‘എന്റെ മകനായതിൽ അഭിമാനം, അവനെ കാത്തു കൊള്ളേണമേ ഇൗശ്വരാ എന്ന പ്രാർഥനയും’: മല്ലികാ സുകുമാരൻ പറയുന്നു

Mail This Article
‘എമ്പുരാൻ’ സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മകൻ പൃഥ്വിരാജിനും ‘എമ്പുരാന്റെ’ അണിയറപ്രവർത്തകർക്കും വിജയാശംസയുമായി മല്ലിക സുകുമാരൻ. ലോകം മുഴുവൻ പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ ഇതെല്ലാം മകന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് പറയുകയാണ് ഈ അമ്മ. പൃഥ്വിരാജ് അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയതെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മകന് അഭിനയിക്കാൻ കഴിവുണ്ടെന്ന് താനും സുകുമാരനും മനസ്സിലാക്കിയിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ‘എമ്പുരാന്റെ’ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം വിളിച്ച് അറിയിക്കുമ്പോൾ സിനിമയുടെ സംവിധായകന്റെ അമ്മ എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ‘എമ്പുരാന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മല്ലിക സുകുമാരൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
20 വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ സത്യമാകുമ്പോൾ
രാജു വളരെ അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. എങ്കിലും രാജുവിനും ഇന്ദ്രനും അഭിനയിക്കാൻ കഴിവുണ്ടെന്ന് എനിക്കും സുകുവേട്ടനും അറിയാമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാജു നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. എങ്കിലും പ്രതീക്ഷിക്കാത്ത നേരത്താണ് രാജു സിനിമയിലേക്ക് എത്തിയത്. ഇന്നിപ്പോൾ രാജു എവിടെയെങ്കിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ അവന്റെ ആത്മാർഥമായ കഠിനാധ്വാനം ആണ്. അതിനു ഏറ്റവും വലിയ കാരണം അവന്റെ ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന മനോരമയിലെ ജോണി ലൂക്കോസുമായിട്ടുള്ള രാജുവിന്റെ ഒരു ഇന്റർവ്യൂ ഉണ്ടല്ലോ അതിൽ അവൻ പറയുന്നുണ്ട് അവനു മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായി അറിയപ്പെടണം, നല്ല സിനിമകൾ ചെയ്യുന്ന പ്രൊഡക്‌ഷൻ ഹൗസ് ഉണ്ടാക്കണം നല്ല കഥകൾ കിട്ടിയാൽ സംവിധാനം ചെയ്യാൻ കഴിയണം എന്നൊക്കെ. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് തന്നെ അവന്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞതാണ്. ആ വാക്കുകൾ എല്ലാം യാഥാർഥ്യമാക്കാൻ അവന്റെ ഭാഗത്ത് നിന്ന് കാര്യമായ അധ്വാനവും പരിശ്രമവും ഉണ്ടായിട്ടുണ്ട്.
ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യനിഷ്ഠയോടെ പൂർത്തിയാക്കും
രാജു വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. അവനെ ഏൽപ്പിക്കുന്ന ജോലി 101 ശതമാനം ആത്മാർഥതയോടെ ചെയ്യും. അത് ആരെയും പ്രീതിപ്പെടുത്താനോ നല്ല വാക്ക് കേൾക്കാനോ അല്ല. മറിച്ച് ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർഥതയാണ്. അതിപ്പോൾ ഒരു പടം സംവിധാനം ചെയ്യുന്നതാണെങ്കിലും അഭിനയം ആണെങ്കിലും. ഇപ്പോൾ ഞാൻ തന്നെ ഒരു കാര്യം ഏൽപ്പിച്ചാൽ, ‘അത് ഞാൻ നോക്കിക്കൊള്ളാം അമ്മേ’ എന്ന് പറഞ്ഞാൽ പിന്നെ നമ്മൾ രണ്ടാമതൊന്ന് ഓർമപ്പെടുത്തേണ്ട കാര്യമില്ല. അവൻ ചെയ്തിരിക്കും. അങ്ങനെ ചില നല്ല ഗുണങ്ങൾ അവനുണ്ട്. പക്ഷേ ഈ കഴിഞ്ഞ രണ്ടു വർഷമായി ഭയങ്കര തിരക്കാണ്. എനിക്ക് കാണാൻ കിട്ടുന്നില്ലെങ്കിലും ഞാൻ വിചാരിക്കും, അവന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കുന്നുണ്ടല്ലോ. ഫോണിൽ കൂടി സംസാരിക്കും. വിഡിയോ കാൾ ചെയ്യും. ‘അമ്മേ... ഇപ്പോഴാണ് വന്നത്, ഷൂട്ട് കഴിഞ്ഞതേ ഉള്ളൂ’ എന്ന് പറയും. നമുക്ക് അത്രയൊക്കെ മതി, അവന്റെ ജോലി എന്താണെന്ന് എനിക്ക് നന്നായി അറിയാമല്ലോ.
