ADVERTISEMENT

‘‘കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചും വരാനിരിക്കുന്ന നാളെയെക്കുറിച്ചും ചിന്തിക്കാതെ നമ്മൾ ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുക, നാളെ നമ്മൾ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ലല്ലോ’’ എന്ന് പറഞ്ഞ ഒരു ചലച്ചിത്ര ഭൂപതി നമുക്കുണ്ട്, മറ്റാരുമല്ലത് മലയാള സിനിമ ജനിക്കുന്നതിനും വളരെ മുൻപ് 1917 ൽ ജനിക്കുകയും സിനിമയുടെ  ഉദയവും ബാലാരിഷ്ടതകളും വളർച്ചയുമെല്ലാം കണ്ടുകൊണ്ട് നമ്മുടെ സിനിമയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന മലയാള ചലച്ചിത്ര തറവാട്ടിലെ തലതൊട്ടപ്പനായിരുന്ന നമ്മളെ വിട്ടുപോയ സാക്ഷാൽ ടി. ഇ. വാസുദേവൻ സർ ആണത്.  മരണത്തിന് കീഴടങ്ങുന്നതിന് മുൻപു വരെ അദ്ദേഹത്തിന്റെ മനസും ചിന്തയും 24 ഫ്രെയിമിലൂടെ ഓടിക്കൊണ്ടിരുന്നിട്ടുണ്ടാകും എന്നാണു എനിക്ക് തോന്നുന്നത്. സിനിമ ഒരു യന്ത്രവൽകൃത കലയാണെങ്കിലും, തന്റെ മനസ്സ് ഒരു യന്ത്രമാക്കി മാറ്റാതെ സിനിമ നിർമിതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കലയും കച്ചവടവും ഇഴചേർത്തുകൊണ്ട് മലയാളത്തിൽ ഒത്തിരി നല്ല നല്ല സിനിമകൾ സംഭാവനചെയ്തിട്ടുള്ള അനുഗ്രഹീത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.  

 

സാംസ്കാരികമായും സാങ്കേതികമായും സിനിമ ഒട്ടും വളരാത്ത കാലത്ത് 1950 ൽ തമിഴ് സിനിമയുടെ ഈറ്റില്ലമായ മദ്രാസ് കോടമ്പാക്കത്ത് എത്തി സിനിമയുടെ നാനാവശവും പഠിച്ച് ഒത്തിരി ജീവിതഗന്ധിയായ സിനിമകൾ നിർമിക്കാൻ മുന്നിട്ടിറങ്ങിയ ആദ്യത്തെ മലയാളി സാന്നിധ്യവും വാസു സാർ ആയിരുന്നു. 

 

1952 ൽ നിർമ്മിച്ച ‘അമ്മ’ എന്ന ആദ്യ ചിത്രം മുതൽ ആശാദീപം, സ്നേഹസീമ, നായര് പിടിച്ച പുലിവാൽ, ജ്ഞാനസുന്ദരി, വിയർപ്പിന്റെ വില, പുതിയ ആകാശം പുതിയ ഭൂമി, ഭർത്താവ്, കുട്ടിക്കുപ്പായം, കാവ്യമേള, അർച്ചന, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, പാടുന്ന പുഴ, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, മറുനാട്ടിൽ ഒരു മലയാളി, മായ, യത്തീം, കുടുംബം ഒരു കോവിൽ, മണിത്താലി, മണിയറ, കാലം മാറി കഥ മാറി തുടങ്ങിയ മലയാളി മനസ്സുകൾ ഉള്ളിടത്തോളം കാലം എന്നും ഓർക്കുന്ന മധ്യവർത്തി സിനിമകള്‍ക്ക് തുടക്കം കുറിച്ച ആദ്യത്തെ നിർമാതാവും വിതരണക്കാരനുമെന്ന പദവിയും അദ്ദേഹത്തിനായിരുന്നു. 

te-vasy

 

1950 കാലത്ത് പത്രമാധ്യമങ്ങൾ പേരിനു മാത്രം ഉണ്ടായിരുന്നപ്പോൾ നിർമാതാവായിരുന്നതു കൊണ്ട് ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് ടി. ഇ. വാസുദേവൻ എന്ന നിർമാതാവിന്റെ ഐഡന്റിറ്റിയെക്കുറിച്ച് ഒരുപക്ഷെ  കൂടുതലൊന്നും അറിയാൻ കഴിയുമെന്നു തോന്നുന്നില്ല. ഏകദേശം നാൽപതോളം ചിത്രങ്ങളാണ് വാസു സാർ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളടക്കം ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തിട്ടുള്ള ഒരാൾ വാസുസാർ അല്ലാതെ ഇന്ത്യൻ സിനിമയിൽ മറ്റൊരാൾ ഉണ്ടാകുമെന്നും തോന്നുന്നില്ല. 

 

1940 ൽ തൃപ്പൂണിത്തുറയിലാണ് അസോസിയേറ്റ്‌സ് പിക്ചേഴ്സ് എന്ന പേരിൽ വാസു സർ വിതരണ കമ്പനി ആരംഭിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം കമ്പനി എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. സിനിമ ഒരു കച്ചവടോപാധിയായിക്കാണാതെ, ഒരു തപസ്യയായി കണ്ട് സിനിമ എന്ന മായാ പ്രപഞ്ചത്തിലേക്കു കടന്നുവന്ന സാത്വികനായ ഒരു നിർമാതാവാണ് വാസു സാർ.  സിനിമയുടെ ആദ്യപാഠം മുതൽ പഠിച്ച് അതിന്റെ വിജയ സാധ്യതകൾ മനസ്സിലാക്കി രംഗത്തു വന്നതു കൊണ്ട് ലാഭനഷ്ടങ്ങളുടെ കണക്കെടുത്താൽ ഒന്നോരണ്ടോ ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളും വൻ വിജയങ്ങളുമായിരുന്നു. അതുകൊണ്ടാണ് സിനിമയെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഉൽപ്പന്നമായി അദ്ദേഹം കണ്ടിരുന്നത്. 

 

സിനിമയുടെ മായക്കാഴ്ചയിലൊന്നും വീഴാതെ വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു മാന്യശ്രീ വിശ്വാമിത്രനായിരുന്നു അദ്ദേഹം. സിനിമാ രംഗത്ത് അച്ചടക്കവും സമയ ക്ലിപ്തതയും സദാചാര ബോധവും മുറുകെ പിടിച്ചു മുന്നോട്ട്സാ പോയിരുന്ന അദ്ദേഹം പെൺ തൃഷ്ണകളോട് അകലം പാലിച്ചു നിന്നിരുന്നതുകൊണ്ട് ഒത്തിരി രസകരമായ കഥകൾ പലതും അക്കാലത്ത് ഞാൻകേട്ടിട്ടുണ്ട്.  കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാമെങ്കിലും അതിന്റെ നേരാംശം ഇങ്ങനെയാണ്. 

 

പദ്മിനി അഭിനയിക്കുന്ന വാസുസാറിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് മദ്രാസിൽ നടക്കുകയാണ്.വാസു സാറും ലൊക്കേഷനിലുണ്ട്. എം. കൃഷ്ണൻ നായരാണ് സംവിധായകൻ. വാസു സർ ലൊക്കേഷനിൽ ചെന്നാൽ എപ്പോഴും സംവിധായകനോടു മാത്രമേ കൂടുതലായും സംസാരിക്കാറുള്ളൂ. അപ്പോൾ എടുത്തു കൊണ്ടിരുന്ന സീന്‍ തീർന്നപ്പോൾ വാസു സാർ വീട്ടിലേക്ക് പോകാനായി വന്ന് വണ്ടിയിൽ കയറി.  പുറകെ പത്മിനിയും ആയയും കൂടി ഓടി വന്ന് ബാക്ക്സീറ്റിലും കയറി. പദ്മിനിയും ആയയും കയറിയത് ഒരു അലർജി പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. നടികളെ ആരെയും വണ്ടിയിൽ കയറ്റരുതെന്ന് അദ്ദേഹം ഡ്രൈവറോട് പറഞ്ഞിട്ടുള്ളതാണ്. വാസു സാറിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പത്മിനിക്ക് ഇറങ്ങേണ്ടത്. മുൻസീറ്റിൽ ഇരുന്നിരുന്ന വാസു സർ പെട്ടെന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടു പറഞ്ഞു. 

 

‘‘പത്മിനി പോയിട്ടു വണ്ടി വിട്ടാൽ മതി. കാർ  തിരിച്ചെത്തിയിട്ട് ഞാൻ പൊയ്ക്കോളാം."

