ADVERTISEMENT

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ ജീവൻ നിപ്പ കവർന്നതു നമ്മുടെയാകെ സങ്കടമായിത്തീരുന്നു. സങ്കീർണമായ പകർച്ചവ്യാധികൾ വന്നതിനുശേഷം ചികിത്സ ഉറപ്പാക്കുക എന്നതിനെക്കാൾ പ്രധാനം രോഗഉറവിടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണെന്ന അടിസ്ഥാന വസ്തുതയ്ക്കു നാം ഇപ്പോഴും വേണ്ടത്ര പ്രാധാന്യം കെ‍ാടുക്കുന്നില്ല. അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തു നിപ്പ സ്ഥിരീകരിച്ച് ആറു വർഷം കഴിഞ്ഞെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ലെന്നതു നമ്മുടെ സംവിധാനങ്ങളുടെ ബലഹീനതയിലേക്കും ബന്ധപ്പെട്ടവർ പുലർത്തിവരുന്ന അലംഭാവത്തിലേക്കും വിരൽചൂണ്ടുന്നു. നിപ്പ ജീവനെടുത്തശേഷം ഇത്തവണയും പതിവുപോലെ ആരോഗ്യവകുപ്പ് അധികൃതർ സജീവമായിട്ടുണ്ടെങ്കിലും രോഗം പിൻവാങ്ങിയാൽ ഈ ജാഗ്രത തുടരാറില്ല എന്നതാണു കേരളത്തിന്റെ അനുഭവം. 

രോഗവ്യാപനത്തെക്കുറിച്ചു കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കാതെ കുഴങ്ങുകയുമാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 2018 മേയിലാണ് ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത്. വവ്വാലിൽ നിന്നാകാം വൈറസ് പകർന്നതെന്ന അനുമാനത്തിൽ, പഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് അധികൃതർ ആദ്യം നൽകിയത്. ഇപ്പോഴും വലിയ മാറ്റമില്ലാതെ അതേ മുന്നറിയിപ്പ് ആവർത്തിക്കുന്നു!  

രോഗനിരീക്ഷണത്തിൽ കേരളം ഏറെ പിന്നിലാണെന്നാണ് നാലു തവണത്തെ നിപ്പ ബാധയും വ്യക്തമാക്കുന്നത്. ഇപ്പോഴും നിപ്പ വൈറസ് ബാധയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും പ്രതിരോധമാർഗങ്ങൾ ചിട്ടപ്പെടുത്താനും നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന് എന്തുകൊണ്ടാണു കഴിയാത്തതെന്ന് ആരോഗ്യവിദഗ്ധർ ചോദിക്കുന്നുണ്ട്. 2018ൽ കോഴിക്കോട്ട് നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ നമുക്കു നിപ്പയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന ന്യായമുണ്ട്. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും അന്നുണ്ടായ വീഴ്ച ആവർത്തിക്കുന്നുവെന്നാണ് അവരുടെ നിരീക്ഷണം.

നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്നെല്ലാം വവ്വാലിൽ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതുവച്ചുമാത്രം അത്തരം വവ്വാൽ വൈറസ് പകർത്തുമെന്നു പറയാനാകില്ല. നിപ്പ സാഹചര്യം നിലനിൽക്കുന്നതിനാൽ കൃത്യമായ ഇടവേളകളിൽ വവ്വാൽ നിരീക്ഷണ സർവേ നടത്തണമെന്ന ആവശ്യം തീർത്തും പ്രസക്തമാണെങ്കിലും അതു വേണ്ടവിധം ഇപ്പോഴും പ്രായോഗികമായിട്ടുമില്ല. കോഴിക്കോട് ജില്ലയിൽത്തന്നെ മൂന്നു തവണ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും വ്യക്തമല്ല. 2019ൽ കൊച്ചിയിലും നിപ്പ സ്ഥിരീകരിച്ചിരുന്നു. 

പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലൂടെ നിപ്പ സ്ഥിരീകരിക്കാൻ കാത്തിരിപ്പു വേണ്ടിവരുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്ന ആധികാരിക ലാബ് സംവിധാനങ്ങൾ സ്ഥിരമായി കേരളത്തിലുണ്ടായേതീരൂ. നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്താനും അവ സംബന്ധിച്ചു ഗവേഷണം നടത്താനും ലക്ഷ്യമിട്ട് 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ ഉദ്ഘാടനം ചെയ്ത സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സജീവമാക്കുകയും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം അടിയന്തരമായി പൂർത്തിയാക്കുകയും വേണം. ചികിത്സയ്ക്കുള്ള മോണോക്ലോണൽ ആന്റിബോഡി രോഗികൾക്കു ലഭ്യമാക്കുന്നതിലും അമാന്തംപാടില്ല. 

ആരോഗ്യവകുപ്പും സർക്കാരിന്റെ മറ്റു സംവിധാനങ്ങളും എത്രയുംവേഗം സജ്ജമാകണം. അതൊരു നിരന്തര സ്വഭാവമായും തീരണം. പ്രാഥമിക ചികിത്സാകേന്ദ്രം മുതലുള്ള പൊതുജനാരോഗ്യ പ്രവർത്തകർക്ക് ഇതെക്കുറിച്ച് അവബോധവും പരിശീലനവും നൽകണം. ഇതോടൊപ്പം, പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു രോഗത്തിനെതിരെയുള്ള ജാഗ്രതയും മുൻകരുതലും ഉണ്ടാവേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സത്യവിരുദ്ധമായ പ്രചാരണങ്ങളിലൂടെയും മറ്റും ജനങ്ങളിൽ ഭീതി വർധിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തുകയുംവേണം. 

ഒരു ജീവനെടുത്തുകെ‍ാണ്ടുള്ള നിപ്പയുടെ വീണ്ടുംവരവിനെ ചിട്ടയായ ആസൂത്രണത്തോടെ, തികഞ്ഞ ജാഗ്രതയോടെ, കൈകോർത്തു മുന്നേറി നമുക്കു തോൽപിച്ചേ തീരൂ. കേരളത്തിലെ ആരോഗ്യസംവിധാനങ്ങൾ ജനങ്ങൾക്കു നൽകേണ്ട വാക്ക് ഇനിയെ‍ാരിക്കലും ഇവിടെ ഈ രോഗം കടന്നുവരില്ലെന്ന ഉറപ്പുതന്നെയാണ്.

English Summary:

Editorial about fifth Nipah outbreak in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com