നൊമ്പരത്തിലും സുഖമുണ്ടെന്ന് മലയാളി മനസിനെ പഠിപ്പിച്ച് വരികളിലൂടെ വസന്തം തീർത്ത പി.കെ.ഗോപിക്ക് ഇന്നു പിറന്നാൾ

Mail This Article
ഉടവാളിന് തുമ്പത്ത് കുടമുല്ലുപ്പൂവ് വിരിയിച്ച പാട്ടെഴുത്തുകാരന്. ചീരപ്പൂവും കൊന്നപൂവും ചെങ്കുറിഞ്ഞിപൂവുമൊക്കെ വിരിഞ്ഞു സുഗന്ധം പരത്തിയ പാട്ടുകള്‍. നാട്ടിന്‍പുറത്തിന്റെ മങ്ങലേല്‍ക്കാത്ത കാഴ്ചകളും വായ്മൊഴികളില്‍ എന്നോ നഷ്ടപ്പെട്ട പ്രയോഗങ്ങളുമൊക്കെ ആ വരികളിലൂടെ മലയാളി ആവോളം ആസ്വദിച്ചു. ഒരു കവിതയിലെന്നപോലെ ബിംബങ്ങള്‍കൊണ്ടും ഉപമകള്ക്കൊണ്ടും പാട്ടെഴുത്തിലും പിന്നിലായില്ല. മായാ മഞ്ചലിലേറിയ ആ പാട്ടുകള്‍ ആരോ വന്നു കാതില്‍ ചൊല്ലികൊണ്ടേ ഇരിക്കുന്നു. താരാപഥങ്ങളില്‍ ചേതോഹരങ്ങളായ ആ പാട്ടുകള്‍ ഇന്നുമുണ്ട്. പാട്ടെഴുത്തിന്റെ കവിതയുടെ ഗോപിക്കുറി, പി. കെ. ഗോപി.
പത്തനംതിട്ട ജില്ലയിലെ അങ്ങാടിയ്ക്കലാണ് ജനനം. ചെറുപ്പം മുതല്‍ കേട്ടു വളര്‍ന്ന അച്ഛന് കുഞ്ഞുപിള്ളയുടെ പുരാണ പാരായണം പി. കെ. ഗോപിയുടെ മനസില്‍ അക്ഷരങ്ങളുടെ വിത്തു പാകി. സ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ എഴുത്തിനേയും വായനയേയും കൂടെ കൂട്ടിയ പി. കെ. ഗോപി എഴുത്തുകാരന് എന്ന നിലയില്‍ ശ്രദ്ധേയനായി. കവി, കഥാകാരന്, നാടകകൃത്ത് എന്നീ നിലകളില്‍ സാന്നിധ്യമറിയിച്ചു. കവിയില്‍ നിന്നും ആകാശവാണിയിലെ പാട്ടെഴുത്തുകാരന് രൂപംകൊണ്ടെങ്കിലും സിനിമയിലേക്ക് എത്തിയത് അവിചാരിതമായി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ പാട്ടിലാക്കിയ പി. കെ. ഗോപി തുടര്‍ന്ന് മലയാളിക്ക് സമ്മാനിച്ചത് എത്രയോ ഹൃദ്യമായ ഗാനങ്ങള്‍.
