‘പൊരുത്തക്കേടുകൾ തോന്നിയിട്ടുണ്ട്, പക്ഷേ വിവാഹമോചനത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല; ഇന്നത്തെ സ്ത്രീകൾക്ക് പ്രസവം പോലും ഭാരം’
Mail This Article
രാജ്യത്ത് വിവാഹമോചിതരുടെ എണ്ണം വർധിച്ചുവരുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച ഗായിക ആശ ഭോസ്‌ലെയുടെ വാക്കുകൾ ചർച്ചയാകുന്നു. വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുകൊണ്ടാണ് യുവതലമുറയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്തകൾ വളരുന്നതെന്നും ആരും ഒന്നും ക്ഷമിക്കാൻ തയ്യാറാകുന്നില്ലെന്നും ആശ ഭോസ്‌ലെ പറയുന്നു. ഭർത്താവിന്റെ സഹായം കൂടാതെ സ്വന്തം ഉത്തരവാദിത്തത്തിൽ താൻ മൂന്നു മക്കളെയും വളർത്തി വലുതാക്കി, ഒരിക്കലും അവർ ഒരു ഭാരമായി അനുഭവപ്പെട്ടിട്ടില്ല. എന്നാൽ ഇന്നത്തെ സ്ത്രീകൾക്ക് പ്രസവം എന്നതു പോലും വലിയ ഭാരമാണെന്നും ഗായിക കൂട്ടിച്ചേർത്തു. ആത്മീയാചാര്യൻ രവിശങ്കറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ആശ ഭോസ്‌ലെയുടെ പ്രസ്താവന.
‘ഇന്നത്തെ തലമുറ വിവാഹത്തിനും കുടുംബ ബന്ധങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. പരസ്പരമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടത്ര ശ്രമങ്ങൾ നടത്താതെ ഉടനെ വിവാഹമോചനം തേടുന്ന രീതിയാണ് യുവാക്കളിൽ ഇപ്പോൾ കണ്ടുവരുന്നത്. വ്യക്തിപരമായി പറഞ്ഞാൽ ഭർത്താവുമായി പല പൊരുത്തക്കേടുകളും ബുദ്ധിമുട്ടുകളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാൻ ഒരിക്കലും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാനാകുമോ എന്ന് നോക്കുകയും ക്ഷമോടെ, സഹിഷ്ണുതയോടെ കുടുംബത്തെ നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളുടെ തലമുറയിലെ ആളുകൾ അങ്ങനെയാണ്. അന്ന് വിവാഹമോചന വാർത്തകൾ കേൾക്കുന്നതുപോലും വളരെ ചുരുക്കമായിരുന്നു. ഇന്ന് ഓരോ മാസവും ഓരോ വിവാഹമോചന വാർത്ത കേൾക്കേണ്ടി വരുന്നു. ഇന്നത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളിൽ പ്രണയത്തേക്കാൾ കൂടുതലായി കാണുന്നത് ആകർഷണമാണ്. അതിനാൽ തന്നെ അവരിലെ പ്രണയം വേഗം ഇല്ലാതാവുകയും തമ്മിൽ വളരെ പെട്ടെന്ന് മടുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇതൊക്കെയാവാം ഇന്നത്തെ തലമുറയിലെ യുവാക്കളെ വിവാഹമോചനത്തിനു പ്രേരിപ്പിക്കുന്നത്.
സിനിമാ പിന്നണി ഗായിക എന്ന നിലയിൽ ഏറെ തിരക്കുകൾ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു ഞാൻ. പത്താം വയസ്സിലാണ് പിന്നണിഗായികയാവുന്നത്. എന്റെ ഭർത്താവിന്റെ സഹായം കൂടാതെയാണ് മൂന്ന് കുട്ടികളെയും ഞാൻ വളർത്തിയത്. എന്റെ ഉത്തരവാദിത്തങ്ങളിലൊന്നും ഞാൻ വീഴ്ച വരുത്തിയിട്ടില്ല. രാവും പകലും തിരക്കുളള ജോലി ആയിരുന്നിട്ടും അവരെ വളർത്തി, വിവാഹം കഴിപ്പിച്ച് അയച്ചു, ഇപ്പോൾ എനിക്ക് പേരക്കുട്ടികളുമുണ്ട്. എന്റെ മക്കൾ എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. അവരെ വളർത്തുന്നതോടൊപ്പം ഞാൻ എന്റെ സംഗീതത്തോടുളള ഇഷ്ടവും വിടാതെ നിലനിർത്തി. എന്നാൽ ഇന്നത്തെ കാലത്ത്, പ്രസവം മിക്ക സ്ത്രീകൾക്കും ഒരു ഭാരമാണ്’, ആശ ഭോസ്‌ലെ പറഞ്ഞു.