സന്തോഷ് നാരായണൻ തിരിച്ചറിഞ്ഞ സ്വരം, തമിഴിൽ പാടിത്തകർത്ത് ഇപ്പോൾ മലയാളത്തിലേക്കും; ലളിത വിജയകുമാർ അഭിമുഖം

Mail This Article
വേറിട്ട പ്രണയകഥയുമായെത്തുന്ന പൈങ്കിളിയിലെ ‘ബേബി ബേബി’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്കു ചുവടു വയ്ക്കുകയാണ് തമിഴ് ഗായിക ലളിത വിജയകുമാർ. ‘36 വയതിനിലെ’ എന്ന ചിത്രത്തിലെ ‘രാസാത്തി’ എന്ന ഗാനം പാടിയാണ് തന്റെ 57ാം വയസ്സിൽ ലളിത വിജയകുമാർ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്കു ശബ്ദമായ ലളിത, പ്രമുഖ തെന്നിന്ത്യൻ ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാറിന്റെ അമ്മയാണ്. മകന്റെ സിനിമാ മോഹത്തിനു ചിറകു നൽകാൻ ട്രിച്ചിയിൽ നിന്ന് ചെന്നൈയിലേക്കു ജീവിതം പറിച്ചു നടുകയായിരുന്നു ലളിത വിജയകുമാറും കുടുംബവും. മകൻ സിനിമയിൽ പേരെടുക്കണമെന്ന് ആഗ്രഹിച്ച ആ അമ്മയുടെ വിദൂരസ്വപ്നത്തിൽ പോലും സിനിമ ഉണ്ടായിരുന്നില്ല. എന്നാൽ, ലളിതയുടെ വേറിട്ട ശബ്ദത്തിന്റെ സാധ്യത കുടുംബ സുഹൃത്ത് കൂടിയായ സംഗീതസംവിധായകൻ സന്തോഷ് നാരായണൻ തിരിച്ചറിഞ്ഞു. അങ്ങനെ ലളിത വിജയകുമാറും പിന്നണി ഗായികയായി. മലയാളത്തിലെ ആദ്യഗാനത്തെക്കുറിച്ചും മലയാളികളുമായുള്ള ആത്മബന്ധത്തെക്കുറിച്ചും മനസ്സു തുറന്ന് ലളിത വിജയകുമാർ മനോരമ ഓൺലൈനിൽ.
ജോളിയായി പാടിയ ‘ബേബി’
ജസ്റ്റിൻ വർഗീസ് ആണ് എന്നെ വിളിക്കുന്നത്. മകൻ പ്രദീപ് മലയാളത്തിൽ പാടിയിട്ടുണ്ടെങ്കിലും എനിക്ക് മലയാളം ഒട്ടും വശമില്ല. പ്രദീപിന്റെ ഭാര്യ കല്യാണിയും മലയാളിയാണ്. ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ജസ്റ്റിൻ വിഡിയോ കോളിലെത്തി കാര്യങ്ങൾ പറഞ്ഞു തന്നു. വാക്കുകളുടെ അർഥവും എക്സ്പ്രഷനുമെല്ലാം അദ്ദേഹം പറഞ്ഞു തന്നതു പോലെ ഞാൻ പാടി. ‘ജോളിയായി പാടിക്കോളൂ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യമായാണ് ഞാൻ മലയാളത്തിൽ പാടുന്നത്. പാട്ട് പുറത്തു വന്നപ്പോൾ പ്രദീപിനും (ഗായകൻ പ്രദീപ് കുമാർ) സന്തോഷിനുമൊക്കെ (സന്തോഷ് നാരായണൻ) അയച്ചു കൊടുത്തു. അവരെല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.