കവി എന്ന നിലയില്‍ ശ്രദ്ധേയനായ പി. കെ. ഗോപിയെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തി. പാട്ടെഴുത്തില്‍ പേരെടുത്തെങ്കിലും പി. കെ. ഗോപി സഞ്ചരിച്ചത് സാഹിത്യ ലോകത്തായിരുന്നു. പാട്ടെഴുത്തിനേക്കാള്‍ തനിക്കിഷ്ടം കവിതയാണെന്ന് എത്രയോ വട്ടം അദ്ദേഹം തന്നെ തുറന്നു പറഞ്ഞു. ഒരു കാലത്ത് ആകാശവാണിയിലെ ശ്രദ്ധേയമായ നിരവധി ലളിതഗാനങ്ങളുടെ പിറവി പി. കെ. ഗോപിയിലൂടെയായിരുന്നു. 'ലളിതസംഗീതപാഠ'ത്തിനു വേണ്ടി പി. കെ. ഗോപി രചിച്ച "വെഞ്ചാമരം വീശും മന്ദാലിനന്" എന്ന ഗാനം എം. ജി. രാധാകൃഷ്ണനും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥും പഠിപ്പിച്ചു. ഒരേ ഗാനം രണ്ട് സംഗീതം സംവിധായകര്‍ പഠിപ്പിച്ചത് അക്കാലത്ത് ആസ്വാദകര്‍ക്കും പുതിയ അനുഭവമായപ്പോള്‍ പി. കെ. ഗോപിയ്ക്കത് അപൂര്‍വ നേട്ടമായി. കാണുമ്പോഴൊക്കെ സിനിമയില്‍ പാട്ടെഴുതാന്‍ എം. ജി. രാധാകൃഷ്ണന് അക്കാലത്ത് പി. കെ. ഗോപിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിദൂരമായ സിനിമലോകം തനിക്ക് എങ്ങനെ നേടാനാകുമെന്ന ചിന്ത മാത്രമായിരുന്നു അപ്പോഴൊക്കെ പി. കെ. ഗോപിയുടെ മനസില്‍. സഹോദരന് പി. കെ. രാജനൊപ്പം നടത്തി വന്ന ശില്പശാല എന്ന നാടകക്കമ്പനിയിലെ നാടക ഗാനങ്ങളും ഇക്കാലത്ത് പി. കെ. ഗോപി എഴുതി. കണ്ണൂര്‍ രാജനായിരുന്നു നാടകങ്ങളുടെ സംഗീതം നിര്‍വഹിച്ചത്. അതുകൊണ്ടു തന്നെ സിനിമ ഗാനരചനയിലേക്ക് എത്തിയപ്പോള്‍ ഒരിക്കല്‍പോലും പി. കെ. ഗോപിക്ക് പകച്ചു നില്‍ക്കേണ്ടി വന്നിട്ടില്ല.
സിനിമയിലേക്ക്...
ഫിസിയോതെറാപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ അങ്ങാടിയ്ക്കലില് നിന്ന് കോഴിക്കോട്ടേക്ക് പി. കെ. ഗോപി താമസം മാറ്റി. അതിനിടയിലാണ് അടുത്ത സുഹൃത്തായ കൂടല്‍ ഷാജി വഴി കെ. സി. ബാബുവിനെ പരിചയപ്പെടുന്നത്. സഹൃദയനായ കെ. സി ബാബു തന്റെ അടുത്ത സുഹൃത്തായ നിര്‍മാതാവ് സെഞ്ച്വറി കൊച്ചുമോനെ പി. കെ. ഗോപിക്ക് പരിചയപ്പെടുത്തി. അങ്ങനെ സെഞ്ച്വറി 1988ല്‍ നിര്‍മിച്ച ഐ. വി. ശശി ചിത്രം 'മുക്തി'യില്‍ ശ്യാമിന്റെ സംഗീതത്തില്‍ പാട്ടുകളെഴുതി. എന്നാല്‍ പിന്നീട് ആ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ ഒഴിവാക്കിയതോടെ പി. കെ. ഗോപിയുടേതായി ആദ്യമായി പുറത്തു വരുന്നത് കമലിന്റെ 'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍' എന്ന ചിത്രത്തിലെ ഗാനങ്ങളാണ്.
"കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്...."
