ADVERTISEMENT

കേരളത്തിന്റെ സാമൂഹിക നവോത്ഥാനധാരയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്കു തുടക്കംകുറിച്ച യുഗപുരുഷനാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. മനുഷ്യനെ മനുഷ്യനോടു കൂടുതൽ അടുപ്പിക്കുന്ന രസതന്ത്രം ജീവിതത്തിന്റെ നിഷ്ഠയാക്കി അദ്ദേഹം. ആധ്യാത്മിക രംഗത്തെയും സാമൂഹിക നവോത്ഥാനരംഗത്തെയും സംഭാവനകൾ പരസ്പരബന്ധിതവും പൂരകവുമായി ഒരേ വ്യക്തിയിൽ വിളങ്ങുന്നത് അപൂർവമായ ജന്മവരമാണ്.

അങ്ങനെ പിറക്കുന്നവരാണു യുഗപുരുഷന്മാരാകുന്നത്. കോട്ടയം മാന്നാനംകുന്നിലുള്ള ആശ്രമം അദ്ദേഹം ആദ്യം സ്ഥാപിക്കാൻ ഉദ്ദേശിച്ചതു കോട്ടയത്തെതന്നെ പുല്ലരിക്കുന്നിലാണ്. ചില തടസ്സങ്ങൾ നേരിട്ടതോടെ ആശ്രമം മാന്നാനംകുന്നിലേക്കു മാറ്റുകയായിരുന്നു.

പ്രാർഥനകളിലെ വ്യത്യസ്തതകൊണ്ടു ശ്രദ്ധേയനായിരുന്നു ആ മഹാത്മാവ്. എന്നും അപരനുവേണ്ടിയായിരുന്നു പ്രാർഥനകൾ. അപരന്റെ മുഖത്തു തെളിഞ്ഞ കണ്ണീർപ്പാടങ്ങളുടെ കാരണം തേടിയും നിഴൽപ്പാടുകൾക്കു പിന്നിലെ വ്യഥകൾ തേടിയും വാട്ടവും കോട്ടവും കണ്ടതിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചറിഞ്ഞും അവയ്ക്കു പരിഹാരം കാണാനുള്ള ശക്തിതരണേ എന്നു പരംപൊരുളിനു മുന്നിൽ മനസ്സുരുകി കേഴുകയായിരുന്നു അദ്ദേഹം.

കാൾ മാർക്സ് ‘ദസ് ക്യാപ്പിറ്റൽ’ എഴുതിത്തികയ്ക്കും മുൻപുതന്നെ ചൂഷിതവർഗത്തിന്റെ ഉന്നമനത്തിനായി ചാവറയച്ചൻ കർമപഥത്തിലിറങ്ങി. തൊഴിലാളിയുടെ ജോലി സമയത്തിനു ക്ലിപ്തത വേണമെന്നു വാദിച്ചു. ചൂഷണത്തിന്റെ അങ്ങേയറ്റമായിരുന്ന ‘ഊഴിയ’മെന്ന കൂലിയില്ലാത്ത വേലയ്ക്ക് അറുതിവരുത്താൻ പ്രേരണ ചെലുത്തി. വേദങ്ങൾ വായിക്കുന്ന അവർണന്റെ കാതിൽ ഈയം ഉരുക്കിയൊഴിക്കുമെന്ന ദുഷിച്ച ആചാരത്തെ എതിർത്ത അദ്ദേഹം, മാന്നാനംകുന്നിൽ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. ആർപ്പൂക്കരയിൽ ദലിതർക്കായി സ്കൂൾ തുടങ്ങി.

john-paul
ജോൺ പോൾ


വിശക്കുന്ന വയറിനു മുന്നിൽ വിദ്യ വിലപ്പോവില്ലെന്നു മനസ്സിലാക്കിയ ചാവറയച്ചൻ ദരിദ്രകുടുംബങ്ങളിൽനിന്നുവരുന്ന കുട്ടികൾക്കു സൗജന്യമായി ഉച്ചഭക്ഷണം ലഭിക്കാൻ സൗകര്യമുണ്ടാക്കി. വസ്ത്രവും പാഠപുസ്തകവും സൗജന്യമായി നൽകി. സ്ത്രീകൾക്കു പഠിക്കാനവസരം നൽകണമെന്നാവശ്യപ്പെടുകയും അതിനായി സ്കൂളുകളിൽ സൗകര്യമുണ്ടാക്കുകയും ചെയ്തു. സ്ത്രീകളോടുള്ള വിവേചനപൂർണമായ അവമതി അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങി. വിധവയും അവിവാഹിതയും അംഗങ്ങളായി ആദ്യത്തെ തദ്ദേശീയ സന്യാസിനീസമൂഹത്തിനു രൂപം നൽകുന്നതിലും ഭാഗഭാക്കായി.

വൈദികരും കന്യാസ്ത്രീകളും ഒരുപോലെ അഭ്യസ്തവിദ്യരായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. സ്ത്രീശാക്തീകരണത്തിനു കന്യാസ്ത്രീകളുടെ സേവനം വിനിയോഗിച്ചു. കൊന്തകെട്ട്, ബുക് ബൈൻഡിങ്, കളിപ്പാട്ടനിർമാണം, എംബ്രോയ്ഡറി തുടങ്ങിയ കരകൗശലങ്ങൾ പരിശീലിപ്പിച്ചു. അഗതികൾക്കു നല്ല മരണത്തിനായി ‘ഉപവിശാല’ ജന്മദേശമായ കൈനകരിയിൽ അദ്ദേഹം ആരംഭിച്ചു.

മാന്നാനത്ത് അച്ചടിശാല തുടങ്ങി. ഗ്രന്ഥശാലകൾക്കു തുടക്കമിട്ടു. മലയാള സാഹിത്യത്തിലും അദ്ദേഹത്തിന്റേതായ വലിയ സംഭാവനകളുണ്ടായി. അദ്ദേഹമെഴുതിയ ഇടയനാടകങ്ങൾ മലയാള ഭാഷാനാടക വേദിയിലെ ആദ്യരചനാശ്രമങ്ങളായി. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിനു ലത്തീനും സുറിയാനിയും ഒരുപോലെ വഴങ്ങുമായിരുന്നു.

സാർഥകമായ, ധന്യമായ അതിജീവനത്തിന്റെ പുനർവായന നമ്മിലൂറ്റിത്തെളിക്കുന്നതു കർമംകൊണ്ടു ചാവറയച്ചൻ സാക്ഷ്യപ്പെടുത്തിയ സന്ദേശത്തിൽ കുറഞ്ഞൊന്നുമല്ല; ‘അന്യന്, അപരന്, നന്മ ചെയ്യാത്ത ഒരു ദിവസം നിന്റെ ആയുസ്സിന്റെ കണക്കിൽ രേഖപ്പെടുത്തപ്പെടില്ല...’ ഇതിലും വിശുദ്ധമായ സന്ദേശം മറ്റെന്തിരിക്കുന്നു.

(എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് ലേഖകൻ)

English Summary: John Paul on St.Kuriakose Elias Chavara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com