പാടിയിട്ടും പേര് വയ്ക്കാത്ത പാട്ടുകൾ; പിന്നണിയിൽ നോവുതിർന്ന ഹമ്മിങ്ങുകൾ..
Mail This Article
രണ്ട് പേരുകളിലായി രണ്ട് കസെറ്റ് കമ്പനികൾ ഒരേ പാട്ടുകൾ റിലീസ് ചെയ്തതിനെപ്പറ്റി അന്വേഷിച്ചുപോയപ്പോൾ, ആ യാത്ര ഗായിക ലതികയിലേക്കു കൂടി എത്തിയ വഴിയാണിത്.
'ഭാരം ചുമക്കുന്ന ഭാര്യ'
‘ഭാര്യമാർക്ക് മാത്രം'
'പുതിയ അധ്യായം'
ദേശീയ അവാർഡ് ജേതാവായ ദുരൈ എന്ന തമിഴ് സംവിധായകൻ സംവിധാനം ചെയ്ത് പൂർത്തിയാക്കി, പുറത്തിറങ്ങാതെ പോയ ഒരു മലയാളചിത്രത്തിന് പലപ്പോഴായി കൊടുത്ത പേരുകളാണ് ഇവ മൂന്നും.
രഞ്ജിനി കസെറ്റ്സ് റിലീസ് ചെയ്ത 'ശ്യാമ'യിലെ പാട്ടുകൾക്കൊപ്പമാണ് 1986 ൽ 'ഭാര്യമാർക്ക് മാത്രം' എന്ന പേരിൽ ഈ പാട്ടുകൾ ആദ്യം റിലീസ് ആയത്. ചിത്രത്തിൽ നാല് പാട്ടുകളാണ് ഉണ്ടായിരുന്നത്. ഗാനരചയിതാവായി മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയും സംഗീതസംവിധായകരായി ശങ്കർ-ഗണേഷിന്റെയും പേരുകൾ കൃത്യമായി കസെറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ജന്മബന്ധമന്ദിരം വിട്ട് - വാണി ജയറാം
ഓണത്തുമ്പി പോലെ - വാണി ജയറാം
ഭൂമി പൂ ചൂടും മധുമാധവം - ജയചന്ദ്രൻ, വാണി ജയറാം
അയ്യോ എന്റെ സാറേ - വാണി ജയറാം
എന്നിവയാണ് കാസറ്റിൽ ഉണ്ടായിരുന്ന ഗാനങ്ങളും പാടിയവരുടെ പേരുകളും.
അടുത്തിടെ ഈ പാട്ടുകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ 'അയ്യോ എന്റെ സാറേ' പാടിയത് വാണി ജയറാം അല്ലെന്നു കേട്ടപ്പോൾ തോന്നി. മാത്രമല്ല, രണ്ട് ഗായികമാർ ചേർന്നാണത് പാടിയിരിക്കുന്നതെന്നും കേൾവിയുടെ ആവർത്തനത്തിൽ മനസ്സിലായി.
ഒരു ഗായിക ബി.വസന്തയാണെന്ന് സംശയിച്ചെങ്കിലും റെക്കോർഡിങ് നിലവാരം തീരെ മോശമായിരുന്നതിനാൽ ഉറപ്പിക്കാൻ മടിച്ചു. അതുമല്ല, അത്രയും എനർജിയുള്ള പാട്ടുകൾ ബി.വസന്ത പാടി കേട്ടിട്ടുമില്ല. സംശയനിവൃത്തിക്കായി പാട്ടുകൾ എഴുതിയ മങ്കൊമ്പിനെ വിളിച്ചു. ചിത്രം ദുരൈ സംവിധാനം ചെയ്ത ദ്വിഭാഷാചിത്രമാണെന്നും (ഒരേ സമയത്ത് മലയാളത്തിലും തമിഴിലും ചിത്രീകരിച്ചിരുന്നു) ഇനിയും റിലീസ് ആയിട്ടില്ലെന്നുമൊക്കെ മങ്കൊമ്പാണ് പറഞ്ഞത്. പാട്ടുകളുടെ മൊത്തത്തിലൊരു രീതി വച്ച് ഡബ്ബിങ് ചിത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. 'അയ്യോ എന്റെ സാറേ' പാടിയതിലൊരാൾ ബി.വസന്തയാണെന്ന് മങ്കൊമ്പിനോർമയുണ്ടെങ്കിലും ഒപ്പം പാടിയതാരാണെന്ന് അദ്ദേഹം മറന്നിരുന്നു.