ആദ്യ ഗാനത്തില്‍ തന്നെ ആര്‍പ്പും കുരവയുമായാണ് പി. കെ. ഗോപിയുടെ രംഗപ്രവേശം. പദവും പാദവും ഒരോപോലെ സമന്വയിച്ച ഗാനങ്ങള്‍. ജോണ്സണ് സംഗീതം നല്കിയ ഗാനങ്ങളെല്ലാം ചുണ്ടുകളില്‍ ഒഴുകി നടന്നു. പാട്ടുകളില്‍ അധികം ഉപയോഗിക്കാതെ പോയ "കതിരോലപ്പന്തല്," "പടകാളി," "മാളോര്" തുടങ്ങി പ്രയോഗങ്ങള്‍ കണ്ടതോടെ ജോണ്‍സണും ആവേശത്തിലായി. പാട്ടെഴുതി കൊടുക്കുമ്പോള്‍ മാളോര് എന്ന പ്രയോഗം ജോണ്സണ് ആവര്‍ത്തിച്ചു പാടി ആസ്വദിച്ചിരുന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പി. കെ. ഗോപി പറയുന്നു. എം. ജി. ശ്രീകുമാറും ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.
"മിഴിയിലെന്തേ മിന്നീ കന്നിമോഹ തുഷാരം
മൊഴികളെന്തേ കൊഞ്ചീ വെണ്ണിലാവിന്‍ ഗീതം"
തീവണ്ടിയുടെ സംഗീതം പാട്ടിലേക്ക് പടര്‍ത്തിയ ഗാനം. പി. കെ. ഗോപി ജോണ്സണ് കൂട്ടുകെട്ടിന്റെ തുടര്‍ച്ചയായിരുന്നു 'ശുഭയാത്ര'യിലെ ഗാനങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ശ്രദ്ധേയമായി തീര്‍ന്നപ്പോഴും നഷ്ടബോധമായി പി. കെ. ഗോപി ഇന്നും മനസില്‍ സൂക്ഷിക്കുന്നത് "തുന്നാരന്‍ കിളിമകളേ പുന്നെല്ലും പൂവിളിയും" എന്ന ഗാനമാണ്. ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ പോയ ഈ ഗാനം പുറത്തു വന്നിരുന്നെങ്കില്‍ ശ്രദ്ധേയമായ ഓണപ്പാട്ടുകളില്‍ ഒന്നായി കാലം ഈ ഗാനത്തെ ഓര്‍ത്തെടുക്കുമായിരുന്നു.
"താനെ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നു സ്നേഹ വീണയില്‍
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി...."
നൊമ്പരത്തിനും സുഖമുണ്ടെന്ന് മലയാളിയെ പാട്ടിലൂടെ ഓര്‍മപ്പെടുത്തിയ ഗാനമായിരുന്നു 'സസ്നേഹ'ത്തിലെ "താനെ പൂവിട്ട മോഹം." ജി. വേണുഗോപാലിന്റെ സംഗീത ജീവിതത്തിലെ ഹിറ്റുകളില്‍ മായ്ക്കപ്പെടാത്ത ഒന്നായി ഇന്നും ഈ ഗാനമുണ്ട്. 1990ല്‍ പുറത്തിറങ്ങിയ 'സസ്നേഹ'ത്തിലൂടെ പി. കെ. ഗോപി–ജോണ്സണ് കൂട്ടുകെട്ട് ഹിറ്റുകള്‍ തുടര്‍ക്കഥയാക്കി. പാട്ടിലെ മിഴിക്കോണിലശ്രുബിന്ദു എന്ന പ്രയോഗം ജോണ്സണ് പാട്ട് റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞും പല ആവര്‍ത്തി പാടി ആസ്വദിക്കുമായിരുന്നെന്ന് പി. കെ. ഗോപി പറയുന്നു.
