ആത്മാർഥതയുടെ ഗൃഹപാഠങ്ങൾ; പാർലമെന്റിനകത്തും പുറത്തും തളരാത്ത പോരാളി

Mail This Article
ന്യൂഡൽഹി ∙തീക്കട്ടയിൽ ഉറുമ്പരിച്ചതിനെക്കുറിച്ചായിരുന്നു 1999 ഡിസംബർ 10ന് രാജ്യസഭയിലെ രാവിലത്തെ ചർച്ച. സഭാംഗം ഗുരുദാസ് ദാസ്ഗുപ്തയുടെ വീട്ടിൽ തലേന്നു രാവിലെ നടന്ന മോഷണമെന്ന അടിയന്തര പ്രശ്നമുന്നയിച്ചത് ബിജെപിയുടെ കെ.ആർ.മൽക്കാനി.
നികുതി വെട്ടിപ്പ്, കിട്ടാക്കടം, ഒാഹരിത്തട്ടിപ്പ്, എണ്ണയുടെ കൊള്ളവില എന്നിങ്ങനെ പൊതുപണവും പൊതുജനത്തെയും കൊള്ളയടിക്കുന്ന ചെയ്തികൾക്കെതിരെ പോരാടുന്ന ഗുരുദാസിന്റെ വീട്ടിലെ മോഷണത്തെക്കുറിച്ച് മൽക്കാനി പറഞ്ഞു: ‘പണവും ആഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. വീട് ഗുരുദാസിന്റേതാണല്ലോ. അവിടെ വലിയ തോതിൽ പണവും ആഭരണവുമുണ്ടാവില്ല. അപ്പോൾ, മോഷ്ടാക്കൾ എത്തിയത് ചില രഹസ്യരേഖകൾ കൈവശപ്പെടുത്താനാണെന്നുറപ്പ്.. ഭാഗ്യമെന്നു പറയാം, ആ കടലാസുകൾ ഗുരുദാസ് മറ്റൊരു മുറിയിലാണു സൂക്ഷിച്ചിരുന്നത്.’
മോഷണത്തെക്കുറിച്ചുള്ള ചർച്ച നീണ്ടു. മറുപടി പറയാൻ സഭാനേതാവ് ജസ്വന്ത് സിങ് എഴുന്നേറ്റപ്പോൾ, ഗുരുദാസ് ഇടപെട്ടു: ഒരു കാര്യം വ്യക്തമാക്കാനുണ്ട്. എനിക്കു സുരക്ഷ ഏർപ്പെടുത്തേണ്ടതില്ല. ഒരുകാലത്തും ഞാനത് ആഗ്രഹിച്ചിട്ടില്ല. ഇനിയും അങ്ങനെതന്നെ. ജസ്വന്തിന്റെ മറുപടിക്കു പിന്നാലെ, സഭ ഗുരുദാസിന്റെ തന്നെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലേക്കു കടന്നു: പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പള പ്രശ്നം.
ആരെയും കൂസാത്ത പോരാളിയായിരുന്നു ഗുരുദാസ്, പാർലമെന്റിലും പാർട്ടിയിലും പുറത്തും. സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പ്രീഡിഗ്രിക്കാലത്താണ് ഗുരുദാസിനെ ആദ്യം കാണുന്നത് ഹൈദരബാദിൽ എഐഎസ്എഫ് – എഐവൈഎഫ് സമ്മേളനവേദിയിൽ ‘‘സി.കെ.ചന്ദ്രപ്പനുമായി മുട്ടിനു മുട്ടിനു തർക്കിക്കുന്ന ഗുരുദാസ്. യോഗം പിരിഞ്ഞശേഷം രണ്ടാളും തമാശകൾ പറഞ്ഞ് ചിരിക്കുന്നു.’’ ഏതാനും മാസം മുൻപ് കൊൽക്കത്തയിൽ രോഗക്കിടക്കയിലും ബിനോയ്, ഗുരുദാസിനെ കണ്ടു. ഗുരുദാസ് ഉപദേശിച്ചു: ‘നല്ല എംപിയാകണമെങ്കിൽ ആത്മാർഥതയും തൊഴിലാളി വർഗത്തോടുള്ള കൂറും മാത്രം പോര, നല്ല ഗൃഹപാഠവും വേണം.’
