മുകുന്ദനുണ്ണിയുടെ എല്ലാ സ്വഭാവത്തോടും എനിക്ക് യോജിപ്പില്ല: വിനീത് ശ്രീനിവാസൻ
Mail This Article
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ നായകന്റെ എല്ലാ സ്വഭാവത്തിനോടും തനിക്ക് യോജിപ്പില്ലെന്ന് നടൻ വിനീത് ശ്രീനിവാസൻ. മുകുന്ദനുണ്ണി വിശ്വസിക്കുന്ന നാലുകാര്യങ്ങളിൽ തനിക്കും വിശ്വാസമുണ്ട്. സിനിമയെപ്പറ്റി അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ടെന്നും ഇടവേള ബാബുവിന്റെ അഭിപ്രായം അദ്ദേഹം നേരിട്ട് വിളിച്ചു പറഞ്ഞതാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷനു വേണ്ടി ലോ കോളജിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘മുകുന്ദനുണ്ണി വിശ്വസിക്കുന്ന ആദ്യത്തെ നാലു കാര്യങ്ങൾ ഉണ്ടല്ലോ അച്ചടക്കം, അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം, അതിൽ ഞാൻ വിശ്വസിക്കുന്നുണ്ട് ബാക്കി ഒന്നിലും എനിക്ക് വലിയ യോജിപ്പില്ല. ഇടവേള ബാബു ചേട്ടൻ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ല. സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ്.അത് സന്തോഷമുള്ള കാര്യമാണ്.’’– വിനീത് ശ്രീനിവാസൻ പറയുന്നു.
ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി നടന്‍ ഇടവേള ബാബു രംഗത്ത് വന്നിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇടവേള ബാബുവിന്റെ വാക്കുകൾ: മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?