ബി.വസന്തയെ വിളിച്ചപ്പോൾ അവരാണ് സഹഗായിക ലതികയാണെന്ന് പറഞ്ഞത്. താൻ പാടിയ പാട്ടുകളുടെ ക്രെഡിറ്റ് മറ്റാരുടെയെങ്കിലും പേരിലാകുന്നത് ലതികയ്ക്കൊരിക്കലും പുതുമയല്ലല്ലോ! അക്കാര്യത്തിൽ അത്രയ്ക്കനുഭവമുള്ള മറ്റ് ഗായകർ കാണില്ല. എന്തായാലും ലതികയുടെ സഹോദരൻ രാജേന്ദ്രബാബുവിനെ വിളിച്ച് ലതികയാണ് കൂടെപ്പാടിയതെന്ന് സ്ഥിരീകരിച്ച് M3DB പോലെയുള്ള ഡാറ്റാബേസ് സൈറ്റുകളിൽ വിവരം കൂട്ടിച്ചേർത്ത് ആ അധ്യായം അവിടെ തീർത്തു.
കുറച്ചുനാളുകൾ കഴിഞ്ഞാണ് 1991ൽ തരംഗിണി റിലീസ് ചെയ്ത 'പുതിയ അധ്യായം' എന്ന ചിത്രത്തിലെ പാട്ടുകൾ കേൾക്കാനിട വന്നത്. എസ്.പി.വെങ്കിടേഷിന്റെ പേരാണ് സംഗീതസംവിധായകനായി കസെറ്റിന്റെ ഇൻലേ ക്രെഡിറ്റിൽ കണ്ടത്. പക്ഷേ, മുൻപ് പറഞ്ഞ 'ഭാര്യമാർക്കു മാത്രം' എന്ന ചിത്രത്തിലെ മൂന്ന് പാട്ടുകൾ ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നു! ഒപ്പം 'Kiss me don't miss me' എന്നൊരു പാട്ടുകൂടി വാണി ജയറാമിന്റെ പേരിൽ പുതിയതായി ചേർത്തിട്ടുമുണ്ട്. കേട്ടുനോക്കിയപ്പോൾ പാടിയിരിക്കുന്നത് ചിത്രയാണെന്നു മാത്രം!
വീണ്ടും മങ്കൊമ്പിനെ തന്നെ വിളിച്ചു. അദ്ദേഹം വിശദീകരിച്ചു പറഞ്ഞ കഥയുടെ ചുരുക്കമിതാണ് - 1986ന് മുൻപ് പ്ലാൻ ചെയ്ത് തുടങ്ങിയ ചിത്രം നാലഞ്ച് വർഷമെടുത്ത് പൂർത്തിയാക്കി. ആ സമയത്ത് പ്രശസ്തനായിരുന്ന എസ്.പി.വെങ്കിടേഷിനെക്കൊണ്ട് പുതിയൊരു പാട്ടും സംഗീതം ചെയ്യിച്ചു. പശ്ചാത്തലസംഗീതവും അദ്ദേഹമായിരുന്നിരിക്കാം. 'ഭാരം ചുമക്കുന്ന ഭാര്യ' എന്ന പേരിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പക്ഷേ, പെട്ടിയിലായിപ്പോയി. ബി.വസന്തയും ലതികയും ചേർന്നുപാടിയ പാട്ടൊഴിവാക്കി പുതിയതായി റെക്കോർഡ് ചെയ്ത പാട്ടുൾപ്പെടുത്തി 'പുതിയ അധ്യായം' എന്ന പേരിൽ തരംഗിണി കസെറ്റ് റിലീസ് ചെയ്തു. ആ സിനിമയുടെ എല്ലാ അധ്യായങ്ങളും അവിടെ അവസാനിച്ചു.
പക്ഷേ, തന്റെ ചലച്ചിത്രസംഗീത ജീവിതത്തിൽ ലതികയ്ക്കു വന്നിട്ടുള്ള ഒരു ദുര്യോഗത്തെക്കുറിച്ച് എഴുതണമെന്ന് അപ്പോൾ തോന്നി.
