‘മൂന്നാം കിട സിനിമയ്ക്കു വേണ്ടിയുള്ള പ്രകടനം’, ആ പരാമർശനം എന്നെ വേദനിപ്പിച്ചു: ഉർവശി പറയുന്നു

Mail This Article
നിരവധി തവണ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള താരമാണ് നടി ഉർവശി. എന്നാൽ ദേശീയ പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചപ്പോൾ നേരിട്ട ഒരനുഭവം തന്നെ വിഷമിപ്പിച്ചുവെന്ന് ഉർവശി പറയുന്നു. മൂന്നുവർഷം അടുപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ഒരു മാറ്റത്തിന് വേണ്ടി മാത്രമാണ് നാലാമത്തെ തവണ മറ്റൊരാൾക്ക് നൽകിയതെന്നും അഞ്ചാം തവണ തനിക്കു തന്നെ ലഭിച്ചുവെന്നും നടി പറഞ്ഞു. എന്നാൽ ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോൾ അവിടെ ഒരു സംവിധായകൻ പറഞ്ഞത് മൂന്നാംകിട സിനിമകൾക്ക് എന്തിനാണ് അവാർഡ് കൊടുക്കുന്നത് എന്നാണ്. ഈ പരാമർശം തന്നെ വേദനിപ്പിച്ചെന്നും വാണിജ്യ സിനിമകൾ ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഉർവശി പറയുന്നു. നഷ്ടപെട്ട പുരസ്കാരങ്ങളെക്കുറിച്ച് വേദനയോ ലഭിച്ച നേട്ടങ്ങളോർത്ത് അമിതമായ സന്തോഷമോ ഇല്ലെന്നും നടി വ്യക്തമാക്കി. ഉർവശിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉർവശി.
"ഞാൻ അഭിനയിക്കുന്നത് കാണുമ്പോൾ സംവിധായകൻ, ‘ചേച്ചീ ഓക്കേ ആണ്’ എന്ന് പറയുന്നതാണ് എന്റെ ആദ്യത്തെ അവാർഡ്. പിന്നെ പ്രേക്ഷകർ നല്ലതെന്ന് പറയുന്നതാണ് അടുത്ത അവാർഡ്. പിന്നെ അവാർഡുകൾ കിട്ടിയാൽ സന്തോഷം, ഇല്ലെങ്കിൽ ദുഃഖവുമില്ല. എനിക്ക് സ്റ്റേറ്റ് അവാർഡ് ഒന്നും നിരസിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകർ എല്ലാം നല്ലതു പറയുമ്പോൾ നിവർത്തിയില്ലാതെ എനിക്ക് തരേണ്ടി വന്നിട്ടുണ്ട്. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ട് നാലാമത്തെ വർഷമായപ്പോൾ ജൂറി പറഞ്ഞു, ഉർവശി അഭിനയിക്കുന്ന വർഷം വേറെ ആർക്കും കിട്ടില്ല അതുകൊണ്ട് ഇത്തവണ മാറ്റി കൊടുക്കാം എന്ന്. അതുകൊണ്ടു ആ വർഷം കിട്ടിയില്ല. പിന്നെ അഞ്ചാമത്തെ വർഷമാണ് കിട്ടിയത്. അപ്പോഴും നമുക്ക് പരാതിയൊന്നും ഇല്ല."
"ദേശീയ അവാർഡിനു പോയപ്പോൾ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകൾ ചെയ്യുന്ന സംവിധായകർ പറഞ്ഞു, ‘ഇവരെ എന്തിനാ കൊണ്ടുവന്നത്? ഈ രണ്ടാംകിട മൂന്നാം കിട സിനിമയ്ക്കു വേണ്ടി ഇവരുടെ പെർഫോമൻസ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത്?’ എന്ന്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ആരും കാണാത്ത കുറെ സിനിമയ്ക്കുള്ള അവാർഡുകൾ അല്ല ഞാൻ സ്വീകരിച്ചിരിക്കുന്നത്. മഴവിൽ കാവടി മുതൽ അച്ചുവിന്റെ അമ്മ ഉൾപ്പടെ ഉള്ളത് വാണിജ്യപരമായി ഹിറ്റായ സിനിമകൾ ആണ്. അത് എന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്. കാരണം, പടം ചെയ്യുന്ന പ്രൊഡ്യൂസർ നന്നാവാൻ 'ഈശ്വരാ' എന്ന് പ്രാർഥിച്ചുകൊണ്ടാണ് നമ്മൾ ഷോട്ടിൽ നിൽക്കുന്നത്. വാണിജ്യ സിനിമ എടുക്കുന്നത് നിസാര കാര്യമാണോ? അങ്ങനെ ഒരു അഭിപ്രായം ഒരിക്കലും പാടില്ല. അങ്ങനെ ഒരു കമന്റ് വന്നപ്പോൾ പിന്നെ ഞാൻ അത് മൈൻഡ് ചെയ്യാതെയായി. ഇപ്പോഴും പറയുന്നു, പുരസ്കാരം കിട്ടിയാൽ സന്തോഷം. കിട്ടാത്തതിനെക്കുറിച്ച് ഒരു വിഷമവും ഇല്ല. കാരണം ഇന്ന് നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ ജീവിതം ബോണസ് ആണ്. ഇതൊന്നും ഞാൻ ആഗ്രഹിച്ചു വന്നതല്ല. എല്ലാം കൊണ്ടും സന്തോഷമേ ഉള്ളൂ, ഒരു പരാതിയും ഇല്ല."
"ഞാനൊരിക്കലും ബോധപൂർവം അഭിനയിക്കാൻ പോവുകയാണെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാൽ ഞാൻ പെട്ടുപോകും. സംവിധായകൻ ആക്‌ഷൻ പറയുമ്പോൾ ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യം ചെയ്യും. കട്ട് എന്ന് പറയുമ്പോൾ ഞാൻ ഞാനാകും. എന്താണെന്നറിയില്ല കുറച്ചു കാലമായി ഇമോഷനൽ സീനുകൾ ചെയ്യുമ്പോൾ ഞാൻ കൂടുതൽ മുഴുകിപോകുന്നു. അത് എന്റെ ശബ്ദത്തെ ബാധിക്കും. ഈ സിനിമ സിങ്ക് സൗണ്ട് ആയിരുന്നു, ഡബ്ബിങ് ഇല്ല. ഞാൻ ക്രിസ്റ്റോയോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ കുറെ കരഞ്ഞു കഴിഞ്ഞാൽ പ്രശ്നം ആകും ക്രിസ്റ്റോ. അപ്പോൾ ക്രിസ്റ്റോ പറഞ്ഞു, ‘ചേച്ചിക്ക് എപ്പോ കരയണമെന്ന് തോന്നുന്നോ, അപ്പോൾ കരഞ്ഞാൽ മതി. അല്ലാതെ ഞാൻ ഡിമാൻഡ് ചെയ്യില്ല’. കൂടുതൽ ചെയ്യാൻ ഒരിക്കലും ക്രിസ്റ്റോ ഡിമാൻഡ് ചെയ്തിട്ടില്ല."
"സിനിമയിൽ ഞാൻ പാറുവിനോട് (പാർവതി തിരുവോത്ത്) സംസാരിച്ചു വന്നിട്ട് അവസാനം ഞാൻ കരഞ്ഞുപോകുന്ന ഒരു ഷോട്ട് ഉണ്ട്. ആ ഒരു സീനിൽ ഞാൻ കരയാതിരിക്കാൻ അത്രയ്ക്ക് കഷ്ടപ്പെട്ടു. കാരണം ആ ഒരു സിറ്റുവേഷൻ ആലോചിക്കുമ്പോൾ ഏതൊരു സ്ത്രീക്കും സങ്കടം തോന്നും. ഷെയർ ചെയ്യാൻ ആരുമില്ല എന്ന അവസ്ഥ. അങ്ങനത്തെ ഒരുപാട് നിമിഷങ്ങളുണ്ട്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ മുന്നിൽ എത്രമാത്രം താഴാമോ അത്രത്തോളം താഴുന്നുണ്ട് ലീലാമ്മ. അവരുടെ സ്വാർഥതയല്ല അത് സ്നേഹമാണ്. അതിലൊക്കെ തന്നെയും ഞാൻ ബോധപൂർവം ചെയ്തിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് എങ്ങോട്ടും പോയിട്ടില്ല. എല്ലാ തലമുറയോടൊപ്പവും ഞാൻ ഇവിടെ തന്നെയുണ്ട്. അവർക്കും എനിക്കും ഒരേ പ്രായം," ഉർവശി പറയുന്നു.