"ശ്രീരാമനാമം ജപസാരസാഗരം
ശ്രീപാദപത്മം ജനിമോക്ഷദായകം"
ചെറിയൊരിടവേളയ്ക്കു ശേഷം ജോണ്‍സണുമായി പി. കെ. ഗോപി ഒന്നിച്ചപ്പോള്‍ ലഭിച്ച അനശ്വര ഗാനങ്ങളായിരുന്നു 'നാരായ'ത്തിലെ പാട്ടുകള്‍. രാമനാമത്തിന്റെ പുണ്യം മലയാളി സിനിമപാട്ടുകളിലൂടെ അനുഭവിച്ചറിഞ്ഞ അപൂര്‍വം ഗാനങ്ങളില്‍ ഒന്നുകൂടിയാണിത്.
രാത്രി പത്തു മണിയോടെയാണ് ജോണ്സണ് ഈ ഗാനത്തിന്റെ താളം പി. കെ. ഗോപിയ്ക്കായി മൂളി നല്‍കുന്നത്. അടുത്ത ദിവസം രാവിലെ റെക്കോര്‍ഡിങ്ങുമാണ്. നേരം വെളുക്കുമ്പോഴേക്കും പാട്ടു തയാറാകണം. തന്റെ ഉള്ളില്‍ ആശങ്കകളുടെ കടല്‍ അപ്പോള്‍ ഇരച്ചു വന്നതായി പി. കെ. ഗോപി ഓര്‍ക്കുന്നു. ആ രാത്രി പിന്നെ ഉറങ്ങാതെ എഴുത്തായി. പാട്ടിനു പശ്ചാത്തലമായി ശ്രീരാമനെ പ്രതിഷ്ഠിക്കുന്നതും പി. കെ. ഗോപിയാണ്. എല്ലാം നേടിയ ശ്രീരാമനേക്കാള്‍ എല്ലാം അപരനു നല്കിയ ദശരഥനന്ദനനെ പാട്ടിലേയ്ക്കു പി. കെ. ഗോപി ആവാഹിച്ചു. കുറഞ്ഞ സമയം കൊണ്ടെഴുതിയ പാട്ട്. താളത്തിനൊത്ത് പാട്ട് വരുമോ എന്ന ഭയത്തോടെ അടുത്ത ദിവസം രാവിലെ തന്നെ ജോണ്സണ് മാഷിനു മുന്നിലെത്തി. വരികള്‍ വായിച്ചതോടെ ജോണ്സണ് മാഷ് ആവേശത്തിലായി. ചേട്ടാ എന്നു വിളിക്കുമെങ്കിലും ജോണ്സണ് മാഷ് സ്നേഹം കൂടിയതോടെ ഗോപിയണ്ണാ എന്നു നീട്ടി വിളിച്ചു. ഗോപിയണ്ണാ ഗംഭീര വരികള്‍. ഏതു കാലത്തേക്കിനും വേണ്ടി നിങ്ങള്‍ ഒരു പാട്ടു രചിച്ചിരിക്കുന്നു. പല്ലവി വായിച്ചപ്പോള്‍ തന്നെ ജോണ്സണ് മാഷ് എല്ലാം ശരിയെന്ന ഭാവത്തില്‍ ആഹ്ലാദപരവശനായി. അപ്പോഴും മീറ്ററിനൊത്ത് പാട്ടു ശരിയാകുമോ എന്ന ഭയം, സ്റ്റുഡിയോയിലെത്തി അപഹാസ്യനാകേണ്ടി വരുമോ എന്ന ആശങ്കയും പി. കെ. ഗോപിയെ അലട്ടി. പിന്നീട് ജോണ്സണ് മാഷ് പാടിയതോടെയാണ് തനിക്ക് ആശ്വാസമായതെന്നും പി. കെ. ഗോപി ഈ പാട്ടിനെ ഓര്‍ത്തു പറയുന്നു. ചിത്രയുടെ ശബ്ദം കൂടി ചേര്‍ന്നതോടെ അടുത്ത ഹിറ്റ് എന്ന് ജോണ്സണ് മാഷ് റെക്കോര്‍ഡിങ്ങ് വേളയില്‍ തന്നെ പറഞ്ഞത്രെ.
