ADVERTISEMENT

‘എന്നെ അറിയുമോ?’ തന്റെ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയ ആലപ്പി അഷ്റഫിന്റെ തോളത്ത് പിടിച്ച് ആ മധ്യവയസ്കൻ ചോദിച്ചു. അപരിചിതന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയെങ്കിലും നിരവധി സിനിമകളുടെ സ്രഷ്ടാവിന് ചെവിക്കു മേലെ വളർന്നിറങ്ങിയ ചുരുളൻ മുടിയും അലസ വേഷവുമായി നിൽക്കുന്ന ആളെ അത്ര മനസ്സിലായില്ല. മിമിക്രി കലാകാരനായി വന്ന് സിനിമ രംഗത്ത് സജീവമായ തനിക്കു സ്വാഭാവികമായും കുറച്ചെങ്കിലും ആരാധകരുണ്ടാവുമല്ലോ, ആ വഴിയിൽ ആരെങ്കിലുമാവും അതെന്ന് ഉറപ്പിക്കാൻ അഷ്റഫിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. ഇല്ലായ്മകളുടെ ദൈന്യത ആവോളം നിഴലിച്ച ആ മുഖത്ത് ഒരു കൃത്രിമച്ചിരി വരുത്താൻ ശ്രമിക്കുന്ന ആളെ നോക്കി ഓർക്കുന്നതുപോലെ വെറുതെ ഭാവിച്ച് അഷ്റഫ് നിർവികാരനായി തിരക്ക് ഭാവിച്ചു പറഞ്ഞു, "ഇല്ല". കാറിനടുത്തേക്കു നീങ്ങാനൊരുങ്ങുമ്പോഴും ആ തോളത്തു നിന്നും കയ്യെടുത്തിട്ടില്ലാതിരുന്ന ആ അപരിചിതൻ എന്തോ ഒന്ന് ഓർമപ്പെടുത്തും പോലെ മെല്ലെ പറഞ്ഞു, "ഞാൻ കണ്ണൂർ രാജൻ". അമ്പരപ്പോ ഞെട്ടലോ എന്നറിയാത്ത വികാര വിസ്ഫോടനം അഷ്റഫിന്റെ മുഖത്തെ പെട്ടെന്നാണ് വിവർണമാക്കിയത് - "യ്യോ രാജൻ മാഷോ, മാഷേ ഞാൻ നിങ്ങടെ ഒരു കടുത്ത ആരാധകനല്ലേ... മനസ്സിലാവാതെ പോയതിൽ ക്ഷമിക്കണം. കണ്ടതിൽ ഒരുപാട് സന്തോഷം!!" നാട്യങ്ങളില്ലാതെ ഭാവപ്രകടനങ്ങളോടെ സിനിമാ രംഗത്തെ ആ ചങ്കൂറ്റക്കാരൻ ആഗതന്റെ ഇരു തോളുകളിലും കൈകൾ വച്ച് വാചാലനായി. "ആരാധകനെങ്കിൽ എനിക്ക് ഒരു പടം തന്നു കൂടെ?" - ആഗതന്റെ ചോദ്യം പെട്ടെന്നായിരുന്നു. "പിന്നെന്താ മാഷേ, എന്റെ അടുത്ത പടം മാഷിനു തന്നെ." ഉത്തരവും പെട്ടെന്നായിരുന്നു. നാലു പതിറ്റാണ്ടാവുന്നെങ്കിലും ആലപ്പി അഷ്റഫിന്റെ ഓർമകൾക്കു വല്ലാത്ത ചെറുപ്പം. 

അഷ്റഫിന്റെ സംവിധാനത്തിലുള്ള നിന്നിഷ്ടം എന്നിഷ്ടം (1986) എന്ന മോഹൻലാലിന്റെ നൂറാമത് ചിത്രത്തിനു പാട്ടൊരുക്കാൻ കണ്ണൂർ രാജനെത്തന്നെ ഏൽപ്പിച്ചു. ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണനും. അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തതിൽ ഏറ്റവും കൂടുതൽ പാട്ടുകളെ മലയാളീകരിച്ച ഗാനരചയിതാവെന്ന റെക്കോഡും മങ്കൊമ്പിനു സ്വന്തം. ബാഹുബലിയുൾപ്പെടെ ഇരുന്നൂറോളം ചിത്രങ്ങൾ ആ പട്ടികയിൽ പെടുന്നു.  

