ചാക്കോച്ചന്റെ ചുവടുകളും അനശ്വരയുടെ തിരോധാനവും; അന്ന് ‘മമ്മൂട്ടിച്ചേട്ടൻ’ പാടിയ ആഘോഷപ്പാട്ടിന് എത്രയെത്ര ഭാവങ്ങളാണ്?

Mail This Article
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രേഖാചിത്രത്തിലൂടെയും പാട്ട് ചർച്ചകളിൽ നിറയുകയാണ്, മറ്റൊരു ഭാവത്തിലൂടെ.
പതിറ്റാണ്ടുകളായി മലയാളികളുടെ ഉത്സവാഘോഷങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഈണമാണ് ‘ദേവദൂതർ പാടി’. മറ്റു ഭരതൻ ചിത്രങ്ങൾ പോലെ കാതോട് കാതോരവും കഥപറച്ചിലിലും മേക്കിങ്ങിലും എന്തോ മാജിക് ബാക്കി നിർത്തുന്നുണ്ട്. ആ മാജിക് ചിത്രങ്ങളിലെ പാട്ടുകളിലുമുണ്ട്. ഒരേ സമയം ഒരു ഫാസ്റ്റ് നമ്പറും മെലഡിയും ഭക്തി സാന്ദ്രമായ അന്തരീക്ഷം ബാക്കിയാക്കുന്ന പാട്ടുമൊക്കെയാണ് ദേവദൂതർ പാടി. ഔസേപ്പച്ചന്റെ എക്കാലത്തെയും മാജിക്കൽ കോമ്പസിഷൻ എന്നു വിളിക്കാവുന്ന ഈ പാട്ടിനെ ഒ.എൻ.വി.കുറുപ്പിന്റെ വരികൾ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേർന്ന് ഓരോ വരിയും ഭംഗിയായി കേൾവിക്കരിലേക്ക് എത്തിക്കുന്നു.
‘ആയിരം വർണങ്ങൾ കൂടെ വന്നു
അഴകാർന്നോരാടകൾ നെയ്‌തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ...
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം സ്വർഗത്തോ
കല്യാണം...’
എന്നിങ്ങനെ ഒരു ഉത്സവകാലത്തെ ഭംഗിയുള്ള കുറെ ചിത്രങ്ങളെ വരികളും ഈണവും ആലാപനവും ചേർന്ന് കേൾക്കുന്നവരിലേക്ക് എത്തിക്കുന്നു. ഭൂരിഭാഗം സമയവും സ്റ്റേജിൽ നിന്ന് പാടുന്ന രംഗങ്ങൾ മാത്രമുള്ള ഒരു പാട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അതേ തെളിമയോടെ കേൾവിക്കാരുടെ ഹൃദയങ്ങളിൽ താളമിട്ടുകൊണ്ടിരിക്കുന്നു. ആ മാജിക്കിന്റെ കൂടി പേരാണ് ‘ദേവദൂതർ പാടി’!
ഒരു ക്രിസ്മസ്കാല തണുപ്പിനെ, സന്തോഷങ്ങളെ, പള്ളിമേടയിലെ വെളിച്ചത്തെ ഒക്കെ അങ്ങേയറ്റം ലളിതമായി കേൾക്കുന്നവരെ അനുഭവിപ്പിക്കുന്ന പാട്ടാണിത്. അതേസമയംതന്നെ ഈണത്തിലെ മാജിക് കൊണ്ട് ഉത്സവാഘോഷങ്ങളിൽ, ഗാനമേളകൾ നിറഞ്ഞ രാവുകളിൽ ഈ പാട്ട് ഒഴിവാക്കാനാവാത്ത സാന്നിധ്യമായി. ആ ഒരു മൂഡിന് ഒരു ആദരമായിക്കൂടിയാണ് 2022ൽ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ആ പാട്ടിനെ ഭംഗിയായി പുനഃസൃഷ്ടിച്ചത്. ഇപ്പോഴിതാ രേഖാചിത്രത്തിലൂടെ പാട്ട് വീണ്ടും പാട്ടുപ്രേമികളുടെ ചുണ്ടിൽ വിരുന്നെത്തുന്നു. ദേവദൂതർക്കു കിട്ടുന്ന ഓരോ കയ്യടിയും കാലതിവർത്തിയായ ഈ പാട്ട് അഹിക്കുന്നതുമാണ്.
ചിത്രം: കാതോട് കാതോരം
സംഗീതം: ഔസേപ്പച്ചൻ
രചന: ഒഎൻവി
ആലാപനം: കെ.ജെ.യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക
ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
ആടുമേയ്‌ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാം
ആയിരം വർണങ്ങൾ കൂടെ വന്നു
അഴകാർന്നോരാടകൾ നെയ്‌തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ...
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം സ്വർഗത്തോ കല്യാണം
പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ
ഭൂമിയിൽ കല്യാണം സ്വർഗത്തോ കല്യാണം