'ഏഴിമല പൂഞ്ചോല' വീണ്ടും പാടാൻ മോഹൻലാൽ എത്തും: എസ്.പി. വെങ്കടേഷ്
Mail This Article
മറ്റേതു ദിവസം പോലെ തന്നെയായിരുന്നു സംഗീത സംവിധായകൻ എസ്.പി വെങ്കടേഷിന് തന്റെ അറുപത്തിയഞ്ചാം ജന്മദിനവും. വലിയ ആഘോഷങ്ങളും ആർഭാടങ്ങളുമില്ല. രാവിലെ റെക്കോർഡിങ്... പിന്നെ, സാധാരണ പോലെയുള്ള തിരക്കുകൾ! അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളിയുടെ ഹൃദയം കവരാൻ തുടങ്ങിയിട്ട് മൂന്നു ദശാബ്ദത്തിലേറെയായി. എത്ര വർഷം കഴിഞ്ഞു കേട്ടാലും പുതുമ ചോരാത്ത ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ചു വരാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് എസ്.പി വെങ്കടേഷ്. അതിനൊപ്പം ചില സർപ്രൈസുകളും ആരാധകർക്കായി അദ്ദേഹം കരുതി വച്ചിട്ടുണ്ട്. ആ പാട്ടുവിശേഷങ്ങൾ പിറന്നാൾ ദിനത്തിൽ അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
എന്താണ് ആ സർപ്രൈസ്?
മോഹൻലാലിന്റെ 'സ്ഫടികം' വീണ്ടും റിലീസ് ചെയ്യാൻ പോകുകയാണല്ലോ. അതിനു വേണ്ടി പാട്ടുകളെല്ലാം വീണ്ടും റെക്കോർഡ് ചെയ്യുകയാണ്. അതിന്റെ ബിജിഎം, പാട്ടുകൾ എല്ലാം ഡിജിറ്റലായി വീണ്ടും റെക്കോർഡ് ചെയ്യും. രണ്ടു മാസത്തിനുള്ളിൽ ഈ ജോലികൾ പൂർത്തിയാകും. മെയ് മാസത്തിലോ ജൂൺ മാസത്തിലോ വീണ്ടും റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിഷുവിന് അല്ലെങ്കിൽ ഓണത്തിന് ചിത്രം പ്രതീക്ഷിക്കാം. ഫ്രഷ് ശബ്ദത്തിൽ സ്ഫടികം ആസ്വദിക്കാം
മോഹൻലാൽ വീണ്ടും പാടും
'ഏഴിമല പൂഞ്ചോല' എന്ന പാട്ടിനു വേണ്ടി ശബ്ദം തരാൻ മോഹൻലാൽ എത്താമെന്നു ഏറ്റിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ, എല്ലാമെ ഫ്രഷ്! അദ്ദേഹം ഇനി ചെന്നൈയിൽ വരുമ്പോൾ പാട്ടു റെക്കോർഡ് ചെയ്യും. മോഹൻലാലിന്റെ വോയ്സ് സൂപ്പർ ആണ്. ആ ഭാഗം അദ്ദേഹം തന്നെ പാടിയാലേ ശരിയാകൂ. ഇക്കാര്യം പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് ഉറപ്പായും വന്നു പാടാമെന്നാണ്! ആ പാട്ട് അദ്ദേഹം പാടുന്നതു തന്നെയാണ് ജനങ്ങൾക്ക് ഇഷ്ടം.
'എനിക്ക് ഇതൊക്കെ മതി'
എനിക്ക് മലയാളികളെ ഒരുപാടു ഇഷ്ടമാണ്. ഞാൻ മലയാളത്തിലാണ് കുറെ സിനിമകൾ ചെയ്തിട്ടുള്ളത്. അത് ജീവിതത്തിൽ മറക്കാൻ കഴിയില്ല. ഇനി വീണ്ടും മലയാളത്തിൽ സജീവമാകാണ് തീരുമാനം. പുതിയ സിനിമകൾ വരുന്നുണ്ട്. പ്രവീൺരാജിന്റെ വെള്ളേപ്പം ആണ് പുതിയ ചിത്രം. ഈ സിനിമ നന്നായി വരും. ഇപ്പോഴത്തെ ട്രെൻഡിന് അനുസരിച്ചുള്ള പാട്ടുകളായിരിക്കും ചിത്രത്തിലേത്. നിറയെ പുതിയ ആളുകൾ വരുന്നു. ഒരാൾ പോകുമ്പോൾ മറ്റൊരാൾ വരും. പുതിയ പാട്ടെഴുത്തുകാർ ഒരുപാടു പേർ വന്നിട്ടുണ്ട്. 'വെള്ളേപ്പം' സിനിമയിലും പാട്ടെഴുതുന്നത് ഒരു പുതിയ ആളാണ്. ഒരു പാട്ട് പൂർത്തിയായി. ഇനി രണ്ടു പാട്ടുകൾ കൂടി ചെയ്യാനുണ്ട്. മലയാളം, ബംഗാളി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ വിവിധ പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. എനിക്ക് ഇതൊക്കെ മതി.
തിരഞ്ഞെടുപ്പ് കേൾവിക്കാരുടേത്
ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് എനിക്ക് കഴിയില്ല. ദൈവാനുഗ്രഹത്താൽ ഞാൻ ചെയ്ത പാട്ടുകളെല്ലാം ഹിറ്റായി. കിലുക്കം, വാൽസല്യം, കൗരവർ, ധ്രുവം, ജോണിവാക്കർ, പൈതൃകം, മാണിക്യക്കുയിൽ, ഇന്ദ്രജാലം... അങ്ങനെ ഒരുപാടു ചിത്രങ്ങൾ... ഇതിൽ ഞാനേതു പറയും? നിങ്ങൾ തന്നെ തിരഞ്ഞെടുക്കൂ.
പിറന്നാൾ ആഘോഷങ്ങൾ?
പ്രത്യേകിച്ച് പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല. ഇന്നും സാധാരണ ദിവസം പോലെ തന്നെ. രാവിലെ റെക്കോർഡിങ് ഉണ്ടായിരുന്നു. ഫെയ്സ്ബുക്കിൽ എനിക്ക് പലരും ജന്മദിനാശംസകൾ നേർന്നിട്ടുണ്ടെന്ന് അറിഞ്ഞു. എല്ലാവർക്കും നന്ദി.