തിയറ്ററുകളിൽ ഇന്ന് റിലീസിനെത്തുന്നത് 9 മലയാള സിനിമകൾ
Mail This Article
2023 ഫെബ്രുവരി 24. കോവിഡിനുശേഷമുള്ള മലയാള സിനിമാചരിത്രത്തിലെ ഏറെപ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഒരു ബിഗ് ബജറ്റ് സിനിമ പോലും റിലീസ് ചെയ്യാത്ത ഈ വെള്ളിയാഴ്ചയ്ക്ക് എന്താണിത്ര പ്രത്യേകത ? വേറെയൊന്നുമല്ല. ഈ ദിവസം തിയറ്ററിലെത്തിയത് ഒൻപത് മലയാള സിനിമകളാണ്. സിനിമയെടുത്ത് തഴക്കം വന്ന സംവിധായകരുടെ സിനിമകളല്ല ഇതൊന്നും. ഒട്ടുമിക്ക സിനിമകളും നവാഗതസംവിധായകരുടേതാണെന്നതാണ് ഈ ദിവസം ഏറെ പ്രത്യേകത നിറഞ്ഞതാക്കുന്നത്.
കോവിഡ്കാലത്ത് തകർന്നടിഞ്ഞ സിനിമാതീയറ്റർ വ്യവസായം പതിയെപ്പതിയെ തിരികെവരികയാണ്. അതുകൊണ്ടുതന്നെ ഇത്രയും സിനിമകൾ തിയറ്ററുകളിലേക്കെത്തുന്നുവെന്നത് പ്രതീക്ഷ നിറഞ്ഞതാണ്. മൊബൈൽഫോണിന്റെ ഏഴിഞ്ച് സ്ക്രീനിൽ നിന്നല്ല, വെള്ളിത്തിരയുടെ വിശാലതയിൽനിന്നുതന്നെവേണം സിനിമയെന്ന കല ആസ്വദിക്കാൻ.
ഈ എട്ടുചിത്രങ്ങളിൽ ഒട്ടുമിക്കതിലും പ്രാധാന്യമർഹിക്കുന്നത് അതിലെ സ്ത്രീസാന്നിധ്യങ്ങളെണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരു സിനിമ ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായികയാണ്. ഭാവനയുടെയും നിത്യദാസിന്റെയും തിരിച്ചുവരവുകളാണ് മറ്റു രണ്ടു സിനിമകളുടെ പ്രത്യേകത. പുതുമുഖു നായികയുടെ ലിപ്‌ലോക്കാണ് മറ്റൊരു സിനിമയിൽ ചർച്ചയായത് എങ്കിൽ പ്രമോഷനുകളിൽനിന്ന് വിട്ടുനിന്ന നായികയാണ് ഒരു സിനിമയിൽ ചർച്ചയായത്.
∙ സ്ത്രീശാക്തീകരണത്തിന്റെ ഡിവോഴ്സ്
സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമയായാണ് ഡിവോഴ്സ് ഇന്ന് തീയറ്ററുകളിലെത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിർമിക്കുന്നത്. ചലച്ചിത്ര വികസന കോർപറേഷനാണ് നിർമാതാവ്. വനിതാ സംവിധായകരിൽനിന്ന് മത്സരാടിസ്ഥാനത്തിൽ തിരക്കഥ ക്ഷണിച്ച് അതിൽ മികച്ച തിരക്കഥകൾ വനിതാ സംവിധായകർ സംവിധാനം ചെയ്യുന്നതാണ് പദ്ധതി. നാടകരംഗത്തും സിനിമാരംഗത്തും ഏറെ ശ്രദ്ധേയയായ ഐ.ജി.മിനിയാണ് ചിത്രത്തിന്റെ സംവിധായിക. ആറു സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകൻ. ഡേവിസ് മാനുവലാണ് എഡിറ്റിങ്ങ്.
∙ ഭാവനയുടെ പ്രേമകഥ
നീണ്ട അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിലേക്ക് തിരികെവരുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ഭാവനയ്ക്ക് ആശംസകൾ നേർന്ന് ഒട്ടുമിക്ക മലയാളതാരങ്ങളുടെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.വൈക്കംമുഹമ്മദ്ബഷീറിന്റെ ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്’ എന്ന തലക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന പേരാണ് ചിത്രത്തിന്. കോമഡി വർക്കൗട്ടായാൽ ചിത്രം കയറിഹിറ്റാവുമെന്നതു തീർച്ച. കോമഡിയിൽ മികച്ച ടൈമിങ്ങുള്ള ഷറഫുദീനാണ് ഭാവനയ്ക്കൊപ്പമെത്തുന്നത്. സിഐഡി മൂസയടക്കമുള്ള കോമഡി ചിത്രങ്ങളിലൂടെയാണ് ഭാവനയുടെ വളർച്ച. അശോകനും അനാർക്കലി നാസറുമടക്കമുള്ള താരനിരയാണ് ഇവർക്കൊപ്പമുള്ളത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ.
