അവൾ ഓടി ഒപ്പമെത്തുമ്പോൾ
Mail This Article
ശാരീരികശക്തിയാണു ശക്തി എന്ന ബോധമാണ് പുരുഷന്റെ ബലഹീനത. സർവാധിപത്യത്തിലും വെല്ലുവിളികളിലും ഏകപക്ഷീയമായ തീരുമാനങ്ങളിലും യുദ്ധ പ്രഖ്യാപനങ്ങളിലും ചങ്കൂറ്റത്തിലും അതാണ് നാം കാണുന്നത്. സ്ത്രീകൂടി അധികാരത്തിൽ വരുമ്പോൾ ഈ ബലഹീനത മാറും. അധികാരം അമിതാധികാരത്തിന്റെ പേരല്ലാതാവും. ഇന്നുവരെ മറഞ്ഞു കിടന്നവർ പ്രതിനിധീകരിക്കപ്പെടും.
ദലൈലാമയെ കാണാൻപോയ ഒരു ജ്ഞാനാന്വേഷകന്റെ കഥ ഓർമവരികയാണ്. പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അയാൾക്കു സന്ദർശനാനുമതി ലഭിച്ചത്. അതും ഒറ്റച്ചോദ്യമേ ചോദിക്കാവൂ എന്ന നിബന്ധനയിൽ. ദലൈലാമയുടെ മുന്നിലേക്ക് ആനയിക്കപ്പെട്ട ആഗതൻ സ്തംഭിച്ചുനിന്നു. അയാൾ പ്രതീക്ഷിച്ചതു പ്രത്യക്ഷത്തിൽതന്നെ മഹാജ്ഞാനിയായ വയോധികനെയാണ്. കണ്ടതോ അതിസുന്ദരിയായ യുവതിയെയും. ഒറ്റച്ചോദ്യമാക്കി വിവർത്തനം ചെയ്തു മനസ്സിലുറപ്പിച്ചുവച്ച സംശയം അയാൾ മറന്നുപോയി. വിവാഹം കഴിഞ്ഞതാണോ എന്ന, താനോർക്കാതെ വന്ന ചോദ്യത്തോടെ അയാൾക്കു പിന്തിരിയേണ്ടി വന്നു എന്നാണു കഥ.
സ്ത്രീക്കു നിഷേധിക്കപ്പെട്ടിട്ടില്ലാത്ത ഒരു പദവിയുടെ പേരാണ് ദലൈലാമ എന്ന് അയാളോർത്തില്ല. ഓർത്തിരുന്നെങ്കിൽത്തന്നെ ഇതുപോലെ ഒരു ഉന്നതപദവിയിൽ സ്ത്രീയെ അയാൾ പ്രതീക്ഷിച്ചില്ല. മനുഷ്യജാതിയെ പറയാൻ മനുഷ്യൻ എന്ന പുല്ലിംഗാന്ത ശബ്ദം തന്നെ ഉപയോഗിച്ചു പോന്നിരുന്ന മനസ്സിലൊന്നായിരുന്നല്ലോ അയാളുടേതും.
ഈ കഥയുടെ വിഭിന്ന വിവക്ഷകളെ റദ്ദുചെയ്യുന്ന വിധത്തിൽ കാലം പരിണമിച്ചു കഴിഞ്ഞിട്ടില്ല. അതിനാൽ, പുതുതായി ചാർജെടുക്കുന്ന വനിതാ ഐപിഎസിനോ ഐഎഎസിനോ തൊഴിലിൽ കൂടുതൽ പൊരുത്തപ്പെടേണ്ടതുണ്ട് ഇപ്പോൾ. (കുറച്ചുനാൾകൂടി തനിക്കായല്ലാതെ തുന്നിയ അവന്റെ വേഷം ധരിച്ചാൽ മതി. പിന്നീടവൾക്ക് അവളുടെ വേഷം തന്നെ ധരിക്കാം.) ഇന്ദിരാഗാന്ധിയോ കെ.ആർ.ഗൗരിയോ മമത ബാനർജിയോ കൂടുതൽ ശൗര്യം കാണിച്ചുവെങ്കിൽ അതിനു കാരണം പുരുഷനായി സംവരണം ചെയ്ത അധികാരക്കസേരയുടെ സമ്മർദമാണ്. ഈ കസേരയിലിരുന്നാൽ കാലാന്തരത്തിൽ മീശവരാതിരിക്കില്ല, ശബ്ദം പരുഷമായിത്തീരാതിരിക്കില്ല ആർക്കും.
