കാലത്തിനെന്തൊരു ഉദ്യാനകാന്തി
Mail This Article
കലയും കടലും കാലവും സാക്ഷി: മലയാള മനോരമ കോഴിക്കോട്ട് ഒരുക്കിയ ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവം കേരളത്തിനൊരു മായാമുദ്ര ചാർത്തി സമാപിച്ചിരിക്കുന്നു. ചരിത്രസ്മൃതികളുടെ തിരച്ചാർത്തേറ്റുകിടക്കുന്ന കോഴിക്കോട് കടപ്പുറം നിത്യസുഗന്ധിയായ ഈ സുന്ദരോദ്യാനത്തിന്റെ ഓർമയും ഓളവും എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
പതിനേഴാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച, ‘മലബാറിന്റെ ഉദ്യാനം’ എന്നർഥമുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ കേരളത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള പുസ്തകമാണ്. ഈ പുസ്തകത്തിലെ സസ്യനാമങ്ങളിലൂടെയാണ് മലയാളലിപികളിൽ ആദ്യമായി അച്ചടിമഷി പുരണ്ടത്. ഇപ്പോഴിതാ, നൂറ്റാണ്ടുകൾക്കുശേഷം ഇതേ പുസ്തകപ്പേരിലൂടെ നമ്മുടെ കലാസ്വാദനവും സാംസ്കാരികത്തനിമയും മറ്റൊരു തലത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.
ആശയങ്ങളും വ്യത്യസ്ത കലാരൂപങ്ങളും സമന്വയിച്ച ഹോർത്തൂസിൽ വൈവിധ്യമാണ് ആഘോഷിക്കപ്പെട്ടത്. മലയാളത്തിലെ അതുല്യരായ വാഗ്മികളും എഴുത്തുകാരും രാജ്യാന്തര പ്രശസ്തരായ ചിന്തകരും പങ്കുചേർന്ന മൂന്നു ദിവസങ്ങൾ. വിവിധ വേദികളിൽ ഒട്ടേറെ സംഗമങ്ങളിലായി വൈവിധ്യമാർന്ന സംവാദങ്ങൾ. കേരളം ഇതുവരെ കാണാത്തവിധത്തിൽ നടന്ന ആഴവും പരപ്പുമുള്ള ചർച്ചകളിൽ പുതിയ ചിന്തകളിലേക്കും ആശയങ്ങളിലേക്കും ആസ്വാദനശീലങ്ങളിലേക്കുമുള്ള സഞ്ചാരവഴികൾ തുറന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംവാദങ്ങൾക്കു തീച്ചൂടുണ്ടായി. തീർച്ചയും മൂർച്ചയുമുണ്ടായി. നമ്മുടെ കലാസാംസ്കാരിക ചരിത്രം അതു കണ്ടുനിന്നു...
കടലെന്നപോലെ ഹോർത്തൂസ് വിവിധ വിസ്മയങ്ങളെ ഉള്ളിൽനിറച്ചു. ഇതിന്റെ ഭാഗമായി മലയാള മനോരമ ഒരുക്കിയ പുസ്തകോത്സവം ഇപ്പോഴും തുടരുകയാണ്. ഈ ‘പുസ്തകശാല’യിൽ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങൾ ലഭ്യമാണ്; മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങളുടെ പൂന്തോട്ടം! 44 ആർട്ടിസ്റ്റുകളുടെ സൃഷ്ടികളുള്ള കൊച്ചി ബിനാലെ ആർട് പവിലിയൻ ഹോർത്തൂസിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായി. എത്രയോ കാലമായി മലബാറുകാർ കാത്തിരുന്ന ബിനാലെ സ്വപ്നമാണ് ഏറെ വൈവിധ്യങ്ങളോടെ എത്തിച്ചേർന്നത്. മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം വിവരിക്കുന്ന ‘കാലത്തിനൊരു സാക്ഷി’ പത്രപ്രദർശനമാകട്ടെ ഹോർത്തൂസ് വേദിയെ ചരിത്രത്തിനു മുഖാമുഖം നിർത്തി. ‘ഷെഫ് സ്റ്റുഡിയോ’യും സ്റ്റാൻഡപ് കോമഡിയും ചലച്ചിത്രമേളയും സംഗീതനിശയുമെല്ലാം ഹോർത്തൂസിനെ കൂടുതൽ സമ്പന്നമാക്കി.
ഹോർത്തൂസ് മലയാളസാഹിത്യത്തിലെ വലിയൊരു പാരമ്പര്യത്തിന്റെ തുടർച്ചയായിത്തീരുകയാണെന്ന് ധന്യതയോടെ ഞങ്ങൾ ഓർമിക്കുന്നു. മലയാള മനോരമയുടെ ‘ഭാഷാപോഷിണി’യിൽ കവിതകൾ പ്രസിദ്ധീകരിച്ച കവികളുടെ കൂട്ടായ്മയായി 1891ൽ കോട്ടയത്തു രൂപം കൊണ്ടതാണു പിന്നീടു ഭാഷാപോഷിണി സഭയെന്നു പേരു സ്വീകരിച്ച കവിസമാജം; മലയാളത്തിലെ സാഹിത്യകാരന്മാരുടെ ആദ്യ സംഘടന. ഹോർത്തൂസ് കലാസാഹിത്യോത്സവം ആദ്യ ഭാഷാപോഷിണി സഭയുടെ ഓർമകളാണ് ഉണർത്തുന്നതെന്നും കേരളീയ നവോത്ഥാനവുമായി മലയാള മനോരമയ്ക്കുള്ള ചരിത്രബന്ധം ഓർമപ്പെടുത്തുന്ന മഹാമേള കൂടിയാണ് ഹോർത്തൂസ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയശേഷം ആദ്യമായി വേദിയാകുന്ന കലാ സാഹിത്യോത്സവത്തെ കടലോളം വലുതാക്കുകയായിരുന്നു കോഴിക്കോട്. സാഹിത്യവും സംഗീതവും സിനിമയും നൃത്തവുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ചരിത്രനഗരം ഹോർത്തൂസിലെ അഭൂതപൂർവമായ പങ്കാളിത്തംകൊണ്ട് മറ്റൊരു സ്നേഹമുദ്രകൂടി ചാർത്തിയിരിക്കുന്നു.
ബഷീറും എസ്.കെ.പൊറ്റെക്കാട്ടും തിക്കോടിയനും എംടിയും പോലെ മഹാൻമാരായ എഴുത്തുകാരുടെ കാൽപാടുകൾ പതിഞ്ഞ കടപ്പുറത്തേക്ക് ഏറ്റവും പ്രിയപ്പെട്ടൊരു ഉത്സവത്തിലേക്കെന്നപോലെ ഒഴുകിയെത്തിയവർക്കെല്ലാം മലയാള മനോരമ വിനയപൂർവം നന്ദിപറയുന്നു, നിങ്ങൾ ഓരോരുത്തരും ചേർന്നാണ് ഈ ദിനങ്ങളെ ഈ നാട് മുൻപു കാണാത്തത്ര അനന്യമായ സാംസ്കാരികാനുഭവമാക്കിയത്.
‘ഹോർത്തൂസി’ന്റെ ആദ്യപതിപ്പിനു ലഭിച്ച ഈ വരവേൽപ് ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു; ഈ സ്വീകാരത്തിന്റെ ധന്യതയിൽനിന്ന് ‘ഹോർത്തൂസി’ന്റെ തുടർച്ചകളിലേക്കുള്ള വാതിൽതുറക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നു.