രാജു വെറുതെ ഒന്നും പറയുന്ന ആളല്ല
രാജു സത്യസന്ധത ഉള്ളയാളാണ്. വെറുതെ ഒന്നും പറയില്ല. ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി സംസാരിക്കില്ല. അവനു ശരി എന്ന് തോന്നുന്ന കാര്യം പ്രവൃത്തിയിലും വർത്തമാനത്തിലും കൊണ്ടുവരും. അത് പെട്ടെന്ന് പലർക്കും അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ, അത് സത്യമായിരിക്കും. എന്നോട് തന്നെ ചില കാര്യങ്ങൾ, ‘അമ്മേ അത് അങ്ങനെ അല്ല’ എന്ന് പറഞ്ഞാൽ ഞാൻ മൂന്നു പ്രാവശ്യം പിന്നെ ചിന്തിക്കും. രാജു പറഞ്ഞതല്ലേ, എന്തെങ്കിലും കാര്യമില്ലാതെ അവൻ പറയില്ലല്ലോ. അവൻ ഒന്നുമറിയാതെ എന്തെങ്കിലും വിളിച്ചു കൂവുന്ന ആളല്ല. അതുകൊണ്ട് വീട്ടിലായാലും രാജുവിന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്.
എന്റെ കുഞ്ഞിന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടാകട്ടെ
‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് എനിക്ക് മെസ്സേജുകൾ വന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്ന് ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തതായി അറിയിക്കുന്നുണ്ട്. ലണ്ടനിൽ എമ്പുരാൻ ഓടുന്ന തിയറ്ററിൽ ആദ്യത്തെ മൂന്നു ദിവസം ടിക്കറ്റ് ഫുൾ ആയി കഴിഞ്ഞു. അമേരിക്കയിലും അതാണ് അവസ്ഥ. ദുബായിൽ 13 ഷോ ഒക്കെ ആണ് ഒരു ദിവസം. ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോൾ സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ സകല ദൈവങ്ങളെയും കൈകൂപ്പി പ്രാർത്ഥിക്കുകയാണ്. എന്റെ കുഞ്ഞിന്റെ പടം ഇത്രയും ജനങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ ഒരു അമ്മ എന്ന നിലയിൽ എന്തായിരിക്കും എന്റെ മനസ്സിൽ എന്നത് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഇവൻ എന്റെ മകൻ ആണല്ലോ എന്നോർത്ത് അഭിമാനമാണ് അതോടൊപ്പം ഈശ്വരാ അവനെ കാത്തോളണേ എന്ന പ്രാർഥനയും.
കാണുന്നത് കൊച്ചിയിൽ
ഞാൻ കൊച്ചിയിൽ ഉണ്ട്. പല തിയറ്ററുകളിൽ നിന്ന് സിനിമ കാണാൻ ക്ഷണിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മോഹൻലാലും രാജുവും കൊച്ചിയിൽ എത്തും. അവൻ എത്തിയിട്ട് അവനോട് ചോദിച്ചിട്ട് ഏതു തിയറ്ററിൽ കാണണം എന്ന് തീരുമാനിക്കാം. ഈ തിരക്കിനിടയിൽ ഞാൻ ചെന്നുപെട്ടാൽ മക്കൾക്കും പേടി ആണ്, തിരക്കിനിടയിൽ തട്ടിത്തടഞ്ഞു വീണാലോ. അതുകൊണ്ട് വലിയ ഇടിയും തിരക്കും ഒന്നും ഇല്ലാതെ എവിടെയെങ്കിലും സമാധാനമായി ഇരുന്നു എമ്പുരാൻ കാണണം എന്നാണ് ആഗ്രഹം.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എമ്പുരാന് കഴിയട്ടെ
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംഷയോടെ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എമ്പുരാന് കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന. മോഹൻലാലിന് ലോകത്തിനു മുൻപിൽ ഇനിയൊന്നും തെളിയിക്കാനില്ല. അദ്ദേഹം നേരത്തെ തന്നെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. എന്റെ മകൻ ഇന്ദ്രനുണ്ട് സിനിമയിൽ. പിന്നെ മഞ്ജു വാരിയർ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ തുടങ്ങി ആ ടീമിലുള്ള എല്ലാവരുടെയും കഠിനാധ്വാനത്തിന് ഫലം ഉണ്ടാകട്ടെ. എല്ലാവരിൽ നിന്നും ഈ സിനിമയ്ക്ക് നല്ലത് മാത്രം കേൾക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അവസാന നിമിഷം ഗോകുലം ഗോപാലൻ ചേട്ടൻ ചെയ്‌ത ഉപകാരം നമുക്ക് മറക്കാൻ കഴിയില്ല. രാജുവിന് നല്ല വിശ്വാസമുണ്ട്, മുടക്കുമുതൽ തിരിച്ചു കിട്ടും എന്ന്. അങ്ങനെ തന്നെ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. എല്ലാവരും അവനിൽ അർപ്പിച്ച വിശ്വാസം കാക്കാൻ എന്റെ മകന് കഴിയട്ടെ. ഒപ്പം എമ്പുരാൻ ടീമിലെ മുഴുവൻ അണിയറപ്രവർത്തകർക്കും ഈ അമ്മയുടെ വക ആശംസകൾ.