്ങി.. അങ്ങനെയാണ് ഞാനവൾക്ക് കടുപ്പമേറിയ ഭാഷയിൽ കത്തെഴുതാൻ തീരുമാനിക്കുന്നത്. നിങ്ങൾ വായനക്കാർക്ക് വരികളിൽ കടുപ്പമൊന്നും അനുഭവപ്പെടാൻ വഴിയില്ല. ഹോ ഞങ്ങൾ കാമുകന്മാർക്ക് ഇതിലും കടുപ്പിക്കുകയെന്നത് അസാധ്യം തന്നെ..
"പ്രിയപ്പെട്ടവളെ നുസ്രത്ത്
നിന്നോടുള്ള പ്രേമവും നീ സമ്മാനിച്ചുകൊണ്ടിരിക്കുന്ന അവഗണനയുമിപ്പോളെന്നിൽ തീവ്രമായ ദുഃഖങ്ങളായി പരിണാമം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയിലൂടെ ഇനിയുമധികം സഞ്ചരിക്കുകയെന്നത് അസാധ്യം തന്നെ... നീയെന്റെ കത്തുകൾ വായിക്കുന്നുണ്ടോ..? ഹോ അത്രയൊന്നും വേണ്ട നീയത് കാണുകയെങ്കിലും ചെയ്യുന്നുണ്ടോ..? പ്രേമം ഉൾക്കൊള്ളാൻ കഴിയില്ലയെങ്കിൽ പിന്നെയെന്തിനീ ഊമനാടകം... ഇനിയെങ്കിലും എനിക്കൊരു മറുപടി നൽകു.. നിന്റെ മറുപടിയിൽ എന്റെ വേദനകൾക്കുള്ള മുറിവെണ്ണയുണ്ടാകുമെന്ന പ്രതീക്ഷയോടെ
അൽആമീൻ ജീപ്പിലെ കിളി
ഷാജഹാൻ....."
ഇതായിരുന്നു ആ കാഠിന്യമേറിയ കത്ത്. എന്നാൽ ഈ കത്ത് നിക്ഷേപിച്ചതിന്റെ പിറ്റേന്ന് മുതൽ അൽഅമീൻ ജീപ്പിൽ അവളുടെ ഇടം ഒഴിഞ്ഞു കിടക്കാൻ തുടങ്ങി. തുടർന്നുള്ള ഒരാഴ്ചക്കാലം ശുഭപ്രതീക്ഷയോടെയാണ് ഞാൻ കൈകാട്ടിയെത്തുന്നത്. എന്നാൽ പ്രതീക്ഷകളൊക്കെയും അസ്ഥാനത്തായിരുന്നു. അവളുടെ അപ്രത്യക്ഷമാകൽ നീണ്ടു നീണ്ടുപോയി. രണ്ടാഴ്ചകൾ പിന്നിട്ടപ്പോഴേക്കും എന്റെ പിടുത്തം വിട്ടുപോയിരുന്നു. അവൾ സ്കൂളിലേക്കുള്ള യാത്രക്ക് മറ്റെന്തെങ്കിലും വഴി കണ്ടെത്തി കാണും എന്നാണ് അപ്പോഴും ഞാൻ ആശ്വസിച്ചിരുന്നത്.. എന്നാൽ എന്റെ വിശ്വാസങ്ങളും പ്രതീക്ഷകളും മുഴുവനും തെറ്റിച്ചുകൊണ്ട് അവൾ അൽആമീൻ ജീപ്പും സ്കൂളും എന്തിന് ആ നാട് തന്നെ ഒഴിവാക്കി പോയിരുന്നു. പ്രവാസിയായ അവളുടെ ഉപ്പ നെമ്മാറയിൽ എവിടെയോ പുതിയ വീട് വാങ്ങിച്ചതും കുടുംബസമേതം അവൾ മലയിറങ്ങിയതും എന്നെ സംബന്ധിച്ച് നിസാരമായ വാർത്തയായിരുന്നില്ല. അവളുടെ മടങ്ങിവരവ് ഞാൻ കഠിനമായി ആഗ്രഹിച്ചുകൊണ്ടേയിരുന്നു. എന്നെ ഭരിക്കുന്ന ദുഃഖത്തേ കുറിച്ച് വീട്ടിലും നാട്ടിലും ചോദ്യങ്ങളുണ്ടായി. അൽഅമീനിലെ ജോലി ഉപേക്ഷിച്ച ഞാൻ മുഴുവൻ സമയവും അത്തയുടെ ചായ കടയിൽ തന്നെ ചിലവഴിച്ചു.