ക്ലൈമാക്സിനുവേണ്ട പാട്ട് എങ്ങനെ വേണമെന്നതിൽ ചർച്ചകൾ നീളുകയാണ്. കാഴ്ചശേഷിയില്ലാതിരുന്ന നായിക നായകനെ അതേവരെ കണ്ടിട്ടില്ല. നായകന്റെ സഹായത്തോടെ കാഴ്ച കിട്ടുന്ന അവൾ വലിയ ഗായികയായിത്തീരുന്നു. എന്നാൽ കാണേണ്ടയാളെ കാണാനുള്ള അവസരം ഒരു തരത്തിലും ആ നിസ്സഹായയ്ക്കു കിട്ടുന്നില്ല. താൻ കണ്ടിട്ടില്ലാത്ത, തന്നെ ഒരുപാട് സ്നേഹിക്കുന്ന നായകനെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. നായികയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ അത്തരമൊരു കൂടിക്കാഴ്ചയ്ക്കു വിലങ്ങുതടിയാകുന്നതോടെ നായകന്റെ മുമ്പിലും വഴികളടയുന്നു. ഒടുവിൽ നായികയുടെ സംഗീതവേദിയിൽ അവരുടെ വിഷാദാർദ്രമായ കണ്ടുമുട്ടൽ നടക്കുന്നു.... ആരെയാണോ ഒരു നോക്കൊന്നുകാണാൻ കൊതിച്ചത് ആ കൂടിക്കാഴ്ച അവരുടെ അവസാനത്തേതാകുന്നു..... നായികയുടെ മുന്നിൽ കുത്തേറ്റു വീഴുകയാണ് നായകൻ. സ്ക്രീനിൽ തെളിയേണ്ട രംഗങ്ങൾ അതേ വൈകാരികതയോടെ പാട്ടൊരുക്കുന്നവർക്കു മുമ്പിൽ സംവിധായകൻ വരച്ചിട്ടു. ഈ ക്ലൈമാക്സ് ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാവണം. "ഈ പാട്ടിലൂടെ വേണം നായിക നായകനെ തിരിച്ചറിയാൻ."- തിരക്കഥയൊരുക്കിയ പ്രിയദർശനും പാട്ട് വേണ്ടത് എങ്ങനെയെന്നതിൽ എതിരഭിപ്രായമില്ല. 

എല്ലാം കേട്ട് മങ്കൊമ്പ് ഒന്നിരുത്തി മൂളി. മാധ്യമ പ്രവർത്തകന്റെ മേലങ്കിയൂരി വച്ച് പാട്ടെഴുത്തിനെത്തിയ തന്നോട് "കമ്പാർട്ട്മെന്റ് മാറി കയറിയതാണ് അല്ലേ, സാരമില്ല, സീറ്റ് കിട്ടും!" - ദേവരാജൻ മാസ്റ്റർ പറഞ്ഞത് എന്നുമൊരു പ്രചോദനമായി കൊണ്ടുനടക്കുന്ന മങ്കൊമ്പിന് മാറിക്കയറിയ കമ്പാർട്ട്മെന്റിൽ സീറ്റ് തരമാകാൻ ഏറെ പണിപ്പെടേണ്ടി വന്നിരുന്നില്ല. അണിയറക്കാർ വിവരിക്കുന്ന സന്ദർഭത്തെ തനിക്കൊപ്പം കേട്ടുകൊണ്ടിരുന്ന സംഗീതസംവിധായകനെ മങ്കൊമ്പ് ഒന്നു നോക്കി. ഈണമൊരുക്കാൻ കാത്തിരിക്കുന്ന കണ്ണൂരിന് സന്ദർഭം ഒന്ന് അറിഞ്ഞു കിട്ടിയാൽ മാത്രം മതിയായിരുന്നു. തന്നിലെ പ്രതിഭയുടെ മുന തേഞ്ഞു പോയി എന്ന് പരിഹസിച്ചവർക്കു മുമ്പിൽ അതിന് മൂർച്ച കൂടുകയാണ് ചെയ്തിട്ടുള്ളതെന്ന് തെളിയിക്കാൻ അവസരം കാത്തിരുന്ന സംഗീതകാരന് ആദ്യ കേൾവിയിലേ എല്ലാം മനസ്സിലായിരുന്നു. 

മങ്കൊമ്പിനെ നോക്കിയ ആ ഹിറ്റ്മേക്കർ ആത്മവിശ്വാസത്തോടെ എല്ലാം ഓകെ എന്ന മട്ടിൽ കണ്ണടച്ച് ഒന്ന് തല വെട്ടിച്ചു.