∙ മമിതയും അനശ്വരയും പ്രണയവിലാസവും
സൂപ്പർശരണ്യ എന്ന ചിത്രത്തിലൂടെ പുതുതലമുറയെ ഇളക്കിമറിച്ച അനശ്വര രാജൻ–മമിത ബൈജു– അർജുൻ അശോകൻ കൂട്ടുകെട്ട് വീണ്ടും വരുന്ന ചിത്രമാണ് പ്രണയവിലാസം. റൊമാൻസാണ് പ്രമേയമെന്ന് പേരിൽത്തന്നെയുണ്ട്. യുവതാരങ്ങളിൽ അനായാസമായ അഭിനവപാടവമുള്ള അർജുൻ അശോകൻ ആക്ഷനും കോമഡിയും പ്രണയവുമൊക്കെ തന്നെ പൂ പോലെ ലളിതമാണെന്നു തെളിയിച്ചതാണ്. മമിത ബൈജു മലയാളി യുവത്വത്തിന്റെ ഇഷ്ടതാരവുമാണ്. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകൾ ഹിറ്റ്ചാർട്ടുകളിലേക്ക് കയറിക്കഴിഞ്ഞു. എം.ജ്യോതിഷും എ.വി.സുനുവമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷിനോസാണ് ക്യാമറ.
∙ നായികയായി അനിഖ
ഭാസ്കർ ദി റാസ്കലും അഞ്ചുസുന്ദരികളുമടക്കമുള്ള ചിത്രങ്ങളിലെ ബാലതാരമായിരുന്ന അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ഓഹ് മൈ ഡാർലിങ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞതാണ്. ലിപ് ലോക് രംഗങ്ങൾ കണ്ട് മലയാളിപ്രേക്ഷകർ ഞെട്ടി. ജോ ആൻഡ് ജോയിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയതാരം മെൽവിൻ ബാബുവാണ് ചിത്രത്തിലെ നായകൻ. സംവിധായകൻ ആൽഫ്രഡ്.ഡി.സാമുവലാണ്. ഷാൻ റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കിയത്. മുകേഷ്, ലെന, ജോണി ആന്റണി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
∙ ബൂമറാങ്ങും സംയുക്തയും
സംയുക്ത മേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളഇലെത്തുന്ന ബൂമറാങ് ഇതിനോകം ചർച്ചയായിക്കഴിഞ്ഞു. പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന സംയുക്തയുടെ തീരുമാനം ബൂമറാങ്ങ് പോലെ തിരിച്ചെത്തി തലയിലിടിച്ചു നിൽക്കുകയാണ്. ഷൈൻ ടോം ചാക്കോയുടെ വിമർശനം കൂടിയായതോടെ സംഗതി എരിപൊരിയായിട്ടുണ്ട്. കോമഡിയാണ് ബുമറാങ്ങിന്റെയും കഥാഗതിയെന്ന് ട്രെയിലറുകളിൽനിന്ന് വ്യക്തം. മനു സുധാകരനാണ് സംവിധാനം. ചെമ്പൻ വിനോദും ബൈജുവുമടക്കമുള്ള മികച്ച താരനിരയുമുണ്ട്.കൃഷ്ണദാസ് പങ്കിയുടേതാണ് തിരക്കഥ.
∙ അനു സിത്താരയുടെ സന്തോഷം
അനുസിത്താര നായികയായെത്തുന്ന ചിത്രമാണ് സന്തോഷം. സഹോദരങ്ങളുടെ സ്നേഹബന്ധത്തിന്റെ കഥയാണ് സന്തോഷത്തോടെ പറയുന്നതെന്നു വ്യക്തം. അജിത്ത്.വി.തോമസാണ് സംവിധായകൻ. കലാഭവൻ ഷാജോണും അമിത് ചക്കാലയ്ക്കലും മല്ലിക സുകുമാരനുമടക്കമുള്ള മികച്ച താരനിര സന്തോഷത്തിലുണ്ട്. സംവിധായകൻ കൂടിയായ ജോൺകുട്ടിയാണ് എഡിറ്റർ.
∙ ഹൊററുമായി നിത്യ ദാസ്
പറക്കുംതളികയിലെ ‘ബസന്തി’ നിത്യദാസ് ഏറെക്കാലത്തിനുശേഷം മുഖ്യകഥാപാത്രമായെത്തുന്ന ചിത്രമാണ് പള്ളിമണി. ശ്വേതമേനോനും ഒപ്പമുണ്ട്. അനേകം മലയാള സിനിമകളിൽ കലാസംവിധായകനായി തിളങ്ങിയ അനിൽ കുമ്പഴയുടെ ആദ്യ സംവിധാന സംരംഭമാണ് പള്ളിമണി. ഹൊറർ വിഭാഗത്തിൽപെടുത്താവുന്ന സിനിമയാണ് പള്ളിമണിയെന്ന് അനിൽ കുമ്പഴ പറഞ്ഞിട്ടുണ്ട്. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.അനിലിന്റേതാണ് തിരക്കഥ.
∙ ധരണി
ബി.ശ്രീവല്ലഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധരണി. രമേഷ് നാരായണൻ സംഗീതസംവിധാനം നിർവഹിച്ച ചിത്രമാണിത്. ജിജു സണ്ണിയാണ് ഛായാഗ്രാഹകൻ.
∙ ഏകൻ
കുഴിക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിർത്തിഅവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ.