വിക്രം എറിഞ്ഞുതന്ന ചുംബനം
Mail This Article
ഫിലിം ഫെയർ ഓർമകൾ ഒരുപാടെണ്ണം തന്നിട്ടുണ്ട്. രണ്ടു തവണ ജേതാവായി. രണ്ടു തവണ ജൂറിയിലും ഉൾപ്പെട്ടു. ഇക്കുറിയും ക്ഷണമുണ്ടായി. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ വളരെ മുന്നേ ഹാളിലെത്തി. അതിഥികൾ വന്നു തുടങ്ങിയിട്ടില്ല. ഒരുക്കങ്ങൾ തുടരുന്നു. ഞാൻ ദീപാലങ്കാരങ്ങൾ നോക്കിനടന്നു. ഇത്തവണ മഹേഷ് ബാബു ഉണ്ടാകുമോ ?കഴിഞ്ഞ ഫിലിം ഫെയറിൽ വന്നില്ല. പ്രഥമദർശനം നൽകിയ അമ്പരപ്പിൽനിന്നും ഇനിയും മോചനം ലഭിച്ചിട്ടില്ല. തോക്കുധാരികളായ മുപ്പതോളം അംഗരക്ഷകരുടെ അകമ്പടിയിൽ ഒരു രാജകുമാരനെപ്പോലെ പ്രസാദഭാവത്തോടെ കടന്നുവന്നു മെലിഞ്ഞ സുന്ദരനെ എങ്ങനെ മറക്കും. പിന്നെയും എത്രയോ പേരെ കാണാൻ കഴിഞ്ഞു, ചെറിയ വാക്കുകൾ മിണ്ടാൻ കഴിഞ്ഞു. തെന്നിന്ത്യയിലെ താരദൈവങ്ങളെ ഇത്രയും തൊട്ടു കടന്നുപോകാൻ സാധിച്ചതിൽ ഫിലിം ഫെയറിനു നന്ദി.
ചടങ്ങുകൾ തുടങ്ങാൻ ഇനിയും സമയമുണ്ട്. പരിചയങ്ങളെയൊന്നും കാണാതിരുന്നപ്പോൾ വെറുതേ ചുറ്റിനടന്നു, ചിത്രങ്ങളെടുത്തു. അരമണിക്കൂർ കടന്നുപോയി. ഹാളിലെ പ്രധാന വാതിലിനു മുന്നിൽ ഒരു ചെറിയ തിരയിളക്കം. വിശേഷമായി ഒന്നും കാണാനില്ല. ഉയരം കുറഞ്ഞ ഒരു വയസ്സൻ സംഘാടകരുമായി സംസാരിച്ചുകൊണ്ടു നിൽക്കുന്നു. അല്പനേരം കഴിഞ്ഞപ്പോൾ അതേ വ്യക്തി രണ്ടു കൈകളും പോക്കറ്റിൽ തിരുകി ഊർജസ്വലതയോടെ റാംപിൽ എന്നതുപോലെ താളാത്മകമായി നടന്നുവരുന്നു. നീല ജീൻസും മഷിപടർന്നതരം ഷർട്ടും വേഷം. പ്രായമുണ്ടെങ്കിലും പ്രസരിപ്പുകൾ ബാക്കി നിൽക്കുന്നു. അദ്ദേഹം തൊട്ടടുത്ത കസേരയിൽ, വീഴുന്നതുപോലെ വന്നിരുന്നു. കാലുകൾ മുന്നിലേക്കു നീട്ടിവച്ചു. വലിയ കറുത്ത ബൂട്ടുകളിൽനിന്നുള്ള പ്രകാശം കണ്ണിൽ വന്നുകുത്തി.