സ്ത്രീ മാത്രമായി അഭിമുഖീകരിക്കേണ്ടി വരുന്ന അനേകം പ്രശ്നങ്ങളുണ്ടായിട്ടും അവഗണനകളുണ്ടായിട്ടും എന്താണു സ്ത്രീകളിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാവാത്തത്? ന്യൂനപക്ഷാവകാശങ്ങൾക്കു പാർട്ടിയുണ്ട്, തൊഴിലാളിയെ പ്രതിരോധിക്കാൻ പാർട്ടിയുണ്ട്, മുതലാളികൾക്കുമുണ്ട് അവർക്കുവേണ്ടി മാത്രമായി നിലകൊള്ളുന്ന പാർട്ടികൾ. സ്ത്രീകൾക്കു ഞങ്ങളുടെ പാർട്ടിയില്ലേ, അവരുടെ താൽപര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കുന്നില്ലേ, അവർക്കു പിന്നെ എന്തിനാണ് ഒരു പാർട്ടി എന്ന ചോദ്യമാണ് എല്ലാ പാർട്ടികളിൽ നിന്നും ഉയരുന്നത്.
ഈ ചോദ്യത്തിനുള്ള മറുചോദ്യം ഇതാണ്. സ്ത്രീ വോട്ടർമാരുടെ അനുപാതത്തിനനുസൃതമായ പ്രാതിനിധ്യം നിങ്ങൾ നൽകുന്നുണ്ടോ? അൻപതിലേറെ ശതമാനം സ്ത്രീകൾക്ക് ഏറിയാൽ പതിനഞ്ചു ശതമാനമല്ലേ നിങ്ങൾ നൽകുന്ന പ്രാതിനിധ്യം ?
പത്തുപേരുള്ള വേദിയിൽ ഒരാൾ സ്ത്രീയായാൽ സ്ത്രീശാക്തീകരണമായോ? ആരു ഭരിക്കുമ്പോഴായാലും വനിതാകമ്മിഷൻ പ്രവർത്തിക്കുന്നതു സ്വന്തം പാർട്ടിയിലെയോ മുന്നണിയിലെയോ സ്ത്രീവിരുദ്ധപ്രവർത്തനം നടത്തിയ പുരുഷന്മാരെ സംരക്ഷിക്കാനല്ലേ? കുറ്റവാളികൾ എതിർ പാർട്ടിയിലാവുമ്പോൾ മാത്രമല്ലേ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഏതെങ്കിലും നീതി പ്രതീക്ഷിക്കേണ്ടതുള്ളൂ? പുരുഷന്മാർക്കുവേണ്ടി പുരുഷന്മാരാൽ പുരുഷന്മാർ നടത്തുന്ന പാർട്ടിയിൽ അതിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാത്തിടത്തോളം ചില ചുമതലകൾ സ്ത്രീക്കും കിട്ടും എന്നതല്ലേ നിലവിലെ അവസ്ഥ? മോദിയെയല്ലാതെ തന്നെക്കൂടി പ്രതിനിധീകരിക്കാൻ നിർമല സീതാരാമനാവുമോ? എന്റെ പേരിലും എന്ന പ്രതിജ്ഞാവാചക പ്രയോഗത്തിനു സ്ത്രീയെ സംബന്ധിച്ചു വല്ല അർഥവുമുണ്ടോ?
പ്രാതിനിധ്യത്തിലെ അനുപാതം സംബന്ധിച്ചാണെങ്കിൽ ചില മാറ്റങ്ങൾ സമീപകാലത്ത് കാണാതിരിക്കുന്നില്ല. മമതാ ബാനർജി ബിജെപിയെയോ കോൺഗ്രസിനെയോ ഇടതുപക്ഷത്തെയോ വെല്ലുവിളിക്കുന്നതു കൂടുതൽ സ്ത്രീപ്രതിനിധികളെ സൃഷ്ടിച്ചുകൊണ്ടാണ്. (പ്രിയങ്ക ഗാന്ധിയും ആ വഴിക്കു പദമൂന്നിയിട്ടുണ്ട്). ഈ മാറ്റം സമീപകാലത്തുതന്നെ ജനസംഖ്യയിലെ സ്ത്രീ–പുരുഷവ്യത്യാസത്തെ കൃത്യമായിത്തന്നെ പ്രതിനിധീകരിച്ചെന്നും വരാം. പക്ഷേ, അധികാരപ്രയോഗശൈലി അപ്പോഴും പുരുഷനെ അനുകരിച്ചുകൊണ്ടാവാം. അതിന്റെ പൊലീസും അതിന്റെ കോടതിയും വ്യത്യസ്തമായിരിക്കണമെന്നില്ല. മീശ പിരിക്കാനും ശബ്ദമുയർത്താനും അതു മടിക്കില്ല. പക്ഷേ, ആസന്നഭാവിയിൽ തന്നെ അതും മാറില്ലേ?
പ്രത്യക്ഷമായ ശരീരശേഷിയാണു പുരുഷന്റെ ശക്തിയെങ്കിൽ പരോക്ഷമായ ശരീരശേഷിയാണു സ്ത്രീയുടെ സവിശേഷത. അയാൾക്കു മസ്കുലിൻ പവറുണ്ടെങ്കിൽ അവൾക്കു സ്റ്റാമിന. അവൾ അനുഭവിക്കുന്നത് അത്ര തീവ്രമായി അനുഭവിക്കാനോ സഹിക്കുന്നതു സഹിക്കാനോ ക്ഷമിക്കുന്നതു ക്ഷമിക്കാനോ ഉള്ളതരം ശേഷി അവനില്ല.
പുരുഷനു ചെയ്യാനാവുന്നതു സ്ത്രീക്കു ചെയ്യാനാവില്ല എന്നാണെങ്കിൽ അതു മറിച്ചും ശരിയാണ്. രണ്ടു വിധത്തിലുള്ള ശരീരശേഷിയാണത്. പാറയുടെയും ജലത്തിന്റെയും ശക്തികൾ തമ്മിലുള്ള അന്തരം.
ചൈനക്കാരുടെ ഭാഷയിൽ പറഞ്ഞാൽ യിന്നും (yin) യാങ്ങും (yang) തമ്മിലുള്ള വ്യത്യാസം. മറഞ്ഞുകിടക്കുന്ന യിന്നിന്( സ്ത്രൈണത) ഇന്നോളം അധികാരം കൈവന്നിട്ടില്ല. ആണത്തത്തിന്റെ കയ്യിലാണ് എന്നുമത്. രാജ്ഞിമാരോ സ്ത്രീ സർവാധിപതികളോ ഉണ്ടായിട്ടില്ല എന്നല്ല. അവരും പക്ഷേ ആണത്തത്തിന്റെ അളവുകളിലാണു ഭരിച്ചത്. ആണുങ്ങളിൽനിന്നു രക്ഷപ്പെടാൻ ആൺവേഷം കെട്ടുന്ന സിനിമയിലും മറ്റും കാണുന്ന ചില കഥാപാത്രങ്ങളെപ്പോലെയാണവർ. പുരുഷനല്ലാത്തതിനാൽ പുരുഷനായി അഭിനയിക്കുമ്പോൾ അമിതാഭിനയം കാഴ്ചവയ്ക്കും അവൾ. മേക്കപ്പ് കുടുതൽ വേണം. അവൾ അതീവ ന്യൂനപക്ഷമായതിനാൽ അതേ സാധിക്കുമായിരുന്നുള്ളൂ. മിത്തിന്റെയോ ചരിത്രത്തിന്റെയോ പിൻബലമില്ലാഞ്ഞതിനാൽ അതേ പറ്റുമായിരുന്നുള്ളൂ. അതിനിതാ മാറ്റം വന്നുകൊണ്ടിരിക്കുന്നു.
ശാരീരികശേഷി നിർണായകമായ അഗ്രേറിയൻ റെവലൂഷന്റെ ഘട്ടത്തിലാണു പുരുഷൻ സ്ത്രീയെ പിന്നിട്ടതെങ്കിൽ ഇന്നിതാ യന്ത്രങ്ങൾ ശാരീരികശേഷിയെ അസംഗതമാക്കി സ്ത്രീക്ക് തുല്യനിലയ്ക്കു പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. സ്ത്രീക്ക് ഓപ്പറേറ്റ് ചെയ്യാനാവാത്തതായി ഒന്നുംതന്നെ ഇല്ലാതായിരിക്കുന്നു.
പുരുഷന്മാരെ മാത്രം കണ്ടുവന്നിരുന്ന പദവികളിൽ സ്ത്രീ സാധാരണ കാഴ്ചയായിരിക്കുന്നു. സംവരണമുണ്ടെങ്കിലേ ആണധ്യാപകരെ ഭാവിയിൽ സ്കൂളിലോ കോളജിലോ നാം കാണൂ എന്നായിരിക്കുന്നു.
