കൊൽക്കത്തയിൽ ഓറഞ്ച് അലർട്ട്, പരിശീലനം നേരത്തേ തീർത്ത് ബെംഗളൂരു; ഉദ്ഘാടനപ്പോരിന് മഴ ഭീഷണി

Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനം മഴയിൽ മുങ്ങുമോയെന്ന ആശങ്കയിൽ ക്രിക്കറ്റ് ആരാധകർ. വെള്ളി, ശനി ദിവസങ്ങളിൽ കൊൽക്കത്തയുൾപ്പടെയുള്ള ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച വൈകിട്ട് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പരിശീലനത്തിന് ഇറങ്ങിയെങ്കിലും മഴയെ തുടർന്ന് വേഗം മടങ്ങി. വൈകിട്ട് അഞ്ച് മണിക്കാണ് ബെംഗളൂരു പരിശീലനത്തിന് എത്തിയത്. ആറു മണിക്ക് മഴ പെയ്തതോടെ പരിശീലനം അവസാനിപ്പിച്ച് താരങ്ങളെല്ലാം ഹോട്ടലിലേക്കു പോയി.
മഴ തുടർന്നതോടെ ഗ്രൗണ്ട് പൂർണമായും മൂടിയിട്ടിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലും കൊൽക്കത്തയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച രാത്രി 7.30നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം. ബോളിവുഡ് നടി ദിഷ പടാനിയുടെ നൃത്തവും ഗായിക ശ്രേയ ഘോഷാൽ നയിക്കുന്ന സംഗീത പരിപാടിയും ടോസിനു മുൻപ് നടക്കും.
ആറു മണി മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ശനിയാഴ്ച വൈകിട്ട് കൊൽക്കത്തയിൽ മഴ പെയ്താൽ ഉദ്ഘാടന മത്സരം തന്നെ വെള്ളത്തിലാകും. എന്നാൽ കുറച്ചുനേരം മഴ പെയ്താലും പെട്ടെന്നു മത്സരം ആരംഭിക്കാൻ സൗകര്യമുള്ള ഗ്രൗണ്ടാണ് കൊൽക്കത്തയിലേത്. ഐപിഎൽ നിയമപ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ഒരു മണിക്കൂർ വരെ അധിക സമയമാണ് അനുവദിച്ചിട്ടുള്ളത്. മഴ കാരണം കളി വൈകിയാൽ അഞ്ചോവറാക്കി മത്സരം നിജപ്പെടുത്തും. മഴ കാരണം നൈറ്റ് റൈഡേഴ്സിന്റെ സന്നാഹ മത്സരം ഉപേക്ഷിച്ചിരുന്നു.