പറഞ്ഞ കഥയ്ക്കനുസരിച്ചാണെങ്കിൽ ഒരിക്കൽ പാടിയ പാട്ടിനെ പിൻപറ്റി മറ്റൊന്നു മതിയാകുമെന്ന് മങ്കൊമ്പുറപ്പിച്ചു. ഒരു ഓർമപ്പെടുത്തലിലേക്കു പ്രേക്ഷക മനസ്സുകളെയും എത്തിക്കേണ്ടതുണ്ട് എന്നതിനാൽ ആ പഴയ ഈണത്തിനു വലിയ പ്രാധാന്യം ഉണ്ടാകുമെന്ന് ഉറപ്പുള്ള കണ്ണൂരിന് മറ്റൊരീണം തിരയേണ്ടി വന്നില്ല. കഥ ആവശ്യപ്പെടുന്ന മൂഡ് സൃഷ്ടിക്കാൻ മുൻ ഈണത്തിൽ ചെറിയ ചില ചേരുവകളുടെ പൊടിക്കൈ പ്രയോഗം മാത്രം മതിയാകുമെന്നതിൽ സംഗീതകാരന് സന്ദേഹമേ  ഇല്ലായിരുന്നു. വിരഹം ആവോളമുണ്ടാകണമെന്നതിലും ഇരുവർക്കും ഒരേ അഭിപ്രായം. പാട്ടു പിറവിയുടെ പേറ്റുനോവറിഞ്ഞ നിമിഷങ്ങൾക്കു പിന്നെ ആയുസ്സേറെ നീണ്ടില്ല..... 

"ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...." പ്രേക്ഷകർ ഒരിക്കൽ ആസ്വദിച്ച ഗാനം ക്ലൈമാക്സിലേക്കെത്തുമ്പോൾ സ്വാഭാവികമായും അവർ കൂടുതൽ പ്രതീക്ഷിക്കും. കഥയൊരുക്കിയ പ്രിയദർശനു കണക്ക് തെറ്റില്ലെന്നിരിക്കെ മങ്കൊമ്പിന് ഒട്ടുമേ തെറ്റില്ലല്ലോ! ഗായികയായ നായിക ഒരു സംഗീത പരിപാടിയിൽ തന്റെ ആസ്വാദകർക്കുമുമ്പിൽ പാടുകയാണ്. ഒരു പ്രദർശന വസ്തുവായി, മറ്റുള്ളവരുടെ പണസമ്പാദനത്തിനുള്ള ഒരു ഉപകരണം മാത്രമായി നിൽക്കേണ്ടി വന്ന അവസ്ഥയിൽ തന്റെ പ്രിയപ്പെട്ടവനെയോർത്ത് ആ ഉള്ളു വല്ലാതെ പിടയുന്നുണ്ട്. "ഹൃദയ മുരളിക തകർന്നു പാടുന്നു ഗീതം....." വേദനയെ പ്രതിഫലിപ്പിക്കാൻ എന്തായാലും കുറുക്കുവഴികൾ കവി ആലോചിച്ചില്ല.

നായികയിലെ വിരഹത്തെ ശ്രോതാക്കളുടെ ഹൃദയത്തിലേക്കും പകർത്താൻ കവി ഉറപ്പിച്ചിരിക്കണം. പ്രതീകങ്ങളെ യഥോചിതം ചേർത്ത് കഥ ആവശ്യപ്പെടുന്ന അതിവൈകാരികതയ്ക്കു പൂർണത നൽകാൻ ഇരുത്തം വന്ന ആ എഴുത്തുവഴക്കത്തിനായി. ചിറകൊടിഞ്ഞ കിനാക്കളും ഇതൾ പൊഴിഞ്ഞ സുമങ്ങളും നിഴൽ പടർന്ന നിരാശയുമൊക്കെ ആ തൂലികയിലൂടെയിങ്ങനെ അനർഗളമായി ചരണങ്ങൾ ചമയ്ക്കുമ്പോൾ അതിൽ പടരുന്നുണ്ടായിരുന്നു ഒരു കണ്ണീർ നനവ്.

സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യുന്നതിലെ അനിതരസാധാരണമായ ഒരു പാടവം പ്രേക്ഷർക്കു പിന്നെ നേരിട്ടറിയാൻ കഴിഞ്ഞതും പാട്ടിന്റെ പ്രത്യേകതയാണ്. പല്ലവിയും അനുപല്ലവിയും അസാധ്യമായിത്തന്നെ എസ്.ജാനകി പാടി. ചരണത്തിലേക്കു പാട്ട് കടക്കുമ്പോൾ സംഗീത സംവിധായകന്റെ മനസ്സിൽ സംഘർഷഭരിതമായ ദൃശ്യങ്ങൾ നിറഞ്ഞാടി. കുത്തേറ്റ നായകൻ ഒരുവിധം അക്രമികളുടെ വലയം ഭേദിച്ച് സദസിലേക്കു കടക്കുന്നു. നായകന്റെ മുഖത്തെ നിസ്സഹായതയും മരിക്കും മുമ്പെങ്കിലും പ്രിയപ്പെട്ടവൾ തന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയും എല്ലാം നാടകങ്ങളിലൂടെ വളർന്നുവന്ന പ്രതിഭയ്ക്കു കണ്മുന്നിൽ കാണാം.

"മോഹഭംഗ മനസ്സിലെ ശാപപങ്കില നടകളിൽ...... " ജാനകിയമ്മയുടെ വിഷാദഭരിത സ്വരഭംഗിയിൽ ചരണം തുടങ്ങി വച്ചു. പെട്ടെന്ന് ബ്രേയ്ക്കിട്ടതുപോലെ ആലാപനം നിൽക്കുന്നു! കഥയാവശ്യപ്പെടുന്ന നാടകീയതയിലേക്കു പാട്ടിനെ എത്തിക്കാൻ രംഗവേദികൾ ഒരുപാട് കണ്ടു തഴമ്പിച്ച സംഗീത പ്രതിഭയ്ക്ക് എന്തിന് ഏറെ തലപുകയ്ക്കണം!

നിശ്ശബ്ദതയെ പശ്ചാത്തലമാക്കി ദാ... യേശുദാസിന്റെ ഗാംഭീര്യമാർന്ന സ്വരം തുളുമ്പി വീഴാൻ പോകുന്ന വേദനയേയും നിറച്ച് ഒരു വരവ്....  നിശ്ശബദതയെ ഈറനണിയിച്ച് പെയ്യുന്ന ആ ശബ്ദ സൗന്ദര്യം രോമകൂപങ്ങൾക്കു കീഴെ പടർത്തി വിടുന്ന ഒരു തണുപ്പുണ്ടല്ലോ, അത് മാത്രം മതിയാകും എൺപതുകളുടെ പാട്ടുപെരുമയെ അടയാളപ്പെടുത്താൻ! ഒടുവിൽ - "നീയെന്റെ പ്രാണനിൽ അലിയൂ വേഗം....." - എന്ന അപേക്ഷയുമായി പാടി നിർത്തുമ്പോൾ ഇടം നെഞ്ചിൽ കൂടുകൂട്ടിക്കഴിഞ്ഞത് മോഹൻലാൽ എന്ന നടന വിസ്മയമോ യേശുദാസ് എന്ന ആലാപന സുകൃതമോ! കേവലം നാല് വരികൾ മാത്രമേ യേശുദാസിന്റേതായുള്ളു, അതും പശ്ചാത്തലത്തിന്റെ പോലും അകമ്പടിയില്ലാതെ.... എങ്കിലും യേശുദാസ് എന്ന പേരില്ലാതെ ആ പാട്ടിനെ ഓർക്കാൻ ആർക്കാണാവുക!

സിനിമയിലെ മറ്റ് പാട്ടുകളെല്ലാം പാടിക്കഴിഞ്ഞിരുന്ന യേശുദാസിനെക്കൊണ്ട് ഇനി ഈ നാലുവരി പാടിക്കേണ്ടതുണ്ടോ? വെറും ഹമ്മിങ് ആണെങ്കിൽ പോലും ഓരോ ഗായകർക്കും ഒരു പ്രതിഫലം നിശ്ചയിച്ചിരിക്കെ മഹാഗായകനുള്ള പ്രതിഫലം. ഒന്നാമതേ ലോ ബഡ്ജറ്റ് ചിത്രമല്ലേ. മറ്റാരെയെങ്കിലും ഏൽപിച്ചാലോ എന്നുപോലും ചിന്തിക്കെ ഒരു പാട്ടിനുള്ള പ്രതിഫലം നൽകിയാലും സാരമില്ല ഗന്ധർവസ്വരം തന്നെ ഈ വരികൾക്കു വേണം എന്നതിൽ സംഗീത സംവിധായകന് സംശയമില്ലായിരുന്നു. ആലാപനമൊക്കെ കഴിഞ്ഞ് പ്രതിഫലം നൽകാനൊരുങ്ങുമ്പോൾ യേശുദാസ് പറഞ്ഞതോ -  "പൈസയൊന്നും വേണ്ട മോനെ, മറ്റ് പാട്ടിന്റെതൊക്കെ തന്നില്ലേ, ഇതിന്റേത് വേണ്ട" - ഒപ്പം ഒരു പുഞ്ചിരിയും! ആ ഗാനത്തോടു തോന്നിയ വൈകാരികമായ ഒരു അടുപ്പം തന്നെ ആയിരുന്നു പ്രതിഫലം വേണ്ടെന്നു വയ്ക്കാൻ അന്ന് മഹാഗായകനെ പ്രേരിപ്പിച്ചത്. 

