ഭൂമി ഏറ്റവും കൂടുതൽ കേട്ട പാട്ട് ഏതാണെന്ന് അറിയേണ്ടേ?

Mail This Article
ഈ ഭൂമി ഇന്നുവരെ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഏതാണ്? കൃത്യമായ ഒരു ഉത്തരം പറയാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും, 19–ാം നൂറ്റാണ്ടിൽ യുഎസിൽ പുറത്തിറങ്ങിയ
ജിംഗിൾ ബെൽസ്,
ജിംഗിൾ ബെൽസ്
ജിംഗിൾ ഓൾ ദ് വേ... ആണ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പ്രാവശ്യം ആലപിക്കപ്പെട്ട ഗാനമായി കരുതപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം റിക്കോർഡ് ചെയ്യപ്പെട്ട ഗാനമായി ലോക മ്യൂസിക് അസോസിയേഷനുകൾ അംഗീകരിച്ചിരിക്കുന്നതും ഈ ഗാനമാണ്.
ജിംഗിൾ ബെൽസ് ക്രിസ്‌മസ് ഗാനമല്ല
നമ്മുടെ പ്രിയപ്പെട്ട ക്രിസ്‌മസ് കാരൾ ഗാനമാണിത്. എന്നാൽ, ഈ ഗാനം ക്രിസ്‌മസിനു വേണ്ടി എഴുതിയതല്ല. 1850കളിലാണ് ഗാനം എഴുതപ്പെട്ടത്. എന്നാൽ കൃത്യം ദിവസമോ എഴുതിയ സ്‌ഥലമോ ശരിയായ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയിംസ് ലോഡ് പീർപോണ്ട് എന്ന അമേരിക്കൻ പിയാനോ വാദകൻ മസാച്ചുസെറ്റ്‌സിലെ മെഡ്‌ഫോഡ് നഗരത്തിൽ വച്ചാണ് ഈ ഗാനം എഴുതിയതും ഈണം നൽകിയതെന്നും കരുതുന്നു. ഇതു സൂചിപ്പിക്കുന്ന ഒരു ഫലകം ഇപ്പോൾ മെഡ്‌ഫോഡിൽ ഉണ്ട്. ഇതു മാത്രമാണു കാര്യമായ തെളിവ്.
ഗ്രാമത്തിലെ സൺഡേ സ്‌കൂളിൽ കൃതജ്‌ഞാതാദിനത്തിൽ (താങ്ക്‌സ് ഗിവിങ് ഡേ) പാടാൻ വേണ്ടി എഴുതിയതാണ് ഇത്. പിന്നീട് ഉല്ലാസഗാനമായി.
1857ൽ ഒരു ആൽബത്തിൽ ഇറക്കിയെങ്കിലും വലിയ സ്വീകാര്യത കിട്ടിയില്ല. കുറേനാൾ മദ്യപാന സദിരുകളുടെ പ്രിയപ്പെട്ട പാട്ടായിരുന്നു ഇത്. ‘ജിംഗിൾ ബെൽസ്’ എന്നത് മദ്യചഷകത്തിൽ ഐസ്‌ക്യൂബുകൾ കൂട്ടിമുട്ടുന്നതിന്റെ ശബ്‌ദമായി വ്യാഖ്യാനിച്ച് ആഘോഷിച്ചു. പിൽക്കാലത്ത് ക്രിസ്‌മസ് കാരൾ ഗാന ആൽബത്തിൽ ഉൾപ്പെട്ടതോടെയാണ് ഗാനം ആഗോളപ്രശസ്‌തമായത്.
മതനിരപേക്ഷ ഗാനം
ക്രിസ്‌മസ് കാരൾ ഗാനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിൽ മതവുമായി ബന്ധപ്പെട്ട ഒരു സൂചനപോലും ഇല്ല. ഇതും ഈ ഗാനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ലോകത്ത് ഇന്നുവരെ എഴുതപ്പെട്ട ഏറ്റവും മതനിരപേക്ഷമായ ഉല്ലാസഗാനമെന്ന ബഹുമതിയും ഈ ഗാനത്തിനാണ്.
ഈ ഗാനം പാടാത്ത ഗായകർ കുറവാണ്. എൽവിസ് പ്രെസ്‌ലി, ലൂയിസ് ആംസ്‌ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര ... തുടങ്ങിയ മുൻനിരക്കാരെല്ലാം ആവരുടെ ആൽബങ്ങളിൽ ജിംഗിൾ ബെൽസ് പരീക്ഷിച്ചിട്ടുണ്ട്. ആർക്കും അനായാസം പാടാവുന്ന ഈണവം സന്തോഷം തുളുമ്പുന്ന വരികളുമാണു ഇതിന്റെ സ്വീകാര്യതയുടെ രഹസ്യം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1890 മുതൽ 1954 വരെ തുടർച്ചയായി 64 വർഷം ആഗോള ഹിറ്റ് ചാർട്ടിൽ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് ഒരു പാട്ടിനും കൈവരിക്കാനായിട്ടില്ല.