 

പിറ്റേന്ന് തന്നെ പത്മിനി കയറിയ ആ കാർ അദ്ദേഹം വിറ്റു പുതിയ കാർ വാങ്ങിയന്നാണ് കോടമ്പാക്കത്തു പറഞ്ഞു കേട്ട കഥ.  കഥയല്ല സംഭവകഥ. 

 

ഇങ്ങനെയുള്ള ഒത്തിരി സ്വഭാവസവിശേഷതയുള്ള ഒരു സിനിമാ നിർമാതാവിനെക്കുറിച്ച് ഞാൻ ആദ്യമായി കേള്‍ക്കുകയാണ്.  ഇങ്ങനെയുള്ള ആ മഹദ്‌വ്യക്തിത്വത്തെ കണ്ട് ചിത്രപൗർണമിക്കുവേണ്ടി ഒരു അഭിമുഖം എടുക്കണമല്ലോ എന്ന് അപ്പോൾ എന്റെ മനസ്സിൽ തോന്നുകയും ചെയ്തു. പല തവണ അതിന് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തിരക്കു മൂലം അന്ന് എനിക്കതിനായില്ല.  പിന്നെ 1977 ലാണ് അദ്ദേഹത്തെ കാണാനുള്ള അവസരം വന്നു ചേര്‍ന്നത്. 

 

ഐ.വി. ശശി സംവിധാനം ചെയ്ത ‘അനുഭങ്ങളെ നന്ദിയുടെ" റിക്കാർഡിങ്ങിന് ക്ഷണിക്കാനായി അതിന്റെ നിർമാതാക്കൾ വാസു സാറിനെ കാണാൻ പോയപ്പോൾ ഞാനും അവരോടൊപ്പം ചെന്നു.  രാവിലെയുള്ള പൂജയും പ്രാർഥനയുമൊക്കെ കഴിഞ്ഞേ അദ്ദേഹം വിസിറ്റേഴ്സിനെ കാണാറുള്ളൂ.  അത് കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന അദ്ദേഹത്തിന്റെ ഒരു ശീലപ്രകൃതമാണ്. 

 

ഞങ്ങൾ ഏകദേശം രാവിലെ പത്തരയോടെയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.  അദ്ദേഹം ഒരു ചാരുകസേരയിൽ കിടക്കുകയാണ്. ‍ഞങ്ങളെ കണ്ട് ആഗമനോദ്ദേശം ചോദിച്ചതിനു ശേഷം ആതിഥ്യമര്യാദയോടെ എഴുന്നേറ്റുകൊണ്ടാണ് ഞങ്ങളെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ചത്.  പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദാക്ഷനാണ് എന്നെ പരിചയപ്പെടുത്തിയത്. 

 

"ഞാൻ സാറിന്റെ നാട്ടുകാരനാണ്. എറണാകുളത്ത് കലൂരാണ് താമസിക്കുന്നത്.  സാറിനെ കുറിച്ചു ഞാൻ ഒത്തിരി കേട്ടിട്ടുണ്ട്. അന്നു മുതൽ തോന്നിയതാണ് എനിക്ക് സാറിനെ ഒന്ന് കാണണമെന്ന്.  മാത്രമല്ല ഞാൻ ആദ്യമായി സിനിമയിലേക്ക് വരുന്നതുകൊണ്ട് സാറിന്റെ അനുഗ്രഹം വാങ്ങാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ വന്നത്". 

 

‘‘അനുഗ്രഹിക്കാൻ ഞാൻ ഒരു മുനിശ്രേഷ്ഠനൊന്നുമല്ലല്ലോ?  ഞാൻ വെറും ഒരു സാധാരണ മനുഷ്യനാണ്.’’

 

അദ്ദേഹം ചിരിച്ചു കൊണ്ട് തമാശരൂപേണ പറഞ്ഞു. 

 

"ഞാൻ ആദ്യമായി സിനിമയിലേക്ക് വരുന്നതുകൊണ്ട്  സാറിന്റെ ഉപദേശങ്ങളും അനുഭവപാഠങ്ങളും എനിക്ക് അറിയണമെന്നുണ്ട്".   