ഒരു അധ്യായനവർഷം അങ്ങനെയങ്ങു തീർന്നുപോയി. ഇടയ്ക്കിടെ അവൾ ഇങ്ങനെ ഓർമ്മയിൽ വരും പക്ഷേ പഴയത് പോലെയെന്നെ ബുദ്ധിമുട്ടിക്കാൻ അവൾക്കും കഴിഞ്ഞില്ല. വരുന്ന കൊല്ലം മലമ്പുഴ ഐ റ്റി ഐയിൽ ചേർന്ന് പഠനം തുടരാനുള്ള അത്തയുടെ നിർദേശം എനിക്ക് സമ്മതമായിരുന്നു. അനാവശ്യമായ ചിന്തകൾ കൊണ്ട് ഇനിയും ജീവിതത്തേ കെട്ടിയിടാതെ അതിന്റെ ഒഴുക്കിലേക്ക് സ്വയം സമർപ്പിക്കാൻ ഞാനെന്നെ മെരുക്കിയെടുത്തു. എങ്കിലും എപ്പോഴൊക്കെയോ നഷ്ടബോധത്തോടെ അവൾ എനിക്കുള്ളിൽ തെളിഞ്ഞുവന്നു. പറയാൻ അവൾ മടിച്ചതും കേൾക്കാൻ ഞാൻ കൊതിച്ചതുമായ, പ്രിയകരമായതെന്തോ ബാക്കി കിടക്കുന്നു എന്നൊരു തോന്നൽ. എനിക്കായി ഒരു മറുപടി കത്തവൾ എന്നെങ്കിലും അയക്കുമെന്ന പ്രതീക്ഷയുടെ പൊടി എത്ര തൂത്താലും പോകാതെ എനിക്കുള്ളിൽ പറ്റിപിടിച്ചു കിടന്നു. ഐ റ്റി ഐയിൽ ചേരുമ്പോഴും മലമ്പുഴയിലേക്കുള്ള യാത്ര തയാറെടുപ്പുകൾ നടത്തുമ്പോഴും എവിടെയോ എന്തോ എന്നെ അലട്ടികൊണ്ടേയിരുന്നു. വെറുതെയാണെങ്കിലും ഇടയ്ക്കിടെ ഞാൻ പോസ്റ്റ്‌ഓഫീസ് വരേയൊന്ന് പോയിവന്നു. പോസ്റ്റുമാൻ ബാലേട്ടനോട് നിത്യവും സംഭാഷണങ്ങൾ പതിവാക്കി. ഒന്നുമുണ്ടായില്ല.. ഒന്നും...
മലമ്പുഴയും അവിടെത്തേ പഠനജീവിതവും ഓടികൊണ്ടേയിരുന്നു. വല്ലപ്പോഴും അവളുടെ ചിന്തകൾ പൊഴിയാൻ വിസ്സമ്മതിച്ചു കൊണ്ട് എന്നിൽ വിടർന്നു വരും. ആ സമയം അൽആമീൻ ജീപ്പ് കൈകാട്ടി വളവുകൾ പിന്നിട്ട് കോടയിലൂടെ പാഞ്ഞുപോകുകയായിരിക്കും. അവളുടെ വിടർന്നകണ്ണുകൾ എന്നെ രഹസ്യമായി നോക്കുന്നതും നാണത്തോടെ പിൻവലിയുന്നതും എന്റെ സങ്കൽപങ്ങളെ സമ്പന്നമാക്കും.. ആ കൊല്ലം ഓണവധിക്ക് നാട്ടിലേക്ക് വണ്ടി കയറുമ്പോഴേക്കും ഞാൻ ഏകദേശം അവളുടെ ഓർമ്മകളിൽ നിന്നും മുക്തി നേടാൻ ശീലിച്ചു കഴിഞ്ഞിരുന്നു. കൈകാട്ടിയിലേക്കോ, പാടഗിരിയിലേക്കോ ഞാൻ പോയതേയില്ല. അനാവശ്യമായ ഓർമ്മകളെ താലോലിക്കാൻ എന്തുകൊണ്ടോ ഞാൻ ആഗ്രഹിച്ചില്ല. ആ ദിവസങ്ങളിൽ കൂടുതലും അത്തയുടെ ചായകടയിൽ തന്നെ ചിലവഴിക്കുകയായിരുന്നു ഞാൻ ചെയ്തത്. തിരികെ മടങ്ങാൻ മൂന്നുദിവസം ബാക്കിയിരിക്കെ ഒരു മഹാത്ഭുതം സംഭവിച്ചു. എന്നെ തേടി ഒരു കത്ത് വന്നു. പോസ്റ്റുമാൻ ബാലേട്ടൻ ഒരു കള്ളചിരിയോടെ അതെന്നെ ഏൽപ്പിക്കുമ്പോൾ എനിക്കുള്ളിൽ സന്തോഷത്തിന്റെ മഹാകടൽ രൂപം കൊള്ളുകയായിരുന്നു.