ആഗതൻ സൗഹൃദഭാവത്തിൽ ചിരിച്ചു, 'സൗഖ്യമാ സാർ'. ഞാൻ ചെറുതായി ഞെട്ടി. അടുത്തിരിക്കുന്ന വ്യക്തിയെ തിരിച്ചറിഞ്ഞപ്പോൾ അതിലും ഭയങ്കരമായി ഞെട്ടി. വെറുപ്പും ഭയവും ജനിപ്പിക്കുന്ന മൃഗതുല്യമായ ബാഹ്യശരീരത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിസ്സഹായനായ കാമുകന്റെ പ്രണയാർദ്രമായ വിലാപം എന്നെയും കരയിച്ചിരുന്നു. കാമിനി യുടെ നേരേ ചുംബന പുഷ്പങ്ങൾ വർഷിക്കുന്ന കുസൃതിക്കാരനായ റോമിയോ എന്നെയും രസിപ്പിച്ചിരുന്നു. എതിരാളികളെ തല്ലിവശം കൊടുത്തുന്ന പരാക്രമിയെ ഞാനും ആരാധിച്ചിരുന്നു. ഏതു നരിമടയിലും ധീരതയോടെ കടന്നുചെല്ലുന്ന സാഹസികതയിൽ ഞാനും ആവേശം കൊണ്ടിരുന്നു. അഞ്ചടി അഞ്ചിഞ്ചു പൊക്കംകൊണ്ട് വെള്ളിത്തിരയിൽ മഹേന്ദ്രജാലം കാഴ്ചവെക്കുന്ന നടന മാന്ത്രികൻ. ഭാഷകളുടെ, ദേശങ്ങളുടെ അതിർത്തികൾക്കു മുകളിൽ ജനലക്ഷങ്ങൾ നെഞ്ചിൽ ചേർത്തു പിടിക്കുന്ന തെന്നിന്ത്യൻ താരം. ഇതാ മുട്ടി മുട്ടി ഇരിക്കുന്നു. ചോദിച്ചുപോയി.
‘ഹലോ സാർ, നീങ്ക നടികർ വിക്രം താനേ?’
‘എതുക്ക് സന്ദേഹം സാർ?’ ഉടൻ എത്തി മറുമൊഴി.
പക്ഷേ ഞാൻ വിശ്വസിക്കുന്നതെങ്ങനെ ? മെലിഞ്ഞ, കവിളൊട്ടിയ, മസിൽ പെരുക്കങ്ങളില്ലാത്ത, തലമുടി മുക്കാലും നരച്ച ഈ മനുഷ്യനോ ചിയാൻ വിക്രം ? എവിടെ, ഏതു കന്യകയെയും മദംകൊള്ളിക്കുന്ന രൂപലാവണ്യം ? എവിടെ, യുവാക്കളെ മുഴുവൻ ഹരംപിടിപ്പിക്കുന്ന ശരീരവടിവുകൾ ? ഈ മനോഗതങ്ങൾ ഞൊടിയിൽ അദ്ദേഹവും ഉൾക്കൊണ്ടു. അതിനുശേഷം അദ്ദേഹം പറഞ്ഞ വാക്കുകളെ മലയാളീകരിച്ചാൽ ഇങ്ങനെയാകും.
‘സാർ, ഞാൻ ഇപ്പോൾ സിനിമ സെറ്റിൽ അല്ല. കഥാപാത്രവും അല്ല. ഒരു സാധാരണ മനുഷ്യൻ. എന്നെ കണ്ടിട്ട് ഒരു സാധാരണ മനുഷ്യനായി തോന്നുന്നില്ലെങ്കിൽ മാത്രം നിങ്ങൾ ഞെട്ടിയാൽ മതി.’
വിനീതവും കുലീനവുമായ വാക്കുകൾ എന്നെ ലജ്ജിതനാക്കി.