സംഗീത വഴിയിൽ
സംഗീതത്തിൽ ഞങ്ങളെ വളർത്തിയത് അച്ഛനാണ്. അദ്ദേഹം ആയുർവേദ സിദ്ധ ഡോക്ടർ ആയിരുന്നു. ഞങ്ങൾ എട്ടു മക്കൾ, നാലു ആൺകുട്ടികളും നാലു പെൺകുട്ടികളും. എല്ലാവരെയും സംഗീതം പഠിപ്പിച്ചു. പക്ഷേ, ഞാൻ മാത്രമെ സംഗീതത്തിൽ തുടർന്നുള്ളൂ. ഡിഡി നാഷനലിൽ പണ്ട് കർണാടക സംഗീത കച്ചേരി സംപ്രേഷണം ചെയ്യുമല്ലോ. അച്ഛൻ അതു റെക്കോർഡ് ചെയ്ത് രാവിലെ ഉറക്കെ വയ്ക്കും. ഞങ്ങൾ അതു കേൾക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഏഴാം ക്ലാസ് മുതലാണ് സംഗീതം പഠിച്ചു തുടങ്ങിയത്. പ്രീഡിഗ്രിക്കു ശേഷം മ്യൂസിക് കോളജിൽ ചേർന്നു. കോഴ്സ് കഴിഞ്ഞതും 1979ൽ സ്കൂളിൽ ജോലി കിട്ടി. ദീർഘകാലം സ്കൂളിൽ കുട്ടികളെ സംഗീതം പഠിപ്പിച്ചു. ഇപ്പോൾ റിട്ടയർ ആയി. മകൻ പ്രദീപ് കുമാറിന് സംഗീതം കരിയർ ആയി എടുക്കാനായിരുന്നു ആഗ്രഹം. അതിനായി ചെന്നൈയിലേക്കു വന്നു. പ്രദീപ് സൗണ്ട് എൻജിനീയറിങ് ചെയ്തു. പിന്നീട് പ്രദീപ് ചലച്ചിത്ര പിന്നണി ഗായകനായി.
‘രാസാത്തി’ പാട്ടിനു പിന്നിൽ
ഞങ്ങളുടെ നാട് ട്രിച്ചിയാണ്. സന്തോഷ് നാരായണനും ട്രിച്ചിയിൽ നിന്നാണ്. ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറ്റിയ സമയത്ത് അവരും ചെന്നൈയിലേക്കു വന്നു. സന്തോഷും പ്രദീപുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഞാൻ പാടുമെന്ന് സന്തോഷിന് അറിയാം. പക്ഷേ, എന്നെ സിനിമയിലെ ഒരു പാട്ടിനായി സന്തോഷ് വിളിക്കുമെന്ന് ഒരിക്കൽപ്പോലും കരുതിയില്ല. കാരണം, ഞാനൊരു ക്ലാസിക്കൽ സിങ്ങർ അല്ലേ! വീട്– സ്കൂൾ എന്നതിൽ കവിഞ്ഞ് ഒരു സ്വപ്നം പോലും എനിക്കുണ്ടായിട്ടില്ല. പെട്ടെന്ന് ഒരു ദിവസം എന്നെ വിളിച്ച് സന്തോഷ് പറഞ്ഞു, ‘ആന്റി... ഒരു പാട്ടുണ്ട്, വന്നു പാടണം’ എന്ന്. ട്രാക്ക് ആണെന്നു കരുതിയാണ് പാടിയത്. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. സിനിമയിലും ഉൾപ്പെടുത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘36 വയതിനിലെ’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ആ ട്രാക്ക്. അതു വലിയ ഹിറ്റായി. അതിനു ശേഷം നിരവധി പേർ സിനിമയിൽ പാടാൻ വിളിച്ചു.
കേരള കണക്‌ഷൻ
മലയാളം എനിക്കു കേട്ടാണു പരിചയം. ഒട്ടും പറയാൻ അറിയില്ല. പ്രദീപ് വിവാഹം ചെയ്തിരിക്കുന്നത് ഒരു മലയാളിയെ ആണ്, കല്യാണി നായർ. കല്യാണിയും ഗായികയാണ്. മലയാളത്തിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട് (ഡിങ്കിരി ഡിങ്കിരി പട്ടാളം– പട്ടാളം). പേരക്കുട്ടികൾ നന്നായി മലയാളം പറയും. കല്യാണിയുടെ കുടുംബവീട് തിരുവനന്തപുരത്താണ്. അവിടെ ഞങ്ങൾ വരാറുണ്ട്. ഈ പാട്ട് പുറത്തിറങ്ങിയപ്പോൾ അവർക്കെല്ലാം അയച്ചു കൊടുത്തു. അവർക്ക് ശരിക്കും സർപ്രൈസ് ആയി. പറഞ്ഞു വരുമ്പോൾ, എനിക്ക് നിറയെ മലയാളി കണക്‌ഷനുണ്ട്. എന്റെ മരുമകൾ മലയാളി. ഞാൻ ആദ്യമായി പിന്നണി പാടിയ സിനിമ സംവിധാനം ചെയ്തത് മലയാളി! മകൻ പ്രദീപ് ധാരാളം മലയാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഇപ്പോൾ ഞാനും മലയാള സിനിമയിലെത്തി.