"ശക്കാത്ത് നല്‍കാത്ത നിസ്ക്കാരത്തയമ്പിന് പടച്ചോന് കാണൂല്ല,
ഞമ്മടെ പടച്ചോന് കാണൂല്ല"
ജോണ്സണ് മാഷിന്റെ മാപ്പിളപാട്ടുകളില്‍ ശ്രദ്ധേയമായ "ഖല്‍ബിലൊരൊപ്പന പാട്ടുണ്ടോ" എന്ന ഗാനത്തിലെ വരികളാണിത്. പാട്ടെഴുത്തിലൂടെ സാമൂഹിക വിമര്‍ശനവും തത്വചിന്തയും പകര്‍ത്താന്‍ കഴിഞ്ഞ അവസരവും പി. കെ. ഗോപി പാഴാക്കിയില്ല. മാപ്പിളചേലുള്ള വാക്കുകളാല്‍ മനോഹരമായ ഈ ഗാനം ആലപിച്ചത് എം. ജി. ശ്രീകുമാറായിരുന്നു.
"ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ...."
'ധനം' എന്ന സിബി മലയില്‍ ചിത്രത്തിലൂടെയാണ് പി. കെ. ഗോപി–രവീന്ദ്രന് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. ചിത്രയുടെ ശബ്ദത്തില്‍ പിറന്ന ഈ ഗാനം ഗാനമേളകളില്‍ ഒരു കാലത്ത് ഒഴിച്ചുകൂടാന്‍ വയ്യെന്നായി. ചീരപ്പൂവുകളെയും പാട്ടിലാക്കിയ പാട്ട്. മലയാള സംഗീതത്തില്‍ പി. കെ. ഗോപിയിലൂടെ ചീരപ്പൂവുകളും അങ്ങനെ ആദ്യമായി വിരിഞ്ഞു. വാകപ്പൂവും ചോലപ്പൂവും നീലപ്പൂവുമൊക്കെ ആദ്യം എഴുതാന്‍ ആലോചിച്ചെങ്കിലും കാണാതെ പോകുന്ന, ഓര്‍ക്കാതെ പോകുന്ന ചീരപ്പൂവിനെ പാടി പുകഴ്ത്തിയപ്പോഴാണ് തനിക്കും സംതൃപ്തി തോന്നിയതെന്ന് പി. കെ. ഗോപി ഈ പാട്ടിനെ ഓര്‍ക്കുന്നു. നാട്ടിന്‍പുറത്തിന്റെ നൈര്‍മല്യവും നിഷ്കളങ്കതയും പാട്ടില്‍ വേണമെന്ന് തിരക്കഥാകൃത്ത് ലോഹിതദാസിന്റെ ഓര്‍മപ്പെടുത്തലും പാട്ടിനെ ലാളിത്യമുള്ളതാക്കാന് പി. കെ. ഗോപിയെ സഹായിച്ചു. ചിത്രത്തിലെ "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ" എന്ന ഗാനവും ശ്രദ്ധേയമായി.
ഗാനമേളകളില്‍ സജീവമായ കുളത്തൂര്‍പ്പുഴ രവി എന്ന രവീന്ദ്രന് മാഷിനെ നേരത്തെ മുതല്‍ പി. കെ. ഗോപിയ്ക്ക് കേട്ടു പരിചയം മാത്രമാണുള്ളത്. കളി ചിരികളും പാട്ടുകളുമൊക്കെ കൊണ്ട് എപ്പോഴും കളം നിറഞ്ഞു നിന്ന രവീന്ദ്രന് മാഷുമായുള്ള നിമിഷങ്ങള്‍ ഉത്സവാന്തരീക്ഷം നിറഞ്ഞതായിരുന്നു. ചിലപ്പോള്‍ ഉറക്കെ പാടും, അഭിനയിക്കും എന്തും ആരോടും തുറന്നു പറയും. അത്രമേല്‍ ആര്‍ക്കും അടുപ്പം തോന്നുന്ന ഒരാള്‍. എന്നാല്‍ പാട്ടിലേക്കു കടന്നാല്‍ പിന്നെ അതു മാത്രമാണ്. ഓരോ പാട്ടും ചിട്ടപ്പെടുത്തിയ ശേഷം ഗായകര്‍ക്കായി രവീന്ദ്രന് മാഷ് പാടികൊടുക്കുന്നത് ഹൃദ്യമായിരുന്നു. പി. കെ. ഗോപി ഓര്‍ക്കുന്നു. 'മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയതും രീവന്ദ്രനുമായി ചേര്‍ന്നായിരുന്നു.