വിക്രം അഭിനയിച്ച മലയാള സിനിമകൾ ഞാൻ ഓർമിപ്പിച്ചു കൊടുത്തു. ധ്രുവം, മാഫിയ, സൈന്യം. ഓരോന്നും എണ്ണിയെടുത്തപ്പോൾ ചിരിപടർന്ന കണ്ണുകളിൽ ഗൃഹാതുരതയുടെ തിരയിളക്കം. ഇങ്ങനെ പത്തിരുപതു മിനിട്ടു നേരമെങ്കിലും ഞങ്ങൾ സംസാരിച്ചിരുന്നു. പല വിഷയങ്ങൾ, ഭക്ഷണശീലങ്ങൾ, യാത്രകൾ, വിശ്രമവിനോദങ്ങൾ, പുതിയ സംരംഭങ്ങൾ, ചെറിയ ദൗർബല്യങ്ങൾ എന്നിങ്ങനെ അനുവദിച്ചുതന്ന സ്വാതന്ത്യങ്ങൾ മുഴുവൻ ദുരുപയോഗിച്ചു. എന്നിട്ടും ഒരു സന്ദേഹംമാത്രം ബാക്കികിടന്നു. രൂപഭാവങ്ങളിൽ വന്നുചേർന്ന ഈ ഭരിച്ച മാറ്റങ്ങളെ ഉൾക്കൊള്ളാൻ അത്രയേറെ ഞാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വിക്രം അതിനെ മനസിലാക്കാതിരുന്നില്ല.
‘സാർ, സിനിമ പ്രൊഡ്യൂസ് പണ്ണ ആസൈപ്പെട്ട് വരും യെല്ലാരും എതിർപാർപത് നാൻ സൂപ്പർ ഹീറോ വേഷങ്കളി കണ്ടിപ്പാക നടിച്ചിരിക്ക വേണ്ടും. ഒരു പോതും നടക്കാത വിഷയങ്കളൈ നടത്തിക്കാട്ട വേണ്ടും. അതിർക്ക് പെരിയ മസില് വേണ്ടും. അത് ചുമ്മാ വരുവതില്ലൈ. അതിർക്കാഹെ പെരിയ പെരിയ റിസ്ക് എടുക്കവേണ്ടും. സിനിമ എൻപത് ഒരു എന്റർടൈൻമെന്റ്. യെല്ലാരും രസിക്കുംപടി ഇരിക്കണം. അപ്പടി യെല്ലാരെയും രസിക്ക വച്ചിട്ട് നാൻ ഇപ്പടിയായിട്ടേൻ.’ അദ്ദേഹം പൊട്ടിച്ചിരിച്ചു.
ഇത്രയും എത്തിയപ്പോൾ ഒരു സെൽഫി എടുക്കാനുള്ള ധൈര്യം ഉണ്ടായിവന്നു. അപ്പോഴേക്കും സംഘാടകരിൽ ഒരാൾ, ഒരു ധൂമകേതു, ഓടിപ്പിടിച്ചുവന്നു, ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. വിക്രം ചാടിയെഴുന്നേറ്റു. തിടുക്കത്തിൽ വലിയ കവാടത്തിനു നേർക്കു നടന്നുപോയി. ഒരു വാക്കുപോലും പറയാതെ വിക്രം എഴുന്നേറ്റു പോയതിൽ ഹൃദയം വേദനിക്കാതിരിക്കുമോ, വേദനിച്ചു! അദ്ദേഹം അതുവരെ തന്ന സന്തോഷങ്ങൾ ചോർന്നുപോയതുപോലെ എനിക്കു തോന്നി. പക്ഷേ അങ്ങനെ സംഭവിച്ചില്ല! ജഗപതി ബാബുവുവിനോടു തമാശ പറഞ്ഞു നിൽക്കുന്നതിനിടെ വിക്രം പൊടുന്നനെ തിരിഞ്ഞു നിന്നു. എന്നെ ഒന്നു നോക്കി. രണ്ടു വിരലുകൾ ചുണ്ടുകളുടെ മേൽ പതിയെ ഉരുമ്മി. അടുത്ത മാത്രയിൽ ഒരു തുടുത്ത ചുംബനം വായുവിലൂടെ എനിക്കു നേരേ പാറിവന്നു.
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )