ജേസിയും, ജേജെയും പിന്നെ ഞാനും

Mail This Article
ഞങ്ങളുടെ എറണാകുളത്തു നിന്നും ആദ്യമായി ഒരു സിനിമാ സംവിധായകനുണ്ടാകുന്നത് ചിന്നൻ ജോസഫ് കുറ്റിക്കാട്ട് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനിലൂടെയാണ്. ഇങ്ങനെ ഒരു പേര് ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നു പറയുന്നവരുണ്ടാവും. ശരിയാണ്. ഒരിക്കലും പുറംലോകം അറിഞ്ഞു കാണാനിടയില്ല. അതിനു മുന്‍പേ തന്നെ സ്വന്തം പേരിന് ഒരു പഴമയുണ്ടെന്നു തോന്നിയപ്പോൾ യഥാർഥ പേരിന്റെ അവകാശി തന്നെ സ്വയം ഒരു വെട്ടിനിരത്തൽ ക്രിയയിലൂടെ പുതിയൊരു നാമധേയം എഴുതിച്ചേർക്കുകയായിരുന്നു. വെറും രണ്ടേരണ്ടക്ഷരം മാത്രമുള്ള ഒരു ന്യൂജെൻ പേര് – ജേസി. മൂന്നു വ്യാഴവട്ടക്കാലമാണ് മലയാള സിനിമയിൽ ജേസി എന്ന ആ സുന്ദരനാമം നിറശോഭയോടെ നിറഞ്ഞു നിന്നിരുന്നത്.
പാരമ്പര്യത്തിന്റെ വഴികളിൽ നിന്ന് പുതിയൊരു സിനിമാസംസ്കാരവും മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ജേസി സിനിമയുടെ മായക്കാഴ്ചകളിലേക്ക് കടന്നു വന്നത്. അങ്ങനെയാണ് 1974 ൽ ‘ശാപമോക്ഷം’ എന്ന പ്രഥമചിത്രം ജന്മം കൊള്ളുന്നത്.
ജേസി സംവിധായകന്റെ മേലങ്കിയണിയുന്നതിനു മുൻപ് നാടകാചാര്യനായ ഒ. മാധവന്റെ കാളിദാസകലാകേന്ദ്രം അവതരിപ്പിച്ചിരുന്ന അൾത്താര, മുത്തുച്ചിപ്പി എന്നീ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. നാടകത്തിൽ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സിനിമയില്‍ നായകനായി അഭിനിയിക്കാനുള്ള ഭാഗ്യം ജേസിയെ തേടിയെത്തിയത്. മാന്‍പേട, ഏഴുരാത്രികൾ, അള്ളാഹു അക്ബർ, ഏഴു സുന്ദരികളുടെ കഥ എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു ജേസി

അടിമകൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, ഗംഗാസംഗമം, രാത്രിവണ്ടി, എറണാകുളം ജംഗ്ഷൻ, അഴിമുഖം, കുട്ടേടത്തി, അസ്ത്രം തുടങ്ങിയ ചിത്രങ്ങളിൽ ഉപനായകനായും പ്രതിനായകനുമൊക്കെയായി സത്യൻ, നസീർ, മധു, ഷീല, ശാരദ, ജയഭാരതി, കെ.ആർ. വിജയ തുടങ്ങിയ അന്നത്തെ മലയാളത്തിലെ വൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച ഒരേഒരു കൊച്ചിക്കാരനും ജേസിയായിരുന്നു.
ഞാനും ആർട്ടിസ്റ്റ് കിത്തോയും കൂടി ചിത്രപൗർണമി എന്ന സിനിമാ വാരിക നടത്തുമ്പോൾ ജേസി എറണാകുളത്ത് നിന്നും ഇറങ്ങുന്ന വർണശാല എന്ന ദ്വൈവാരികയുടെ പത്രാധിപ പദവികൂടി വഹിച്ചിരുന്നു.
ഒരു ദിവസം അവിചാരിതമായി ഞങ്ങളുടെ എം.ജി റോഡിലുള്ള ഓഫിസിൽ കിത്തോയെ കാണാൻ വന്നപ്പോഴാണ് ഞാൻ ജേസിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കിത്തോയും ജേസിയും ഒരേ കുടുംബക്കാരാണ്, കുറ്റിക്കാട്ടു ഫാമിലി. ഞാൻ ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതുന്നത്. ജേസിക്ക് അറിയാമായിരുന്നു. ഞങ്ങൾ സാഹിത്യത്തെക്കുറിച്ചും സിനിമയെകുറിച്ചുമൊക്കെ കുറേനേരമിരുന്ന് സംസാരിച്ചതിന് ശേഷമാണ് ജേസി അന്നവിടെന്നും പോയത്.
ഞങ്ങൾ ചിത്രപൗർണമി തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും സർക്കുലേഷൻ കൂടാതായപ്പോൾ അന്നത്തെ ഏറ്റവും ജനപ്രിയ നോവലിസ്റ്റായ മുട്ടത്തു വർക്കിയെക്കൊണ്ട് ഒരു നീണ്ടകഥ എഴുതിച്ചാലോ എന്ന ഒരു ചിന്ത ഞങ്ങൾക്കുണ്ടായി. വർക്കി സാറാണെങ്കിൽ ഒത്തിരി വാരികകളിൽ ഓടി നടന്നു നോവലുകൾ എഴുതുന്ന വലിയ തിരക്കുള്ള ഒരു സാഹിത്യകാരനാണ്. ഒരു നോവൽ ആവശ്യപ്പെട്ടാൽ തന്നെ അഞ്ചാറു മാസമെങ്കിലും കഴിയാതെ എഴുതിക്കിട്ടില്ല. ഓരോ അധ്യായം വച്ചു എഴുതിക്കിട്ടിയാലും മതിയായിരുന്നു. പക്ഷേ അതിനെക്കുറിച്ചും അന്വേഷിച്ചപ്പോൾ അതിനും ഒരു സാധ്യതയുമില്ലെന്നാണറിഞ്ഞത്. മാത്രമല്ല നല്ല പ്രതിഫലവും കൊടുക്കണം. അതിനുള്ള പാങ്ങും അപ്പോൾ ഞങ്ങൾക്കുണ്ടായിരുന്നില്ല.
അപ്പോഴാണ് എന്റെ ബുദ്ധിയിൽ ഒരു ആശയം ഉദിച്ചത്. ജേസിയെക്കൊണ്ട് ഒരു നോവൽ എഴുതിച്ചാലോ? മനോരമ വാരികയിലും കുങ്കുമത്തിലുമൊക്കെ ജനപ്രിയ നോവലെഴുതിയ നല്ലൊരു പേരും ജേസിക്കുണ്ട്.
പിറ്റേന്ന് തന്നെ ഞങ്ങൾ അയ്യപ്പൻകാവിലുള്ള ജേസിയുടെ വീട്ടിൽ ചെന്നു. അവിടെ ചെന്നപ്പോൾ ജേസി വരാന്തയിലിരുന്ന് കാരംസ് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ സഹകളിക്കാരനായി സുന്ദരനായ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ആ ചെറുപ്പക്കാരനാണ് ജേസിയുടെ ശാപമോക്ഷത്തിലൂെടെ മലയാളി മനസ്സുകളെ കീഴടക്കിയ പ്രശസ്ത നടൻ ജയൻ. ജയനെ അവിടെ വച്ചു പരിചയപ്പെട്ടതും ആ സൗഹൃദം വളർന്നതുമെല്ലാം ആദ്യഭാഗങ്ങളിൽ ഞാൻ സൂചിപ്പിച്ചതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.
അൽപസമയം ജേസിയുമായിരുന്നു സംസാരിച്ചതിനു ശേഷം ഞാൻ വിഷയത്തിലേക്കു കടന്നു.
"ഞങ്ങളുടെ ചിത്രപൗർണമിയിലേക്കു ഒരു നീണ്ട കഥ എഴുതി തരണം. അല്‍പം പൈങ്കിളി സ്വഭാവമുള്ളതായാൽ നന്ന്. സർക്കുലേഷൻ പൊക്കിക്കൊണ്ടു വരണമെങ്കിൽ ഇനി ഈയൊരു ഒറ്റമൂലി മാത്രമേയുള്ളൂ. "
"ചിത്രപൗർണമിയിൽ എഴുതുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ശാപമോക്ഷത്തിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. അതിനിടയിൽ അല്പം റിലാക്സാകാനാണ് ഈ കാരംസ് കളി. ഇതിനിടയിൽ നോവലെഴുതാൻ പോയാൽ വല്ലാത്ത ടെൻഷനാകും. ഈ സിനിമ കഴിഞ്ഞിട്ടു എത്ര നോവൽ വേണമെങ്കിലും ഞാൻ എഴുതി തരാം."
ജേസി വളരെ വിനീതനായി മൊഴിഞ്ഞു. ഒരു പുതുമുഖ സംവിധായകന്റെ സത്യസന്ധമായ വാക്കുകളായിട്ടാണ് എനിക്കു തോന്നിയത്.
ജേസിക്കു പകരം പിന്നെ അന്നത്തെ മറ്റൊരു ജനപ്രിയ നോവലിസ്റ്റായ ചെമ്പിൽ ജോണിനെക്കൊണ്ടാണ് ഞങ്ങൾ നീണ്ടകഥ എഴുതിച്ചത്.
1974 ലാണ് ജേസിയുടെ ആദ്യ ചലച്ചിത്ര സംരംഭമായ ശാപമോക്ഷത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
എറണാകുളത്തായിരുന്നു ലൊക്കേഷൻ. ഒരു പത്രക്കാരനെന്നതിനെക്കാളുപരി ജേസിയുടെ ഒരു അഭ്യുദയാകാംക്ഷിയെന്ന നിലയിൽ ഞാൻ മിക്കവാറും ദിവസങ്ങളിൽ ലൊക്കേഷനിൽ പോകുമായിരുന്നു. കൃഷ്ണൻ നായരായ ജയൻ അതിൽ ഒരു ഗാനരംഗത്തിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഷീലയും ഉമ്മറുമാണ് നായികാനായകന്മാരായി വരുന്നത്. ശാപമോക്ഷം പുറത്തു വന്നപ്പോൾ ജേസിക്ക് ശാപമോക്ഷം കിട്ടിയെങ്കിലും അടുത്ത പടം കിട്ടാൻ പിന്നെയും ഒരു വർഷം കാത്തിരിക്കേണ്ടി വന്നു.
ജേസിയുടെ രണ്ടാമത്തെ ചിത്രം 'രാജാങ്കണം' ആയിരുന്നു. തുടർന്നു വന്ന അഗ്നിപുഷ്പം, അശ്വതി എന്നീ ചിത്രങ്ങൾ കൂടി വന്നപ്പോൾ ജേസി എന്ന സംവിധായകനെ ജനം ശ്രദ്ധിക്കാൻ തുടങ്ങി. അഗ്നിപുഷ്പത്തിൽ ജയനും, കമലാഹാസനുമാണ് പ്രധാന വേഷങ്ങളിൽ വരുന്നത്. അടുത്തതായി വന്ന സിനിമ സിന്ദൂരവും ചന്ദനച്ചോലയുമാണ്. അതിൽ സോമനും ജയഭാരതിയും വിൻസെന്റുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
അടുത്തത് എറണാകുളത്തുള്ള ജേസിയുടെ ഫസ്റ്റ് കസിനായ ജേജെ കുറ്റിക്കാട്ട് നിർമാതാവായി വന്ന 'അവൾ വിശ്വസ്തയായിരുന്നു'. അതിൽ ജയഭാരതി സോമൻ വിൻസന്റ് എന്നിവരോടൊപ്പം കമലഹാസനും ഉണ്ണിമേരിയും ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇതിനിടയിൽ ജേസിയും ജയനുമായി പിണങ്ങാനുള്ള ഒരു മോശം സാഹചര്യം കൂടി വന്നുചേർന്നു. അതിൽ അതീവ ദുഃഖിതനായിരുന്നു ജേസി.
ഒരു ദിവസം ഞാൻ ജേസിയെ കാണാൻ വീട്ടിൽ ചെന്നപ്പോഴാണ് ഈ വിഷയത്തെക്കുറിച്ചു ജേസി മനസ്സു തുറന്നത്.
"മുഖത്ത് ചായം തേയ്ക്കുന്ന ഒന്നിനേയും വിശ്വസിക്കാൻ കൊള്ളില്ലെടോ. ചായം കഴുകി കളയുന്ന ലാഘവത്തോടെയാണവർ ബന്ധങ്ങളും കടപ്പാടുകളുമൊക്കെ കഴുകിക്കളയുന്നത്. "
ദിവസത്തിൽ രണ്ടു നേരം വച്ച് വീട്ടിൽ കയറിയിറങ്ങി നടന്ന് ചാൻസ് ചോദിച്ചു നടന്നവനാണവൻ. അവൻ ജനം അറിയപ്പെടുന്ന വലിയ നടനായി മാറിയപ്പോൾ ആദ്യമായി അവസരം കൊടുത്ത എന്നേക്കാൾ വലുത് ഹരിഹരനാണെന്ന് പറഞ്ഞത്രേ.
ജേസി പറഞ്ഞതിന്റെ സാരാംശം എനിക്കു മനസ്സിലായി. സംവിധായകൻ ഹരിഹരന്റെ ശരപഞ്ജരത്തിലെ ശക്തമായ വില്ലൻ വേഷത്തിലൂടെയാണ് ജയൻ ഇന്നു അറിയപ്പെടുന്നത്. ജയൻ ആയിടെ ഏതോ ഒരു സിനിമാ വാരികയിൽ കൊടുത്തിരിക്കുന്ന ഇന്റർവ്യൂവിൽ ഹരിഹരനെക്കുറിച്ചും ശരപഞ്ജരത്തെക്കുറിച്ചും മാത്രമേ പ്രതിപാദിച്ചിരുന്നുള്ളൂ. ജേസിയെക്കുറിച്ച് കമാന്ന് ഒരക്ഷരം പറയാത്തതിൽ ജയനോടുള്ള ദേഷ്യവും അമർഷവും ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.
ഞാൻ ജേസിക്കുവേണ്ടി ആദ്യമായി എഴുതിയ കഥ 'അകലങ്ങളിൽ അഭയമാണ്'. മധു, സോമൻ, സുകുമാരൻ, ഷീല, ശാരദ, അംബിക തുടങ്ങിയവര്‍ അഭിനയിച്ച ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നത്. തുടർന്നു വന്ന താറാവ്, ഒരു വിളിപ്പാടകലെ, ഇവിടെ എല്ലാവർക്കും സുഖം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയത് ഞാനാണ്.
വമ്പൻ ഹിറ്റുകൾ ഉണ്ടാക്കിയില്ലെങ്കിലും കലാമേന്മയുള്ള നല്ല സിനിമകൾ ചെയ്യണമെന്ന ചിന്താഗതിക്കാരനായിരുന്നു ജേസി. ഒത്തിരി സ്റ്റണ്ടും വളിച്ച കോമഡികളുമുള്ള സിനിമകളൊക്കെ ജേസിക്ക് അപ്രിയമാണ്. അതുകൊണ്ടാണ് തനിക്ക് ബംബർ ഹിറ്റൊന്നും ഉണ്ടാക്കാൻ കഴിയാഞ്ഞതെന്നു ജേസി എന്നോട് പറയാറുണ്ട്.
ജേസിയുമായി എത്ര സംസാരിച്ചിരുന്നാലും മുഷിയുകയില്ല. സൗരയൂഥത്തിനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും ജേസി വാചാലനാകും. അദ്ദേഹത്തോടൊപ്പം കൂടുമ്പോൾ ഒത്തിരി അനുഭവങ്ങളുള്ള ഒരു ദാർശനികന്റെ മുൻപിലാണ് താനിരിക്കുന്നതെന്ന് പലവട്ടം എനിക്കു തോന്നിയിട്ടുണ്ട്. കൂടുതൽ അടുപ്പമുള്ളരോടാണെങ്കിൽ സ്വകാര്യതയുടെ ചെപ്പ് തുറക്കാനും ജേസിക്ക് ഒരു മടിയുമില്ല. നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിലൊരു നായികയോട് ജേസിക്ക് തോന്നിയ പ്രണയവും വിരഹവുമൊക്കെ എന്നോടു കക്ഷി പറഞ്ഞിട്ടുണ്ട്.
"സ്ത്രീയുടെ മനസ്സും വർഷക്കാലത്തെ കാറ്റും കൂടെക്കൂടെ മാറിക്കൊണ്ടിരിക്കും. ചിലർക്ക് പ്രണയവും ജീവിതവും ഒരു നാടകം പോലെയാണ്, ഒരസംബന്ധ നാടകം പോലെ.
ജേസി ഇങ്ങനെയൊക്കെ പറയുമെങ്കിലും ഒരു പ്രണയ പരാജിതന്റെ മുറിവേറ്റ മനസ്സായിരുന്നില്ല. പ്രണയപരാജയം മൂലമുണ്ടാകുന്ന നൊമ്പരങ്ങൾ ദുഃഖിതന്റെ സൗഭാഗ്യമാണെന്നാണ് ജേസിയുടെ അഭിമതം.
1993ൽ മാക്ട തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ സൗഹൃദത്തിന് പുതിയ വാതായനങ്ങൾ തുറന്നത്. മിക്ക ദിവസങ്ങളിലും ഓരോ മീറ്റിങും മറ്റുമായി ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ചുകൂടും. ആ നല്ല നാളുകൾ സൗഹൃദ കൂട്ടായ്മയുടെ ഒരു വസന്തകാലമായിരുന്നു.
അങ്ങനെ മാക്ടയുടെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ എനിക്ക് കിത്തോയുടെ ഒരു ഫോൺ വരുന്നത്.
"ജേസിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രാത്രിയിൽ പെട്ടെന്ന് ജേസിക്കൊരു സ്ട്രോക്കുണ്ടായി. "
പെട്ടെന്ന് കേട്ടപ്പോൾ ഞാനാകെ വല്ലാതായി. ഞാൻ ഉടനെത്തന്നെ ആശുപത്രിയിലേക്കു തിരിച്ചു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ കിടത്തി ചികിൽസിച്ചാൽ മതിയെന്നായിരുന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞു ജേസിയെ വീട്ടിലേക്കു കൊണ്ടുവന്നു.
ഞാൻ മിക്ക ദിവസങ്ങളിലും ജേസിയെ കാണാൻ വീട്ടിൽ ചെല്ലുമായിരുന്നു. എന്നെ കാണുമ്പോൾ ഒരു രോഗിയാണെന്നുള്ള ഭാവമൊന്നും കാണിക്കാതെ ചിരിച്ചുകൊണ്ടേ സംസാരിക്കൂ. ഉള്ളിൽ നൊമ്പരമുണ്ടെങ്കിലും എല്ലാവരുടെയും മുന്നിൽ പ്രത്യാശയുടെ വാക്കുകളേ അദ്ദേഹം ഉരുവിടുകയുള്ളൂ.