എത്ര രഹസ്യമായാണന്നു ഞാൻ ആ കത്ത് തുറന്നു വായിച്ചത്. കാലങ്ങളായി കാത്തിരുന്ന നുസ്രത്തിന്റെ മറുപടി കത്ത്. അത്രമേൽ ആകാംഷയോടെ ഞാനത് തുറന്നു വായിച്ചു. പുറത്ത് തണുത്തകാറ്റ്... യുക്കാലിപ്റ്റസ് മരങ്ങളുടെ ഉള്ളിലേക്ക് തുളച്ചുകയറുന്ന മണം... വെള്ളചാമ്പങ്ങകൾ പൊഴിയുന്ന ശബ്ദം... എന്റെ ചുണ്ടുകൾ അവൾ എഴുതിയിട്ട അക്ഷരങ്ങളെ ആർത്തിയോടെ പെറുക്കിയെടുത്തു.
"അൽ ആമീൻ ജീപ്പിലെ കിളി ഷാജഹാൻ വായിച്ചറിയാൻ നുസ്രത്ത് എച്ച് എഴുതുന്നത്.
നിങ്ങൾക്ക് എന്നോട് ശക്തമായ പ്രേമമാണെന്ന് അറിയാം. പക്ഷേ ഈ മറുപടി എഴുതുന്നത് തിരിച്ചു പ്രേമം ബാധിച്ചത് കൊണ്ടല്ല കേട്ടോ. ധാരാളം പ്രേമലേഖനങ്ങൾ ദിനംപ്രതി കിട്ടുന്നുണ്ട്. ഒട്ടുമിക്കതും അക്ഷരതെറ്റുകൾ, കാവ്യഭംഗി ഒട്ടുമില്ലാതാനും. എന്നാൽ നിങ്ങളുടെ കത്തുകളിൽ അക്ഷരതെറ്റുമില്ല കാവ്യഭംഗി ആവോളവുമുണ്ട്. അഭിനന്ദിക്കാതെ വയ്യ. ഒടുവിലെ കത്തിന് നേരിട്ട് മറുപടി തരണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ സാധിച്ചില്ല. ഒട്ടും നിനക്കാതെ നെല്ലിയാമ്പതി വിട്ടുപോരേണ്ടി വന്നു. മറുപടി അയക്കാൻ ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നത്. ഊമനാടകങ്ങൾ ഒന്നുമില്ല. തുറന്നുതന്നെ പറയട്ടെ എഴുത്തുകളിൽ കൈക്ഷരം നല്ലതാണ്, അക്ഷരതെറ്റുകളില്ല കാവ്യഭംഗിയുമുണ്ട് എന്നിരുന്നാലും ഒരു കിളിയെ പ്രേമിക്കാൻ എനിക്ക് താല്‍പര്യമില്ല... മറുപടി അയച്ച് ബുദ്ധിമുട്ടിക്കില്ല എന്ന വിശ്വാസത്തോടെ,
നുസ്രത്ത് എച്ച്
മുക്കാട്ടിൽ ഹൗസ്
------
Pin ------ "
സത്യത്തിൽ കത്ത് വായിച്ചപ്പോൾ എനിക്ക് ഒരു കുന്തവും മനസിലായില്ലെന്നതാണ് സത്യം. എന്നാലും കത്തിന് ഒടുവിൽ വെണ്ടയ്ക്ക അക്ഷരത്തിൽ അഡ്രസ് കുറിച്ചിട്ടിട്ട് മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത് എന്ന അവളുടെ അപേക്ഷക്ക് പിറ്റേന്ന് തന്നെ ഞാൻ ചുട്ട മറുപടി അങ്ങോട്ട് അയച്ചു. കത്തിന് ഒടുവിൽ കോളജിന്റെ അഡ്രസ് കുറിച്ചിട്ട് കൊണ്ട് ഞാനും പറഞ്ഞു, 'മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്..' അത്രയൊന്നും വൈകാതെ തന്നെ അവളുടെ മറുപടികത്ത് വന്നു.. നീണ്ട കത്തിനൊടുവിൽ അവൾ വീണ്ടും