"നെല്ലോല കൊണ്ടുവാ, പുല്ലോല കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവി...."
അങ്ങാടിയ്ക്കല്‍ ഗ്രാമത്തില്‍ നിന്നും കോഴിക്കോട്ടേക്കു പി. കെ. ഗോപി കൂടുമാറുമ്പോള്‍ കൂടെ കൂട്ടിയത് ഗ്രാമത്തിന്റെ വിശുദ്ധിയ്ക്കൊപ്പം ഇത്തരം ചില ചിത്രങ്ങള്‍ കൂടിയായിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ഐ. വി. ശശി ചിത്രം ഭൂമികയിലെ ഈ ഗാനം നാട്ടിന്‍പുറത്തിന്റെ കാഴ്ചകളാല്‍ സമൃദ്ധമായിരുന്നു. രവീന്ദ്രന് മാഷായിരുന്നു ഈ ഗാനത്തിന്റെയും സംഗീതം.
"സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍"
പ്രണയം അനുഭവമായി മാറുന്ന കാമുകന് പാടാന്‍ ഇതിലും വലിയ ഭാവനകളുണ്ടോ എന്നു മലയാളിക്ക് തോന്നിയ നിമിഷം. 'അനശ്വരം' എന്ന ചിത്രത്തിനു വേണ്ടി ഇളയരാജയ്ക്കൊപ്പം ചേര്‍ന്നതോടെ പി. കെ. ഗോപിയുടെ കവിത്വം കൂടുതല്‍ പ്രകടമായി വന്ന ഗാനമായിരുന്നു "താരാപഥം ചേതോഹരം." എസ്. പി. ബാലസുബ്രഹ്മണ്യവും ചിത്രയും ചേര്‍ന്നാലപിച്ച ഈ ഗാനം ഭാഷയുടെ അതിര്‍വരമ്പുകളും കടന്നു പാടി.
ഉച്ചയ്ക്ക് മനോഹരമായ പാത്രത്തില്‍ മാതളത്തിന്റെ അല്ലികള്‍ കഴിക്കുന്ന ഇളയരാജ. അടുത്തിരുന്ന പി. കെ. ഗോപിയ്ക്ക് ഒരു കുമ്പിള് അല്ലികള്‍ ഇളയരാജ പകര്‍ന്നു നല്കി. ആ കുളിരാണ് ഇന്നും താരാപഥം എന്ന പാട്ടിന്റെ ഓര്‍മകള്‍ക്കെന്ന് പി. കെ. ഗോപി പറയുന്നു. പാട്ടെഴുതാന്‍ എത്തുമ്പോള്‍ തന്നെ മനസില്‍ താരാപഥം എന്ന പദം മനസിലുണ്ടായിരുന്നു. സംവിധായകന് ജോമോന് സന്ദര്‍ഭം വിവരിച്ചതോടെ പാട്ടില്‍ രാത്രി പശ്ചാത്തലം ആയി വരുന്നുണ്ടോ എന്നു തിരക്കി. പ്രണയഗാനമല്ലേ, നമുക്ക് ഉള്‍പ്പെടുത്താം എന്ന ജോമോന്റെ മറുപടി.