ഗുരുദാസിന്റെ ഗൃഹപാഠത്തിന്റെ മിടുക്ക് പാർലമെന്റ് എത്രയോ തവണ കണ്ടു. ഒരേ സമയം, തൊഴിലാളി നേതാവും മികച്ച പാർലമെന്റേറിയനും – അതിൽ, സിപിഐയിൽ ഗുരുദാസ്, ഇന്ദ്രജിത് ഗുപ്തയ്ക്ക് തൊട്ടടുത്താണ്. ഹർഷദ മേത്ത ഒാഹരി കുംഭകോണം മുതൽ 2ജി സ്പെക്ട്രം അഴിമതി വരെ എത്രയോ വിഷയങ്ങളിൽ ഗുരുദാസ് സർക്കാരിനെ വിറപ്പിച്ചു! പ്രകൃതിവാതക വില വിഷയത്തിൽ റിലയൻസിനെ സഹായിക്കാൻ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി ശ്രമിച്ചപ്പോൾ ഗുരുദാസ് പ്രധാനമന്ത്രിയോടു പരാതിപ്പെട്ടു. ഫലമില്ലാതായപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകി. അതേക്കുറിച്ച് ഗുരുദാസ് പറഞ്ഞു:‘എംപിയുടെ പരാതി രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ കേൾക്കുന്നില്ല. അപ്പോൾ ജനതാൽപര്യം സംരക്ഷിക്കാൻ കോടതിയല്ലാതെ എന്തു വഴി?’’
പണം ഗുരുദാസിനെ പ്രലോഭിപ്പിച്ചില്ലെന്നു മാത്രമല്ല: കോടികളുടെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്നപ്പോൾ നികുതി വകുപ്പ് ഗുരുദാസിന് ഏതാനും ലക്ഷങ്ങളാണ് ഗുരുദാസിനു നൽകിയത്. ആ പണം അതേപടി ചണ്ഡിഗഡിലെ അരുണാ അസഫ്അലി സെന്ററിനു നൽകി. ഭീകരരുടെ തോക്കിനിരയായവരുടെ മക്കളെ സംരക്ഷിക്കാൻ.
രാജ്യത്തെ തൊഴിലാളി യൂണിയനുകളെ കക്ഷിഭേദം മറന്ന് ദേശീയമായി സംഘടിപ്പിക്കുന്നതിൽ ഗുരുദാസ് വഹിച്ച വലിയ പങ്ക് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എടുത്തുപറയും: ‘‘പുത്തൻ സാമ്പത്തിക നയങ്ങൾ തെറ്റെന്ന് ആത്മാർഥമായ വിശ്വാസത്താലുള്ള രോഷം ഗുരുദാസിന്റെ ഒാരോ വാക്കിലുമുണ്ടായിരുന്നു. പാർലമെന്റിലും പാർട്ടിയിലും ഇടംവലം നോക്കാതെ തനിക്കു പറയാനുള്ളത് ഗുരുദാസ് പറഞ്ഞു.’’
തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങൾ മാത്രമല്ല, സാധാരണ ജനത്തിന്റെ ജീവിതപ്രശ്നങ്ങളും സമരവിഷയമാക്കണമെന്ന് ഗുരുദാസ് വാദിച്ചു. അപ്പോഴാണ്, തൊഴിലാളിയുടെ പ്രശ്നങ്ങൾ സാധാരണക്കാരന്റെയും പ്രശ്നമാവുകയെന്നതായിരുന്നു അതിന്റെ ന്യായം. വീട്ടിലും ജനാധിപത്യമൂല്യങ്ങൾ സൂക്ഷിച്ച കമ്യൂണിസ്റ്റെന്നും ഗുരുദാസിനുവിശേഷണമുണ്ട്. ഭാര്യ ജയശ്രീക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടായാൽ വേവലാതിയുള്ള, കൂട്ടിരിക്കാൻ പാർട്ടി ഒാഫിസിൽ നിന്നു വീട്ടിലേക്കോടുന്ന സഖാവ്. ശരീരം വിലക്കിയിട്ടും വൈകി മാത്രം പുകവലി ഉപേക്ഷിച്ചു. പത്രപ്രവർത്തകരോട് ഗുരുദാസ് പറയുമായിരുന്നു: നിങ്ങൾക്ക് എഴുതാൻ പ്രശ്നമുള്ള കാര്യങ്ങൾ എനിക്കു തരിക, എനിക്കാവുമ്പോൾ ആർക്കെതിരെയും എപ്പോഴും ശബ്ദിക്കാമല്ലോ! എന്നിട്ട്, പുകപറ്റി നിറം മങ്ങിയ പല്ലുകൾ കാട്ടി ഗുരുദാസ് ചിരിച്ചു.