1976 ൽ പുറത്തിറങ്ങിയ 'അഭിനന്ദനം' എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൽ നീ വീണുറങ്ങി' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചുകൊണ്ടാണ് ഗായിക ലതിക സിനിമാപിന്നണിയിലെത്തുന്നത്. ജോലിസംബന്ധമായ ഇടവേളകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരുന്നൂറിനടുത്ത് സിനിമാഗാനങ്ങൾ പാടി നാല് പതിറ്റാണ്ടുകളിലേറെയായി അവർ പിന്നണിഗാനരംഗത്തുണ്ട്. ലതികയുടേതായി ഒടുവിൽ നമ്മൾ ആസ്വദിച്ച സിനിമാഗാനം 2022ൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ 'E-വലയം' എന്ന സിനിമയിൽ മധു ബാലകൃഷ്ണനൊപ്പം പാടിയ 'കാലമാം നദിയലകളേ' എന്ന പാട്ടാണ്.
രവീന്ദ്രൻ, ഔസേപ്പച്ചൻ, എസ്.പി.വെങ്കിടേഷ് എന്നീ സംഗീതസംവിധായകരുടെ ആദ്യചിത്രങ്ങളിൽ പാടിയ ലതികയുടെ ഹിറ്റുകളിലേറെയും ഭരതൻ ചിത്രങ്ങളിലെ പാട്ടുകളാണ്.
'പൊൻപുലരൊളി പൂ വിതറിയ' (ഇത്തിരിപ്പൂവേ ചുവന്നപൂവേ), 'ചൂളം കുത്തും കാറ്റേ' (ഒഴിവുകാലം), 'കാതോട് കാതോരം', 'നീ എൻ സർഗസൗന്ദര്യമേ', 'ദേവദൂതർ പാടി' (കാതോട് കാതോരം), 'താരും തളിരും മിഴി പൂട്ടി' (ചിലമ്പ്), 'കൺമണിയെ ആരിരാരോ', 'പൂ വേണം പൂപ്പട വേണം' (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), 'ദേവദുന്ദുഭി തൻ വർഷ മംഗളഘോഷം' (വൈശാലി), 'പുലരേ പൂങ്കോടിയിൽ', 'ഹൃദയരാഗ തന്ത്രി' (അമരം), ഒത്തിരിയൊത്തിരി മോഹങ്ങൾ' (വെങ്കലം) എന്നിങ്ങനെ ലതികയുടെ ഈ പ്രശസ്തഗാനങ്ങളെല്ലാം ഭരതൻ സംവിധാനം ചെയ്ത ചിത്രങ്ങളിലേതായിരുന്നു.
സിനിമയിലെ ഗാനങ്ങളല്ലാതെ പശ്ചാത്തലസംഗീതത്തിനായി അവർ പാടിയിട്ടുള്ള പല ഹമ്മിങ്ങുകളും ശ്രദ്ധേയങ്ങളാണ്. 'വന്ദന'ത്തിലെ 'ലാ ലാ ലാ ലാ..' ഒക്കെ ഇന്നും കാതുകളിലെ വേദനയാണ്!
താൻ പാടിയ കുറേ ഗാനങ്ങളുടെ ഉടമസ്ഥാവകാശം പാട്ടുകളുടെ റെക്കോർഡുകളിലും കസെറ്റുകളിലും മറ്റാരുടെയെങ്കിലും പേരിൽ കുറേ തവണ കാണേണ്ടി വന്ന ഗായികയാണ് ലതിക - അതും ചില സൂപ്പർഹിറ്റ് ഗാനങ്ങളുൾപ്പെടെ!
പാട്ടുകേൾവികൾകൾക്കിടെ എന്റെ ശ്രദ്ധയിൽപ്പെട്ട അങ്ങനെയുള്ള ചില ഗാനങ്ങൾ ഓർമയിൽ നിന്ന് കുറിക്കാം.
'നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം' - ശ്രീകൃഷ്ണപ്പരുന്ത് (റെക്കോർഡിൽ ഗായികയായി ലതയുടെ പേരാണുള്ളത്)
'മധുമാസം പോയല്ലോ മതിലേഖ മാഞ്ഞല്ലോ' - ഇണക്കിളി (റെക്കോർഡിൽ S.ജാനകിയുടെ പേര്)
'പുലരേ പൂങ്കോടിയിൽ' - അമരം (കാസറ്റിൽ ക്രെഡിറ്റ് ചിത്രയ്ക്കാണ്)
'തുമ്പീ മഞ്ചലേറി വാ' - മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (കാസറ്റിൽ ചിത്ര പാടിയതായി കൊടുത്തിരിക്കുന്നു)
'അയ്യോ എന്റെ സാറേ' - ഭാര്യമാർക്ക് മാത്രം (കാസറ്റിൽ പേര് വാണി ജയറാമിന്റേത്)
'സായംസന്ധ്യ തൻ' - ഈഗിൾ (കാസറ്റിൽ ഗായികയായി ചിത്രയുടെ പേര്)
'നിരത്തി ഓരോ കരുക്കൾ' - പടയോട്ടം (കൂടെ പാടിയ വാണി ജയറാമിന്റെ പേര് മാത്രം റെക്കോർഡിൽ)
'സ്വരങ്ങൾ പാദസരങ്ങൾ' - മഹാബലി (യുഗ്മഗാനമാണ്, പക്ഷേ റെക്കോർഡിൽ ക്രെഡിറ്റ് വാണി ജയറാമിന് മാത്രം)
'തിങ്കൾ നോയമ്പിൻ' - പൂച്ചയ്ക്കാര് മണി കെട്ടും (M.G.ശ്രീകുമാർ,ചിത്ര,ലതിക,സുജാത എന്നിവർ ചേർന്ന് പാടിയ പാട്ടിന് കാസറ്റിൽ ക്രെഡിറ്റ് ശ്രീകുമാറിനും ചിത്രയ്ക്കും മാത്രം)
'ഒരായിരം സ്വപ്നം വിരിഞ്ഞു' - കൗശലം (ചിത്ര, ലതിക, സുജാത, മിൻമിനി എന്നിവർ ഒരുമിച്ച് പാടിയ പാട്ട്. 'ഹംസദ്ധ്വനി' എന്ന പേരിലാണ് കാസറ്റ് പുറത്തിറങ്ങിയതെങ്കിലും Pyramid വിദേശത്ത് റിലീസ് ചെയ്ത ഓഡിയോ സിഡി 'കൗശലം' എന്ന പേരിൽ തന്നെയായിരുന്നു. കാസറ്റിലും സിഡിയിലും ലതികയുടേയും മിൻമിനിയുടേയും പേരില്ല)
ഇനിയും കണ്ടേക്കാം. ഇത്രയുമാണ് പെട്ടെന്ന് ഓർമയിൽ വന്നത്.
പരിചയമുള്ള മ്യൂസിക് കമ്പനികളിലൊക്കെ പറഞ്ഞ് ഇതിലൊക്കെയും തിരുത്ത് വരുത്തിയിട്ടുണ്ട്. ഇത്തരം അബദ്ധങ്ങൾ ഇനിയുമെത്രയോ! വിപണനതന്ത്രത്തിന്റെ ഭാഗമായി സംഭവിച്ച തെറ്റാണെങ്കിലും അല്ലെങ്കിലും തിരുത്തലുകൾ അനിവാര്യമാണ്. ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങൾ പാടിയ ഗായികയല്ല ലതിക. പക്ഷേ പാടിയിട്ടുള്ള മിക്ക പാട്ടുകളും ആസ്വാദകരെ ആഹ്ലാദിപ്പിച്ചവയാണ്. അതുകൊണ്ട് തന്നെ ഈ തിരുത്തലുകളൊക്കെയും ആ ഗായികയോടുള്ള കടമ മാത്രം!
ഇത്തരം തെറ്റുകൾ മലയാള സിനിമയുടെ ചരിത്രത്തിൽ ധാരാളമായി കാണാം. 'ഭാരം ചുമക്കുന്ന ഭാര്യ'യിലൂടെ ലതികയിലേക്കെത്തിയത് മുഴുവൻ വിശദീകരിച്ചത് ചരിത്രത്തെ സത്യസന്ധമായി സമീപിച്ച് രേഖപ്പെടുത്താനെടുക്കുന്ന ആയാസതകൾ ആരെങ്കിലുമൊക്കെ മനസ്സിലാക്കട്ടെയെന്ന് കരുതിയാണ്. ശങ്കർ-ഗണേഷ് ചെയ്ത ഈണങ്ങളുടെ അവകാശം എസ്.പി.വെങ്കിടേഷിനോ ലതിക പാടിയ പാട്ടുകളുടെ അവകാശം മറ്റു ഗായകർക്കോ കൊടുക്കേണ്ടതില്ല.
ആരാധകർക്ക് ഐതിഹ്യങ്ങളോട് പ്രിയമേറുമെങ്കിലും കലർപ്പില്ലാത്ത ചരിത്രം ചികയുന്ന ചിലരെങ്കിലും കാണുമല്ലോ. അവർക്ക് വേണ്ടിയും അവകാശികൾക്ക് വേണ്ടിയും ഈ തിരുത്തലുകൾ അനിവാര്യം നടന്നുകൊണ്ടേയിരിക്കുന്നു..