 

അതുകേട്ട് അദ്ദേഹം എന്നെ നന്നായിട്ടൊന്ന് നോക്കിയിട്ടു പതുക്കെ പറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ നാവിന്റെ തുമ്പിൽ നിന്ന് ഉതിരുന്ന നറുമുത്തുകൾ പെറുക്കി എടുത്ത് ഞാൻ ഉള്ളിൽ സ്വരുക്കൂട്ടി വച്ചു. അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ ആ വാചകം ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. കലകളിൽ ഏറ്റവും മികച്ച ഒരു കലാരൂപമാണ് സിനിമ. അതിന് അതിന്റേതായ നാൾവഴികളുണ്ട്. പണം സമ്പാദിക്കാനുള്ള ഒരു കച്ചവടരൂപമായി മാത്രം സിനിമയെ കാണരുത്.   സിൻസിയാരിറ്റി, മൊറാലിറ്റിയുമാണ് ആദ്യം വേണ്ടത്.  മദ്യപാനം, പെൺവിഷയങ്ങൾ ഇത്യാദികാര്യങ്ങൾക്കുള്ള ഒരു ഇടത്താവളമായി സിനിമയെ ഒരിക്കലും കാണരുത്. 

 

പിന്നെയും അൽപനേരം കൂടി ഇരുന്ന് സിനിമയിലെ സ്നേഹ ബന്ധങ്ങളെക്കുറിച്ചും മറ്റുമുള്ള മൊഴികൾ കേട്ടിരുന്ന ശേഷം അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയാണ് ഞാൻ അവിടെ നിന്നിറങ്ങിയത്. പിന്നീട് വളരെ വർഷങ്ങൾക്കു േശഷം അദ്ദേഹം മദ്രാസിൽ നിന്ന് എറണാകുളത്ത് പനമ്പള്ളി നഗറിൽ താമസിക്കാനെത്തിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ വീണ്ടും കാണുന്നത്.  

 

അദ്ദേഹം ഒരു കഥ എഴുതിയിട്ടുണ്ടത്രേ, ഞാൻ ആ കഥ ഒന്നു കേൾക്കണം. അഭിപ്രായം പറയണം. സമയമുണ്ടെങ്കിൽ ഒന്നിവിടം വരെ വരാമോ? എന്ന് എന്നെ വിളിച്ചു പറഞ്ഞതു പ്രകാരം ഞാൻ അദ്ദേഹത്തെ കാണാൻ പോയി.  കഥ കേട്ടു. കൊള്ളാം. പാരമ്പര്യത്തിന്റെ വഴികൾ വിട്ടു സിനിമ പുതിയ പ്രവണതകൾ തേടിയപ്പോൾ തന്റെ തൊണ്ണൂറ്റിയഞ്ചാം വയസ്സിലാണ് അദ്ദേഹം ഒരു ന്യൂജെൻ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.  അത് ആരെക്കൊണ്ടെങ്കിലും സിനിമയാക്കണം.  എന്നെപ്പോലെ തന്നെ പല തിരക്കഥാകാരന്മാരെയും വിളിച്ചു കഥ കേൾപ്പിച്ചു. എല്ലാവരുടെയും അഭിപ്രായം സ്വാംശീകരിച്ചുകൊണ്ടാണ് കഥയുടെ ക്ലൈമാക്സിലേക്ക് അദ്ദേഹം കടന്നത്.  

 

അതിനു ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ് എന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഓഡിറ്റോറിയത്തിൽ വന്നപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്.  എന്റെ അരികിൽ തന്നെയാണ് അദ്ദേഹം വന്നിരുന്നത്.  ഞങ്ങൾ കഥയുടെ കാര്യം സംസാരിക്കുന്ന കൂട്ടത്തിൽ  ഈ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഒരു ന്യൂജെൻ കഥയുണ്ടാക്കാൻ സാറിന് എങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്. 

 

‘‘അധ്വാനിക്കാതെ നമുക്ക് കിട്ടുന്ന ഏക കാര്യം ഈ വാർധക്യം മാത്രമാണ്.  അത് ഏതു മഹാമന്ത്രികൻ വിചാരിച്ചാലും തടഞ്ഞുവയ്ക്കാനാകില്ല.’’

 

പിന്നെ കുറച്ച് നേരം കൂടി ഓഡിറ്റോറിയത്തിൽ ഇരുന്ന ശേഷം എന്റെ മകനും മരുമകള്‍ക്കും അനുഗ്രഹാശിസ്സുകൾ നേർന്നു കൊണ്ടാണ് അദ്ദേഹം പോയത്.

 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com