കുറിച്ചിട്ടു, 'മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്..' അങ്ങനെ കുറെയേറെ കാലം അതായത് ഏകദേശം അവളുടെ പന്ത്രണ്ടാം തരം വരെ ഞങ്ങൾ പരസ്പരം കത്തുകൾ അയച്ചു. ആദ്യമെല്ലാം ഓരോ കത്തുകൾക്കുമൊടുവിൽ ഇരുവരും കുറിച്ചിട്ടു 'മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്..' പിന്നെ പിന്നെ അങ്ങനെയൊരു വരി ഞങ്ങളിരുവരും എഴുതാതെയായി, മറുപടി അയക്കാൻ വൈകി ബുദ്ധിമുട്ടിക്കരുതെ എന്ന പ്രാർഥനയോടെ.. കത്തെഴുത്തുജീവിതം പറയാതെ വയ്യ അതൊരു മനോഹരമായ കാലഘട്ടം തന്നെയായിരുന്നു.
വർഷങ്ങൾ ഇങ്ങനെ പോയപ്പോൾ അവളുടെ മറുപടി കത്തുകൾ കുറഞ്ഞു തുടങ്ങി. പിന്നീടത് പൊടുന്നനെ നിലച്ചു. പരിഭ്രാന്തനായ ഞാൻ ധാരാളം കത്തുകൾ അങ്ങോട്ട് എഴുതിയിട്ടു. ഒന്നിനും മറുപടിയുണ്ടായില്ല. അവൾക്ക് എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നുവെന്ന ചിന്ത എന്നെ തീവ്രമായി അലട്ടാൻ തുടങ്ങി.
നേരിൽ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസ്ഥയിലേക്ക് ഞാൻ എത്തിചേർന്നു. അതിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിൽ എന്നെതേടി അവളുടെയൊരു കത്തുവന്നു. എന്റെ വിശ്വാസം ശരിയാണെങ്കിൽ ജീവിതത്തിൽ അന്നുവരെയും അനുഭവിക്കാത്ത വിധം സമാധാനം ആ കത്ത് കൈയിൽ കിട്ടിയ നിമിഷം ഞാൻ അനുഭവിച്ചു. അത്രയൊന്നും ദീർഘിപ്പിക്കാത്ത ചെറിയൊരു കുറിപ്പ് മാത്രമായിരുന്നുവത്.
"അൽആമീൻ ജീപ്പിലെ കിളി ഷാജഹാൻ വായിച്ചറിയാൻ നുസ്രത്ത് എഴുതുന്നത്,
എന്റെ വിവാഹം കഴിഞ്ഞു. എല്ലാം പെട്ടന്നായിരുന്നു ക്ഷണിക്കാൻ കഴിഞ്ഞില്ല. നിങ്ങൾക്ക് എന്നും നല്ലത് മാത്രം ആശംസിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു...
'മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്,
-നുസ്രത്ത് മൊയ്‌ദീൻ "
കത്തിലവൾ എന്തെഴുതിയെന്ന് പലവട്ടം വായിച്ചിട്ടും എനിക്കൊരു ധാരണയുണ്ടായില്ല. അല്ലെങ്കിൽ അതിൽ നിന്നും നിങ്ങൾക്ക് മനസിലാവുന്നത്ര പോലും എനിക്കന്ന് മനസിലായില്ല. ഒടുവിലവൾ എഴുതിയിട്ട നിർദ്ദേശം മാത്രം ആവർത്തിച്ച് വായിച്ചുകൊണ്ട് ഞാനാ കത്ത് കീറി എറിയുകയായിരുന്നു. "മറുപടി അയച്ച് ബുദ്ധിമുട്ടിക്കരുത്.."