ADVERTISEMENT

ജീവിതപങ്കാളി ലേഖയുമായുള്ള പ്രണയകഥയുടെ തുടക്കത്തെക്കുറിച്ചോർത്തെടുത്ത് ഗായകൻ എം.ജി.ശ്രീകുമാർ. ഒരു പാട്ട് റെക്കോർഡിങ് വേളയിലാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നതെന്നും പിന്നീടത് പ്രണയത്തിലേക്കു വഴിമാറിയെന്നും ഗായകൻ പറഞ്ഞു. ഔദ്യോഗിക യൂ‍ട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ് എം.ജി.ശ്രീകുമാർ പ്രണയകാലത്തെക്കുറിച്ചു മനസ്സു തുറന്നത്. 

‘നാഗപഞ്ചമി’ എന്ന ചിത്രത്തിലെ ‘നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ റെക്കോർഡിങ് തരംഗണിയിലായിരുന്നു. ആ സമയത്ത് എന്റെ ചേട്ടൻ ഒരു ആയുർവേദ ചികിത്സയ്ക്കായി കോയമ്പത്തൂരിലായിരുന്നു. അങ്ങനെയിരിക്കെ ഈ ചിത്രത്തിൽ ഒരു പാട്ടുകൂടി വേണമെന്ന ആവശ്യമുയർന്നു. ഇക്കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ അത് എന്നോടു ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ഈ പാട്ട് കംപോസ് ചെയ്തു. അതിന്റെ റെക്കോർഡിങ് വേളയിൽ ലേഖയെ കണ്ടു. ലേഖ ആദ്യമായി റെക്കോർഡിങ് കാണാൻ വന്ന സമയമായിരുന്നു അത്. 

കൈതപ്രം ചേട്ടനാണ് പാട്ടിനു വരികൾ കുറിച്ചത്. ഞാൻ അവിചാരിതമായി, ലേഖയെ ചൂണ്ടിക്കാണിച്ചിട്ടു കൈതപ്രം ചേട്ടനോടു ചോദിച്ചു, പെണ്ണിനെ വർണിക്കുന്ന ഗാനമല്ലേ, ആ കുട്ടിയെ നോക്കി അതുപോലെ എഴുതാമോ എന്ന്. അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഈ പാട്ട് എഴുതി, കമ്പോസ് ചെയ്തു, പാടി. ഈ പാട്ടിലൂടെയാണ് എന്റെയും ലേഖയുടെയും സ്നേഹം ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടിന് ഞങ്ങളുടെ പ്രണയത്തിൽ വലിയ പങ്കുണ്ട്’, എം.ജി.ശ്രീകുമാർ പറഞ്ഞു. 

തനിക്കേറെ പ്രിയപ്പെട്ട ഗാനമാണ് ‘നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ’ എന്ന ഗാനമെന്ന് എം.ജി.ശ്രീകുമാർ പറയുന്നു. തങ്ങളുടെ പ്രണയത്തിലെ ഈ പാട്ടിന്റെ പ്രധാന്യത്തെക്കുറിച്ച് മുൻപ് ലേഖയും മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്. 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും വിവാഹിതരായത്. വാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം‌ ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു.

English Summary:

MG Sreekumar opens up about first meet up with Lekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com