നിന്റെ മസിൽ ഷോ കണ്ട് മടുത്തു; വിമർശകന് മറുപടിയുമായി ഉണ്ണി മുകുന്ദൻ
Mail This Article
മലയാള സിനിമയിലെ 'മസിൽ മാൻ' ആണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഉണ്ണിയുടെ മസിൽ ചിത്രങ്ങൾക്കൊക്കെ വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്. ഉണ്ണി ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. തന്നെ മസിലിനെ പരിഹസിച്ച് എത്തിയ യുവാവിന് ഉണ്ണി നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം.
ഇൻസ്റ്റഗ്രാമിലാണ് ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തത്. കൈകളിലെ മസിൽ ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒരാൾ കമന്റുമായി എത്തി. 'മതിയെടാ ഈ ഷോ. കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളിൽ നിന്റെ മസിൽ ഷോ കണ്ട് കണ്ട് മടുത്തു' എന്നായിരുന്നു കമന്റ്.
ഈ കമന്റ് എന്തായാലും ഉണ്ണിയെ ചൊടിപ്പിച്ചു. ഉണ്ണി ഇതിന് തക്ക മറുപടിയും നൽകി. 'ഞാൻ അങ്ങനെ മസിൽ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ 'ചോക്കലേറ്റ്' ആണ്. ഇപ്പോൾ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കും. ഇനി ചേട്ടൻ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട. സ്നേഹം മാത്രം'. ഉണ്ണിയുടെ മാസ് മറുപടി ഇതാണ്.
സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജിൽ എത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.