"എടോ ഈ വരുന്ന ആഗസ്റ്റ് 17–ാം തീയതി എന്റെ ജന്മദിനമാണ്. ജ്യോതിഷപ്രകാരം ഇനിയുള്ള ഏഴുവർഷക്കാലം എന്റെ നല്ല സമയമാണെന്നാണ് പറയുന്നത്. "
ആ ആഗസ്റ്റ് 17 കഴിഞ്ഞിട്ടും ജേസിയുടെ ആരോഗ്യനിലയിൽ ഒട്ടും മാറ്റമൊന്നും ഉണ്ടായില്ല. അങ്ങനെ നാലഞ്ചു ആഗസ്റ്റ് പതിനേഴുകൾ കടന്നു പോയെങ്കിലും 2001 ലെ ആഗസ്റ്റ് എത്താതെ ഏപ്രിൽ 10 ന് ജേസി ഈ ലോകത്തോട് യാത്രപറഞ്ഞുപോയി.
ജേസി മരിച്ചിട്ട് നീണ്ട ഇരുപത്തി ഒന്നു വർഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾക്ക് വെളിച്ചം പകരാനായി കടന്നുവന്ന അദ്ദേഹത്തിന്റെ കസിൻ ബ്രദറും സിനിമാ നിർമാതാവുമായ ജേജെ കുറ്റിക്കാടിനെയാണ് ഞാൻ ഈ അവസരത്തിൽ ഓർത്തു പോവുന്നത്. ജേജെ കലൂരിലെ എന്റെ അടുത്ത സുഹൃത്താണ്. ജേസിയെ വച്ച് അവൾ വിശ്വസ്തയാണ്, ആരും അന്യരല്ല, രക്തമില്ലാത്ത മനുഷ്യൻ, തുറമുഖം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് ജേജെയാണ്. ആ ജേജെയാണ് ജേസിയുടെ ഓർമ ദിവസം ആചരിക്കാൻ വേണ്ടി ജേസി ഫൗണ്ടേഷന്റെ പേരിൽ വർഷംതോറും ചലച്ചിത്ര- സീരിയൽ അവാർഡുകൾ പ്രഖ്യാപിക്കുകയും ആഘോഷപൂർവം കൊണ്ടാടുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
സാധാരണ സിനിമാ കലാസാംസ്കാരിക രംഗത്തുള്ള മഹത് വ്യക്തിത്വങ്ങൾ കാലം ചെയ്താൽ ഒന്നോ രണ്ടോ ദിവസത്തെ ദുഃഖാചരണവും അപദാനങ്ങളുമൊക്കെ കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നോ എന്നു പോലും ഓർക്കാത്ത ഇക്കാലത്ത് കുറച്ചധികം പണംമുടക്കി ജേസി ഫൗണ്ടേഷന്റെ പേരിൽ വർഷാവർഷം ജേസിയുടെ ഓർമദിനം ആചരിക്കാൻ സന്മനസ്സ് കാണിച്ച ജേജെ എന്ന വലിയ ചെറിയ മനുഷ്യന്റെ സന്മനസ്സുള്ള മനസ്സിന്റെ സ്നേഹാഞ്ജലിയായാണ് ഞാൻ ഇതിനെ കാണുന്നത്. ഇതു കൂടാതെ ജേസി ഫൗണ്ടേഷന്റെ പേരിൽ കാരുണ്യ പ്രവർത്തനവും നടത്തുന്നുണ്ട് ജെജെ.
ജേസി രോഗാവസ്ഥയിൽ കിടക്കുന്ന സമയത്ത് എന്നോടു പറഞ്ഞ ചില വാചകങ്ങളാണ് ഈയവസരത്തിൽ എന്റെ മനസ്സിലേക്കു കടന്നു വരുന്നത്.
"ഒരാൾ വീണു പോയാൽ അവനു ഒരിക്കലും ഒരു ഉയിർത്തെഴുന്നേൽപുണ്ടാവില്ല ഡെന്നിസേ. പിന്നെ ആരും നമ്മളെ തിരിഞ്ഞു നോക്കുക പോലുമില്ല. പിന്നെ നല്ല സമരിയക്കാരെപ്പോലെയുള്ള ചില സുഹൃത്തുക്കൾ മാത്രമേ നമ്മുടെ കൂടെ ഉണ്ടാവൂ. "
(തുടരും...)