ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പുരനിറഞ്ഞ പെണ്ണിന്റെ വ്യഥകൾ മലയാള സിനിമ ഒരു പാടു കണ്ടിട്ടുണ്ട്. നമുക്കൊരു റിവേഴ്‌സ് ട്രാക്ക് പിടിച്ചാലോ? നമുക്കു പുരനിറഞ്ഞ ആണുങ്ങളെ പിടിച്ചാലോ...? ആദ്യ സിനിമയുടെ കഥയാലോചിക്കുമ്പോൾ സിദ്ദിഖിനും ലാലിനും മുന്നിൽ ഐഡിയയുടെ ബൾബ് മിന്നി. എന്താണ് ഇതുവരെ വരാത്ത കഥ എന്ന അന്വേഷണമായിരുന്നു ആദ്യം. മുകേഷിനൊപ്പം കൊട്ടാരക്കരയുടെ മകൻ സായികുമാറിനെ പുതുമുഖമായി പരീക്ഷിച്ച് ഇരുവരും സിനിമയിലേക്കു  കടന്നു. റാംജിറാവ് സ്പീക്കിങ് 34 വർഷം മുൻപു നിർമിക്കുമ്പോൾ ചെലവ് 34 ലക്ഷം രൂപയായിരുന്നു. ഷേണായീസ് തിയറ്ററിനു പുറത്ത് ആദ്യ സിനിമയുടെ ആദ്യ ഷോയ്‌ക്ക് ആളുകുറഞ്ഞപ്പോൾ അനുഭവിച്ച നെഞ്ചിടിപ്പിനോളും വരില്ല മറ്റൊന്നുമെന്ന് സിദ്ദിഖും ലാലും നെഞ്ചിൽ കൈവച്ചു പറയുമായിരുന്നു.

 

 

siddique12
സിദ്ദിഖും ലാലും ∙ഫയൽ ചിത്രം മനോരമ

‘കയറെടാ ജീപ്പിൽ...’; കരിക്കിൻ കുലയും കയ്യിൽ പിടിച്ച് പുലർച്ചെ 3ന് പൊലീസ് ജീപ്പിൽ കയറിയ സിദ്ദിഖ്–ലാൽ!

 

മത്തായിച്ചേട്ടനും ബാലകൃഷ്‌ണനും ഗോപാലകൃഷ്‌ണനും ഉർവശി തിയറ്റേഴ്‌സും കട്ടപ്പുറത്തിരുന്ന നാടകവണ്ടിയുമെല്ലാം ചേർന്നു ‘റാംജിറാവു സ്‌പീക്കിങ്ങിൽ’ തമാശകളുടെ കൂട്ടപ്പൊരിച്ചിൽ നടത്തിയപ്പോൾ ഉർവശി തിയറ്റേഴ്‌സ് എന്ന പേരും വീടും മലയാളികളുടെ മനസ്സിൽ പതിയുകയായിരുന്നു. എന്താണ് സിനിമയിൽ വരാത്തത് എന്ന് അന്വേഷിക്കണമെങ്കിൽ ആദ്യം എന്താണു വന്നത് എന്നറിയണം. പുരനിറഞ്ഞു നിൽക്കുന്ന പെണ്ണുങ്ങളെക്കുറിച്ചും അവരെ കെട്ടിച്ചുവിടാൻ അച്‌ഛനും ആങ്ങളമാരും നേരിടുന്ന കഷ്‌ടപ്പാടുകളെക്കുറിച്ചുമൊക്കെ ചിത്രങ്ങൾ വന്നിട്ടുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് അതിന്റെയൊരു റിവേഴ്‌സ് ട്രാക്ക് നോക്കിയത്. പുരനിറഞ്ഞുനിൽക്കുന്ന ആണുങ്ങൾ എന്നതായിരുന്നു ‘ഗോഡ്‌ഫാദറി’ന്റെ ആദ്യ ത്രെഡ്. അതുവരെ ആ ട്രാക്കിൽ സിനിമ വന്നിരുന്നില്ല. ഗോഡ്‌ഫാദർ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞാണു സമാന ട്രാക്കിലുള്ള ‘മേലേപ്പറമ്പിൽ ആൺവീട്’ വന്നത്.

 

siddique2
സിദ്ദിഖും ലാലും ∙ഫയൽ ചിത്രം മനോരമ

കുടുംബബന്ധങ്ങളുടെ കഥയിൽ കുടുങ്ങിയ മലയാള സിനിമയെ കൂട്ടുകെട്ടുകളുടെ മൈതാനത്തേക്കു സിദ്ദഖും ലാലും കെട്ടഴിച്ചു വിട്ടു. രക്‌തത്തെക്കാൾ കട്ടിയുണ്ടു സ്‌നേഹത്തിനെന്ന് ഇരുവരും പ്രേക്ഷകരെ ബോധ്യപ്പെടുത്തി. ലാൽ നിർമിച്ചു സിദ്ധിഖ് സംവിധാനം ചെയ്‌ത ഫ്രണ്ട്‌സിൽ (പഴയ ക്ലബ്ബിന്റെ അതേ പേര്) ഭാര്യയേക്കാൾ പ്രധാനപ്പെട്ടതു കൂട്ടുകാരൻ തന്നെയാണെന്ന ഞെട്ടിക്കുന്ന സന്ദേശം കുടുംബ പ്രേക്ഷകർ കയ്യടിച്ച് അംഗീകരിച്ചു.

 

നെഞ്ചിടിപ്പിൽ നിന്നു ജനങ്ങളുടെ ‘പൾസ് ’അറിഞ്ഞവരായി സിദ്ദിഖും ലാലും വളരുകയായിരുന്നു. അഞ്ചു സിനിമകളിൽ ഒന്നിച്ചു യാത്ര ചെയ്‌തു. ഓരോ സിനിമയും  തൊട്ടടുത്ത സിനിമയുടെ കലക്‌ഷൻ റെക്കോർഡ് ഭേദിച്ചു. സിദ്ദിഖ് മലയാളവും തമിഴും കടന്നു ബോളിവുഡിലെ 100 കോടി ക്ലബ്ബിൽ വരെയെത്തി. ലാൽ നിർമാതാവെന്ന നിലയിൽ തൊട്ടതെല്ലാം പൊന്നാക്കി. 

 

സംവിധായകനായി തിളങ്ങി. അഭിനയലോകം കീഴടക്കി മികച്ച നടനുള്ള സംസ്‌ഥാന അവാർഡ് വരെ സ്വന്തമാക്കി. ബോഡിഗാർഡ് ബോളിവുഡിൽ 100 കോടിയും പിന്നിട്ടു മുന്നോട്ടുപോയപ്പോൾ തന്റെ  വീട്ടിൽ പിരിവുകാരുടെ ഉത്സവമായിരുന്നുവെന്നു സിദ്ദിഖ് പറയുണ്ടായിരുന്നു. ഈ കിട്ടുന്ന പണമെല്ലാം നിർമാതാവിനാണ്, തനിക്കല്ല എന്നു പത്രക്കാർ എഴുതണമെന്നായിരുന്നു സിദ്ദിഖിന്റെ അഭ്യർഥന.

 

‘നാടകാചാര്യൻ എൻ.എൻ. പിള്ളയ്‌ക്കു വേണ്ടി ഉണ്ടായ സിനിമ’ എന്നാണു  സിദ്ദിഖ് ‘ഗോഡ്‌ഫാദർ’ എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ‘ഗോഡ്‌ഫാദർ’ സൃഷ്‌ടിച്ച റെക്കോർഡ് ഇന്നും നിലനിൽക്കുന്നു. തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ 405 ദിവസമാണു ‘ഗോഡ്‌ഫാദർ’ ഓടിയത്. 1991ൽ ആണ് ‘ഗോഡ്‌ഫാദർ’ പുറത്തിറങ്ങിയത്. 

 

‘എപ്പോൾ കണ്ടാലും അപ്പോഴത്തെ ചിത്രം പോലെ തോന്നിക്കുന്നതാണു ഗോഡ്‌ഫാദർ.‘റാംജിറാവ് സ്‌പീക്കിങ്ങിലെ കഥാപാത്രങ്ങളിൽ എന്റെയും ലാലിന്റെയും അക്കാലത്തെ മാനസികാവസ്‌ഥ കാണാം. ഒരു സിനിമയ്‌ക്കായി ഞാനും ലാലും ഏറെ അലഞ്ഞിട്ടുണ്ട്. റാംജിറാവുവിലാണെങ്കിൽ ജോലിക്കായി അലയുന്നു എന്ന വ്യത്യാസം മാത്രം. ഗോഡ്‌ഫാദറിൽ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്‌തിത്വമുണ്ട്. യൂണിവേഴ്‌സലാണ് അതിന്റെ കഥ’–സിദ്ദിഖിന്റെ വാക്കുകൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com