പാട്ടൊരുക്കുന്ന മുറിയില്‍ ഇളയരാജയും പി. കെ. ഗോപിയും മാത്രം. തൂവെള്ള വസ്ത്രം വിരിച്ച മെത്തയില്‍ നിലത്തായി ഇരുന്നു. കൃത്യമായി മുന്‍കൂട്ടി നിശ്ചയിച്ച് എഴുതി തയാറാക്കിയ താളം ഇളയരാജ ഹാര്‍മോണിയത്തില്‍ വായിച്ചതോടെ പാട്ടെഴുതി തുടങ്ങി. ഇളയരാജ പാടി തന്ന മീറ്ററില്‍ നിന്ന് അണുവിട മാറരുതെന്ന ആഗ്രഹം കൊണ്ടാണ് താരാപഥം എന്ന് എഴുതിയത്. അല്ലെങ്കില്‍ ചിലപ്പോള്‍ ആരോമലേ പാടാന്‍ വരൂ. എന്നു എഴുതുമായിരുന്നു. പി. കെ. ഗോപിയുടെ മനസ് താരാപഥത്തിലൂടെ സഞ്ചരിച്ചു. ഇളയരാജ സംഗീതജ്ഞനാകാതെ പോയിരുന്നെങ്കില്‍ താപസനാകുമായിരുന്നു. അത്രമേല്‍ സംഗീതത്തിനോടു മാത്രം ചേര്‍ന്ന പ്രകൃതം പി. കെ. ഗോപി ഇളയരാജയെ ഓര്‍ത്തെടുക്കുന്നു.
"മായാ മഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു തഴുകുമൊരു തൂവല്തെന്നലേ..."
1991ല്‍ പുറത്തിറങ്ങിയ 'ഒറ്റയാള്‍ പട്ടാള'ത്തിലെ പാട്ടുകളുടെ സംഗീതം ഒരുക്കിയത് ശരത്തായിരുന്നു. ജി.വേണുഗോപാലും രാധിക തിലകും ചേര്‍ന്നാലപിച്ച ഗാനം ഏറെ ശ്രദ്ധേയമായി. സന്ദര്‍ഭം പറയുന്നതിനൊപ്പം പാട്ടുകളുടെ ചിത്രീകരണം എങ്ങനെ എന്നതടക്കം സംവിധായകന് ടി. കെ. രാജീവ്കുമാര്‍ കൃത്യമായി വിവരിച്ചു. പാട്ടില്‍ ഉപയോഗിക്കുന്ന ഓരോ ദ്യശ്യങ്ങളും അദ്ദേഹം പറയുന്നതു കേള്‍ക്കാന്‍ തന്നെ ഒരു സുഖമാണ്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറും ഒപ്പമുണ്ട്. പാട്ടെഴുത്തിന് അത് വലിയ സഹായമായി. ശരത്തിന്റെ താളത്തിനൊത്ത് പാട്ടുകള്‍ എഴുതിയത് വളരെ രസകരമായ നിമിഷങ്ങളായിരുന്നു. നന്നായി പാടുന്ന ശരത് ഓരോ പാട്ടും പാടുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. 'ഒറ്റയാള്‍ പട്ടാള'ത്തിലെ ഗാനങ്ങളുടെ പിന്നണി ഓര്‍മകള്‍ പി. കെ. ഗോപിയ്ക്ക് ഇതൊക്കെയാണ്.
എസ്. പി വെങ്കിടേഷിനൊപ്പം' ഒരു കൊച്ചു ഭൂമി കുലുക്കം,' ഔസേപ്പച്ചനൊപ്പം 'വൈഷ്ണവര്‍,' മോഹന്‍ സിത്താരയ്ക്കൊപ്പം 'അവന് അനന്തപത്മനാഭന്' തുടങ്ങിയ ചിത്രങ്ങളിലും പി. കെ. ഗോപി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.