ആൺ പ്രോട്ടോക്കോൾ പിന്തുടർന്നു വന്നിരുന്ന സ്ത്രീ ഉദ്യോഗസ്ഥർക്കു ഭൂരിപക്ഷം ലഭിക്കുമ്പോൾ പുതിയ പ്രോട്ടോക്കോൾ നിലവിൽവരും. എക്സിക്യൂട്ടീവ് ബോഡി സ്ത്രീയുടെ ബോഡിയാവുമ്പോൾ മാറാതിരിക്കില്ല മനോഭാവങ്ങൾ. ഒപ്പം മമതയുടേതുപോലുള്ള രാഷ്ട്രീയ പാർട്ടികളുടെ പിൻബലം കൂടിയാവുമ്പോൾ ആണത്തം ഘോഷിക്കുന്ന പ്രസ്ഥാനങ്ങളിൽ മാത്രമായി പുരുഷാധിപത്യം ഒതുങ്ങും.
ശാരീരികശക്തിയാണു ശക്തി എന്ന ബോധമാണ് പുരുഷന്റെ ബലഹീനത. സർവാധിപത്യത്തിലും വെല്ലുവിളികളിലും ഏകപക്ഷീയമായ തീരുമാനങ്ങളിലും യുദ്ധ പ്രഖ്യാപനങ്ങളിലും ചങ്കൂറ്റത്തിലും അതാണു നാം കാണുന്നത്. സ്ത്രീകൂടി അധികാരത്തിൽ വരുമ്പോൾ ഈ ബലഹീനത മാറും. അധികാരം അമിതാധികാരത്തിന്റെ പേരല്ലാതാവും. ഇന്നുവരെ മറഞ്ഞു കിടന്നവർ പ്രതിനിധീകരിക്കപ്പെടും. ഗർഭപാത്രം മാത്രമായിരുന്നവൾ അതു മാത്രമല്ലാതാവുമ്പോൾ അധികാരം അതു മാത്രമല്ലാതാവും. പ്രതിനിധീകരിക്കപ്പെടാത്തവർ പ്രതിനിധീകരിക്കപ്പെടുമ്പോൾ ഇതുവരെ പ്രതിനിധാനം കിട്ടാത്ത മനുഷ്യരും ആശയങ്ങളും ഉയർന്നുവരും. യുദ്ധത്തിനു ചെലവിടുന്ന ഭീമമായ തുക വിദ്യാഭ്യാസത്തിനും സേവനത്തിനും ചെലവിടും. കാരണം ശക്തി സ്ത്രീക്കു പ്രത്യക്ഷാർഥത്തിലല്ല, ഏകാർഥത്തിലല്ല.
സ്ത്രീ മനുഷ്യരായിത്തീരുമ്പോൾ മനുഷ്യരുടെ സംഖ്യ ഇരട്ടിക്കും. മനുഷ്യർ ചിലർ മാത്രമല്ലാതാവും. സ്ത്രീപ്രാതിനിധ്യം വർധിപ്പിച്ചു എന്ന ഒറ്റക്കാരണം മതി എനിക്കു ഗോവയിലായിരുന്നെങ്കിൽ മമതയ്ക്കു വോട്ടു ചെയ്യാൻ. ഒരു നിശ്ശബ്ദമായ സ്വാതന്ത്ര്യസമരം കേരളത്തിൽ കൊടുമ്പിരി കൊള്ളുന്നു എന്ന് ‘സ്വാതന്ത്ര്യസമരം’ എന്ന പുതിയ ചലച്ചിത്രം പറയുന്നു.
അൽപം മുൻപേ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ, അതിനും വളരെ മുൻപേ കെ.ജി.ജോർജിന്റെ ആദാമിന്റെ വാരിയെല്ലിൽ നാമിതിന്റെ തിരപ്പുറപ്പാടുകൾ കണ്ടു. അധികകാലമൊന്നും ഈ സ്വാതന്ത്ര്യസമരം നമുക്കു കാണാതിരിക്കാനാവില്ല എന്നു തോന്നുന്നു.
പിൻവെളിച്ചം
കണ്ണൂരിൽ കല്യാണത്തിനുപോലും ഒഴിച്ചുകൂടാത്ത ഒരുവിഭവമായി മാറുകയാണ് ബോംബ്.
English Summary: Kalpatta Narayanan on women empowerment