രസകരമായ അടിക്കുറിപ്പോടെ ഡാൻസ് വിഡിയോ പങ്കിട്ട് സുരേഷ് കൃഷ്ണ; ‘വീ ആർ കൺവിൻസ്ഡ്’ എന്ന് ആരാധകർ

Mail This Article
‘മരണമാസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമാണ് നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക... ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെയാണ് സുരേഷ് കൃഷ്ണ വിഡിയോ പങ്കുവച്ചത്. നടന്റെ വേറിട്ട വസ്ത്രധാരണവും ശ്രദ്ധ നേടി.
സുരേഷ് കൃഷ്ണയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്മി, സരയു മോഹൻ എന്നിങ്ങനെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങൾ അറിയിച്ചു. ‘ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു’ എന്നാണ് സുരഭിയുടെ കമന്റ്. ‘കൺവിൻസ്ഡ്. അടുത്ത പ്രോഗ്രാമിന് ഡാൻസ് ഫിക്സ്’ എന്ന് സരയു കുറിച്ചു.
ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ചിത്രത്തിൽ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഏപ്രിൽ 10ന് ചിത്രം പ്രദർശനത്തിനെത്തും.