പാടിക്കഴിഞ്ഞ എസ്.ജാനകിക്ക് താൻ പാടിയതിൽ തൃപ്തി പോരാ! സൗണ്ട് എൻജിനീയറുടെ റൂമിലെത്തി പാടിയത് രണ്ടു വട്ടം കേട്ടുനോക്കിയ ഗായിക വീണ്ടും പാടാൻ ഒരേ നിർബന്ധം! സ്റ്റുഡിയോയിലാണെങ്കിൽ സകല സിസ്റ്റവും ഓഫ് ചെയ്തിരുന്നു. ഒടുവിൽ ഗായികയുടെ നിർബന്ധത്തിൽ വീണ്ടും എല്ലാം ആദ്യം മുതൽ. സ്വതവേയുള്ള സ്വീറ്റ് വോയ്സിൽ പിന്നെയും വിഷാദത്തിന്റെ ഒഴുക്ക്. എസ്.ജാനകിയിലെ ഗായികയെ സ്ഫുടം ചെയ്തെടുക്കുന്നതിൽ ആ സ്വയാർപ്പണത്തിന്റെ പങ്ക് എത്രത്തോളമെന്നു തെളിയിക്കുന്നതായിരുന്നു അവിടെക്കണ്ട ആ പെർഫോർമൻസ്.

ഈ ഗാനത്തോടെ കണ്ണൂർ രാജനെന്ന സംഗീത സംവിധായകന് അവസരങ്ങളുടെ പെരുമഴയായിരുന്നു. താരചക്രവർത്തി മോഹൻലാലിനെക്കൊണ്ട് ആദ്യമായി പാട്ടുപാടിച്ച, അക്കാലത്തെ ഏറ്റവും കൂടുതൽ കസെറ്റുകൾ വിറ്റഴിഞ്ഞ 'ചിത്രം', 'പൂവിനു പുതിയ പൂന്തെന്നൽ' തുടങ്ങി എത്ര ഹിറ്റ് സിനിമകളിലെ ഗാനങ്ങൾക്കു പിന്നീട് ആ സംവിധാനത്തിൽ ഈണങ്ങൾ പിറന്നു. പക്ഷേ, പ്രതിഭ ആവോളം ഉണ്ടായിട്ടും മുമ്പേ വരച്ചിട്ട തലവരയെ മാറ്റാൻപോന്ന അദ്ഭുതങ്ങളൊന്നും കണ്ണൂർ രാജൻ എന്ന സംഗീതശിൽപിയുടെ ജീവിതയാത്രയ്ക്കു വഴി തെളിച്ചതേയില്ല.

കാലം പിന്നെയും ഒന്നു പുറകോട്ടു പായുകയാണ്. 1976 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന്റെ അടുത്ത പ്രഭാതം. അന്നത്തെ പത്രവും കയ്യിൽപ്പിടിച്ച് കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയുന്ന കണ്ണൂർ രാജനെ സഹൃദയ ലോകത്തിന് അവിടെ കാണാം. എ.ടി.ഉമ്മറിന്റെ ക്രെഡിറ്റിലായ താൻ സൃഷ്ടിച്ച ഈണത്തിന് സംസ്ഥാന അവാർഡ്! ആരോടും ഒരു പരിഭവപ്പെടലിനു പോലും ഒരുക്കമില്ലാതെ ആ ഹതഭാഗ്യനായ പ്രതിഭാശാലി നീറുന്ന വേദനകളെ സ്വയം കണ്ണീരുകൊണ്ട് കഴുകി പാടുകയായിരുന്നു - "തുഷാര ബിന്ദുക്കളെ നിങ്ങൾ എന്തിനു വെറുതെ ചെമ്പനീരലരിൽ വിഷാദ ഭാവങ്ങൾ അരുളീ...."

English Summary:

Untold story of hits song Ilam Manjin Kulirumay

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com