എട മോനേ... സീൻ മാറാൻ പോകുന്നു, ഗ്രാമി തൂക്കാൻ സുഷിൻ! വർക്കുകൾ പുരസ്കാര സമിതിക്ക് സമർപ്പിച്ചു
Mail This Article
ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ തന്റെ വർക്കുകൾ ഗ്രാമി പുരസ്കാര പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ച് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ സുഷിൻ ശ്യാം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മൽ ബോയ്സിലെ സംഗീതവുമാണ് സുഷിൻ ശ്യാം അയച്ചിരിക്കുന്നത്. ഇക്കാര്യം സുഷിൻ തന്നെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
സുഷിന്റെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണവുമായി എത്തുന്നത്. ‘സീൻ മാറ്റി’ ഇത്തവണ സുഷിൻ ഗ്രാമി കേരളത്തിലെത്തിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ‘ആൻഡ് ദ് ഗ്രാമി ഗോസ് ടു’, ‘സുഷിൻ ഗ്രാമി തൂക്കിയിരിക്കും’ ഇങ്ങനെ പോകുന്നു കമന്റുകൾ.
മലയാള സിനിമയുടെ ‘സീൻ മാറ്റി’ വിലപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്ന സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. ആവേശത്തിലെ ഇലുമിനാറ്റി സൃഷ്ടിച്ച ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല. അടുത്തിടെ സുഷിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ബോഗയ്‌ന്‍വില്ലയിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.